കുട്ടികളിലെ പൊണ്ണത്തടിയും ഫാറ്റി ലിവറും തമ്മിൽ
Friday, April 25, 2025 12:35 PM IST
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ.
നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലത് വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്.
സ്വയം നിർമിക്കുന്ന കരൾ!
ഏതെങ്കിലും കാരണമായി നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല.
അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്.
കുറേ കൊല്ലങ്ങൾക്കു മുന്പുവരെ പ്രായം കൂടിയവരിൽ, അതും പ്രത്യേകിച്ച് മദ്യപാന ശീലം ഉള്ളവരിൽ മാത്രം ആയിരുന്നു കരൾരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടിരുന്നത്. എന്നാൽ, കുറച്ച് കൊല്ലങ്ങളായി കാര്യങ്ങൾ അങ്ങനെയല്ല.
കുട്ടികളിലും...
ഇപ്പോൾ മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിൽ കൂടി കരൾരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം ‘ഫാറ്റി ലിവർ' ശ്രദ്ധിക്കാതിരിക്കുകയും ശരിയായ രീതിയിൽ ചികിത്സ കൈകാര്യം ചെയ്യാതിരിക്കുകയുമാണെങ്കിൽ ഭാവിയിൽ പല രോഗങ്ങളും ഉണ്ടാകുന്നതിന് കാരണമാകാവുന്നതാണ്.
കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരം
ഇതിന് പ്രധാന കാരണമായി മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരവും ശരീരം അനങ്ങാതെയുള്ള ജീവിതരീതിയും ആണെന്നാണ്.
പൊണ്ണത്തടി
പൊണ്ണത്തടിയുള്ള കുട്ടികളിൽ ഒൻപത് വയസിനും പന്ത്രണ്ട് വയസിനും ഇടയ്ക്ക് പ്രായമുള്ളവരിൽ പലരിലും ഫാറ്റി ലിവർ കാണുകയുണ്ടായി എന്ന് കേൾക്കുമ്പോൾ അതിന്റെ ഗൗരവം മനസിലാക്കാൻ കഴിയും.
ഫാറ്റി ലിവർ ഉള്ള എല്ലാ കുട്ടികളും പൊണ്ണത്തടി ഉള്ളവർ ആകണമെന്നില്ല. എന്നാൽ, ബഹുഭൂരിപക്ഷവും പൊണ്ണത്തടി ഉള്ളവർ ആയിരിക്കും.
വിദഗ്ധ പരിശോധന
പൊണ്ണത്തടി ഉള്ള കുട്ടികൾ നല്ല ക്ഷീണം അനുഭവപ്പെടുന്നതായി പറയുകയോ വയറിന്റെ മുകളിൽ വലത് ഭാഗത്ത് വേദന തോന്നുന്നതായി പറയുകയോ ചെയ്യുമ്പോൾ ഏറ്റവും അടുത്തുള്ള ഡോക്ടറെ പോയി കാണുന്നത് നല്ലതാണ്.
പരിശോധനകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുകയാണ് എങ്കിൽ എത്രയും നേരത്തേ ചികിത്സ ആരംഭിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393