കാലഘട്ടത്തിന്റെ പ്രവാചകൻ
Tuesday, April 22, 2025 1:28 AM IST
ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിറ്റേന്ന് 2013 മാർച്ച് 14ന് കോൺക്ലേവിൽ സംബന്ധിച്ച കർദിനാൾമാർക്കായി ഫ്രാൻസിസ് പാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു. അദ്ദേഹം സംസാരിച്ചത് വെറും ഏഴു മിനിറ്റാണ്. ആ ഏഴു മിനിറ്റിനുള്ളിൽ അദ്ദേഹത്തിന്റെ ദർശനം അവതരിപ്പിച്ചു.
അദ്ദേഹം പറഞ്ഞു, ഒന്നാമതായി ജേർണി വിത്ത് ലോർഡ്, കർത്താവിനോടൊപ്പം സഞ്ചരിക്കാൻ പഠിക്കുക. രണ്ടാമതായി പറഞ്ഞത്, കൺസ്ട്രക്ട് ദ ചർച്ച് വിത്ത് ലോർഡ്, കർത്താവിനൊപ്പം നിന്നുകൊണ്ട് സഭയെ പടുത്തുയർത്തുക. മൂന്നാമത് അദ്ദേഹം പറഞ്ഞത്, വിറ്റനസ് ദ ലോർഡ് വിത്ത് ലോർഡ്, കർത്താവിനോടൊപ്പം നിന്നുകൊണ്ട് സാക്ഷ്യം നൽകുക എന്നുള്ളതായിരുന്നു. ഈ മൂന്നാശയവും അദ്ദേഹം ജീവിതത്തിൽ കൊണ്ടുനടന്ന ദർശനത്തിന്റെ പ്രതിഫലനമായിരുന്നു.
ആധ്യാത്മികം മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയോടെ ഈ ലോകത്ത് ഭൗതികമായ വളർച്ചയ്ക്കുവേണ്ടിയും പരിശ്രമിച്ച നേതാവാണ് അദ്ദേഹം.
ഞാൻ ഫ്രാൻസിസ് മാർപാപ്പയെ ആദ്യമായി കാണുന്നത് 2013 മാർച്ച് 19നായിരുന്നു. അന്നാണ് അദ്ദേഹം ഔദ്യോഗികമായി അധികാരം ഏറ്റെടുത്തത്. വിശുദ്ധ കുർബാനയ്ക്കു പാപ്പായെ കാണാൻ അവസരം കിട്ടിയത് രാഷ്ട്രീയ നേതാക്കന്മാർക്കും രാഷ്ട്രതന്ത്രജ്ഞർക്കുമൊക്കെയായിരുന്നു. പക്ഷേ, എന്തോ ദൈവപ്രേരണയാൽ ഞാനും അന്നു നാഗ്പുർ ബിഷപ്പായിരുന്ന ഡോ. ഏബ്രഹാം വിരുത്തിക്കുളങ്ങരയും ഈ രാഷ്ട്രത്തലവന്മാർ നിൽക്കുന്ന സ്ഥലത്തേക്കു ചെന്നു. എന്തോ ദൈവാനുഗ്രഹംകൊണ്ട് വാതിൽക്കൽ നിന്നവർ ഞങ്ങളെ തടഞ്ഞില്ല.
മണിക്കൂറുകളോളം നിന്നിട്ടാണ് മാർപാപ്പയുടെ അടുത്തെത്തിയത്. ഉടൻതന്നെ വിരുത്തിക്കുളങ്ങര പിതാവ് ഒരു ഷാൾ എടുത്ത് മാർപാപ്പയെ പുതപ്പിച്ചു. ഞാനും അതിൽ പങ്കുചേർന്നു. ഞങ്ങളോടു കുറച്ചുനേരം പിതാവ് സംസാരിച്ചു. ഇന്ത്യക്കാരാണെന്നു പറഞ്ഞപ്പോൾ മാർപാപ്പ പറഞ്ഞു, എനിക്ക് ഇന്ത്യക്കാരെ വലിയ ഇഷ്ടമാണ്, ഞാൻ പലരെയും അറിയും. അങ്ങനെ അദ്ദേഹത്തിന്റെ ആശീർവാദം വാങ്ങി.
“ഇന്ത്യയിലെ സ്ഥിതി ഇപ്പോൾ എങ്ങനെയാണ്, നിങ്ങളൊക്കെ ഹാപ്പിയാണോ” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാനും വിരുത്തിക്കുളങ്ങര പിതാവും ഒരുമിച്ചു പറഞ്ഞു, ഹാപ്പിയാണ്. അവിടവിടെയൊക്കെ എന്തെങ്കിലും ചില്ലറ പ്രശ്നങ്ങളുണ്ടാകാം. പക്ഷേ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ നല്ല രീതിയിലാണ് പോകുന്നത്, ഞങ്ങൾക്ക് അഭിമാനമുണ്ട്. നമ്മുടെ രാജ്യത്തെക്കുറിച്ചു നല്ലതു പറയാനും പിതാവിനു നല്ലൊരു ധാരണ കൊടുക്കാനും പറ്റിയ അവസരമായിരുന്നു അത്. ഇന്ത്യയിലെ മെത്രാന്മാരെയും മറ്റുള്ളവരെയും വളരെ നന്നായി കണ്ടിരുന്ന മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ. യുദ്ധത്തിനെതിരേ എപ്പോഴും നിലകൊണ്ട ശക്തി. അദ്ദേഹത്തിന്റെ കൺമുന്നിൽ യുദ്ധം എന്നത് ദുരിതമാണ്.
ഇക്കഴിഞ്ഞ നവംബർ ആറിന് 21 പേരെ കർദിനാളന്മാരായി പ്രഖ്യാപിച്ചു. അതിനുശേഷം മാർപാപ്പ അവർക്കുവേണ്ടി ചെറിയൊരു കത്ത് എഴുതിവച്ചു. ആ കത്തിൽ വിശുദ്ധ ജോൺ ഓഫ് ദ ക്രോസ്, കുരിശിന്റെ യോഹന്നാൻ പറഞ്ഞ മൂന്നു കൊച്ചു വാക്കുകൾ എടുത്തിരുന്നു. ഒന്ന്, മുകളിലോട്ടു നോക്കി ജീവിക്കുക. രണ്ട്, കൈകൾ കൂപ്പി നിൽക്കുക. മൂന്ന്, സാക്ഷികളായിത്തീരുക. അതായത് നമ്മൾ യാഥാർഥ്യം അംഗീകരിക്കുന്നവരായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. കാലത്തിന്റെ പ്രവാചകൻ ആയിരുന്നു അദ്ദേഹം.