കബറിടം ഒരുങ്ങി
Friday, April 25, 2025 11:40 PM IST
വത്തിക്കാനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ ( സെന്റ് മേരി മേജർ ബസിലിക്ക) ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യവിശ്രമത്തിനായി കബറിടം ഒരുങ്ങി. പാപ്പായുടെ മരണപത്രത്തിലെ നിർദേശപ്രകാരമാണ് കബറിടം ഒരുക്കിയത്. ബസിലിക്കയിലെ പോളൈൻ കപ്പേളയ്ക്കും (സാലുസ് പോപ്പുളി റൊമാനി) പീഡാനുഭവ (സ്ഫോർസ) കപ്പേളയ്ക്കും ഇടയിലുള്ള നടപ്പാതയിലാണ് കബറിടം.
പാപ്പായുടെ ആഗ്രഹപ്രകാരം കബറിടം തറയിലാണ്. ലളിതമായിരിക്കണമെന്നും പ്രത്യേകം അലങ്കാരങ്ങളില്ലാതെ ആയിരിക്കണമെന്നും പാപ്പാ നിർദേശിച്ചിരുന്നു. ഫ്രാൻസിസ്കുസ് എന്നു മാത്രം സ്മാരകശിലയിൽ ലത്തീൻ ഭാഷയിൽ എഴുതും. കബറിടത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനിക കുരിശുമാലയിലെ കുരിശിന്റെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പയുടെ പൂർവികരുടെ നാടായ വടക്ക് പടിഞ്ഞാറൻ ഇറ്റലിയിലെ ലിഗൂറിയയിൽനിന്ന് എത്തിച്ച മാർബിളിലാണ് സ്മാരകശില തയാറാക്കിയിരിക്കുന്നത്. തന്റെ പൂർവികരുടെ നാട്ടിൽനിന്നുള്ള കല്ലുകൊണ്ട് നിർമിച്ച കബറിടത്തിൽ അടക്കം ചെയ്യണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി ബസിലിക്ക, ആർച്ച്പ്രീസ്റ്റ് കോ-അഡ്ജറ്റര് കർദിനാൾ റൊളാൻദസ് മാക്റിക്കാസ് പറഞ്ഞു.
1800കളിൽ ഇവിടെനിന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുതുമുത്തച്ഛനായ വിൻചെന്സോ സിവോറി അർജന്റീനയിലേക്ക് കുടിയേറിയത്.
കബറിടത്തിനായുള്ള സ്മാരകശില ആവശ്യപ്പെട്ടതായി കേട്ടപ്പോൾ കൊഗോർണോയിൽ ഇപ്പോഴും താമസിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ബന്ധുവായ ആഞ്ചല സിവോറിക്കും കുടുംബത്തിനും അതൊരു അത്ഭുതകരമായ സമ്മാനമായിരുന്നു. “ഒരിക്കൽകൂടി ഒരു അത്ഭുതം’ എന്നായിരുന്നു ആഞ്ചലയുടെയും മകൾ ക്രിസ്റ്റീനയുടെയും പ്രതികരണം.
നിരവധി ക്വാറികളും കമ്പനികളും നിറഞ്ഞ ലിഗൂറിയൻ കുന്നുകൾ ഉൾപ്പെടുന്ന സ്ലേറ്റ് ജില്ലയുടെ മേയർ ഫ്രാങ്ക ഗാർബൈനോ മാർപാപ്പയ്ക്കുവേണ്ടിയുള്ള സ്മാരകശിലകൾക്കായുള്ള കല്ല് നിർമിക്കാനുള്ള അവസരത്തെ വളരെ ഊഷ്മളതയോടെയാണ് സ്വീകരിച്ചത്.
ഇത് ബഹുമാന്യമായ ഒരു കല്ല് എന്നല്ല, മറിച്ച് ജനങ്ങളുടെ കല്ല് എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതായി അവർ പറഞ്ഞു.
ഫ്രാൻസിസ് പാപ്പായ്ക്ക് ഏറ്റവും പ്രിയപ്പെട്ട ദേവാലയമായിരുന്നു സെന്റ് മേരി മേജർ ബസിലിക്ക. പാപ്പാ ഇറ്റലിക്കു പുറത്തുള്ള യാത്രകൾക്ക് പുറപ്പെടുന്നതിനു മുൻപും തിരിച്ചു വന്നതിനുശേഷവും ബസിലിക്കയിൽ എത്തി പ്രാർഥിക്കുക പതിവായിരുന്നു. കർദിനാൾ റൊളാൻദസ് മാക്റിക്കാസ് പറയുന്നതനുസരിച്ച് 126 തവണ മാർപാപ്പ ഇവിടം സന്ദർശിച്ചിട്ടുണ്ട്.
ഒരു തവണ സന്ദർശനസമയത്ത് നിന്റെ കബറിടം ഒരുക്കുക എന്നു പരിശുദ്ധ മറിയം മാർപാപ്പയോടു നിർദേശിച്ചതായി തന്നോടു പറഞ്ഞു എന്നും കർദിനാൾ മാക്റിക്കാസ് വെളിപ്പെടുത്തിയിരുന്നു.