മാർപാപ്പമാർ കാലം ചെയ്യുമ്പോൾ
റവ. ഡോ. ജോർജ് തെക്കേക്കര
Thursday, April 24, 2025 1:35 AM IST
റോമായുടെ മെത്രാനായ മാർപാപ്പ കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ആരാണ്? മാർപാപ്പമാർ കാലം ചെയ്യുമ്പോൾ സഭയുടെ പരമോന്നത ഭരണസംവിധാനം എപ്രകാരമായിരിക്കും? ആരാണ് സഭാ ഭരണം കൈയാളുന്നത്? വത്തിക്കാൻ കൂരിയയിലെ വിവിധ കാര്യാലയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? എങ്ങനെയാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നത്?
1. റോമായുടെ മെത്രാൻ സാർവത്രിക സഭയുടെ തലവൻ
സാർവത്രിക സഭയുടെ തലവനും ആഗോള ലത്തീൻ സഭയുടെ പരമാധ്യക്ഷനുമായ മാർപാപ്പ റോമിന്റെ മെത്രാൻ (Bishop of Rome) എന്നാണ് അറിയപ്പെടുന്നത്. അപ്പസ്തോലിക സംഘത്തിന്റെ തലവനായിരുന്ന പത്രോസിന്റെ പിൻഗാമിയാണ് റോമിലെ മാർപാപ്പ. അപ്പസ്തോലിക സംഘത്തിന്റെ പിന്തുടർച്ചാവകാശികളായ മെത്രാൻസംഘത്തിന്റെ തലവനാണ് അദ്ദേഹം.
കത്തോലിക്ക സഭയിലെ പരമോന്നത അധികാരം കൈയാളുന്നത് റോമിലെ മാർപാപ്പയും അദ്ദേഹത്തോടൊപ്പം മെത്രാൻസംഘവുമാണ്. മാർപാപ്പയെ കൂടാതെ മെത്രാൻ സംഘത്തിനു മാത്രമായി ഈ പരമോന്നത അധികാരം ഉപയോഗിക്കുവാൻ അവകാശമില്ല. പ്രധാനമായും സാർവത്രിക സൂനഹദോസുകളിൽ (Ecumenical Councils) ആണ് മെത്രാൻസംഘം ഈ അധികാരം ഉപയോഗിക്കുന്നത്. മാർപാപ്പയുടെ ഈ അധികാരം ക്രിസ്തുവിൽനിന്ന് ലഭിച്ചതാണ് എന്ന് കത്തോലിക്കാ സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് റോമാ രൂപതയുടെ മെത്രാൻ കത്തോലിക്കാസഭയുടെ തലവനായി കരുതപ്പെടുന്നത്? ക്രിസ്തുശിഷ്യരിൽ പ്രധാനിയായിരുന്ന പത്രോസിന്റെയും സഭയിലെ തീക്ഷ്ണമതിയായ അപ്പസ്തോലനായിരുന്ന പൗലോസിന്റെയും രക്തസാക്ഷിത്വവും അവരുടെ കബറിടവും റോമായിലെ സഭയ്ക്കു മറ്റു സഭകളുടെ ഇടയിൽ പ്രത്യേക പ്രാധാന്യം ലഭിക്കുന്നതിനിടയാക്കി. പത്രോസിന്റെ പിൻഗാമി എന്ന നിലയിലാണ് റോമിലെ മെത്രാന്മാർ ആദ്യ നൂറ്റാണ്ടു മുതൽ പരിഗണിക്കപ്പെട്ടത്. കാലാകാലങ്ങളിൽ മെട്രോപോളിറ്റന് ഭരണസംവിധാനവും പാത്രിയാർക്കൽ സംവിധാനവും സഭയിൽ വളർന്നുവന്നപ്പോഴും റോമായിലെ സഭയോടുള്ള ഈ പരിഗണന തുടർന്നു വന്നു. പടിഞ്ഞാറിന്റെ പാത്രിയാർക്ക (Patriarch of the West) എന്ന് റോമായുടെ മെത്രാൻ മറ്റു സഭകളുടെ ഇടയിൽ അറിയപ്പെടാൻ തുടങ്ങി. (മാർപാപ്പമാർക്ക് ഉണ്ടായിരുന്ന ഈ പേര് ഇന്ന് ഉപയോഗിക്കപ്പെടുന്നില്ല). റോമാ സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് രൂപംകൊണ്ട അന്ത്യോഖ്യ, അലക്സാൻഡ്രിയ, ജറൂസലെം എന്നീ പാത്രിയാർക്കൽ സഭകളും റോമാസാമ്രാജ്യത്തിന് പുറത്ത് രൂപംകൊണ്ട പേർഷ്യൻ സഭയും റോമാസഭയുടെ പ്രാമുഖ്യവും റോമായുടെ മെത്രാന്റെ പ്രഥമസ്ഥാനവും അംഗീകരിച്ചിരുന്നു.
സഭാചരിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കുമ്പോൾ മാർപാപ്പയുടെ അധികാരത്തിന്റെ അനുക്രമമായ വികാസം ദർശിക്കുവാൻ സാധിക്കും. അത് ഇന്ന് കാണുന്ന രീതിയിൽ പൂർണമായും രൂപപ്പെട്ടത് രണ്ടാം സഹസ്രാബ്ദത്തിലാണ്. വിവിധ കാലഘട്ടങ്ങളിൽ സഭയിൽ വിഭജനങ്ങൾ ഉണ്ടാവുകയും വിവിധ സഭകൾ രൂപപ്പെടുകയും ചെയ്തെങ്കിലും റോമായിലെ സഭയ്ക്കു നൽകിവന്നിരുന്ന പ്രാധാന്യവും പരിഗണനയും ഇന്നും തുടരുന്നുണ്ട്. എന്നാൽ കത്തോലിക്കാ സഭയിൽ മാത്രമാണ് മാർപാപ്പയ്ക്കു പരമാധികാരം ഉള്ളത്. മറ്റു സഭകളുടെ മേൽ മാർപാപ്പയ്ക്കു പ്രത്യേക അധികാരങ്ങൾ ഒന്നുമില്ല.
2. റോമൻ കൂരിയ
സാർവത്രികസഭയുടെ ഭരണനിർവഹണത്തിന് മാർപാപ്പയെ സഹായിക്കുന്ന ഔദ്യോഗിക സംവിധാനമാണ് റോമൻ കൂരിയ. സ്റ്റേറ്റ് സെക്രട്ടേറിയറ്റ്, വിവിധ കാര്യാലയങ്ങൾ (dicasteries), ട്രൈബ്യൂണലുകൾ, മറ്റ് ഓഫീസുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഇവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക നിയമങ്ങൾ സഭയിൽ ഉണ്ട്. 2022 മാർച്ച് 19ന് നവീകരിച്ച നിയമങ്ങൾ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിക്കുകയുണ്ടായി. ‘സുവിശേഷം പ്രസംഗിക്കുക’ (Praedicate Evangelium) എന്നാണ് അതിന് പേര് നൽകിയത്.
സഭയുടെ പ്രഥമദൗത്യമായ സുവിശേഷവത്കരണത്തിൽ ഈ കാര്യാലയങ്ങൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഈ പേര്. സഭാസംവിധാനങ്ങളുടെ ഔദ്യോഗികതകൾക്കപ്പുറത്ത് അജപാലനപരമായ ഒരു ശൈലി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ഈ നിയമം പ്രസിദ്ധീകരിച്ചത്. വത്തിക്കാൻ കാര്യാലയങ്ങളുടെ ഘടനയിൽ ചരിത്രപരമായ ചില മാറ്റങ്ങൾ അദ്ദേഹം വരുത്തുകയും ചെയ്തു.
മാർപാപ്പ ദിവംഗതനാകുമ്പോൾ വത്തിക്കാൻ കാര്യാലയം ആണ് സഭാഭരണം നിർവഹിക്കുന്നത് എന്ന് ചിലർ തെറ്റിദ്ധരിച്ചേക്കാം. എന്നാൽ മാർപാപ്പമാർ കാലം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വികാരിമാരായ വിവിധ കാര്യാലയങ്ങളുടെ തലവന്മാർ സ്ഥാനം ഒഴിയുകയാണ് ചെയ്യുന്നത്.എന്നാൽ ചില പദവികൾ മാത്രം മാറ്റമില്ലാതെ തുടരും. അവയിൽ ഒന്നാണ് അപ്പസ്തോലിക ചേംബർലൈൻ. മാർപാപ്പയുടെ ഉപവി പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന കാര്യാലയത്തിന്റെ അധ്യക്ഷനും ആ പദവിയിൽ തുടരും. സെക്രട്ടറിമാരുടെ മേൽനോട്ടത്തിൽ മറ്റു കാര്യാലയങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾ തുടരുമെങ്കിലും പുതിയ മാർപാപ്പ സ്ഥാനമേൽക്കുന്നതുവരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒന്നും എടുക്കാൻ അധികാരം ഇല്ല. എന്നാൽ മേജർ പെനിടെൻഷ്യറിയും അപ്പസ്തോലിക ട്രൈബ്യൂണലുകൾ ആയ അപ്പസ്തോലിക് സിഞ്ഞത്തൂരെയും റോമൻ റോത്തയും നിയമാനുസൃതമായ പ്രവർത്തനങ്ങൾ തുടരുന്നതാണ്.
3.അപ്പസ്തോലിക ചേംബർലൈൻ (കമർലെങ്കോ)
മാർപാപ്പയുടെ മരണവാർത്ത ലോകത്തെ അറിയിച്ച കർദിനാൾ കമർലെങ്കോ (camerlengo) ആണ് എന്ന് വാർത്തകളിൽ നാം വായിച്ചു. ആരാണ് കമർലെങ്കോ? ‘മുറി’, ‘ചേംബർ’ എന്നൊക്കെ അർഥം വരുന്ന ‘കാമറ’ (camera) എന്ന ലത്തീൻ വാക്കിൽനിന്നും രൂപംകൊണ്ട കമെറാറിയുസ് (camerarius) എന്ന വാക്കിൽനിന്നുമാണ് ‘കമർലെങ്കോ’ എന്ന ഇറ്റാലിയൻ വാക്കിന്റെ ഉത്ഭവം. ‘ചേംബർലൈൻ’ അഥവാ ‘മുറിയുടെയും ഭണ്ഡാരത്തിന്റെയും സൂക്ഷിപ്പുകാരൻ’ എന്നൊക്കെയാണ് ഇതിന്റെ വാച്യാർഥം.
അപ്പോസ്തോലിക സിംഹാസനം ശൂന്യമാകുന്ന അവസരത്തിൽ അപ്പസ്തോലിക സിംഹാസനത്തിന്റെ ഭരണം, അവകാശങ്ങളുടെ സംരക്ഷണം എന്നിവ ക്രമീകരിക്കുന്നതും ഉറപ്പുവരുത്തുന്നതും അപ്പസ്തോലിക ഭവനത്തിന്റെയും വസ്തുവകകളുടെയും മേൽനോട്ടവും നടത്തിപ്പും കൈകാര്യം ചെയ്യുന്നതും കമർലെങ്കോയാണ്. അതുകൂടാതെ, മാർപാപ്പ കാലംചെയ്യുന്ന അവസരത്തിലും പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളിലും ചില പ്രത്യേക ഉത്തരവാദിത്വങ്ങൾ കമർലെങ്കോയിൽ നിക്ഷിപ്തമായിട്ടുണ്ട്. ഉദാഹരണത്തിന് മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്നതും അത് ആദ്യമായി റോമിന്റെ കർദിനാൾ വികാരിയെയും വത്തിക്കാൻ ബസിലിക്കയുടെ കർദിനാൾ ആർച്ച്പ്രീസ്റ്റിനെയും അറിയിക്കുന്നതും കമർലെങ്കോയാണ്. ഇക്കാര്യം റോമിലെ ജനങ്ങളെ അറിയിക്കേണ്ട ചുമതല റോമിന്റെ കർദിനാൾ വികാരിക്കാണ്.
കമർലെങ്കോയും റോമിലുള്ള കർദിനാൾമാർ മൂന്നുദിവസം കൂടുമ്പോൾ മാറിമാറി തെരഞ്ഞെടുക്കുന്ന മൂന്ന് കർദിനാൾമാരും ചേർന്ന കർദിനാൾമാരുടെ പ്രത്യേക സമ്മേളനം ആണ് സഭയുടെ സാധാരണ ഭരണം നടത്തുന്നത്. കർദിനാൾമാരുടെ പൊതുസമ്മേളനം തുടങ്ങുന്ന തീയതിയും ദിവംഗതനായ മാർപാപ്പയുടെ അന്തിമോപചാര ചടങ്ങുകളുടെ തീയതിയും ഓരോ വിഭാഗത്തിലെയും (ബിഷപ്, പ്രീസ്റ്റ്, ഡീക്കൻ) കർദിനാൾമാരുടെ തലവന്മാരുമായി കൂടിയാലോചിച്ച ശേഷം കമർലെങ്കോയാണ് നിശ്ചയിക്കുന്നത്. ദിവംഗതനായ മാർപാപ്പയുടെ മുദ്രമോതിരവും ഔദ്യോഗികരേഖകളിൽ മുദ്രവയ്ക്കുന്ന സീലും നശിപ്പിക്കുന്നതും മാർപാപ്പയുടെ മുറി പൂട്ടി മുദ്രവയ്ക്കുന്നതും പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും കോൺക്ലേവിൽ പങ്കെടുക്കേണ്ട കർദിനാൾമാർക്ക് താമസസൗകര്യം ഒരുക്കുന്നതും കമർലെങ്കോയുടെ നേതൃത്വത്തിലാണ്.
4.മാർപാപ്പമാരുടെ മരണാനന്തര ശുശ്രൂഷ ക്രമങ്ങൾ
മാർപാപ്പമാർ കാലം ചെയ്യുമ്പോൾ ഒന്പതു ദിവസം നീണ്ടുനിൽക്കുന്ന തിരുക്കർമങ്ങൾ കർദിനാൾമാർ ഒരുമിച്ച് ചേർന്ന് നടത്തേണ്ടതുണ്ട്. തത്സംബന്ധമായ പേപ്പൽ രേഖകൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാണ് ഇവ നടത്തേണ്ടത്. കാലാകാലങ്ങളിൽ മാർപാപ്പമാർ ഈ കർമക്രമങ്ങളിൽ മാറ്റം വരുത്താറുണ്ട്.
ഫ്രാൻസിസ് മാർപാപ്പ 2024 ഏപ്രിൽ 29ന് അംഗീകാരം നൽകി നവംബർ നാലിന് പ്രസിദ്ധീകരിച്ച പരിഷ്കരിച്ച കർമക്രമമാണ് ഇപ്പോൾ നിലവിലുള്ളത്. കർമക്രമങ്ങളെ കൂടുതൽ ലളിതമാക്കുക എന്ന ഉദേശ്യം ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉണ്ടായിരുന്നു. വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവൻ എന്നതിനേക്കാൾ ഇടയനും ക്രിസ്തു ശിഷ്യനുമായി റോമാ മെത്രാനെ ഉയർത്തിക്കാണിക്കുക എന്ന ഉദ്ദേശ്യമായിരുന്നു മാർപാപ്പയ്ക്ക് ഉണ്ടായിരുന്നത്. അതിന് ഉതകുന്ന രീതിയിൽ ഭാഷയിലും കർമക്രമങ്ങളിലും മാറ്റം വരുത്തിയാണ് പുതിയ ക്രമം പ്രസിദ്ധീകരിച്ചത്. എന്നാൽ മൂന്ന് ഘട്ടങ്ങളായി കർമങ്ങൾ നടത്തുന്ന കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല. മാർപാപ്പ താമസിച്ചിരുന്ന ഭവനത്തിന്റെ കപ്പേളയിൽ ആണ് ഒന്നാം ഘട്ടത്തിലെ കർമങ്ങൾ നടത്തുന്നത് (മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾ നടത്തുന്നതും ഈ ചാപ്പലിൽവച്ചാണ്). അവിടെവച്ച് മാർപാപ്പയുടെ ഭൗതികശരീരം സിങ്ക് അഥവാ തകരം കൊണ്ട് ഉൾഭാഗം ആവരണം ചെയ്ത ഒരു മരപ്പെട്ടിയിൽ ആക്കുന്നു. രണ്ടാംഘട്ടം വത്തിക്കാൻ ബസിലിക്കയിൽ വിശുദ്ധ കുർബാനയോടുകൂടിയാണ് നടത്തുന്നത്. അതിനുമുമ്പായി മാർപാപ്പയെ അടക്കം ചെയ്യുന്ന പെട്ടി സീൽ ചെയ്യും.
മൂന്നാം ഘട്ടം മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിക്കുന്ന സ്ഥലത്താണ് നടത്തുന്നത്. മാർപാപ്പയുടെ മൃതസംസ്കാര ദിനത്തിൽ നടത്തുന്ന വിശുദ്ധ കുർബാന മുതൽ ഒന്പതു ദിവസത്തേക്ക് നടത്തേണ്ട വിശുദ്ധ കുർബാനയും മറ്റു പ്രാർഥനകളും സംബന്ധിച്ച കാര്യങ്ങളും നവീകരിച്ച കർമക്രമത്തിൽ ചേർത്തിട്ടുണ്ട്. മൃതസംസ്കാരം സംബന്ധിച്ച് പ്രത്യേക ആഗ്രഹങ്ങൾ മാർപാപ്പമാർ വിൽപത്രത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അവകൂടി പരിഗണിച്ചാണ് ക്രമീകരണങ്ങൾ നടത്തുന്നത്. തന്റെ ഭൗതികശരീരം താൻ എപ്പോഴും പ്രാർഥിക്കുവാനായി പോയിരുന്ന പരി. കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ സംസ്കരിക്കണമെന്നുള്ള ആഗ്രഹം 2022 ജൂൺ 29ന് എഴുതിയ വിൽപത്രത്തിൽ അദ്ദേഹം കുറിച്ചുവച്ചിരുന്നു. രോഗാവസ്ഥയിൽ ആയിരിക്കുമ്പോഴോ മരണശേഷമോ മാർപാപ്പയുടെ ഫോട്ടോയെടുക്കാനും അദ്ദേഹത്തിന്റെ വാക്കുകൾ പിന്നീട് പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ റിക്കാർഡ് ചെയ്യാനും ആർക്കും അനുവാദമില്ല.