ആത്മീയവളക്കൂറുള്ള തെക്കേ അമേരിക്കൻ മണ്ണ്
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
Thursday, April 24, 2025 1:40 AM IST
ഭൂമിയുടെ പരപ്പിനേക്കുറിച്ചും ജീവിതാനുഭവങ്ങളുടെ ആഴത്തേക്കുറിച്ചും പഠിക്കാൻ നമുക്ക് ഒറ്റ പാഠപുസ്തകം മതിയാകുമെന്ന് തോന്നുംവിധം ആയിരുന്നു ലോകത്തെ ബാധിച്ചതും ബാധിക്കുന്നതുമായ നൂറുകണക്കിന് പ്രശ്നങ്ങൾക്ക് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ 12 കൊല്ലങ്ങൾ വിശ്രമമില്ലാതെ പരിഹാരം നൽകിക്കൊണ്ടിരുന്നത്. ദൈവചിന്തയില്ലാത്ത ലോകത്ത് ദൈവത്തിന്റെ ശബ്ദം ഇങ്ങനെയൊക്കെയാണെന്ന് നിരീശ്വരവാദികൾപോലും ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിൽനിന്ന് കേട്ടിരിക്കണം.
തെക്കേ അമേരിക്കയുടെ ജീവിതകാഠിന്യം നൽകിയ മാധുര്യം ഇതായിരിക്കണമെന്ന് ആ ഭൂഖണ്ഡത്തിലെ ഒരു അംബാസഡർ കണക്കെ അദ്ദേഹം കാണിച്ചു തരുന്നു. തന്റെ ആത്മകഥ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിച്ചത് എന്തിനായിരിക്കാം എന്നു നാം ചോദിച്ചിട്ടുണ്ടെങ്കിൽ ജീവിതംതന്നെ സന്ദേശമാക്കിയവനാണ് താൻ എന്ന ഉത്തരമായിരിക്കും അദ്ദേഹം നൽകുന്നത്. തന്റെ അവസാനത്തെ ചാക്രിക ലേഖനത്തിൽപോലും ഹൃദയത്തിന്റെ സത്യവും സൗന്ദര്യവും മാധുര്യവും ചേർത്താണ് അദ്ദേഹം ലോകത്തിന് ആത്മീയഭക്ഷണം വിളമ്പിയത്.
ലോകം മുഴുവനും ഓരോ നിമിഷവും പിന്തുടരുന്ന ബാല്യകാലത്തോടുള്ള ആർദ്രത മനുഷ്യഹൃദയത്തെ പഠിപ്പിക്കാനും പഠിക്കാനുമുള്ള താളുകളായി പാപ്പാ ഉപയോഗിച്ചു. തന്നെ രൂപപ്പെടുത്തിയ തെക്കേ അമേരിക്കൻ മണ്ണ് ഇത്ര ആത്മീയ വളക്കൂറുള്ളതാണെന്ന് തിരിച്ചറിയാൻ ലോകത്തിന് ഇതുപോലെ ഒരു വ്യക്തിത്വം ധാരാളമായി. സ്വന്തം അനുഭവജ്ഞാനത്തിൽ നമ്മെ വളർത്താൻ 12 കൊല്ലം അധ്വാനിച്ച പരിശുദ്ധ പിതാവ് അറിവിനേക്കാൾ ആധികാരികമായി ഹൃദയത്തിന്റെ നിറവിൽ നിന്നാണ് നമ്മുടെ ഹൃദയങ്ങളെ നിറച്ചത്.
‘ദിലേക്സിത്ത് നോസ്’’ എന്ന ചാക്രിക ലേഖനത്തിൽ ഹൃദയത്തിന്റെ പ്രാധാന്യം അതിമനോഹരമായും ആത്മീയ തേജസോടെയും ആഴമുള്ള ചിന്തകളോടെയും വിവരിക്കുന്നത് ക്രൈസ്തവരെ മാത്രമല്ല ദൈവചിന്തയില്ലാത്തവരെപോലും ആർദ്രരാക്കും. ഈ ചാക്രികലേഖനം എല്ലാവരും വായിച്ചുപഠിക്കണം. അതുപോലെ ‘പ്രത്യാശിക്കുക’ എന്ന പേരിൽ ഇംഗ്ലീഷിലും ‘ജീവിതം’ എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിച്ച പാപ്പായുടെ ആത്മകഥയും വായിക്കാൻകഴിഞ്ഞാൽ ഫ്രാൻസിസ് പാപ്പാ എന്ന അത്ഭുതം നമുക്ക് ഒരു അനുഗ്രഹമായി അനുഭവപ്പെടും. വാർത്താമാധ്യമങ്ങളിലൂടെയും മറ്റും വരച്ചുകാണിക്കാൻ കഴിയുന്നതിലേറെ കാര്യങ്ങൾ അദ്ദേഹത്തിന്റെ ചാക്രികലേഖനങ്ങളിലും ആത്മകഥയിലും ഉണ്ട്.
പാപ്പായുടെ ഊന്നൽ
1936 ഡിസംബർ 17ന് അർജന്റീനയിലെ ബുവാനോസ് ആരീസിൽ ജനിച്ച പാപ്പാ ‘യൂറോപ്പിന് പുറത്തുനിന്നുള്ള പാപ്പാ’ എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ദൈവജനത്തിന്റെ മുഴുവൻ സ്വരം സഭയിൽ പ്രതിധ്വനിക്കുമാറ് സിനഡാലിറ്റിയിലൂടെ കൈവന്ന നവീനതകളും വ്യത്യസ്തതകളും ഉൾക്കൊള്ളാനുള്ള തുറന്ന മനസ് ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വ്യക്തമായി കാണാം.
സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ തരണം ചെയ്യാൻ പാപ്പാ നടത്തിയ പരിശ്രമങ്ങൾ മഹത്തരമാണ്. ‘ലൗദാത്തോ സി’ (2015) എന്ന ചാക്രിക ലേഖനത്തിലൂടെയും ‘ലൗദാത്തെ ദേവു’ (2023) എന്ന അപ്പസ്തോലിക ആഹ്വാനത്തിലൂടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയോടെ പാപ്പാ ലോകത്തിനു മുമ്പിൽ തുറന്നുവച്ചു. കാലാവസ്ഥാവ്യതിയാനം, മലിനീകരണം എന്നിവയെപ്പറ്റിയുള്ള ആശങ്കകളും ഒരു സ്വസ്ഥമായ ജീവിതശൈലി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കേണ്ടതിനെപ്പറ്റിയും പാപ്പാ വാദിക്കുന്നു.
ആധുനിക ലോകത്തിൽ സഭ കൂടുതൽ ഫലപ്രദമായി ശുശ്രൂഷ ചെയ്യേണ്ടതിന്റെ ആവശ്യകത സഭകളിൽ ഉണ്ടാകേണ്ടത് പാപ്പാ തിരിച്ചറിഞ്ഞിരുന്നു. ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ വരുത്തേണ്ട നവീകരണത്തിനു പാപ്പാ ഊന്നൽ നൽകി. ഈ ലോകത്തിൽ ദൈവത്തെക്കുറിച്ച് ഏറെ സംസാരിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് പാപ്പാ.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ സംവാദം പ്രോത്സാഹിപ്പിക്കാൻ പാപ്പാ നടത്തിയ പരിശ്രമങ്ങൾ മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കി മുന്നോട്ടു പോകാനുള്ള അവസരമായിരുന്നു. ഇത്തരത്തിലുള്ള തുറന്ന ചർച്ചകളും പഠനങ്ങളും ക്രിസ്തീയ ദൈവശാസ്ത്രത്തിന്റെ വളർച്ചയെ പരിപോഷിപ്പിച്ചു എന്നത് നിസ്തർക്കമായ കാര്യമാണ്.
സഭയിലെ വ്യത്യസ്ത വിഭാഗങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും അതിനെ തുടർന്നുണ്ടായ ക്രോഡീകരണങ്ങളും മിശിഹാദർശനത്തെ കൂടുതൽ തെളിമയുള്ളതാക്കി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നു. തന്നിലേക്കുതന്നെ സഭ ഉൾവലിയുമ്പോൾ രോഗിയായിത്തീരുന്നതിനിടയാകുന്നു. പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക ആഹ്വാനമായ ‘ഏവാഞ്ചലി ഗൗദിയും’ (2013) എന്നതിൽ പ്രത്യാശകളെ വളരെ ഗഹനമായി പാപ്പാ അവതരിപ്പിക്കുന്നു. മറ്റുള്ളവരെ സൗഖ്യമാക്കുന്ന ഔഷധമായി സഭ ലോകത്തിൽ എന്നും നിലനിൽക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
ചുരുക്കത്തിൽ പാപ്പായുടെ ജീവിത കാഴ്ചപ്പാടുകൾ ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രായോഗികമാണ്. അദ്ദേഹത്തിന്റെ എളിമയും സാമൂഹികനീതിയിലുള്ള ഉറച്ചവിശ്വാസവും ലോകത്തിന് മാതൃകയാണ്. ദരിദ്രരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിസ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠകളും പ്രവാസികളെക്കുറിച്ചുള്ള കരുതലും ശ്രദ്ധനേടിയതാണ്.
ആഡംബരജീവിതശൈലികൾ ഒഴിവാക്കി സാധാരണക്കാരെപ്പോലെ ജീവിക്കുന്നതിൽ പാപ്പാ കാണിച്ചുതന്ന മാതൃക പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷംചേരാനും ജാതി-മത-വർഗ ചിന്തകൾക്ക് അതീതമായി ഏവരെയും ഉൾക്കൊള്ളാനുമുള്ള ആഹ്വാനമായി. നേതൃത്വം ലോകത്തെ കൂടുതൽ കരുണയും നീതിയുമുള്ള സ്ഥലമായി മാറ്റുന്നു എന്ന് പ്രത്യാശിക്കാം.
പരേസ്യ- ഓർത്തോപ്രാക്സിസ്- ഫ്രാൻസിസ്
മൂന്ന് സുന്ദരപദങ്ങൾ ഫ്രാൻസിസ് പാപ്പായുടെ ജീവിതം, വ്യക്തിത്വം, വീക്ഷണം, സംഭാവനകൾ എന്നിവ പൂർണമായി വിശദീകരിക്കും എന്ന് കരുതുന്നതിൽ തെറ്റില്ല. പരേസ്യ (parrhesia), ഓർത്തോ പ്രാക്സിസ്, ഫ്രാൻസിസ്.
പരേസ്യ- എന്ന ഗ്രീക്ക് ക്രിയയുടെ അർഥം ധൈര്യം, തുറന്നു പറയുക എന്നെല്ലാമാണ്. സുവിശേഷത്തിൽ ഈശോ വ്യക്തമായി പറഞ്ഞു, പരസ്യമായി സംസാരിച്ചു എന്നിവയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് പരേസ്യ എന്ന പദമാണ്. ആദിമക്രൈസ്തവർ ധീരതയോടെ സുവിശേഷസന്ദേശം പ്രഘോഷിച്ചു എന്ന് പറയുന്നതിന് ഈ വാക്ക് ഉപയോഗിച്ചിരുന്നു.
ഓർത്തോ പ്രാക്സിസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം ശരിയായ പ്രവർത്തനം എന്നാണ്. വിശ്വാസപ്രമാണത്തിന്റെ കൃത്യത പാലിക്കണം എന്ന് എല്ലാവർക്കും അറിയാം. എന്നാൽ വിശ്വാസത്തിന്റെ ബാഹ്യ അടയാളങ്ങളായ പ്രവർത്തനങ്ങളും ശുദ്ധിയുള്ളവയാകണം എന്നത് അനേകർ മറക്കുന്നു. വിശ്വാസത്തോട് ഒരുവന്റെ കർമങ്ങളുംകൂടി ചേർന്നുപോകുമ്പോഴാണ് വിശുദ്ധി ജനിക്കുന്നത്.
2013 മാർച്ച് 13ന് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കർദിനാൾ ബർഗോളിയോ സ്വീകരിച്ച പേരാണ് ഫ്രാൻസിസ്. അസീസിയിലെ ഫ്രാൻസിസ് മഹാനായ വിശുദ്ധനായിരുന്നു. വലിയ പ്രകൃതിസ്നേഹി, മനുഷ്യസ്നേഹി, മഹാദയാലു, ദരിദ്രനെ സ്നേഹിച്ചവൻ, അധികാരത്തെ ശുശ്രൂഷയായി മനസിലാക്കിയ വിനീതൻ. ‘രണ്ടാമത്തെ ക്രിസ്തു’ എന്നുപോലും വിളിക്കപ്പെടാൻമാത്രം ഈശോയെ അടുത്ത് അനുഗമിച്ചവൻ. ഈ ഫ്രാൻസിസ് ആണ് പാപ്പായുടെ സ്വർഗീയ മധ്യസ്ഥൻ.
ഓർത്തോ പ്രാക്സിസ്: സുവിശേഷത്തിലെ വിപ്ലവകരമായ സന്ദേശത്തെ അതേ വിപ്ലവശൈലിയിൽ അവതരിപ്പിക്കാൻ പാപ്പാ ശ്രദ്ധിച്ചു. എന്നാൽ സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലോ പരമ്പരാഗത നിയമശൈലികളിലോ ഒരു മാറ്റവും വരുത്താതിരിക്കാൻ പരിശുദ്ധ പിതാവ് ജാഗ്രത പുലർത്തി. അനുഭാവികളെയും ആരാധകരെയും സമൃദ്ധമായി നേടുന്ന അത്ഭുത വ്യക്തിയായി മാറാൻ വിലകുറഞ്ഞ ഒരു തന്ത്രവും ഉപയോഗിച്ചിട്ടില്ല. ജനങ്ങളോടൊപ്പം ജനങ്ങൾക്ക് മുമ്പിലും മധ്യത്തിലും പിറകിലുമായി സദാ ജാഗ്രതയുള്ള ഇടയനായിരുന്നു ഫ്രാൻസിസ് പിതാവ്. കാർക്കശ്യം ആവശ്യമുള്ള മേഖലകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും പാപ്പാ തയാറായിരുന്നില്ല. ചൂഷകരോട് പക്ഷം ചേരാതെ അതിജീവിതരോട് ചേർന്നുനിൽക്കാൻ ഏറെ ശ്രദ്ധിച്ചു.
ഫ്രാൻസിസ്: ഫ്രാൻസിസ് എന്നത് പാപ്പായുടെ ഒരു പേര് മാത്രമായിരുന്നില്ല. പാപ്പാ ജീവിക്കാൻ ആഗ്രഹിച്ച ജീവിതശൈലിയായിരുന്നു, പ്രഘോഷിക്കാൻ ആഗ്രഹിച്ച സുവിശേഷമായിരുന്നു, പാലിക്കാൻ ആഗ്രഹിച്ച മതബോധനമായിരുന്നു, സ്വർഗത്തിലേക്കുള്ള കവാടമായിരുന്നു.വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയതയുടെ അടിസ്ഥാന ഘടകങ്ങളായ ദാരിദ്ര്യാരൂപി, ജീവിതലാളിത്യം, വിനയം, സകല ജീവജാലങ്ങളോടുമുള്ള സ്നേഹം, സമാധാനം, അനുരഞ്ജനം, സന്തോഷം, കൃതജ്ഞത നിറഞ്ഞ മനസ് എന്നിവ പരിശുദ്ധ ഫ്രാൻസിസ് പിതാവിന്റെയും ആത്മീയതയുടെ മുഖമുദ്രകളായിരുന്നു. ഫ്രാൻസിസ് പിതാവ് ജീവിച്ചുകാണിച്ചുതന്ന ഫ്രാൻസിസ്കൻ ആത്മീയതയിൽ പ്രാർഥനയും ധ്യാനവും ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടുമുള്ള സ്നേഹവും ലോകം ശ്രദ്ധിച്ച ആത്മീയ മൂല്യങ്ങളായിരുന്നു.
ഫ്രാൻസിസ് പിതാവ് എഴുതിയ ചാക്രിക ലേഖനങ്ങൾ- ‘സ്നേഹത്തിന്റെ ആനന്ദം’, ‘അങ്ങേയ്ക്ക് സ്തുതി’, ‘നാം സഹോദരർ’, ‘അവൻ നമ്മെ സ്നേഹിച്ചു’ എന്നിവ ‘ഫ്രാൻസിസ്കൻ ടച്ചിൽ’ മെനയപ്പെട്ടതായിരുന്നു, അതുപോലെതന്നെ മറ്റു പ്രബോധനങ്ങളും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാപ്പായുടെ തന്നെ വാക്കുകൾ- “ഹൃദയത്തിൽ ദരിദ്രരായിരിക്കുക അതാണ് വിശുദ്ധി. ശാന്തതയോടും വിനയത്തോടുംകൂടി പ്രതികരിക്കുക അതാണ് വിശുദ്ധി. മറ്റുള്ളവരോടൊത്ത് വിലപിക്കുന്നത് എങ്ങനെയാണെന്ന് അറിയുക അതാണ് വിശുദ്ധി. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക അതാണ് വിശുദ്ധി. സ്നേഹത്തെ കളങ്കപ്പെടുത്തുന്നതിൽനിന്നെല്ലാം ഹൃദയത്തെ കാത്തുസൂക്ഷിക്കുക അതാണ് വിശുദ്ധി”. ‘ഞാൻ അത്യധികം ആഗ്രഹിച്ചു’ എന്ന തിരുവെഴുത്തിലൂടെ ദൈവാരാധനയുടെ വിശാലമായ പ്രബോധനം നൽകി. ലിറ്റർജിയെക്കുറിച്ച് ഇത്ര സമഗ്രമായ പഠനം വേറെ അധികമില്ല. കാർക്കശ്യം ആവശ്യമുള്ള സ്ഥലത്ത് ഒരു വിട്ടുവീഴ്ചക്കും പാപ്പാ തയാറായിരുന്നില്ല. ലിറ്റർജിയെ സംബന്ധിച്ച് ഒരു വെള്ളം ചേർക്കലിനും അദ്ദേഹം തയാറല്ലായിരുന്നു. സീറോമലബാർ സഭ അവളുടെ ആരാധനക്രമവും പൈതൃകവും അഭംഗുരം സൂക്ഷിക്കണമെന്ന് പരിശുദ്ധ പിതാവ് അത്യധികം ആഗ്രഹിച്ചു. പുരോഗതിയും വളർച്ചയും അച്ചടക്കവും ഉണ്ടെങ്കിൽ മാത്രം കൈവരിക്കാനാവുന്ന നേട്ടങ്ങളാണെന്ന് ദൃഢമായി വിശ്വസിച്ചു.
അസാധാരണ ജൂബിലി പ്രഖ്യാപിച്ചുകൊണ്ട് പാപ്പായെഴുതി. “ഈ ജൂബിലിയിൽ ക്രൈസ്തവർ ശാരീരികവും ആത്മീയവുമായ കാരുണ്യപ്രവൃത്തികൾക്കുമേൽ വിചിന്തനം നടത്തണം എന്നത് എന്റെ ആഗ്രഹമാണ്. സമൂഹത്തിലെ അങ്ങേയറ്റത്തെ അതിർത്തികളിൽ ജീവിക്കുന്നവരിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കുക. അവരിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കുകയും ലോകത്തിന്റെ യാതനകളും അന്തസ് നിഷേധിക്കപ്പെട്ട സഹോദരീസഹോദരങ്ങളുടെ മുറിവുകൾ കാണുകയും സഹായത്തിനുള്ള അവരുടെ നിലവിളി കേൾക്കാൻ നാം നിർബന്ധിതരാണെന്ന് തിരിച്ചറിയുകയും ചെയ്യുക’’.
പരിശുദ്ധ പിതാവ് നടത്തിയ യാത്രകൾക്കെല്ലാം സത്കർമത്തിന്റെ വ്യക്തമായ ഛായ ഉണ്ടായിരുന്നു. 2019ൽ അറബ് എമിറേറ്റ്സിലേക്ക് നടത്തിയ യാത്ര മതാന്തര സംവാദത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു. അഭയാർഥികളോടും പ്രവാസികളോടും പാപ്പാ പുലർത്തിയ ആത്മബന്ധം മനുഷ്യസമൂഹത്തിന്റെ മുഴുവൻ സ്നേഹപിതാവായ ദൈവത്തിന്റെ വികാരിയാണ് എന്ന അവബോധം ഉള്ളതുകൊണ്ടാണ്.
ആർക്കും അടയ്ക്കാൻ പറ്റാത്ത വാതിൽ തുറന്ന പാപ്പാ
പരേസ്യ: ധീരവും ശക്തവുമായ നിലപാടുകൾ എടുക്കുന്നതിനും തുറന്നുപറയുന്നതിനും ഒട്ടും മടിയില്ലാത്ത വ്യക്തിയായിരുന്നു പാപ്പാ. മെക്സിക്കൻ അതിർത്തിയിൽ അമേരിക്ക മതിൽ കെട്ടിയപ്പോൾ മതിൽകെട്ടി വേർതിരിക്കുന്നവർ ക്രിസ്ത്യാനികൾ അല്ലെന്നും പാലങ്ങൾ പണിത് പരസ്പരം ബന്ധിപ്പിക്കുകയാണ് നമ്മുടെ ധർമമെന്നും പാപ്പാ തുറന്നുപറഞ്ഞു.
സഭയിൽ ആർക്കും ഒരിക്കലും അടയ്ക്കാനാവാത്ത ചില വാതിലുകൾ തുറന്ന ശേഷമാണ് മാർപാപ്പ വിടപറയുന്നത്. മുഖം നോക്കാതെ നിരന്തരം സമാധാനത്തിന് അനുകൂലമായി, യുദ്ധങ്ങൾക്കെതിരേ നിലപാടുകൾ സ്വീകരിച്ച പാപ്പാ നിർഭയനായിരുന്നു. അനിയന്ത്രിത മുതലാളിത്ത വ്യവസ്ഥിതിയെ നിരന്തരം പാപ്പാ വിമർശിച്ചിരുന്നു. പരിശുദ്ധ ഫ്രാൻസിസ് പിതാവിന്റെ മറയില്ലാത്ത സംസാരശൈലി അദ്ദേഹത്തിന്റെ പ്രേഷിത തീക്ഷ്ണതയുടെ തെളിവായിരുന്നു. സഭയിൽ വൈദിക മേധാവിത്വം ( ക്ലറിക്കലിസം) ആധിപത്യം സ്ഥാപിക്കാൻ പാടില്ല എന്ന് നിർബന്ധം ഉണ്ടായിരുന്നു.
പൗരോഹിത്യ ജീവിതശൈലിയിൽ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം നിരന്തരം ഉദ്ബോധിപ്പിച്ചു. വൈദികർ സൗമ്യരും ക്ഷമയുള്ളവരും ദയയുള്ളവരുമായി ലാളിത്യത്തിന്റെ ആൾരൂപങ്ങളായി വർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പൂമ്പാറ്റകളുടെ വർണാഭമായ ജീവിതമല്ല സമർപ്പിത ശുശ്രൂഷയിലുള്ളവർ സ്വീകരിക്കേണ്ടത് എന്ന് പഠിപ്പിച്ചു. ഇരുട്ടിനെ സ്നേഹിക്കുന്ന വവ്വാലുകൾ ആകരുത് നാം എന്നും പ്രകാശത്തെ സ്നേഹിക്കുന്ന വെളിച്ചത്തിന്റെ ജനമാകണമെന്നും പാപ്പാ പഠിപ്പിച്ചു.
തുടരും...