സുവിശേഷമൂല്യങ്ങൾ പകർന്നുതന്ന വിശ്വപൗരൻ
Thursday, April 24, 2025 11:30 PM IST
ആത്മീയവളക്കൂറുള്ള തെക്കേ അമേരിക്കൻ മണ്ണ്-02 / ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
പള്ളികൾ വിറ്റ് ദരിദ്രരെ സഹായിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞത് വിശുദ്ധ കുർബാനയുടെയും ആരാധനാ ജീവിതത്തിന്റെയും തുടർച്ചയാണ് ദരിദ്രരോടുള്ള പരിഗണന എന്ന വലിയ സത്യം അടിവരയിട്ട് സ്ഥാപിക്കുന്നതിനായിരുന്നു. തിരുസഭയുടെ നിലപാടുകളിൽ ഉറച്ചുനിന്നത് പ്രത്യക്ഷത്തിൽ പുരോഗമനവാദികൾ എന്ന് സ്വയം കരുതുന്ന കുറച്ചു പേർക്കെങ്കിലും നിരാശ വരുത്തിയിട്ടുണ്ട്. ലോകത്തിലുള്ള മുഴുവൻ പേരുടെയും സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായി കരുതിയ ദൈവത്തിന്റെ ഭൂമിയിലെ കണ്ണായിരുന്നു ഫ്രാൻസിസ് പാപ്പാ.
ഹൃദയം നഷ്ടപ്പെട്ട ലോകത്തിന് ഹൃദയം കൊടുക്കുക
Dilexit Nos - അവൻ നമ്മെ സ്നേഹിച്ചു. പരിശുദ്ധ പിതാവിന്റെ അവസാന ചാക്രിക ലേഖനം. ശിഥിലമായ ലോകത്ത് യാഥാർഥ്യത്തെ ഏകീകരിക്കുന്ന തത്വമായി മിശിഹായുടെ ഹൃദയത്തെ പരിശുദ്ധ ഫ്രാൻസിസ് പിതാവ് അവതരിപ്പിക്കുന്നു. ജീവശാസ്ത്രം, മനഃശാസ്ത്രം, നരവംശശാസ്ത്രം, അല്ലെങ്കിൽ മറ്റേതെങ്കിലും ശാസ്ത്രം എന്നിവ ഹൃദയം എന്ന വാക്കിന്റെ അർഥം വേണ്ടവിധം ഉൾക്കൊള്ളുന്നില്ല എന്ന് പാപ്പാ സമർഥിക്കുന്നു.
ഹൃദയത്തിൽനിന്ന് പരിവർത്തനം ആരംഭിച്ചുകൊണ്ട് ലോകത്തെ മാറ്റാൻ കഴിയും. മൂന്നാം സഹസ്രാബ്ദത്തിലെ സ്ത്രീ-പുരുഷന്മാർ ദൈവത്തെ അറിയാനും തങ്ങളെത്തന്നെ അറിയാനും മിശിഹായുടെ ഹൃദയം ആവശ്യമാണ്. സ്നേഹത്തിന്റെ നാഗരികത കെട്ടിപ്പടുക്കാൻ അവർക്ക് അത് ആവശ്യമാണ്. ഈ ചാക്രിക ലേഖനം ആധുനിക ചിന്തയുമായി ആഴത്തിൽ ഇടപഴകുന്നു. തത്വചിന്ത ആരംഭിക്കുന്നത് ഒരു ശുദ്ധമായ ആശയത്തിലോ ഉറപ്പിലോ അല്ല; മറിച്ച്, ഒരു ഞെട്ടലോടെയാണ് എന്ന മാർട്ടിൻ ഹൈഡഗറുടെ ഉൾക്കാഴ്ച പാപ്പാ ഉദ്ധരിക്കുന്നു. ആഴമായ വികാരമില്ലാതെ ചിന്ത ആരംഭിക്കുന്നില്ല. അതിനാൽ ആദ്യത്തെ മാനസിക സങ്കല്പം ഒരു വികാരാനുഭവം ആയിരിക്കും - പാപ്പാ പറയുന്നു. ഇവിടെയാണ് ഹൃദയം വരുന്നത്.
നിരാശാജനകമായ വിധം ചിന്നഭിന്നമാണെന്നു തോന്നുന്ന വ്യക്തിപരമായ നമ്മുടെ ചരിത്രത്തെ ഹൃദയത്തിന് ഏകീകരിക്കാനും യോജിപ്പിക്കാനും കഴിയും. ഹൃദയത്തിനു മാത്രമേ എല്ലാറ്റിനും അർഥം കണ്ടെത്താൻ കഴിയൂ. വ്യത്യസ്ത മനസുകളോ ഇച്ഛകളോ ഏകീകരിക്കുന്നതിലും അനുരഞ്ജിപ്പിക്കുന്നതിലും ഹൃദയത്തിന്റെ സഹായത്താൽ നമ്മുടെ സമൂഹങ്ങൾ വിജയിക്കും. അതുവഴി സഹോദരീസഹോദരങ്ങൾ എന്ന നിലയിൽ ഐക്യത്തിൽ നമ്മെ നയിക്കാൻ ആത്മാവിനു കഴിയും. അനുരഞ്ജനവും സമാധാനവും ഹൃദയത്തിൽനിന്നാണ് ജനിക്കുന്നത്. മിശിഹായുടെ ഹൃദയം എന്നാൽ തുറന്ന മനസ്, സമാധാനം, സന്തോഷം, കണ്ടുമുട്ടൽ എന്നിവ അർഥമാക്കുന്നു.
ടെക്നോളജിയും ഉപഭോഗപരതയും അടക്കിവാഴുന്ന സമൂഹത്തോടുള്ള സുപ്രധാനമായ ഒരു പ്രതികരണമാണ് പാപ്പാ നൽകുന്നത്. ഉപരിപ്ലവതയുടെ ഒരു കാലഘട്ടത്തിൽ എന്നതുപോലെ ജീവിക്കുകയും എന്തുകൊണ്ട് എന്നറിയാതെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഭ്രാന്തമായി പായുകയും, നമ്മുടെ ജീവിതത്തിന്റെ ആഴമേറിയ അർഥത്തെക്കുറിച്ച് ഉത്ണ്ഠയില്ലാതെ കമ്പോള സംവിധാനങ്ങളുടെ അതിഭക്തരായ ഉപഭോക്താക്കളും അടിമകളുമായി അവസാനിക്കുകയും ചെയ്യുന്ന നാമെല്ലാവരും ഹൃദയത്തിന്റെ പ്രാധാന്യം വീണ്ടും കണ്ടെത്തേണ്ടതുണ്ട് എന്ന ആഴമായ പ്രബോധനമാണ് പാപ്പാ നൽകുന്നത്.
തിരുഹൃദയത്തോടുള്ള ഭക്തി
തിരുഹൃദയത്തോടുള്ള ഭക്തി കേവലം ഒരു സ്വകാര്യ ആത്മീയ ആചാരമല്ലെന്നും സാമൂഹിക ജീവിതത്തിലും മനുഷ്യബന്ധങ്ങളിലും ആഴത്തിലുള്ള ചലനങ്ങൾ ഉണ്ടാക്കാൻ ഈ ഭക്തിക്ക് കഴിയുമെന്നും പാപ്പാ പഠിപ്പിക്കുന്നു. ഈശോയുടെ ഹൃദയത്തിൽ സുവിശേഷങ്ങൾ അതിന്റെ സമ്പൂർണതയിൽ എത്തുന്നു. ഹൃദയപൂർവം സംസാരിക്കാനും പ്രവർത്തിക്കാനും കഴിയാതെവരുമ്പോൾ ഹൃദയത്തിന്റെ മൂല്യം നഷ്ടപ്പെടുന്നു. എല്ലാം ഹൃദയത്തിന്റെ ഭരണത്തിൻകീഴിൽ കൊണ്ടുവരണം. ബുദ്ധി, മനസ്, ഭാവന എല്ലാം. അക്രമവാസനയും ആർത്തിയും അതിനു കീഴിൽ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഹൃദയമാണ്. ഹൃദയവിരുദ്ധത നമ്മെ നാർസിസിസം എന്ന സ്വന്തം മുഖത്തെ മാത്രം സ്നേഹിക്കുന്ന സ്ഥിതിയിൽ എത്തിക്കുന്നു.
ഒരുവന്റെ സമഗ്ര വ്യക്തിത്വത്തിന്റെ ഉൾക്കാമ്പ് ഹൃദയമാണ്. ഒരുവന്റെ സ്വത്വം എന്നത് ആത്മാവും ശരീരവും ചേർന്നതാണ്. ഈ സ്വത്വം പൂർണമാകുന്നത് സ്നേഹത്തിലാണ്. ലോകസമൂഹത്തിൽ ഹൃദയം നഷ്ടപ്പെട്ടതുകൊണ്ടാണ് യുദ്ധങ്ങളും വഞ്ചനയും സ്വാർഥമോഹങ്ങളും പെരുകുന്നത്. തത്വചിന്ത വഴിമുട്ടുമ്പോൾ വിശ്വസിക്കുന്ന ഹൃദയം പ്രാർഥിക്കുന്നു. ബുദ്ധിയുടെ വെളിച്ചമല്ല ഹൃദയത്തിന്റെ തീയാണ് പ്രധാനമെന്ന് വിശുദ്ധ ബൊനവെന്തുര പറയുന്നു. അതിനാൽ നിത്യസത്യങ്ങൾ കേവലം അറിവല്ല. ഹൃദയത്തെ സ്പർശിക്കലാണ്. ഹൃദയം ഹൃദയത്തോട് സംസാരിക്കണം. കർദിനാൾ ന്യൂമാൻ വിശുദ്ധ കുർബാനയിൽ മിശിഹായുടെ ജീവനുള്ള ഹൃദയം കണ്ടെത്തി.
പലതവണ പരിശുദ്ധ ഫ്രാൻസിസ് പിതാവിനെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ എഴുതിയ ‘Windows to Heaven’ എന്ന പുസ്തകം പാപ്പായ്ക്ക് നൽകി. പുസ്തകം വാങ്ങിച്ച് സൂക്ഷ്മതയോടെ നോക്കിയിട്ട് പറഞ്ഞു. “ഓ.. സ്വർഗത്തിലേക്കുള്ള ജനാലകൾ ആണിത് അല്ലേ. ഇനിയിപ്പോൾ കാര്യങ്ങളെല്ലാം എളുപ്പമായി.”
മറ്റൊരു അവസരത്തിൽ കുടുംബങ്ങളെക്കുറിച്ചുള്ള റോമൻ സിനഡിൽ സംസാരിക്കാൻ കിട്ടിയ സമയത്ത് മുത്തശ്ശി-മുത്തച്ഛൻമാരെ സ്വന്തം വീടുകളിൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് പരിശുദ്ധ പിതാവ് അടുത്തുവന്ന് തോളിൽ തട്ടിപ്പറഞ്ഞു, “അത് ലോകത്തിനു മുഴുവനും മാതൃകയാകേണ്ട കാര്യമാണ്. ഈ പിതാക്കന്മാർ തിരിച്ച് അവരുടെ നാട്ടിലേക്ക് പോകുമ്പോൾ കൊണ്ടുപോകേണ്ട സന്ദേശം.”
ഫ്രാൻസിസ് പാപ്പാ നിർവചനങ്ങൾക്ക് അതീതമായി സമാനതകളില്ലാത്ത നേതൃത്വമികവിലൂടെ ഒരായുസ് മുഴുവൻ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിന് പകർന്നുതന്ന വിശ്വപൗരനാണ്. ദൈവം നമുക്ക് നൽകിയ ഇക്കാലത്തെ അമൂല്യനിധിയായിരുന്നു, വിലകൂടിയ രത്നമായിരുന്നു ഫ്രാൻസിസ് പാപ്പാ. ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന വെളിച്ചമായിരുന്നു അദ്ദേഹം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ ചിന്താമണ്ഡലത്തെ നിരന്തരം സ്വാധീനിച്ച പാപ്പാ ചരിത്രത്തിന്റെ ഭാഗമായി തീർന്നു.
(അവസാനിച്ചു)