പുതിയ പാപ്പായിലേക്കുള്ള വഴി
റവ. ഡോ. ജോർജ് തെക്കേക്കര
Tuesday, April 29, 2025 12:56 AM IST
ക്രിസ്തുവിന്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് ആകാംക്ഷയോടെയാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. ആരായിരിക്കും അടുത്ത മാർപാപ്പ എന്നതു സംബന്ധിച്ച് പല പ്രവചനങ്ങളും നിഗമനങ്ങളും നടത്തുക സ്വാഭാവികമാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ച് കത്തോലിക്കാ സഭയിൽ നിയതമായ നിയമങ്ങളുണ്ട്. അതനുസരിക്കാതെ നടത്തുന്ന തെരഞ്ഞെടുപ്പുകൾ അസാധുവായിരിക്കും.
1996ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക കോൺസ്റ്റിറ്റ്യൂഷൻ “ഉനിവേർസി ഡൊമിനിച്ചി ഗ്രേജിസ്” ആണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയതമായ നിയമങ്ങൾ നൽകുന്നത്. ബെനഡിക്ട് മാർപാപ്പ 2007ലും 2013ലും ഇതിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി.
ആരാണു തെരഞ്ഞെടുക്കുന്നത്?
മാർപാപ്പയുടെ വിയോഗം മൂലമോ രാജി വഴിയോ ശ്ലൈഹിക സിംഹാസനം ശൂന്യമാകുമ്പോൾ സഭയിലെ 80 വയസിൽ താഴെയുള്ള കർദിനാൾമാർ ഒരുമിച്ചുചേർന്ന് രഹസ്യബാലറ്റ് വഴി മാർപാപ്പയെ തെരഞ്ഞെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ സമ്മേളനത്തിന് കോൺക്ലേവ് എന്നാണ് പറയുന്നത്. ഇങ്ങനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്ന കർദിനാൾമാരുടെ എണ്ണം 120ൽ കവിയരുതെന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രത്യേക നിയമത്തിൽ ഉണ്ടെങ്കിലും നിലവിലുള്ള 252 കർദിനാൾമാരിൽ 135 പേർ 80 വയസിൽ താഴെയുള്ളവരാണ്. എന്നാൽ, പ്രത്യേക നിയമത്തിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളാൽ അല്ലാതെ തെരഞ്ഞെടുക്കുവാനോ തെരഞ്ഞെടുക്കപ്പെടുവാനോ ഉള്ള ആരുടെയും അവകാശം നിഷേധിക്കരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. അതിനാൽ നിയമാനുസൃതം യോഗ്യതയുള്ള ആരെയും തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കാൻ സാധിക്കില്ല.
ആരെയാണു തെരഞ്ഞെടുക്കുന്നത്?
തെരഞ്ഞെടുക്കപ്പെടുന്ന ആളുടെ യോഗ്യത സംബന്ധിച്ച് പ്രത്യേക നിബന്ധനകളൊന്നും നിയമത്തിൽ പറഞ്ഞിട്ടില്ലെങ്കിലും സഭയിൽ മെത്രാൻപട്ടം സ്വീകരിക്കുന്നതിന് യോഗ്യതയുള്ള ആരെയും മാർപാപ്പയായി തെരഞ്ഞെടുക്കാവുന്നതാണ്. മെത്രാൻപദവിയിലുള്ള ആളെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സമ്മതം നൽകുന്നതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മാർപാപ്പയുടെ അധികാരങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്യും. എന്നാൽ, മെത്രാൻപദവി ഇല്ലാത്ത ആളെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പദവി സ്വീകരിക്കുന്നതിന് സമ്മതം നൽകിയ ശേഷം മാർപാപ്പയായി പ്രഖ്യാപിക്കപ്പെടുന്നത്തിനു മുമ്പേ മെത്രാഭിഷേകം നടത്തണം. പുരോഹിതൻ പോലുമല്ലാത്ത ഒരാളെ തെരഞ്ഞെടുക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ അത് പാടില്ല എന്ന് നിയമത്തിൽ പറയുന്നില്ല എന്നു മാത്രമേ പറയാൻ കഴിയൂ. മെത്രാൻ അല്ലാത്തയാളെ തെരഞ്ഞെടുത്താൽ എന്നപോലെതന്നെ പുരോഹിതനല്ലാത്തയാളെ തെരഞ്ഞെടുത്താലും പുരോഹിതപട്ടവും മെത്രാൻ പട്ടവും സ്വീകരിച്ച ശേഷം മാത്രമേ അദ്ദേഹത്തിന് മാർപാപ്പയുടെ സ്ഥാനം ഏറ്റെടുക്കാൻ സാധിക്കൂ. അതിനു യോഗ്യതയുള്ള ആളെയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
എന്നാണ് ആരംഭിക്കുന്നത്?
പരിശുദ്ധ സിംഹാസനം ശൂന്യമായി 15 ദിവസം കഴിയുമ്പോഴേ തെരഞ്ഞെടുപ്പ് ആരംഭിക്കാവൂ. എന്നാൽ, എല്ലാ കർദിനാൾമാരും എത്തിച്ചേർന്നു എന്ന് ഉറപ്പായാൽ അതിനു മുമ്പുതന്നെ ആരംഭിക്കാം. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ആരും ഒഴിവാക്കപ്പെടാതിരിക്കാനാണിത്. എന്നാൽ, ഗൗരവമുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ 15 ദിവസം കഴിഞ്ഞും തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാം. എന്നാൽ, 20 ദിവസത്തിൽ കൂടുതലാകരുതെന്ന് മാത്രം.
എവിടെവച്ചാണ് തെരഞ്ഞെടുപ്പ്?
നിലവിലുള്ള നിയമപ്രകാരം വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ. അതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും അതിൽ പ്രവേശിപ്പിക്കുന്നതല്ല.
തെരഞ്ഞെടുപ്പ് തുടങ്ങുന്നതിനു മുമ്പേ അതിൽ പങ്കെടുക്കേണ്ട കർദിനാൾമാരും തെരഞ്ഞെടുപ്പിൽ സഹായിക്കുന്നവരും ദോമുസ് മാർത്തയിൽ അവർക്കു നൽകിയിട്ടുള്ള മുറിയിൽ വന്ന് താമസിക്കണം. പുറമേനിന്നുള്ള ആരെയും അവിടെ പ്രവേശിപ്പിക്കാൻ പാടില്ല. അകത്തുള്ളവർ പുറത്തുള്ള ആരുമായും സമ്പർക്കം നടത്താനും പാടില്ല.
പ്രാരംഭ നടപടിക്രമങ്ങൾ
ആദ്യംതന്നെ തെരഞ്ഞെടുപ്പിൽ വിവിധ രീതികളിൽ സഹായിക്കുന്നവർ ഇതിന്റെ രഹസ്യാത്മകത സംബന്ധിച്ച് പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ പുതിയ മാർപാപ്പയുടെ അനുവാദത്തോടെയല്ലാതെ പുറത്തു പറയുന്നവർ മഹറോൻ ശിക്ഷയ്ക്ക് വിധേയരാകും. അവർ വിചാരണ കൂടാതെതന്നെ തിരുസഭയിൽനിന്ന് പുറംതള്ളപ്പെടും. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കാർദിനാൾമാരുടെ കാര്യത്തിലും ഈ നിയമം ബാധകമാണ്.
കോൺക്ലേവ് തുടങ്ങുന്ന ദിവസം രാവിലെ വത്തിക്കാൻ ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടിയാണ് തെരഞ്ഞെടുപ്പിന്റെ ക്രമങ്ങൾ ആരംഭിക്കുന്നത്. ഉച്ചകഴിഞ്ഞ് നിശ്ചിത സമയത്ത് ആഘോഷമായി എല്ലാവരും വിശുദ്ധ പൗലോസിന്റെ കപ്പേളയിൽനിന്നു “വേനി ക്രെയാതോർ” പാടി പരിശുദ്ധാത്മാവിനോടു പ്രാർഥിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടക്കുന്ന സിസ്റ്റൈൻ കപ്പേളയിലേക്ക് ആഘോഷമായി പ്രവേശിച്ച ശേഷം കർദിനാൾ ഡീനിന്റെ നേതൃത്വത്തിൽ രഹസ്യം പാലിക്കുമെന്ന പ്രതിജ്ഞ ഏറ്റുപറഞ്ഞ് അതിൽ ഒപ്പുവയ്ക്കുന്നു. തുടർന്ന് ഒരു വൈദികൻ ധ്യാനപ്രസംഗം നടത്തും. തുടർന്നുള്ള പ്രാർഥനകൾക്ക് ശേഷം കർദിനാൾ ഡീൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങൾക്ക് വ്യക്തത വരുത്തും. ഭൂരിഭാഗം പേരും സമ്മതം നൽകിയാൽ തുടർന്നുള്ള നടപടിക്രമങ്ങളിലേക്കു കടക്കും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കേണ്ടത്തുള്ളതിനാൽ കർദിനാൾമാർ ഫോൺ ഉപയോഗിക്കാനോ പുറത്താർക്കും സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ പാടില്ല. ദോമുസ് മാർത്തയ്ക്ക് പുറത്തുള്ള ആരുമായും ആംഗ്യഭാഷയിൽ പോലും സംസാരം അനുവദനീയമല്ല. അതുപോലെതന്നെ, ബാഹ്യമായ സ്വാധീനങ്ങൾ ഉണ്ടാകാതിരിക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പത്രം, റേഡിയോ, ടെലിവിഷൻ തുടങ്ങിയവ ഉപയോഗിക്കാൻ അവർക്ക് അനുവാദമില്ല.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടത്തുന്ന ചർച്ചകൾ, വോട്ടിംഗ് തുടങ്ങിയവയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പുറത്തുപറയാവുന്നതല്ല.
തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ
തെരഞ്ഞെടുപ്പിന് മൂന്ന് ഘട്ടങ്ങളുണ്ട്. സ്ക്രൂട്ടിനിക് (സൂക്ഷ്മപരിശോധന) മുമ്പുള്ള ഘട്ടം, സ്ക്രൂട്ടിനി ഘട്ടം, സ്ക്രൂട്ടിനിക് ശേഷമുള്ള ഘട്ടം എന്നിങ്ങനെ ഇവയെ മനസിലാക്കാം.
ആദ്യഘട്ടത്തിൽ മാസ്റ്റേഴ്സ് ഓഫ് സെറിമണീസ് - എംസിമാർ ചതുരാകൃതിയിൽ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബാലറ്റ് പേപ്പറുകൾ മൂന്നെണ്ണമെങ്കിലും വീതം കർദിനാൾമാർക്ക് വിതരണം ചെയ്യുന്നു. അതിനുശേഷം കർദിനാൾമാരിൽനിന്നുതന്നെ മൂന്നു പേരെ പരിശോധനാ ഉദ്യോഗസ്ഥർ അഥവാ നിരീക്ഷകരായും മൂന്നു പേരെ രോഗികളിൽനിന്ന് ബാലറ്റ് ശേഖരിക്കുന്നതിനായും മൂന്നു പേരെ പുനഃപരിശോധകരായും നറുക്കിട്ട് തെരഞ്ഞെടുക്കുന്നു. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് വോട്ട് ചെയ്യുന്ന കർദിനാൾമാർ മാത്രമേ സിസ്റ്റൈൻ ചാപ്പലിൽ ഉണ്ടാകാവൂ. ബാലറ്റിൽ ഒന്നിൽ കൂടുതൽ പേരുകൾ രേഖപ്പെടുത്തിയാൽ അത് അസാധുവാകും.
വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. അൾത്താരയ്ക്ക് സമീപം വച്ചിട്ടുള്ള ബാലറ്റ് പെട്ടിയിൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ നിക്ഷേപിക്കുന്നത് ഇപ്രകാരമാണ്. വോട്ട് ചെയ്ത ശേഷം കർദിനാൾമാർ മുൻഗണനാക്രമമനുസരിച്ച് കൈയിൽ ഉയർത്തിപ്പിടിച്ച ബാലറ്റുമായി അൾത്താരയ്ക്ക് സമീപം വന്ന് “ദൈവതിരുമുമ്പാകെ തെരഞ്ഞെടുക്കപ്പെടണമെന്ന് ഞാൻ വിചാരിക്കുന്ന വ്യക്തിക്കാണ് എന്റെ വോട്ട് നൽകിയിട്ടുള്ളത്. ഇതിന് കർത്താവായ ക്രിസ്തു എനിക്ക് സാക്ഷിയും വിധിയാളനും ആയിരിക്കട്ടെ” എന്ന് ശപഥം ചെയ്യുകയും ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തശേഷം അൾത്താരയെ വണങ്ങി സ്വസ്ഥാനത്തേക്ക് തിരികെ പോകുന്നു.
രോഗികളായി ആരെങ്കിലും സ്വന്തം മുറികളിലാണ് കഴിയുന്നതെങ്കിൽ അവരുടെ വോട്ട് ശേഖരിക്കാൻ നിയുക്തരായവർ എല്ലാ വോട്ടർമാരെയും തുറന്നുകാണിച്ച ശേഷം പൂട്ടിയ ബാലറ്റ് പെട്ടിയുമായി അവരുടെ മുറികളിൽ ചെന്ന് വോട്ട് ശേഖരിക്കുന്നു. ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അവരും മേൽപ്പറഞ്ഞ പ്രതിജ്ഞ ചൊല്ലേണ്ടതുണ്ട്. തിരികെ വന്ന ശേഷം രോഗികളുടെ എണ്ണവും ബാലറ്റിന്റെ എണ്ണവും തുല്യമാണെന്ന് തിട്ടപ്പെടുത്തണം. അതുപോലെതന്നെ രേഖപ്പെടുത്തിയ മൊത്തം വോട്ടുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തുല്യമല്ലെങ്കിൽ എല്ലാ വോട്ടുകളും കത്തിച്ച് കളഞ്ഞ് വീണ്ടും വോട്ടെടുപ്പ് ആരംഭിക്കും.
വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതാണ് മൂന്നാം ഘട്ടം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഒരാൾ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. ആർക്കും ഭൂരിപക്ഷം കിട്ടിയിട്ടില്ലെങ്കിൽ ഉടൻ മറ്റൊരു ബാലറ്റിംഗ് ആരംഭിക്കും. ഇങ്ങനെ ഉച്ചയ്ക്ക് മുമ്പ് രണ്ട് ബാലറ്റിംഗ്, ഉച്ചയ്ക്ക് ശേഷം രണ്ട് ബാലറ്റിംഗ് എന്ന രീതിയിൽ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടെണ്ണലിനും അതിന്റെ പുനഃപരിശോധനയ്ക്കും ശേഷം വോട്ട് ചെയ്ത കർദിനാൾമാർ സിസ്റ്റൈൻ ചാപ്പൽ വിട്ടുപോകുന്നതിന് മുമ്പുതന്നെ എണ്ണിക്കഴിഞ്ഞ ബാലറ്റുകൾ അതിന് നിയുക്തരായവർ കത്തിച്ചുകളയേണ്ടതാണ്. മാർപാപ്പയെ തെരഞ്ഞെടുത്തില്ലെങ്കിൽ ഇത് കത്തിക്കുമ്പോൾ കറുത്ത പുക വരത്തക്കവിധം ചില കെമിക്കലുകൾ കൂട്ടിച്ചേർക്കുന്നു. തെരഞ്ഞെടുപ്പ് നടന്നാൽ വെളുത്ത പുക വരത്തക്ക വിധമുള്ള ക്രമീകരണവും ചെയ്തിട്ടുണ്ടാകും.
തെരഞ്ഞെടുപ്പ് തുടങ്ങിയാൽ എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും വോട്ടിംഗിന് മുമ്പ് കോൺക്ലേവ് ചടങ്ങുകളുടെ ക്രമത്തിൽ പറഞ്ഞിരിക്കുന്ന പ്രാർഥനകളും തിരുക്കർമങ്ങളും നടത്തിയ ശേഷമേ വോട്ടിംഗ് തുടങ്ങാവൂ.
തെരഞ്ഞെടുപ്പ് തുടങ്ങി മൂന്നു ദിവസമായിട്ടും ആരും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഒരു ദിവസത്തേക്ക് തെരഞ്ഞെടുപ്പ് നിർത്തിവച്ച് പ്രാർഥനയും വിചിന്തനവും അനൗപചാരിക ചർച്ചകളും നടത്തിയശേഷമേ തെരഞ്ഞെടുപ്പ് പുനരാരംഭിക്കുകയുള്ളൂ. തുടർന്ന് നടത്തുന്ന വോട്ടിംഗിൽ അതിനു മുമ്പു നടന്ന ബാലറ്റിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ രണ്ടുപേരിൽനിന്നുമായിരിക്കും ഒരാളെ തെരഞ്ഞെടുക്കേണ്ടത്. അവർ രണ്ടുപേരും ഇതിൽ വോട്ട് രേഖപ്പെടുത്തേണ്ടതില്ല. എന്നാൽ, മൂന്നിൽ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയാലേ ഒരാൾ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ.
തെരഞ്ഞെടുപ്പും പ്രഖ്യാപനവും
മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാൾ തെരഞ്ഞെടുക്കപ്പെട്ടാൽ അയാളോട് സമ്മതം ചോദിക്കുന്നതാണ് അടുത്ത നടപടി. കർദിനാൾ ഡീൻ അല്ലെങ്കിൽ കർദിനാൾ സംഘത്തിലെ ഒന്നാമൻ ആണ് സമ്മതം ചോദിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ടയാൾ സമ്മതം നൽകിയാൽ അദ്ദേഹം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പേര് പറയാൻ ആവശ്യപ്പെടും. തെരഞ്ഞെടുക്കപ്പെട്ടയാൾ മെത്രാൻപദവിയിലുള്ള ആളാണെങ്കിൽ അതോടുകൂടി അദ്ദേഹത്തിന് മാർപാപ്പയുടെ എല്ലാ അധികാരങ്ങളും പദവിയും ലഭിക്കുന്നു. അതായത്, സമ്മതം നൽകുന്ന നിമിഷം മുതൽ അദ്ദേഹം റോമിന്റെ ബിഷപ്പും മാർപാപ്പ എന്ന നിലയിൽ ലത്തീൻ സഭയുടെയും ആഗോള സഭയുടെയും മെത്രാൻ സംഘത്തിന്റെയും തലവനും ആയിരിക്കും. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തി കോൺക്ലേവ് ചടങ്ങുകളുടെ കർമക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇക്കാര്യം ജനങ്ങളോട് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ വോട്ട് ചെയ്ത എല്ലാ കർദിനാൾമാരും പുതിയ മാർപാപ്പയുടെ മുമ്പിൽ ആദരവു പ്രകടിപ്പിക്കുകയും വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്യും.
വെളുത്ത പുകയും വത്തിക്കാൻ ബസിലിക്കയിൽ നിന്നുയരുന്ന കൂട്ടമണിയും മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടു എന്നതിന്റെ പരമ്പരാഗത അടയാളങ്ങളാണ്. ഇതു മനസിലാക്കി പുറത്തു കാത്തുനിൽക്കുന്ന ജനത്തോട് തെരഞ്ഞെടുപ്പ് നടന്ന കാര്യവും പുതിയ മാർപാപ്പയുടെ പേരും പ്രഖ്യാപിക്കുന്നത് ഏറ്റവും സീനിയർ ആയ കർദിനാൾ ഡീക്കനാണ്. മാർപാപ്പ ജനങ്ങൾക്ക് വത്തിക്കാൻ ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ശ്ലൈഹിക ആശീർവാദം നൽകുന്നതോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുന്നു. പിന്നീട് നിശ്ചയിക്കപ്പെട്ട സമയത്ത് ലാറ്ററൻ ബസിലിക്കയിൽ റോമിന്റെ മെത്രാനായി അദ്ദേഹം സ്ഥാനമേൽക്കും.