സ്ഥാനീയ വസ്ത്രങ്ങളണിഞ്ഞ്...
Wednesday, April 23, 2025 2:25 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാനിൽ ഇന്നലെ തിരക്കിട്ട ചർച്ചകളുടെയും തീർഥാടക പ്രവാഹത്തിന്റെയും ദിനമായിരുന്നു. ഫ്രാൻസിസ് മാർപാപ്പ വിടപറഞ്ഞതിനുശേഷമുള്ള ആദ്യത്തെ ജനറൽ കോൺഗ്രിഗേഷൻ ഇന്നലെ രാവിലെ സിനഡൽ ഹാളിൽ ചേർന്നു.
റോമിൽ സേവനം ചെയ്യുന്ന അറുപത് കർദിനാൾമാരാണ് ഈ കൂട്ടായ്മയിലുണ്ടായിരുന്നത്. കമർലെങ്കോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ എല്ലാവർക്കുമായി ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വായിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ മാർപാപ്പയുടെ കബറടക്കം സംബന്ധിച്ച കാര്യങ്ങൾക്ക് തീരുമാനമായി.
വളരെ എളിയ രീതിയിൽ, അലങ്കാരങ്ങളില്ലാതെ ലത്തീൻ ഭാഷയിൽ തന്റെ പേര് മാത്രം എഴുതിച്ചേർത്തായിരിക്കണം കബറിടം ഒരുക്കേണ്ടത് എന്നാണ് പാപ്പാ മരണപത്രത്തിൽ ആവശ്യപ്പെട്ടത്. കബറിടം ഒരുക്കുന്നതിനുള്ള പണച്ചെലവുപോലും ഒരു അഭ്യുദയകാംക്ഷിയെക്കൊണ്ട് മാർപാപ്പ മേരി മേജർ ബസിലിക്കയിലെ അധികാരികളെ ഏൽപ്പിച്ചതായി മരണപത്രത്തിൽ കർദിനാൾ സംഘം വായിച്ചു കേട്ടു.
കർദിനാൾ സംഘത്തിന്റെ ആദ്യ ജനറൽ കോൺഗ്രിഗേഷനാണ് ഇന്നലെ നടന്നത്. മാർപാപ്പമാർ കാലം ചെയ്താൽ വത്തിക്കാനിലെ അനുദിന കാര്യങ്ങളുടെ നിർവഹണത്തിനും കബറടക്ക ശുശ്രുഷകൾക്കുംവേണ്ടി റോമിലുള്ള എല്ലാ കർദിനാൾമാരും ഒരുമിച്ചു കൂടുന്നതിനെയാണ് ജനറൽ കോൺഗ്രിഗേഷൻ എന്ന് പറയുന്നത്. എന്നാൽ കമെർലങ്കോയും അദ്ദേഹത്തിന്റെ സഹായികളായ മൂന്ന് കർദിനാൾമാരും മാത്രം ചേരുന്ന മീറ്റിംഗിനെ "പർട്ടിക്കുലർ കോൺഗ്രിഗേഷൻ’ എന്നാണ് പറയുന്നത്. അടുത്തുതന്നെ നടക്കാനിരിക്കുന്ന കോൺക്ലേവ് തുടങ്ങുന്നതുവരെ രണ്ടു കോൺഗ്രിഗേഷനുകളും ആവശ്യാനുസരണം വത്തിക്കാനിൽ ചേരും. അടുത്ത ജനറൽ കോൺഗ്രിഗേഷൻ നാളെ വൈകുന്നേരമാണ് നിശ്ചയിച്ചിരിക്കുന്നത്.
കർദിനാൾ സംഘത്തിന്റെ ജനറൽ കോൺഗ്രിഗേഷൻ കഴിഞ്ഞയുടനെ ഫ്രാൻസിസ് പാപ്പായുടെ മൃതശരീരം ഒരുക്കിയത്. വത്തിക്കാനിൽ സേവനം ചെയ്യുന്നവർക്കും ഫ്രാൻസിസ് പാപ്പായുടെ കുടുംബാംഗങ്ങൾക്കും റോമിൽ സേവനം ചെയ്യുന്ന സമർപ്പിതർക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി സാന്താ മാർത്തയിലെ സ്വകാര്യ ചാപ്പലിൽ എത്തിച്ചു.
സൈപ്രസ്, ലെഡ്, ഓക്ക് എന്നിങ്ങനെ മൂന്നു മഞ്ചങ്ങളിൽ മാർപാപ്പമാരുടെ ഭൗതികശരീരം ഒരുക്കുന്ന പതിവിനു വിപരീതമായി സാധാരണ തടിയിൽ തീർത്ത മഞ്ചത്തിലാണ് ഔദ്യോഗിക സ്ഥാനീയവസ്ത്രങ്ങളോടെ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഒരുക്കിയത്. നിരന്തര പ്രാർഥനകളുടെ നടുവിൽ, ഫ്രാൻസിസ് പാപ്പായെ ഏറ്റവും അടുത്തു ശുശ്രുഷിച്ചിരുന്നവരുടെ നെടുവീർപ്പുകൾ ഉയർന്നു.
ഇന്നു രാവിലെ ഒൻപതിന് സാന്ത മാർത്തയിൽനിന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം പൊതുജനത്തിന് അന്തിമോപചാരം അർപ്പിക്കുന്നതിനുവേണ്ടി കൊണ്ടുവരും. തുടർന്നുള്ള പ്രാർഥനകൾക്കുശേഷം രാവിലെ പതിനൊന്നു മുതൽ അർധരാത്രി വരെ പൊതുദർശനം ഉണ്ടായിരിക്കും. വ്യാഴം രാവിലെ ഏഴു മുതൽ അർധരാത്രി വരെയാണ് പൊതുദർശനത്തിനു സമയം ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ, വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ മാത്രമായിരിക്കും പൊതുദർശനം. തുടർന്ന് കബറടക്ക ശുശ്രൂഷകൾക്കായി സെന്റ് പീറ്റേഴ്സ് സ്ക്വയർ അടച്ചിടുമെന്നു വത്തിക്കാൻ അറിയിച്ചു.