കുടിയേറ്റത്തിന്റെ പ്രതിസന്ധികളറിഞ്ഞ ജീവിതം
സെബിൻ ജോസഫ്
Thursday, April 24, 2025 1:12 AM IST
“മരണം എല്ലാറ്റിന്റെയും അവസാനമല്ല; പക്ഷേ ആരംഭമാണ്’’- ഫ്രാന്‍സിസ് മാര്‍പാപ്പ. മിലാനിലെ ആര്‍ച്ച്ബിഷപ് എമെരിറ്റസ് കര്‍ദിനാള്‍ ആഞ്ചലോ സ്കോളയുടെ ‘ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു; വാര്‍ധക്യത്തെക്കുറിച്ചുള്ള ചിന്തകള്‍’എന്ന പുസ്തകത്തിലെ ആമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്രകാരം കുറിച്ചു. പുസ്തകം ഇന്നു മുതല്‍ പുസ്തകശാലകളില്‍ ലഭ്യമാകും.
നാലു വര്‍ഷം നീണ്ടുനിന്ന ഒന്നാം ലോകയുദ്ധത്തിന്റെ പ്രഹരവുമായാണ് ഇറ്റലിയിലെ മിലാനില്‍നിന്ന് അര്‍ജന്റീനയിലെ ബുവാനോസ് ആരീസിലേക്ക് ബെര്‍ഗോളിയോ കുടുംബം കപ്പല്‍ കയറിയത്. ഇറ്റലിയിൽനിന്ന് പ്രിൻസിപ്പെ മഫാൽദ എന്ന കപ്പലിലാണ് ഇവർ ബുവാനോസ് ആരീസിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കടങ്ങൾ വീട്ടി ബെർഗോളിയോ കുടുംബം തുറമുഖത്തെത്തുന്പോഴേക്കും കപ്പൽ തീരം വിട്ടിരുന്നു. മേലങ്കിക്കുപ്പായത്തിലെ പണം മുഴുവൻ ചെലവഴിച്ചാണ് അവർ കടങ്ങൾ വീട്ടിയത്. കപ്പൽ നഷ്ടപ്പെട്ടതിനാൽ ജൂലിയൊ ചേസരെ എന്ന കപ്പലിലാണ് അർജന്റീനയിലേക്ക് പുറപ്പെട്ടത്. ഇതിനിടെ, ബെർഗോളിയോ കുടുംബം കയറേണ്ടിയിരുന്ന പ്രിൻസിപ്പെ മഫാൽദ കടലിൽ മുങ്ങി.
ഒന്നാം ലോകയുദ്ധം തകർത്ത യൂറോപ്പിനേക്കാൾ നൂറുമടങ്ങ് സാന്പത്തിക ഭദ്രതയും തൊഴിലവസരങ്ങളും ലാറ്റിനമേരിക്കയിൽ ഉണ്ടായിരുന്നു. 1929ൽ മുസോളനിയുടെ ഫാസിസ്റ്റ് ഭരണത്തിൽനിന്ന് രക്ഷപ്പെടാൻ അർജന്റീന, ബ്രസീൽ, പെറു രാജ്യങ്ങളിലേക്ക് കുടിയേറ്റം വർധിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് ഹൊര്‍ഗെ മരിയോ ബെര്‍ഗോളിയോ അര്‍ജന്റീനയിലേക്ക് പുറപ്പെട്ടത്. ഇറ്റലിയില്‍നിന്ന് 1918ല്‍ അര്‍ജന്റീനയിലേക്ക് കുടിയേറിയ റെജീനിയ സിവോറിയെ ബെര്‍ഗോളിയോ വിവാഹം കഴിച്ചു. ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂത്തവനായിരുന്നു ബെര്‍ഗോളിയോ.
ഫാസിസ്റ്റ് ഭരണത്തില്‍നിന്ന് രക്ഷപ്പെടുക എന്ന ഉദേശ്യത്തോടെ മാത്രമാണ് ഇറ്റലി വിട്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിച്ചിരിക്കുന്ന സഹോദരി മരിയ എലീന ബെര്‍ഗോളിയോ വെളിപ്പെടുത്തിയിട്ടുണ്ട്. ഓസ്കാര്‍, മാര്‍ത്ത, അല്‍ബര്‍ട്ടോ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. കെമിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ ബെര്‍ഗോളിയോ പിന്നീട് ഹിക്കത്തര്-ബെക്ക്മാന്സ് ലബോറട്ടറിയില്‍ നിരവധി വര്‍ഷം ജോലി ചെയ്തു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു ശ്വാസകോശത്തിന്റെ പകുതി ഭാഗം മുറിച്ചുമാറ്റി.
ലബോറട്ടറി കെമിസ്റ്റിൽനിന്ന് ഈശോസഭാ വൈദികനായും പിന്നീട് അർജന്റൈൻ ജെസ്യൂട്ട് സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ, ബുവാനോസ് ആരീസ് ബിഷപ്, ആർച്ച്ബിഷപ്, കർദിനാൾ എന്നീ പദവികളിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തെത്തുടർന്ന് 2013 മാർച്ച് 19ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ദിനം ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ഉയർത്തപ്പെട്ടു.
ബുവാനോസ് ആരീസ് ആർച്ച്ബിഷപ്പായിരുന്നപ്പോൾ ഭരണകൂട ഭീകരതയോട് നേരിട്ടു കലഹിച്ചിരുന്ന ബിഷപ്, സ്വവർഗാനുരാഗ നിലപാടിനെതിരേ പ്രതിഷേധം വരെ സംഘടിപ്പിച്ചു. എന്നാൽ, ഭിന്നശേഷിക്കാർക്കും പരിസ്ഥിതിക്കും ഭിന്നലിംഗക്കാർക്കുംവേണ്ടി അദ്ദേഹം എപ്പോഴും നിലകൊണ്ടു. തന്റെ മുൻഗാമികൾ ഉപയോഗിച്ചിരുന്ന സുഖസൗകര്യങ്ങൾ വേണ്ടെന്നുവച്ച കർദിനാൾ ബെർഗോളിയോ ഫ്രാൻസിസ് മാർപാപ്പയായ ശേഷവും പതിവു തെറ്റിച്ചില്ല.
വിദേശരാജ്യ സന്ദർശനങ്ങൾക്ക് അടക്കം പേപ്പൽ വിമാനത്തിൽനിന്ന് സ്വന്തം ബാഗുമായി പുറത്തിറങ്ങുന്നത് കൗതുകമായിരുന്നു. വീഴ്ചയെത്തുടർന്ന് വീൽചെയറിൽ ആകുന്നതുവരെ പതിവ് തുടർന്നു.
ഇറ്റലിയിൽനിന്ന് അർജന്റീനയിലേക്കു കുടിയേറ കുടുംബത്തിൽ പിറന്നതിനാൽ, കുടിയേറ്റക്കാരോട് പോപ്പിന്റെ മനോഭാവം അനുകന്പനിറഞ്ഞതായിരുന്നു. മാർപാപ്പയായി സ്ഥാനമേറ്റശേഷം ഇറ്റലിയിലെ സിസിലിയൻ ദ്വീപിലെത്തിയ കുടിയേറ്റക്കാരെയാണ് ആദ്യം സന്ദർശിച്ചത്.
അഭയാർഥി ക്യാന്പ് സന്ദർശിച്ചും നിരാലംബരെ വത്തിക്കാനിലേക്ക് വിരുന്നിനു ക്ഷണിച്ചും ചരിത്രം സൃഷ്ടിച്ചു. എല്ലാ മതങ്ങളെയും ഒരേപോലെ കാണാമെന്നും ക്രൈസ്തവസഭകൾ ഒന്നിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചിരുന്നു. അർമേനിയൻ, റഷ്യൻ, സിറിയൻ പാത്രിയാർക്കീസുമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രകൃതിക്കും മാനവികതയ്ക്കും വേണ്ടി നിലകൊണ്ട അപൂർവ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പ.