രോഗകാരണം കൃത്യമായി അറിയണം
Monday, April 28, 2025 2:46 PM IST
ചികിത്സ ആരംഭിക്കുന്നതിനുമുൻപ് രോഗകാരണം കൃത്യമായി മനസിലാക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പല തരത്തിലുള്ള ശ്വാസകോശ രോഗങ്ങളുടെ കാര്യം നോക്കാം. ആസ്ത്മ, അലർജി, ക്ഷയം, സിഓപിഡി, എംഫിസീമ തുടങ്ങി പല തരത്തിലുള്ളവയാണ് ശ്വാസകോശ രോഗങ്ങൾ.
ഈ പറഞ്ഞ എല്ലാ രോഗങ്ങളിലും പൊതുവായി കാണാൻ കഴിയുന്ന അസ്വസ്ഥതകൾക്ക് വലിയ വ്യത്യാസം കാണുകയില്ല. ചുമയും കിതപ്പും ശ്വാസം മുട്ടലും ആയിരിക്കും. ഇവർക്കെല്ലാം ചുമ മാറാനുള്ള ഒരു മരുന്നുതന്നെ കൊടുക്കുന്നത് നല്ല സമീപനം ആകുകയില്ല.
രക്തപരിശോധന
ഇങ്ങനെ തന്നെയാണ് സന്ധിവാത രോഗങ്ങളുടെ കാര്യവും. സന്ധിവാത രോഗങ്ങൾ പല തരത്തിലുള്ളതാണ്. അവ ഓരോന്നിന്റെയും പിന്നിൽ പ്രവർത്തിക്കുന്ന രസതന്ത്രവും വേറെ വേറെ ആയിരിക്കും. ഈ വ്യത്യാസം രക്ത പരിശോധനയിലൂടെ വ്യക്തമായി മനസിലാവുകയും ചെയ്യും.
മാനസിക സംഘർഷം
ഇതിനെല്ലാം പുറമെ പല രോഗികളിലും നീണ്ടകാലമായി അനുഭവിക്കുന്ന ഉത്കണ്ഠയും മാനസിക സംഘർഷവും ആയിരിക്കും രോഗത്തിന്റെ അടിസ്ഥാനകാരണം.
ചികിത്സ ഫലപ്രദമാകും
എന്തു കാരണത്താലാണ് രോഗം ഉണ്ടായത് എന്നു വ്യക്തമായി മനസിലാക്കാൻ കഴിയണം. അപ്പോൾ ചികിത്സ ലളിതമായ രീതിയിൽ മതിയാകും. ചികിത്സ കൃത്യമായതാവുകയും ഫലപ്രദമായി മാറുകയും ചെയ്യും.
അതു സാധ്യമായാൽ സങ്കീർണതകൾ ഉണ്ടായ അവസ്ഥകളിൽ എത്തിയ രോഗികളിൽ പോലും ആശ്വാസം ലഭിക്കാനുള്ള സാധ്യത ഉണ്ടാകുന്നതായിരിക്കും.
ചികിത്സാനന്തര ദൂഷ്യങ്ങളില്ലാതെ..
എന്തെല്ലാം ചികിത്സ ചെയ്തിട്ടും ഫലം കാണുന്നില്ല എന്ന് പറയുന്ന രോഗികളെ ഏറെ കാണാൻ കഴിയുന്നതാണ്. രോഗവും ചികിത്സയും തമ്മിൽ ശരിയായ രീതിയിൽ ബന്ധപ്പടുന്നില്ല എന്നുള്ളതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
രോഗനിർണയവും ചികിത്സയും ശരിയായ രീതിയിൽ ആവുകയാണെ ങ്കിൽ ഏറെ രോഗികളിൽ വളരെ വേഗം ആശ്വാസം ലഭിക്കുന്നതായിരിക്കും. ഭാവിയിൽ സങ്കീർണതകളോ ചികിത്സാനന്തര ദൂഷ്യ ഫലങ്ങളോ ഉണ്ടാവുകയുമില്ല.
ശാസ്ത്രീയമാവണം
രോഗനിർണയം, ചികിത്സ എന്നീ കാര്യങ്ങളിൽ ശാസ്ത്രീയമായതും തെളിയിക്കപ്പെട്ടതും ആയ ഏറ്റവും പുതിയ അറിവുകൾ പ്രയോജനപ്പെടുത്തുണം. അക്കാര്യത്തിൽ ഡോക്ടർമാരുടെ കൂട്ടായ ചർച്ചകളും ആവശ്യമാണ്.
രോഗനിർണയം, ചികിത്സ, രോഗപ്രതിരോധ സംവിധാനങ്ങൾ, ആരോഗ്യ ബോധവൽക്കരണം എന്നിവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുകയാണെങ്കിൽ ഇവിടെ രോഗികൾ ആകുന്നവരുടെ എണ്ണം കുറയും, രോഗികൾ ആകുന്നവരിൽ വളരെ ലളിതമായ മരുന്നുകളിലൂടെ വളരെ വേഗം രോഗശമനം സാധ്യമാകും, ചികിത്സാ ചെലവുകൾ വളരെയധികം കുറയ്ക്കാനും കഴിയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393