വാതിലുകൾ തുറന്ന മാർപാപ്പ
ടി. ദേവപ്രസാദ്
Wednesday, April 23, 2025 2:56 AM IST
ഈശോ സഭാംഗമായ കർദിനാൾ ജോർജ് ബർഗോളിയോ മാർപാപ്പയായതും ഇത്രയും കാലം തിരുസഭയെ നയിച്ചതും തികച്ചും അസാധാരണമായ ദൈവിക പരിപാലനയായിരുന്നു എന്നതിന് പ്രകടമായ സാക്ഷ്യങ്ങൾ നിരവധിയാണ്.
സഭയിലെ പദവികൾ സ്വീകരിക്കില്ല എന്ന വ്രതം എടുക്കുന്നവരാണ് ഈശോസഭാംഗങ്ങൾ. അതുകൊണ്ട് അവരിൽ ഒരാൾ മെത്രാൻപോലും ആകരുതാത്തതാണ്. അതുകൊണ്ടുകൂടിയാണ് വിശുദ്ധ ഇഗ്നേഷ്യസ് ലയോള 1540ൽ സ്ഥാപിച്ചതും കത്തോലിക്കാ സഭയിലെ ഏറ്റവും പ്രമുഖ സന്യാസ സമൂഹവുമായ ഈശോസഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് മാറിയത്.
2013 ഫെബ്രുവരി 28ന് ബനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്യാതിരുന്നെങ്കിൽ, ഈശോ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. കോൾവൻ ബാഹ് മെത്രാൻ സ്ഥാനം സ്വികരിക്കാൻ ബർഗോളിയോ അച്ചനെ നിർബന്ധിച്ചിരുന്നില്ലെങ്കിൽ ഫ്രാൻസിസ് പാപ്പാ ഉണ്ടാകുമായിരുന്നില്ല. കോംഗോയിലെ ഈശോസഭക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാതന്നെ വെളിപ്പെടുത്തിയതാണ് ഈ രഹസ്യം.
ഈശോസഭാംഗം എന്ന നിലയിൽ സഭയിൽ അധികാരപദവികളൊന്നും മോഹിക്കില്ലെന്ന് ആത്മാർഥമായി വ്രമെടുത്തവാനാണ് താനെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. അതുകൊണ്ട് അർജന്റീനയിലെ സാൻ മിഗിവേലിലെ സഹായമെത്രാൻപദവി വാഗ്ദാനം ചെയ്തപ്പോൾ നിരസിച്ചു. തുടർന്ന് ഉത്തര അർജന്റീനയിലെ കൊറിയെന്തസ് മേഖലയിൽ ഒരു പ്രദേശത്ത് ബിഷപ്പാകാൻ ആവശ്യപ്പെട്ടു. ആ പദവി സ്വികരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതിനായി ഈശോസഭക്കാരുടെ അവശിഷ്ടങ്ങൾ ഉള്ള സ്ഥലമാണ് അതെന്നുവരെ ഇന്റർ നുണ്‍ഷ്യോ പറഞ്ഞു.
അവശിഷ്ടങ്ങളുടെ കാവൽക്കാരനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ബർഗോളിയോ അച്ചൻ അതും നിരസിച്ചു. മൂന്നാം തവണ നുണ്‍ഷ്യോ വന്നത് സുപ്പിരിയർ ജനറൽ ഫാ. കോൾവൻബാഹ് ഒപ്പിട്ട സമ്മതിപത്രവുമായിട്ടാണ്. പദവി സ്വീകരിക്കുന്നതിന് അദ്ദേഹം അംഗീകാരം നൽകുന്നതായിരുന്നു ആ രേഖ.
ബുവാനോസ് ആരീസിലെ സഹായമ്രെത്രൻ ആയിട്ടായിരുന്നു നിയമനം. അനുസരണത്തിന്റെ അരൂപിയിലാണ് താൻ അതു സ്വീകരിച്ചതെന്നു പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് മാതൃനഗരത്തിലെ കോ അഡ്ജുത്തോർ ബിഷപ്പായി എന്നെ നിയമിച്ചു.
""കഴിഞ്ഞ കോണ്‍ക്ലേവിൽ രൂപതയിലേക്ക് വളരെ പെട്ടെന്ന് മടങ്ങാനായി ഒരു ചെറിയ ബ്രീഫ് കേസുമായിട്ടാണ് ഞാൻ വന്നത്. എന്നാൽ എനിക്ക് നിൽക്കേണ്ടി വന്നു.’’-പാപ്പാ സ്ഥാനത്ത് ദൈവം എത്തിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. ഇങ്ങനെ അസാധാരണമായ ദൈവിക ഇടപെടലിന്റെ സാക്ഷ്യമായി വലിയ മുക്കുവനായ ഫ്രാൻസിസ്, സഭാ ചരിത്രത്തിലെ അസാധാരണമായ സാന്നിധ്യമായി. 2013 മാർച്ച് 13ന് നടന്ന കോണ്‍ക്ലേവിൽ അഞ്ചാം വട്ട വോട്ടെടുപ്പിലാണ് കർദിനാൾ ജോർജ് ബർഗോളിയോ പത്രോസിന്റെ 266-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ബനഡിക്ട് പാപ്പായുടെ പിൻഗാമിയായി ബർഗോളിയോ മാർപാപ്പയാകാൻ പോകുന്നു എന്ന സുചന കോണ്‍ക്ലേവിൽ വന്നതോടെ അത് സംഭവിക്കാതിരിക്കാൻ കർദിനാൾമാർക്കിടയിൽ ഒരു കഥ പടർന്ന കാര്യം ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തിയിരുന്നു. ബർഗോളിയോയുടെ ശ്വാസകോശത്തിന് ഗുരുതരരോഗമാണ് എന്നായിരുന്നു ആ വാർത്ത. കുട്ടിക്കാലത്തുണ്ടായ ശ്വാസകോശ രോഗത്തെക്കുറിച്ചായിരുന്നു കഥ. നാലഞ്ചു കർദിനാൾമാർ എങ്കിലും ഇതേക്കുറിച്ച് തന്നോടു വിശദീകരണം ചോദിച്ചതായി ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. ഒടുവിൽ ശ്വാസകോശ രോഗം ബാധിച്ച് അദ്ദേഹം ഏറെനാൾ ആശുപത്രിയിൽ കഴിഞ്ഞതും ചരിത്രം.
നിരീശ്വരവാദി സ്വർഗത്തിൽ പോകുമോ?
നിരീശ്വരവാദി സ്വർഗത്തിൽ പോവില്ല എന്ന് പറയാൻ ഞാനാര്. ഒറ്റുകാരനായ യുദാസ് നശിച്ചുപോയി എന്ന് വിധിക്കുന്നതെന്തിന് എന്നതടക്കം തനിക്കു മുന്നിൽ ഉയർത്തപ്പെട്ട എല്ലാ വിഷയങ്ങളോടും ഹൃദയപൂർവം പ്രതികരിച്ചതിലൂടെ ഫ്രാൻസിസ് പാപ്പാ വിവാദനായകനായി. കരുണയുടെ വക്താവായപ്പോഴും പ്രാന്തവത്കരിക്കപ്പെടുന്നവർക്കു വേണ്ടി വാദിച്ചപ്പോഴും കമ്യൂണിസ്റ്റുകാരനായും ചിത്രീകരിക്കപ്പെട്ടു.
ഒരു വിദേശയാത്ര കഴിഞ്ഞു മടങ്ങുന്പോൾ ഇത്തരം സംശയങ്ങൾ പത്രപ്രവർത്തകർ തന്നെ അദ്ദേഹത്തോട് ചോദിച്ചു. അങ്ങയുടെ പ്രബോധനങ്ങൾ കത്തോലിക്കാ വിശ്വാസത്തിനു നിരക്കാത്തവയാണോ? ഞാൻ വിശ്വസിക്കുന്നത് ഇതാണ് എന്ന് പറഞ്ഞ് അദ്ദേഹം വിശ്വാസപ്രമാണം ചൊല്ലിയാണ് ഉത്തരം കൊടുത്തത്. ഇത്തരം നിലപാടുകൾ എടുക്കുന്പോഴും അദ്ദേഹം ശിശുസഹജമായ വിശ്വാസം കാത്തുസൂക്ഷിച്ചു.
ഒരിക്കൽ അദ്ദേഹം പറഞ്ഞു, പരിശുദ്ധ അമ്മയുടെ രൂപമോ ചിത്രമോ കാണുന്പോൾ അമ്മ അവിടെ ഉണ്ടെന്ന് ഞാനങ്ങു വിശ്വസിക്കും. ഞാനവിടെ നിൽക്കും. പലപ്പോഴും ഒന്നും പ്രാർഥിക്കില്ല.
അമ്മ എന്നെ കാണട്ടെ. അമ്മക്ക് അറിയില്ലാത്ത എന്തു കാര്യമാണ് എനിക്കുള്ളത്? നീ എന്തിനാ വിഷമിക്കുന്നത് നിന്റെ അമ്മയായ ഞാൻ കൂടെ ഇല്ലേ എന്ന് കുറേ കഴിയുന്പോൾ അമ്മ എന്നോട് ചോദിക്കുന്നതായി എനിക്കു തോന്നും. ഞാൻ വിശ്വാസത്തോടെ യാത്ര തുടരും.
യൗസേപ്പ് പിതാവിനോടും ഉണ്ടായിരുന്നു ഈ ഭക്തി. പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ രാത്രി ഉറങ്ങാൻ കിടക്കുന്നതിനുമുന്പ് ഒരു കടലാസിൽ എഴുതി, മുറിയിലുള്ള "ഉറങ്ങുന്ന യൗസേപ്പ് പിതാവി’ന്റെ തിരുസ്വരൂപത്തിന് അടിയിൽ വയ്ക്കും. നേരം വെളുക്കുന്പോൾ അതിനുള്ള പരിഹാരം തനിക്കു തെളിഞ്ഞു കിട്ടുമെന്നും ഫ്രാൻസിസ് പാപ്പാ സാക്ഷ്യപ്പെടുത്തി.