പെയ്തൊഴിയാത്ത പാപ്പാസ്നേഹം
Wednesday, April 23, 2025 1:15 AM IST
വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു മലയാളിവൈദികനായ ഫാ. സിനോജ് നീലങ്കാവിൽ. ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചയാൾ. അർജന്റീനയിലെ ഒരു തെരുവിൽ തനിക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവം ഫാ. സിനോജ് നീലങ്കാവിൽ ഓർക്കുന്നു.
പതിവുപോലെ ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹവും ഏറ്റുവാങ്ങി വത്തിക്കാൻ ക്രിക്കറ്റ് ടീം ആ പുതുവർഷത്തിലെ പര്യടനത്തിനായി അർജന്റീനയിലെത്തി. ദൈവശാസ്ത്രപഠനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന അച്ചന്മാരും ബ്രദർമാരും എല്ലാം അടങ്ങുന്നതാണ് വത്തിക്കാൻ ക്രിക്കറ്റ് ടീം. മലയാളികളായ വൈദികരും ടീമിൽ ഉണ്ടാകാറുണ്ട്.
വെറുതെ ക്രിക്കറ്റ് കളിക്കുക എന്നതിനപ്പുറം പാവപ്പെട്ടവരുടെ ഇടയിലേക്കു വിശ്വാസീസമൂഹത്തിന്റെ പ്രവർത്തനങ്ങൾ എത്തിക്കുക എന്നതാണ് ഈ ക്രിക്കറ്റ് പര്യടനത്തിലൂടെ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടുതന്നെ വെള്ളിവെളിച്ചം പൊഴിക്കുന്ന സ്റ്റേഡിയങ്ങൾക്കപ്പുറത്തേക്കു വത്തിക്കാൻ ക്രിക്കറ്റ് ടീം സദാ പൊയ്ക്കൊണ്ടിരുന്നു. പലപ്പോഴും സമൂഹം അറപ്പോടും വെറുപ്പോടുംകൂടി മാത്രം നോക്കിക്കാണുന്ന ചേരികളിലേക്കും ജയിലുകളിലേക്കും മാർപാപ്പ അനുഗ്രഹിച്ചുനൽകിയ ജപമാലകളുംകൊണ്ട് വത്തിക്കാൻ ക്രിക്കറ്റ് ടീമിലെ അച്ചൻമാരും ബ്രദർമാരും എത്തി.
അങ്ങനെ അർജന്റീനയിലെ ഒരു ചേരിയിലേക്കാണ് അന്ന് ഫാ. സിനോജ് ഉൾപ്പെടെയുള്ള വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ എത്തിയത്. ഒരു ചേരിയുടെ എല്ലാ വൃത്തിയില്ലായ്മകളും നിറഞ്ഞ അവിടെ കള്ളന്മാരും കൊലപാതകികളും മയക്കുമരുന്നു വില്പനക്കാരുമെല്ലാം ഉണ്ടായിരുന്നു. ചെളിയും മലമൂത്ര വിസർജ്യങ്ങളും കുതിരച്ചാണകവും എല്ലാംകൂടിക്കുഴഞ്ഞുകിടക്കുന്ന ആ ചേരിയിലെ വഴികളിലൂടെ ഫാ. സിനോജ് നീലങ്കാവിൽ ചെന്നെത്തിയത് കണ്ടാൽ ഒരു പരുക്കനായ മനുഷ്യന്റെ അടുത്താണ്. തങ്ങളുടെ വരവിന്റെ ഉദ്ദേശ്യമെല്ലാം ഫാ. സിനോജ് അയാളോടു പറഞ്ഞു. വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ച കൊന്ത ഫാ. സിനോജ് തെരുവിൽ ഇരുന്നിരുന്ന ആ മനുഷ്യനു കൈമാറി. അതു സ്വീകരിച്ചശേഷം ഫാ. സിനോജിന്റെ മുഖത്തേക്കു നോക്കി അയാൾ ചോദിച്ചു - താങ്കൾക്ക് ബെർഗോളിയോയെ അറിയുമോ...
ആ ചോദ്യം കേട്ട നിമിഷം ഫാ. സിനോജ് ആശ്ചര്യപ്പെട്ടു. ആ അദ്ഭുതത്തിനുമേൽ വീണ്ടും അയാളുടെ ശബ്ദം ഉയർന്നു - വത്തിക്കാനിൽ എത്തുന്പോൾ ബെർഗോളിയോയെ ഞാൻ അന്വേഷിച്ചതായി പറയണം...
പിന്നീടയാൾ ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു തന്നയച്ച ജപമാല ഹൃദയത്തോടു ചേർത്തു.
അയാൾ അറിയുമോ എന്നും അന്വേഷണം അറിയിക്കണം എന്നും പറഞ്ഞ ബെർഗോളിയോ ആയിരുന്നു ആ ജപമാലകൾ ആശീർവദിച്ചുകൊടുത്തയച്ച ഫ്രാൻസിസ് മാർപാപ്പ. അതെ, ബുവേനോസ് ആരിസിലെ ആർച്ച്ബിഷപ്പായിരുന്ന ഹോർഹെ മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ.
പലരും ഇറങ്ങിനടക്കാൻപോലും മടിക്കുന്ന ആ തെരുവിലൂടെ മാർപാപ്പയാകുംമുൻപേ ബുവേനോസ് ആരിസിലെ ആർച്ച്ബിഷപ്പായിരുന്ന ബെർഗോളിയോ ദിവസവും നടന്നിരുന്നു. ആ ചേരിയിലെ സാധാരണക്കാരെക്കാളും കഷ്ടത അനുഭവിക്കുന്നവരുടെ ദുരിതങ്ങൾ അദ്ദേഹം കണ്ടറിഞ്ഞ് ചോദിച്ചറിഞ്ഞു പരിഹരിക്കാൻ ശ്രമിച്ചു. അവരിൽ ഒരാളായി അദ്ദേഹം മാറിയിരുന്നു. ആരൊക്കെ തള്ളിപ്പറഞ്ഞാലും, ഞാൻ കൂടെയുണ്ട് ദൈവം കൂടെയുണ്ട് എന്നുപറഞ്ഞ് അവർക്കു ധൈര്യം കൊടുത്തു. എല്ലാറ്റിനുമുപരി അവരെയെല്ലാം മനുഷ്യരായി കണ്ടു സ്നേഹിച്ചു.
മഴ പെയ്തുതോർന്നാലും മരം പെയ്യുമെന്നു പറയുംപോലെ ബെർഗോളിയോ പകർന്നുനൽകിയ സ്നേഹ വാത്സല്യ കാരുണ്യങ്ങളുടെ മഴത്തുള്ളികൾ ആ ചേരിയിലെ തെരുവിൽ കാലം ഒഴുകിപ്പോയിട്ടും പെയ്തുകൊണ്ടേയിരിക്കുന്നു..
വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഇത്തരത്തിൽ പല രാജ്യങ്ങളും സന്ദർശിക്കുന്പോൾ ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ഫാ. സിനോജ് അനുസ്മരിച്ചു.
ഒരു സാധാരണക്കാരൻ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തെ ഓർക്കുകയും തന്റെ അന്വേഷണം പറയണമെന്നു പറയുകയും ചെയ്യുന്പോൾ ആ വ്യക്തിയുടെ ഉള്ളിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ ബെർഗോളിയോക്കു സാധിച്ചു എന്ന് ഇന്നും ഫാ. സിനോജ് അദ്ഭുതപ്പെടുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹംതേടി വത്തിക്കാൻ ക്രിക്കറ്റ് ടീം ഏതു സമയത്തുചെന്നാലും അദ്ദേഹം കാണാൻ അനുമതി നൽകിയിരുന്നു. ഒരിക്കൽ കെനിയ പര്യടനത്തിനു പോകുന്ന വേളയിൽ ക്രിക്കറ്റ് ബാറ്റിൽ മാർപാപ്പയുടെ കൈയൊപ്പ് വാങ്ങാൻ നിൽക്കുന്പോൾ എന്തു സന്ദേശമാണ് ഞങ്ങൾ കെനിയയിൽ കൊടുക്കേണ്ടത് എന്നു ഫാ. സിനോജ് മാർപാപ്പയോടു ചോദിച്ചു.
അന്ന് പാപ്പാ ഫാ. സിനോജിനു കൊടുത്ത മറുപടി ഇതായിരുന്നു - അവിടെയുള്ള ചേരികളിലും അനാഥരായ കുട്ടികളുടെ ആശുപത്രികളിലും ദുരിതമനുഭവിക്കുന്നവർക്കിടയിലും ചെന്ന് അവരോട് നിങ്ങൾ ഒറ്റയ്ക്കല്ല എന്നുപറഞ്ഞ് ധൈര്യപ്പെടുത്തുക. എല്ലാറ്റിനും നമ്മൾ കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. ആ പാവങ്ങളോടു പ്രത്യേക കരുതൽ കാണിക്കുക...
ഫ്രാൻസിസ് മാർപാപ്പയെ ഓർക്കുന്പോൾ ഫാ. സിനോജിന്റെ മനസിൽ നിറയുന്നത് ഇതെല്ലാമാണ്. പേരറിയാത്ത എത്രയോ മനുഷ്യരുടെ ഹൃദയങ്ങളിലാണ് ഫ്രാൻസിസ് മാർപാപ്പ സ്നേഹംമാത്രമായ ഈശോയുടെ പ്രതിരൂപമായി നിറഞ്ഞുനിൽക്കുന്നത്.
തൃശൂർ അതിരൂപതാംഗമായ ഫാ. സിനോജ് നീലങ്കാവിൽ തിരൂർ സ്വദേശിയാണ്.