കരുണയുടെ ആൾരൂപം; ലാളിത്യം മുഖമുദ്ര
Wednesday, April 23, 2025 1:18 AM IST
2013 മാർച്ച് 13, വത്തിക്കാൻസമയം വൈകിട്ട് 7.01. സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്നും വെള്ളപ്പുക ഉയർന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികളുടെ മുഖത്ത് അദ്ഭുതവും ആകാംക്ഷയും. അവരുടെ കണ്ഠങ്ങളിൽനിന്ന് ആഹ്ലാദാരവമുയർന്നു. "ഹബേമൂസ് പാപ്പാം'. അന്തരീക്ഷത്തിലാകെ പരിശുദ്ധിയുടെ പരിമളം പരന്നു. ദേവാലയമണികൾ അനസ്യൂതം മുഴങ്ങി. തങ്ങളുടെ പുതിയ പപ്പായെ കാണാൻ വിശ്വാസിസഹസ്രങ്ങൾ ബാൽക്കണിയിലേക്കു കണ്ണുംനട്ടിരുന്നു.
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞതോടെ കർദിനാൾസംഘത്തിന്റെ ഡീനായ ഫ്രഞ്ച് കർദിനാൾ ഷോണ് ലൂയി ടെറാൻ അവിടേക്കെത്തി. പുതിയ മാർപാപ്പയുടെ പ്രഖ്യാപനം നടത്തി; കർദിനാൾ ജോർജ് മരിയ ബർഗോളിയോ. "വിവാ ഇൽ പാപ്പാ' (പാപ്പാ, നീണാൾ വാഴട്ടെ) വിളികൾക്കിടെ മിനിറ്റുകൾക്കകം ജനാലയിൽ ഒരു സാധുമനുഷ്യൻ പ്രത്യക്ഷപ്പെട്ടു. പതിവിനു വിപരീതമായി വന്നപാടെ കൈനീട്ടി, ശിരസല്പം കുനിച്ച്, ദൈവം എന്നെ അനുഗ്രഹിക്കാൻ നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമേ, എന്ന് അഭ്യർഥിച്ചു. തുടർന്നായിരുന്നു റോമാ നഗരത്തിനും ലോകത്തിനുമായുള്ള ഔദ്യോഗിക ആശീർവാദം (ഊർബി എത് ഓർബി).
അർജന്റീനക്കാരനായ കർദിനാൾ ബർഗോളിയോ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമം സ്വീകരിക്കാൻ തീരുമാനിച്ചു; പോപ്പ് ഫ്രാൻസിസ്. 1282 വർഷങ്ങൾക്കുശേഷം യൂറോപ്പിനു പുറത്തുനിന്നുള്ള മാർപാപ്പ. സഭ സാർവത്രികമാണെന്ന് അടിവരയിട്ട ഒരു തെരഞ്ഞെടുപ്പ്. ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ; ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ പാപ്പാ.
സ്വർണക്കുരിശും മാലയും വേണ്ടെന്നുവച്ചു
അസീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ലാളിത്യം ജീവിതവ്രതമാക്കിയ നിഷ്കളങ്കനായ മനുഷ്യൻ. വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവച്ച് കർദിനാൾ എന്ന നിലയിൽ കോണ്ക്ലേവിനായി താമസിച്ച അതേ അപ്പാർട്ട്മെന്റ് താമസത്തിനായി തെരഞ്ഞെടുത്തതോടെ പോപ്പ് ഫ്രാൻസിസ് തന്റെ നയം വ്യക്തമാക്കുകയായി രുന്നു. കോണ്ക്ലേവിനുശേഷം മറ്റ് കർദിനാൾമാർക്കൊപ്പം ബസിൽ യാത്രചെയ്തതും സാന്തോം മരിയായിൽ താമസിക്കാൻ തീരുമാനിച്ചതുമെല്ലാം ഏവരിലും ഏറെ അന്പരപ്പുളവാക്കി. മാർപാപ്പമാർ പരന്പരാഗതമായി ധരിക്കുന്ന ചുവന്ന ഷൂസും സ്വർണക്കുരിശും മാലയും വേണ്ടെന്നുവച്ചു. താൻ ധരിച്ചിരുന്ന വെള്ളിക്കുരിശുമാലയും കറുത്ത ഷൂസും തുടർന്നും ധരിക്കാൻ തീരുമാനമെടുത്തു. മോതിരവും വെള്ളിയുടേതുമാത്രം.
മാർപാപ്പ സ്ഥാനം ആഡംബരപൂർണമാക്കുന്നതെല്ലാം അദ്ദേഹം ഉപേക്ഷിച്ചു; താൻ സ്വീകരിച്ച പേര് അന്വർഥമാക്കുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെപ്പോലെ. മാർപാപ്പമാർ സാധാരണയായി ഞായറാഴ്ചകളിൽ സ്ഥാനമേൽക്കാറുള്ളതിനുപകരം വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളായ മാർച്ച് 19 നു ചൊവ്വാഴ്ച സ്ഥാനമേറ്റു. ഇതോടെ ആഗോള കത്തോലിക്കാസഭയിൽ ഒരു പുതുയുഗപ്പിറവിക്കു നാന്ദി കുറിക്കുകയായിരുന്നു.
അനുകന്പയുടെ ആൾരൂപം
മേഘാവൃതമായ ആകാശത്തിലും പ്രത്യാശയുടെ വെള്ളിവെളിച്ചം കാണാൻ നമുക്കു കഴിയണമെന്നാണു സ്ഥാനാരോഹണ ദിവ്യബലിമധ്യേ പാപ്പാ പറഞ്ഞത്. വിശക്കുന്നവനും ദാഹിക്കുന്നവനും പരദേശിക്കും നഗ്നനും രോഗിക്കും കാരാഗൃഹവാസിക്കും എല്ലാം ഈ പ്രത്യാശയുടെ പ്രകാശം പകർന്നുനൽകാൻ ക്രൈസ്തവരായ നമുക്കു കടമയുണ്ട് എന്നായിരുന്നു അന്നദ്ദേഹം പറഞ്ഞുവച്ചത്.
സ്ഥാനാരോഹണശുശ്രൂഷകൾക്കു വരുംവഴി ശാരീരികന്യൂനതയുള്ള ചെസറേ ചിച്ചോണി എന്ന അന്പതുകാരനും കുഞ്ഞുങ്ങൾക്കും സ്നേഹചുംബനം നൽകിയാണ് അദ്ദേഹം എത്തിയതുതന്നെ. അധികാരം ശുശ്രൂഷയാണെന്നു പറയുക മാത്രമല്ല, ദിവസങ്ങൾക്കുള്ളിൽ ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്തു പാപ്പാ. സ്ഥാനമേറ്റ് ഒന്പതാംദിനം പെസഹാവ്യാഴാഴ്ച റോമിലെ കാസൽ ദെ മാർമോയിലെ 12 തടവുകാരുടെ കാലുകൾ കഴുകിയാണ് അദ്ദേഹം ക്രിസ്തുവിന്റെ പാത പിന്തുടർന്നത്. കർദിനാളായിരിക്കേ 2001ൽ 12 എയ്ഡ്സ് രോഗികളുടെ കാലുകൾ കഴുകി ചുംബിച്ച് പെസഹായിലെ പാദക്ഷാളനശുശ്രൂഷയ്ക്ക് ആധുനികലോകത്തിൽ പുത്തൻഭാഷ്യം ചമച്ചിരുന്നു ക്രിസ്തുവിന്റെ ഈ പ്രതിപുരുഷൻ.
തിരുമുറിവുകളെ ചുംബിച്ച്...
മാർപാപ്പയായശേഷം ആദ്യത്തെ സെന്റ് തോമസിന്റെ തിരുനാളിൽ വിശുദ്ധകുർബാനമധ്യേ അദ്ദേഹം പറഞ്ഞത് തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിന്റെ തിരുമുറിവുകളെ ചുംബിക്കണമെന്നാണ്. "ആ മുറിവുകളെ സ്പർശിക്കാൻ നമുക്കു കഴിയണം. അപാരമായ ദയാവായ്പോടെ, അനുകന്പയോടെ നമുക്കു മുറിവുകൾ വച്ചുകെട്ടാനാകണം. അക്ഷരാർഥത്തിൽ അവിടത്തെ മുറിവുകളെ നമുക്കു ചുംബിക്കാം; അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് കുഷ്ഠരോഗിയെ ഉമ്മവച്ചപോലെ. അപ്പോൾ, അവന്റെ ജീവിതമാകെ മാറിമറിയും.
ലോകം ഞെട്ടിയ ആലിംഗനം, ചുംബനം
മാസങ്ങൾ കഴിഞ്ഞു. നവംബർ ആറ് ബുധനാഴ്ച. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനറൽ ഓഡിയൻസിനായി പാപ്പാ ജനമധ്യത്തിലേക്ക് എത്തുകയാണ്. പെട്ടെന്നാണ് ആ ദൃശ്യം ഏവരെയും അദ്ഭുതസ്തബ്ധരാക്കിയത്.
അസാധാരണമായ ചർമരോഗംമൂലം (ന്യൂറോ ഫൈബ്രോമാറ്റോസിസ്) മുഖം തിരിച്ചറിയാനാവാത്തവിധം കുരുക്കളും മുഴകളുംകൊണ്ട് മൂടിയ വിരൂപനായ ഒരു മനുഷ്യനെ മാർപാപ്പ ആശ്ലേഷിക്കുകയും ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാഴ്ച. മിനിറ്റുകൾക്കുള്ളിലാണ് ഈ പ്രവൃത്തി ലോകം മുഴുവൻ വൈറൽ ആയത്.
ഇതേക്കുറിച്ച് വിനീഷ്യ റിവ എന്ന ആ ഇറ്റലിക്കാരൻ പിന്നീട് പറഞ്ഞതിപ്രകാരമാണ്: ""പരിശുദ്ധ പിതാവ് എന്നെ അദ്ദേഹത്തോട് അടുപ്പിച്ചു. തന്റെ മൃദുലവും സുന്ദരവുമായ കൈകൾ നീട്ടി ജന്മനാ വിരൂപനായ എന്നെ ആലിംഗനം ചെയ്തു. കവിളിൽ ഉമ്മവച്ചു. വലതുകൈ എന്റെ കൈയിലെടുത്തുവച്ച് ഇടതുകൈകൊണ്ട് എന്നെ ഒന്നുകൂടി ചേർത്തുപിടിച്ചു. അപ്പോൾ എന്റെ വിരൂപമായ മുഖം അദ്ദേഹത്തിന്റെ നെഞ്ചോടു ചേർന്നിരുന്നു. ഒന്നുകൂടി അദ്ദേഹം മുറുക്കി കെട്ടിപ്പിടിച്ചു. എന്തൊക്കെയോ സംസാരിക്കണമെന്ന് എനിക്കു തോന്നി. പക്ഷേ, ഒരക്ഷരംപോലും പുറത്തുവന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ ജീവിതത്തിലെ മുഴുവൻ ദുഃഖഭാരവും, എനിക്ക് ആരുമില്ല, എന്നെ ആർക്കും വേണ്ട എന്ന തോന്നലുമെല്ലാം അലിഞ്ഞുപോയി. വല്ലാത്തൊരു സ്നേഹാനുഭവം എന്റെ ഉള്ളിൽ വന്നുനിറഞ്ഞു.''
രണ്ടാംക്രിസ്തു എന്നറിയപ്പെട്ട വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പാതതന്നെ അദ്ദേഹത്തിന്റെ നാമധാരിയായ മാർപാപ്പ ഈ യുഗത്തിലും അനുവർത്തിക്കുന്നുവെന്നായിരുന്നു ലോകം ഈ പ്രവൃത്തിയെ വിലയിരുത്തിയത്.
കരുണയുടെ ജൂബിലി
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം വാർഷികവേളയിലാണ് 2015 ഡിസംബർ എട്ടുമുതൽ 2016 നവംബർ 20 വരെ കരുണയുടെ അസാധാരണ ജൂബിലിവർഷമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത്. ലോകമെന്പാടുമുള്ള ജനങ്ങളെ അനുരഞ്ജനത്തിന് ആഹ്വാനംചെയ്തുകൊണ്ട് സഭയുടെ ഓരോ ദേവാലയങ്ങളിലും വിശുദ്ധകവാടം തുറന്നു.
ഓരോ മാസവും ലോകത്തിനു മാതൃകയാകുന്ന ഒരു കാരുണ്യപ്രവൃത്തി അദ്ദേഹം ചെയ്തു. തടവുകാരെയും അവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം ദിവ്യബലിയിലേക്കു ക്ഷണിച്ചു. വേശ്യാവൃത്തി ഉപേക്ഷിച്ചവരെ സന്ദർശിച്ച് ആത്മീയവും ധാർമികവുമായ ധൈര്യവും പിന്തുണയും പകർന്നു.
ജൂബിലിയുടെ സമാപനദിവ്യബലിയിൽ മാർപാപ്പ പറഞ്ഞതിങ്ങനെ: ''കരുണയുടെ വിശുദ്ധകവാടം ഇന്ന് സഭ ഔദ്യോഗികമായി അടയ്ക്കുമെങ്കിലും കരുണയുടെ യഥാർഥകവാടം കുടികൊള്ളുന്നതു ക്രിസ്തുവിന്റെ ഹൃദയത്തിലാണ്. അതൊരിക്കലും അടയ്ക്കപ്പെടുകയില്ലെന്നുമാത്രമല്ല അനുരഞ്ജനപ്പെട്ട് ഓടിവരുന്ന ഏതൊരാൾക്കുമായി എപ്പോഴും തുറന്നുതന്നെ കിടക്കും’'.
എളിമയുടെയും ലാളിത്യത്തിന്റെയും കരുണയുടെയും അനുകന്പയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു, ആൾരൂപമായിരുന്നു ഫ്രാൻസിസ് മാർപാപ്പ.