വിപ്ലവകാരിയായ യാഥാസ്ഥിതികൻ!
Thursday, April 24, 2025 11:35 PM IST
റവ. ഡോ. അരുൺ കലമറ്റത്തിൽ
ഫ്രാൻസിസ് മാർപാപ്പ ഒരു യാഥാസ്ഥിതികനാണോ? അതോ മാധ്യമങ്ങൾ അവതരിപ്പിച്ചതുപോലെ വിപ്ലവകാരിയായ ഒരു പുരോഗമനവാദിയോ? സത്യത്തിൽ ഫ്രാൻസിസ് മാർപാപ്പ ആരായിരുന്നു?
ജനങ്ങളുടെ മധ്യേയും ദൈവത്തിന്റെ മുമ്പിലും ജീവിക്കാൻ ആഗ്രഹിച്ച വിശുദ്ധനായ ഒരു മാർപാപ്പ തന്റെ പ്രഥമാചാര്യത്വത്തിന്റെ ദൗത്യം പൂർത്തീകരിച്ച് വിടവാങ്ങിയിരിക്കുന്നു. ലോകം മുഴുവനും ശോകസാന്ദ്രമായിരിക്കുന്ന സമയമാണിത്. പന്ത്രണ്ട് വർഷക്കാലം സഭയെ നയിക്കുകയും ലോകത്തെ സ്വാധീനിക്കുകയും ചെയ്ത ഒരു മാർപാപ്പ ഈ അവസരത്തിൽ നീതിപൂർവകമായി അനുസ്മരിക്കപ്പെടേണ്ടത് വൈകാരികമായി മാത്രമല്ല, അജപാലനപരമായും ദൈവശാസ്ത്രപരമായും കൂടിയാണ്. തന്റെ 12 വർഷത്തെ ശ്ലൈഹികശുശ്രൂഷകൊണ്ട് സഭയ്ക്കും ലോകത്തിനും എന്തു നൽകാനാണ് പാപ്പാ ശ്രമിച്ചതെന്നു പരിശോധിക്കുകയും കൃതജ്ഞതാപൂർവം അത് സ്വീകരിക്കുകയും ചെയ്യേണ്ട സമയംകൂടിയാണിത്.
നേതൃത്വത്തിന്റെ പ്രബോധനശൈലി
ഫ്രാൻസിസ് മാർപാപ്പയോളം മാധ്യമലോകത്ത് നിറഞ്ഞുനിന്ന മറ്റൊരാൾ ഈ കഴിഞ്ഞ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. പാപ്പായുടെ വാക്കുകൾ മാത്രമല്ല, ചലനങ്ങൾപോലും മാധ്യമശ്രദ്ധയാകർഷിച്ചു. രോഗികളെ ചേർത്തണയ്ക്കുന്നതും കുഞ്ഞുങ്ങളെ വാരിയെടുക്കുന്നതും വഴിയരികിൽ കാണാൻ കാത്തുനിൽക്കുന്നവർക്കായി വാഹനം നിർത്തി ഇറങ്ങിച്ചെല്ലുന്നതും, ഭിക്ഷക്കാരോടു കൂടെ ചേർന്നു നിൽക്കുന്നതും അംഗരക്ഷകരോട് കുശലം പറയുന്നതും, അമ്മയുടെ കൈവിട്ട് സ്റ്റേജിലേക്ക് ഓടിക്കയറിയ കുഞ്ഞിനെ ചേർത്തുപിടിച്ച് പ്രഭാഷണം തുടരുന്നതും ലോകം കൗതുകത്തോടെയും അദ്ഭുതത്തോടെയുമാണ് വീക്ഷിച്ചത്. ചെറിയ കാറിൽ സഞ്ചരിക്കുന്നതും തന്റെ ബാഗ്പോലും താൻതന്നെ പിടിക്കണമെന്ന് ശാഠ്യം പിടിക്കുന്നതും നാം കണ്ടു. മാർപാപ്പയായപ്പോൾ “നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കൂ” എന്നു പറഞ്ഞ് ശിരസ് നമിച്ചതു മുതൽ, മരിക്കുമ്പോൾ എന്നെ നിലത്ത് അടക്കണമെന്നും മുകളിൽ ഫ്രാൻസിസ്കോസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും നിർദേശിക്കുന്നതുവരെ ഫ്രാൻസിസ് മാർപാപ്പയുടെ അപൂർവതകളെല്ലാം കാമറക്കണ്ണുകളിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നു.
എന്നാൽ, ആലോചിച്ചെഴുതുന്ന ചാക്രിക ലേഖനങ്ങളെക്കാളും പ്രചാരസാധ്യതയും സാമൂഹിക സ്വാധീനവും പ്രതീകാത്മക പ്രവൃത്തികൾക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ജ്ഞാനിയായ പ്രധാനാചാര്യനായിരുന്നു ഫ്രാൻസിസ് പാപ്പാ എന്നതു മാത്രം അധികമാരും ശ്രദ്ധിച്ചില്ല. താൻ പഠിപ്പിക്കുകയാണെന്ന് വിദ്യാർഥികൾ അറിയാതെ പഠിപ്പിക്കുന്ന സമർഥനായ ഒരു അധ്യാപകനെപ്പോലെയോ കൈയടക്കമുള്ള ഒരു കൺകെട്ടുകാരനെപ്പോലെയോ ഫ്രാൻസിസ് പാപ്പാ താനാഗ്രഹിച്ചവ ലോകത്തിനു നൽകി. ലോകം കണ്ടതും കേട്ടതും ഫ്രാൻസിസ് പാപ്പായുടെ ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വാക്കുകളും ചലനങ്ങളുമായിരുന്നെങ്കിൽ, അവരറിയാതെ പാപ്പാ പഠിപ്പിച്ചത് മിശിഹായുടെ പ്രബോധനങ്ങളുടെ ദൈവശാസ്ത്രമായിരുന്നു. ഈ പന്ത്രണ്ട് വർഷങ്ങൾകൊണ്ട് കത്തോലിക്കാ സഭയോടും പൗരോഹിത്യത്തോടുമുള്ള ലോകത്തിന്റെ വിദ്വേഷവും അകൽച്ചയും അലിഞ്ഞില്ലാതായി. “ഫ്രാൻസിസ് പാപ്പാ പറഞ്ഞതുകൊണ്ട് ഇനി ഞാൻ പള്ളിയിൽ പോകുന്നു” എന്നു പറഞ്ഞ അനേകരെ നാം നേരിട്ടു കണ്ടു. ലോകരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും മുകളിൽ ഉന്നതവും ദൈവികവുമായ ഒരു അധികാര-സ്വാധീന ശക്തിയായി പാപ്പാ മാറി. സമാധാനരാജാവായ മിശിഹായെയും അവിടത്തെ കാരുണ്യത്തെയും ഉന്നതമായ സ്നേഹത്തെയും മനുഷ്യവ്യക്തിയുടെ ദൈവികമഹത്വത്തെയും ഇത്രയും വിദഗ്ധമായും ലളിതമായും മറ്റാരും ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. സത്യത്തിൽ, ഫ്രാൻസിസ് പാപ്പാ അനുകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതത്തേക്കാളും അദ്ദേഹത്തിന്റെ പ്രതീകാത്മക പ്രബോധനഭാഷയെ ആയിരുന്നു.
പ്രതീകാത്മക ഭാഷ
പ്രതീകങ്ങളിലൂടെയാണ് പാപ്പാ സംസാരിച്ചത്. ഉദാഹരണത്തിന്, ചെറിയൊരു കാറിൽ കയറി താൻ യാത്ര ചെയ്യുന്നത് അതിൽതന്നെ ഒരു പുണ്യമല്ലെന്ന് പപ്പായ്ക്ക് അറിയാം. വത്തിക്കാന്റെ വാർഷികകണക്കിൽ ഒരു വിധത്തിലും പ്രതിഫലിക്കാവുന്ന ഒരു ലാഭവും അതുണ്ടാക്കുകയുമില്ല. മാത്രവുമല്ല സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ചെലവ് കൂടുകയേ ഉള്ളുതാനും. എന്നാൽ സംഭവിച്ചത് എന്താണ്? മാർപാപ്പ ചെറിയ കാറിൽ സഞ്ചരിക്കുന്നത് വാർത്തയാവുകയും ലോകം ശ്രദ്ധിക്കുകയും ചെയ്തപ്പോൾ സഭയുടെയും പൗരോഹിത്യത്തിന്റെയും മാർപാപ്പയുടെയും എന്നല്ല, മനുഷ്യന്റെ മഹത്വവും സ്ഥാനവും നിലകൊള്ളുന്നത് ഭൗതികവസ്തുക്കളിലോ അലങ്കാരങ്ങളിലോ അല്ലെന്നും മഹത്വം വ്യക്തികൾക്കുള്ളതാണെന്നും ലോകം ഗ്രഹിച്ചു. തന്റെ വസ്ത്രമൂരി പിതാവിന്റെ കൈയിൽ കൊടുത്തിട്ട് സഭയെ നവീകരിക്കാൻ ഹൃദയത്തിന്റെ വിശുദ്ധി തേടിപ്പോയ അസീസിയിലെ ഫ്രാൻസിസിന്റെ ഭാഷയായിരുന്നു അത്. ഫ്രാൻസിസ് പാപ്പായുടെ ‘കാരുണ്യ’ത്തിനുപോലും ഈ പ്രതീകാത്മക ഭാഷയാണുള്ളത്. പലരും കരുതിയത് ‘കാരുണ്യം’ ഒരുതരത്തിലുള്ള ന്യായീകരിക്കലാണെന്നാണ്. സ്വവർഗാനുരാഗികളോട് കാരുണ്യം കാണിക്കണം എന്നു പറഞ്ഞാൽ സ്വവർഗാനുരാഗത്തെ ന്യായീകരിക്കുന്നുവെന്നല്ല അർഥം! ദരിദ്രരോട് കാരുണ്യം കാണിക്കണം എന്നു പറഞ്ഞാൽ ദാരിദ്ര്യത്തെ പ്രോത്സാഹിപ്പിക്കണം എന്നല്ലല്ലോ. കരുണ തോന്നേണ്ടി വരുന്ന സാഹചര്യങ്ങൾ ദയനീയമാണ്. പാപികളുടെയും നിരീശ്വരവാദികളുടെയും ദരിദ്രരുടെയും സ്വവർഗാനുരാഗികളുടെയും അവസ്ഥ ശോചനീയമാണെന്ന തിരിച്ചറിവിൽനിന്നാണ് ഫ്രാൻസിസ് പാപ്പാ കാരുണ്യം ആവശ്യപ്പെടുന്നത്! കരുണ കാണിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകാതിരിക്കണമെന്നാണ് ആത്യന്തികമായി കരുണ കാണിക്കുന്നവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് കരുണ കാണിക്കണമെന്ന ആഹ്വാനം ഒരിക്കലും കരുണ കാണിക്കേണ്ട സാഹചര്യത്തെ ന്യായീകരിക്കുന്നില്ല എന്നുതന്നെയാണ് തന്റെ കരുണയുടെ പ്രതീകങ്ങളിലൂടെ ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കാൻ ശ്രമിച്ചത്.
12 വർഷത്തെ പരസ്യജീവിതം
സുവിശേഷത്തിലെ മിശിഹായെ തന്റെ പ്രവൃത്തികൾകൊണ്ടും ചലനങ്ങൾകൊണ്ടും ഫ്രാൻസിസ് പാപ്പാ ജനഹൃദയങ്ങളിൽ വീണ്ടും വരച്ചിട്ടു. “ശിശുക്കൾ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ” എന്നരുൾചെയ്തിട്ട് അവരെ കൈകളിൽ എടുത്ത ഈശോയെപ്പോലെ ഫ്രാൻസിസ് പാപ്പാ കുഞ്ഞുങ്ങളെ വാരിയെടുത്തു. കുഷ്ഠരോഗികളെ തൊട്ടു സുഖപ്പെടുത്തിയ ഈശോയെപ്പോലെ പാപ്പാ മനുഷ്യന്റെ കണ്ണിൽ വിരൂപരായവരെ ചേർത്തുപിടിച്ച് ചുംബിച്ചു. മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ലെന്നു പറഞ്ഞ മിശിഹായെ അനുസ്മരിപ്പിച്ചുകൊണ്ട് പേപ്പൽ വസതി വിട്ടിറങ്ങി. നല്ല സമരിയാക്കാരനായ മിശിഹായെപ്പോലെ ഉപേക്ഷിക്കപ്പെട്ട ദരിദ്രരെയും രോഗികളെയും കുടിയിറക്കപ്പെട്ടവരെയും ചേർത്തുപിടിച്ചു. “ഞാനും നിന്നെ വിധിക്കുന്നില്ല, മേലിൽ പാപം ചെയ്യരുത്” എന്നു പറഞ്ഞ മിശിഹായെപ്പോലെ, തടവറകളിൽ കഴിഞ്ഞിരുന്നവരെയും നിരീശ്വരവാദികളെയും സ്വർഗാനുരാഗികളെയുമെല്ലാം ചേർത്തുപിടിക്കാൻ ശ്രമിച്ചു. ചുരുക്കത്തിൽ, കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം ഈശോയുടെ പരസ്യജീവിതകാലം ഫ്രാൻസിസ് പാപ്പാ ഈ ആധുനിക കാലഘട്ടത്തിൽ പുനരവതരിപ്പിക്കുകയായിരുന്നു.
പ്രബോധനങ്ങളിൽ വ്യതിചലിക്കാതെ
പിന്നെ എന്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഒരു പുരോഗമനവാദിയെപ്പോലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്? നിരീശ്വരവാദികളെക്കുറിച്ചും സ്വവർഗാനുരാഗികളെക്കുറിച്ചും പലതരം ചൂഷണങ്ങളെക്കുറിച്ചും, സ്ത്രീകളും കുട്ടികളും നേരിടുന്ന വിവേചനത്തെക്കുറിച്ചും പാപ്പാ നടത്തിയ പരാമർശങ്ങൾ ഒരു വിപ്ലവകാരിയുടെയോ സാമൂഹിക പരിഷ്കർത്താവിന്റെയോ വാക്കുകൾപോലെ കാണപ്പെടുകയോ വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തു. എന്നാൽ, ലോകം ശ്രദ്ധിക്കാതെപോയ കാര്യം പാപ്പാ ഒരിക്കലും നിരീശ്വരവാദമോ സ്വവർഗാനുരാഗമോ ആണ് ശരിയെന്നു പറയുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല എന്നതാണ്! മനുഷ്യനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ചും തിരുസഭ നാളിതുവരെ പഠിപ്പിച്ചിട്ടുള്ളതിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രബോധനങ്ങളിൽ ഒരല്പം പോലും വ്യതിചലിച്ചിട്ടില്ല എന്നത് അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഉദാഹരണത്തിന്, അസ്വാഭാവികമായ ലൈംഗികബന്ധത്തിൽ കഴിയുന്നവർക്ക് ഏതൊരു മനുഷ്യനും നൽകുന്ന കൗദാശികമല്ലാത്ത സാധാരണ അനുഗ്രഹം വൈദികർ നൽകണമെന്നു മാത്രമേ പാപ്പാ പറഞ്ഞുള്ളൂ. അത് പറയുന്നതോടൊപ്പം വിവാഹത്തിന്റെയോ വിവാഹവസ്ത്രത്തിന്റെയോപോലും സൂചനകൾ ഉണ്ടെങ്കിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ അനുഗ്രഹിക്കരുത് എന്നുകൂടി പാപ്പാ പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്ക് പ്രിയപ്പെട്ടതും വാർത്താശ്രദ്ധയാകർഷിക്കുന്നതും മാത്രം ലോകത്തിന് വിളമ്പി. നിരീശ്വരവാദികളെ താൻ വിധിക്കുന്നില്ലെന്നു പറയുമ്പോൾ ദൈവം വിധിക്കും എന്ന് പാപ്പാ പറയാതെ പറഞ്ഞു. ദൈവത്തോട് നമുക്കുണ്ടാകേണ്ട വിധേയപൂർവമായ ബന്ധത്തെക്കുറിച്ച് തുടർന്ന് പാപ്പാ വാചാലനാവുകയും ചെയ്തു. വനിതാ പൗരോഹിത്യത്തെക്കുറിച്ച് പാപ്പായോട് സംസാരിച്ചവരെ അനുഭാവപൂർവം ശ്രവിച്ചപ്പോൾ പാപ്പാ അനുഭാവം കാണിച്ചത് സംസാരിച്ച വിഷയത്തോടാണെന്ന് മാധ്യമങ്ങൾ തെറ്റിദ്ധരിച്ചു.
എന്നു മാത്രമല്ല, തിരുസഭയുടെ വിശുദ്ധ പാരമ്പര്യത്തെയും സഭാ നിയമത്തെയും ഹയരാർക്കിക്കൽ ഘടനയെയും ശക്തമായും യാഥാസ്ഥിതികമായും ഉയർത്തിപ്പിടിച്ച മാർപാപ്പയായിരുന്നു ഫ്രാൻസിസ്. സീറോമലബാർ സഭയിൽ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഹയരാർക്കിയെ നിരുപാധികം അനുസരിക്കുക എന്നു മാത്രമാണ് പാപ്പാ ആവശ്യപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പ എല്ലാ നിയമങ്ങളെയും അയച്ചുകളഞ്ഞു എന്നൊരു തെറ്റിദ്ധാരണ മാധ്യമങ്ങൾ ലോകത്തിനു നൽകിയിട്ടുണ്ട്. വിവാഹത്തിന്റെ സാധുത പരിശോധിക്കുന്ന കോടതിനടപടികളെ ലളിതവത്കരിച്ചതൊക്കെ ഉദാഹരണമായി എടുത്തുകാണിക്കുമ്പോൾ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. നീതി സംരക്ഷിക്കപ്പെടാനുള്ള കർശന നിർദേശങ്ങളോടെ സഭാ നിയമങ്ങൾക്ക് പൂർണമായും വിധേയപ്പെട്ടിരുന്നുകൊണ്ട് നടപടികൾ വേഗത്തിലാക്കാൻവേണ്ടി മാത്രമാണ് പാപ്പാ നടപടിക്രമങ്ങളെ പരിഷ്കരിച്ചത്. എതിരഭിപ്രായങ്ങളോടും വിരുദ്ധചിന്തകളോടും മുഖം തിരിക്കുന്നതിനേക്കാൾ, മനോഹരമായി അവരെ ചേർത്തുപിടിച്ച് സംസാരിക്കാനാണ് ഫ്രാൻസിസ് പാപ്പാ ശ്രദ്ധിച്ചത്. ആ ‘ചേർത്തുപിടിക്കലിനെ’ സംസാരിച്ച വിഷയത്തേക്കാൾ ശ്രദ്ധേയമായി മാധ്യമങ്ങൾ അവതരിപ്പിച്ചു എന്നു മാത്രമേയുള്ളൂ.
മാർപാപ്പായെ നയിച്ച ദൈവശാസ്ത്രം
ബനഡിക്ട് മാർപാപ്പയെപോലെ ഫ്രാൻസിസ് മാർപാപ്പ അറിയപ്പെടുന്ന ഒരു ദൈവശാസ്ത്രജ്ഞനായിരുന്നില്ല. പാപ്പായുടെ പശ്ചാത്തലവും ഒരു അക്കാഡമിക് ദൈവശാസ്ത്രജ്ഞന്റേതായിരുന്നില്ല. പ്രായോഗിക സ്വഭാവമുള്ള അജപാലന ദൈവശാസ്ത്രമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളുടെ പശ്ചാത്തലം. വിമോചന ദൈവശാസ്ത്രത്തിന്റെ ഭാവാത്മകമായ ചെറിയ നിഴലുകൾ കാണാമെങ്കിലും പാപ്പാ യഥാർഥത്തിൽ ഒരു വിശ്വാസ സിദ്ധാന്തത്തെയും പൊളിച്ചുകളഞ്ഞിരുന്നില്ല. സഭയുടെ വിശ്വാസപാരമ്പര്യത്തിൽനിന്ന് അല്പംപോലും ബോധപൂർവം വ്യതിചലിച്ചിരുന്നുമില്ല. പിന്നെന്താണ് സംഭവിച്ചിരുന്നത്? നൈയാമികവും സൈദ്ധാന്തികവുമായ വിഷയങ്ങൾ സാധാരണ മനുഷ്യന്റെ ബുദ്ധിമുട്ടുകളുമായി ഏറ്റുമുട്ടുന്ന സമയങ്ങളിലെല്ലാം വരുംവരായ്കകൾ നോക്കാതെ പാപ്പാ നിലകൊണ്ടത് അപ്പോൾ മുൻപിലുള്ള മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കുവേണ്ടി മാത്രമായിരുന്നു എന്നുമാത്രമേയുള്ളൂ. അതു വരുത്തിവയ്ക്കാവുന്ന സൈദ്ധാന്തികമായ പ്രതിസന്ധികളെ പിന്നീട് നേരിടാം എന്ന മട്ടിലുള്ള നിലപാടുകൾ പലരെയും അസ്വസ്ഥപ്പെടുത്തുകയും ചെയ്തു. അത്തരം വിഷയങ്ങളെക്കുറിച്ചുള്ള പാപ്പായുടെ വാക്കുകളെ സന്ദർഭങ്ങളിൽനിന്ന് മുറിച്ചെടുത്തും വലിച്ചുനീട്ടിയും അതിശയോക്തി കലർത്തിയും മാധ്യമങ്ങൾ ഉൾപ്പെടെ പലരും തങ്ങളുടെതന്നെ ആശയങ്ങൾ വിളിച്ചുപറയാൻ ഉപയോഗിച്ചു. എന്നാൽ, യഥാർഥത്തിൽ മാർപാപ്പയുടെ നിലപാടുകളും തീരുമാനങ്ങളും ഒരിക്കലും സഭയുടെ പാരമ്പര്യത്തിനോ വിശ്വാസത്തിന്റെ സൈദ്ധാന്തിക കെട്ടുറപ്പിനോ വിരുദ്ധമായിരുന്നില്ല.
വ്യക്തിജീവിതം
വ്യക്തിജീവിതത്തിൽ ഫ്രാൻസിസ് മാർപാപ്പ തീക്ഷ്ണമതിയായ ഒരു യാഥാസ്ഥിതിക വിശ്വാസി തന്നെയായിരുന്നു. ബാല്യം മുതൽ താൻ അറിഞ്ഞതും പഠിച്ചതും വിശ്വസിച്ചതും കലർപ്പില്ലാതെ പാപ്പാ കാത്തുസൂക്ഷിച്ചു. വളരെ സൂക്ഷ്മതയോടെ തന്റെ പൗരോഹിത്യ ശുശ്രൂഷകളും കൂദാശ പരികർമങ്ങളും ജപമാല ഉൾപ്പെടെയുള്ള വ്യക്തിപരമായ പ്രാർഥനകളും പാപ്പാ നിർവഹിച്ചു. അന്താരാഷ്ട്ര ബന്ധങ്ങളുടെ വത്തിക്കാൻ സെക്രട്ടറിയായ ആർച്ച്ബിഷപ് പോൾ ഗല്ലാഹർ (Gallagher) പ്രസ്താവിച്ചത് ഇങ്ങനെയാണ്: “ഒരു പഴഞ്ചൻ യാഥാസ്ഥിതികനായ ഈശോസഭക്കാരനാണ് ഫ്രാൻസിസ്. അതേസമയം, സഭയിലെ വ്യത്യസ്തങ്ങളായ മറ്റു ശബ്ദങ്ങളെ ശ്രവിക്കാൻ തുറവിയുള്ള ആൾകൂടിയാണ് അദ്ദേഹം.” 2019ലെ ഒരു ഇന്റർവ്യൂവിൽ പാപ്പായെ ഒരു കൺസർവേറ്റീവ് ആയിട്ടാണല്ലോ പാപ്പായുടെ സഹപ്രവർത്തകർ പരിഗണിക്കുന്നതെന്ന് സൂചിപ്പിച്ചപ്പോൾ, “അതെ! സഭയുടെ പ്രബോധനങ്ങളുടെ കാര്യത്തിൽ ഞാനൊരു യാഥാസ്ഥിതികനാണ്” എന്നാണ് ഫ്രാൻസിസ് പാപ്പാ പ്രത്യുത്തരിച്ചത്.
ഫ്രാൻസിസ് പാപ്പായുടെ യാഥാസ്ഥിതിക മനോഭാവങ്ങൾ ലോകം വേണ്ടത്ര തിരിച്ചറിഞ്ഞില്ലെങ്കിലും പാപ്പായുടെ വൈദികരും മെത്രാന്മാരും അത് നന്നായി അറിഞ്ഞിരുന്നു. സഭാ നിയമങ്ങളിലോ സഭയുടെ പാരമ്പര്യങ്ങളിലോ യാതൊരു വിധത്തിലുള്ള അയവും പാപ്പാ തന്റെ സഹശുശ്രൂഷകരായ മെത്രാന്മാർക്കും വൈദികർക്കും അനുവദിച്ചിരുന്നില്ല. സഭാ നിയമങ്ങളോട് വിധേയപ്പെടാൻ മടികാണിച്ചിരുന്നവരെ കാർക്കശ്യത്തോടെ കൈകാര്യം ചെയ്യാൻ മാർപാപ്പ ഒട്ടും മടിച്ചിരുന്നില്ല. വൈദികരുടെ സമ്മേളനങ്ങളിലെല്ലാം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയും അജപാലന ശുശ്രൂഷകൾ നിർവഹിക്കണമെന്ന് നിർബന്ധബുദ്ധിയോടെ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
സഭാ ശുശ്രൂഷകൾ ഉദാസീനമായി നിർവഹിക്കുന്നവരെ ശക്തമായി ഫ്രാൻസിസ് മാർപാപ്പ ശാസിച്ചിരുന്നു. ജനത്തിന് കരുണയും ജനത്തെ നയിക്കുന്നവർക്ക് ഉത്തരവാദിത്വപൂർണമായ കടപ്പാടും എന്നതായിരുന്നു പാപ്പായുടെ ശൈലി. ചുരുക്കത്തിൽ, വിപ്ലവകരമായ പുരോഗമനവാദത്തിന്റെ മധുരത്തിൽ പൊതിഞ്ഞ നീക്കുപോക്കുകളില്ലാത്ത വിശ്വാസപാരമ്പര്യമാണ് ഫ്രാൻസിസ് മാർപാപ്പ കൈമാറിയത്. അതായിരുന്നു പാപ്പായുടെ ബഹുജനസമ്മതിയുടെ കാരണവും.