പാക് അധീന കാഷ്മീരിൽ സജീവ ഒളിത്താവളങ്ങൾ
Thursday, April 24, 2025 2:06 AM IST
പഹൽഗാമിൽ ബൈസരണിലെ പുൽമേട്ടിലുണ്ടായ ഭീകരാക്രമണം ജമ്മു കാഷ്മീരിലെ സമാധാനത്തിനും സ്വസ്ഥതയ്ക്കും കനത്ത പ്രഹരമായി. ആണവായുധം കൈവശമുള്ള രണ്ട് അയൽക്കാർക്കിടയിലുള്ള അതിർത്തി സംഘർഷങ്ങൾ കൂടുന്നതിനും ഇതു കാരണമായേക്കും. 26 വിനോദസഞ്ചാരികളെ വെടിവച്ചുകൊല്ലുകയും നിരവധി പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത മാരകമായ ആക്രമണം തീവ്രവാദ പ്രവർത്തനം പൂർണമായും തകർന്നിട്ടില്ലെന്നു വ്യക്തമാക്കുന്നു. നിരപരാധികളായ മനുഷ്യരെ ലക്ഷ്യംവച്ച് സുരക്ഷാവലയം ഭേദിക്കുന്നതിൽ ഭീകരർ വിജയിച്ചുവെന്നതും ആശങ്കപ്പെടുത്തുംവിധം വ്യക്തമായിരിക്കുകയാണ്.
തന്ത്രപരമായ പങ്കാളിത്തത്തിന് ഊർജം പകരുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് ഇന്ത്യയിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്കും നടത്തിയ സന്ദർശനത്തിനിടെയാണ് ഈ ആക്രമണം നടന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിർപഞ്ജൽ പർവതശ്രേണി ഭീകരപ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പ്രകൃതിദത്തമായ വളവും തിരിവുമുള്ള ഇടതൂർന്ന വനങ്ങളും പർവതനിരകളും തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങളാണ്. ഏറ്റവും പുതിയ ആശയവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറി ഒളിക്കുന്ന ഭീകരർക്ക് നിരോധിത ലഷ്കർ-ഇ- തൊയ്ബയുമായും അതിന്റെ അനുബന്ധ ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ടുമായും (ടിആർഎഫ്) ബന്ധമുണ്ട്. ഈ തീവ്രവാദികൾക്ക് അത്യാധുനിക ജിപിഎസ് ആശയവിനിമയ സംവിധാനമുണ്ട്. ഇത് നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയിലൂടെയും ഇടതൂർന്ന കാടുകളിലൂടെയും സഞ്ചരിക്കാൻ അവരെ പ്രാപ്തരാക്കുന്നു.
കഴിഞ്ഞ വർഷം 23 ദശലക്ഷം വിനോദസഞ്ചാരികളെത്തിയ താഴ്വരയിലെ വിനോദസഞ്ചാരത്തെ ഈ ആക്രമണം സാരമായി ബാധിക്കും. പഹൽഗാം ഏറ്റവും അറിയപ്പെടുന്നതും ഏറ്റവും പ്രിയപ്പെട്ടതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ആയിരക്കണക്കിന് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ഈ പ്രദേശം ആകർഷിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ കാഷ്മീരിൽ ഒരു ഉന്നതതല സുരക്ഷാ യോഗം വിളിച്ചുചേർത്ത് തീവ്രവാദ കാലാവസ്ഥയെ ചെറുക്കുന്നതിന് നയവും തന്ത്രവും തയാറാക്കാൻ സുരക്ഷാ ഏജൻസികളോട് ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദം അദൃശ്യവും അതിരുകളില്ലാത്തതുമായി മാറിയിട്ടുണ്ട്. മയക്കുമരുന്ന് കച്ചവടത്തിൽനിന്നുള്ള വരുമാനം തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനും നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിനും ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ആക്രമണസമയത്ത് നൂറുകണക്കിന് വിനോദസഞ്ചാരികൾ ഉണ്ടായിരുന്ന ബൈസരൺ പുൽമേട്ടിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്.
കേന്ദ്രഭരണ പ്രദേശമായ കാഷ്മീരിൽ നൂറോളം തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടെന്ന് സുരക്ഷാവിദഗ്ധർ അടുത്തിടെ അവകാശപ്പെട്ടിരുന്നു. പാക് അധീന കാഷ്മീരിൽ ഭീകരർക്കു നുഴഞ്ഞുകയറാനായി 42 ലോഞ്ച്പാഡുകൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ബുദ്ധികേന്ദ്രവും ഖാലിദ് എന്നറിയപ്പെടുന്ന സൈഫുള്ള കസൂരി ആണെന്ന് വിശ്വസിക്കപ്പെടുന്നു. നിരോധിത ലഷ്കർ-ഇ- തൊയ്ബയുടെ ഏറ്റവും മുതിർന്ന കമാൻഡറാണ് അയാൾ. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയാണ് ഇയാളുടെ പ്രവർത്തനകേന്ദ്രം. കാഷ്മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സർക്കാരിന്റെ നയംമാറ്റത്തിലും തീവ്രവാദ ഗ്രൂപ്പുകളോട് പ്രവർത്തനം കുറയ്ക്കാൻ നിർദേശിച്ചതിലും കസൂരി അതൃപ്തനായിരുന്നു.
അടുത്തിടെ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ ആസിഫ് മുനീർ, കാഷ്മീർ പാകിസ്ഥാന്റെ “കഴുത്തിലെ സിര’’യാണെന്നു പറഞ്ഞിരുന്നു. ഇതിനെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. പാക്കിസ്ഥാൻ തന്നെ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്കു നടുവിലാണ്. ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖാവിലും നടന്ന വന്പൻ ഭീകരാക്രമണങ്ങളിൽ നൂറുകണക്കിന് പാക് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് പ്രവർത്തകർ ജാഫർ എക്സ്പ്രസ് ട്രെയിൻ തട്ടിയെടുത്തത് പാക്കിസ്ഥാൻ സേനാ നേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗുരുതരമായ സുരക്ഷാ, രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്ന് പാക്കിസ്ഥാനിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്.
എന്നാൽ, പഹൽഗാം ആക്രമണത്തെ ഇന്ത്യൻ നേതൃത്വം ഗൗരവമായിത്തന്നെ കാണുന്നു. ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ചില ഘടകങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയേക്കാം.
(കാഷ്മീരിലെ മുതിര്ന്ന മാധ്യമപ്രവർത്തകനാണ് ലേഖകൻ)