ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ
Thursday, April 24, 2025 3:06 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
ദിവംഗതനായ ഫ്രാന്‍സിസ് മാർപാപ്പയുടെ ഭൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് പൊതുദർശനത്തിനായി മാറ്റി. കാസാ സാന്താ മാർത്തയിലെ ചാപ്പലിൽ നടന്ന പ്രാർഥനാശുശ്രൂഷകൾക്കുശേഷം പ്രാദേശിക സമയം ഇന്നലെ രാവിലെ ഒന്‍പതിന് കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ സ്വിസ് ഗാർഡുകളുടെ അകന്പടിയോടെ വിലാപയാത്രയായാണു മൃതദേഹപേടകം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ ബസിലിക്കയിലേക്കു കൊണ്ടുവന്നത്.
ഈ സമയം, ബസിലിക്കയിലെ മണികൾ മുഴങ്ങുകയും ലത്തീൻ ഭാഷയിൽ സകലവിശുദ്ധരുടെയും ലുത്തിനിയ ആലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശ്വാസികളെ അഭിവാദ്യം ചെയ്യാന്‍ പോപ്പ്മൊബീലിൽ എത്തിയിരുന്ന പാതയിലൂടെ മാർപാപ്പയുടെ നിശ്ചലമായ ശരീരം കൊണ്ടുവന്നപ്പോള്‍ തടിച്ചുകൂടിനിന്ന പലരുടേയും മുഖം വികാരഭരിതമായിരുന്നു.
വിശുദ്ധ പത്രോസ് ശ്ലീഹയുടെ കബറിടത്തിന്റെ മുകളിലുള്ള അൾത്താരയുടെ മുന്നിൽ മാർപാപ്പമാരുടെ ഭൗതികദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കുന്ന അതേ സ്ഥലത്തുതന്നെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ മഞ്ചവും ഇടം പിടിച്ചത്. ഭൗതികദേഹം ബസിലിക്കയിൽ എത്തിച്ചപ്പോൾ നടന്ന പ്രാർഥനകള്‍ക്ക് കമർലെങ്കോ കർദിനാൾ കെവിൻ ഫാരെൽ നേതൃത്വം നല്കി. പ്രാർഥനകൾക്കുശേഷം ഒരു മണിക്കൂർ സമയം പൊതുദർശനത്തിനായി ബസിലിക്ക തുറന്നുനൽകി.
ഉച്ചയ്ക്കു 12ന് കർദിനാൾ സംഘത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. ഇതിനുശേഷം പൊതുദർശനം പുനരാരംഭിച്ചു. ഭൗതികദേഹത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തുകയാണ്. രാത്രി പന്ത്രണ്ടുമണിക്ക് പള്ളി അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അർധരാത്രി കഴിഞ്ഞും വത്തിക്കാനിലേക്ക് വിശ്വാസികളുടെ നീണ്ട നിര കാണാമായിരുന്നു.
ഇന്നു രാവിലെ ഏഴു മുതൽ അർധരാത്രി വരെ വീണ്ടും പൊതുദർശനം ഉണ്ടായിരിക്കും. നാളെ രാവിലെ ഏഴിന് പുനരാരംഭിക്കുന്ന പൊതുദർശനം രാത്രി ഏഴിന് അവസാനിക്കും. തുടർന്ന് ഭൗതികദേഹമടങ്ങുന്ന പെട്ടി അടയ്ക്കുന്നതോടെ പൊതുദർശനം അവസാനിക്കും.
ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറമെ മേരി മേജർ ബസിലിക്കയിലും നിരന്തരം പ്രാർഥനകൾ നടക്കുന്നുണ്ട്. സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ എത്തുന്നതിനാൽ റോം നഗരവും വത്തിക്കാനും കനത്ത സുരക്ഷാവലയത്തിലാണ്.
വിശ്വാസികളുടെ സൗകര്യാർഥം കൂടുതൽ മെട്രോ സർവീസുകൾ നാളെയും ശനിയാഴ്ചയും ഉണ്ടാകുമെന്ന് റോം നഗരസഭാധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചിന് കർദിനാൾ സംഘത്തിന്റെ യോഗം (ജനറൽ കോൺഗ്രിഗേഷൻ) ചേർന്ന് കബറടക്ക ശുശ്രൂഷകൾ സംബന്ധിച്ച ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.
ഫ്രാൻസിസ് മാർപാപ്പതന്നെ ഒപ്പുവച്ച, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍മാരുടെ കബറടക്ക ശുശ്രൂഷകളുടെ ക്രമത്തിലായിരിക്കും തിരുക്കർമങ്ങളെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.