ഫ്രാൻസിസ് പാപ്പാ: ലോകത്തെ ത്രസിപ്പിച്ച സ്നേഹവിപ്ലവം
Tuesday, April 22, 2025 12:42 AM IST
തെക്കേ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ജെസ്യൂട്ട് (ഈശോസഭ) സന്യാസ സഭയില്‍നിന്നുള്ള പ്രഥമ പാപ്പാ, വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിച്ച പോപ്പ് എന്നിങ്ങനെ വിശേഷങ്ങള്‍ പലതുണ്ട്. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും 140 കോടി കത്തോലിക്കരുടെ ആത്മീയ പിതാവും വത്തിക്കാന്‍ രാഷ്ട്രത്തലവനുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്റെ ആള്‍രൂപം എന്ന നിലയിലാണ് ലോകത്തിന്റെ ആദരം നേടിയത്.
പാപ്പായുടെ വേഷവിധാനത്തിലും അംശവടിയിലും തൊപ്പിയിലും വരെ ആ ലാളിത്യം അടയാളപ്പെടുത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സിസ് എന്ന പേര് ഈശോസഭാ സ്ഥാപകരുടെ നിരയിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ കടമെടുത്തതാണെന്ന് ലോകം കരുതി. എന്നാല്‍ താന്‍ സ്വീകരിച്ച പേര് ലോകത്തെ സമാനതകളില്ലാതെ വിസ്മയിപ്പിച്ച അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിച്ച ഫ്രാന്‍സിസ്. ബനഡിക്ട് പാപ്പയുടെ പിന്‍ഗാമിയായി കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച് ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക എന്നാണ് പാപ്പാ പറഞ്ഞത്.
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അത്താഴവേളയില്‍ കര്‍ദിനാള്‍ തിരുസംഘത്തോട് അദ്ദേഹം നര്‍മത്തോടെ പറഞ്ഞു: എന്നെ തെരഞ്ഞെടുത്തതിന് ദൈവം നിങ്ങളോടു ക്ഷമിക്കട്ടെ. നാം എല്ലാവരും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്, ഒന്നാമതു ഞാന്‍തന്നെ.
അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ കര്‍ദിനാളായിരുന്ന കാലത്ത് സ്വയം പാചകം ചെയ്യുകയും പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്ന ആര്‍ച്ച്ബിഷപ്. ഇടവക സന്ദര്‍ശനവേളയില്‍ ബസിലും ട്രെയിനിലും ഒരു പെട്ടിയുമായി യാത്ര ചെയ്തിരുന്ന ആര്‍ച്ച്ബിഷപ്. മാര്‍പാപ്പമാര്‍ ഔദ്യോഗികമായി ധരിക്കാറുണ്ടായിരുന്ന ചുവന്ന ഷൂ ധരിക്കാന്‍ പാപ്പാ പദവിയില്‍ അദ്ദേഹം വിസമ്മതിച്ചു.
സ്വര്‍ണത്തിനു പകരം വെള്ളിക്കുരിശും കറുത്ത ഷൂസുമാണ് പാപ്പാ ധരിച്ചിരുന്നത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് സാധാരണമായ ഒരു കാറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നഗരത്തിലെത്തി. കോണ്‍ക്ലേവിനു മുന്‍പ് റോമില്‍ താമസിച്ച ഹോട്ടലിലേക്ക് കൈയില്‍ ഒരു ബാഗുമായി പുതിയ പാപ്പാ നടന്നുകയറിപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വിസ്മയിച്ചു.
നൈര്‍മല്യമുള്ള ചിരിയോടെ അടുത്തെത്തി ഹോട്ടല്‍ റിസപ്ഷനിലിരുന്നവരെ ഹസ്തദാനം ചെയ്തു. ഹോട്ടല്‍ ബില്‍ അടയ്ക്കാതെയാണ് പോയതെന്നും മുറിവാടക തരാന്‍ വന്നതാണെന്നും പാപ്പാ പറഞ്ഞു. ഹോട്ടലില്‍ നിന്നിറങ്ങി ഒരു ചെരിപ്പുകടയില്‍ കയറി ഒരു കറുത്ത ഷൂ വാങ്ങി അതിന്റെ പണവും കൊടുത്തു.
വിശപ്പിന്റെ വിലയറിഞ്ഞു വളര്‍ന്നതിനാല്‍ ലോകത്തിന്റെ ദാരിദ്ര്യം അകറ്റുകയാണ് രാജ്യങ്ങളുടെ പ്രഥമ ദൗത്യമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. ബാല്യത്തില്‍ വീട്ടിലെ അത്താഴസമയത്ത് ബര്‍ഗോളിയോയും സഹോദരങ്ങളും കഴിച്ച പാത്രങ്ങള്‍ തനിയെ വൃത്തിയാക്കണെന്നും ഭക്ഷണം അല്‍പ്പംപോലും പാഴാക്കാതെ കഴിക്കണമെന്നും മാതാപിതാക്കള്‍ക്കു നിര്‍ബന്ധമായിരുന്നു.
വിപ്ലവകരമായ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് ഫ്രാന്‍സിസ് പാപ്പാ എക്കാലവും ഉയര്‍ത്തിക്കാട്ടിയത്. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ സഭാപരമായ അച്ചടക്കനടപടിയെടുത്തു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും മുന്‍കൈയെടുത്തു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കള്‍ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ വധശിക്ഷ ഒഴിവാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിലപാട്.
വധശിക്ഷ പ്രോത്സാഹിപ്പിക്കുന്നത് പ്രതികാരത്തിന്റെ ഭീകരമായ മനോഭാവത്തെയാണെന്നും അത് ജയിലില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ക്ക് പരിവര്‍ത്തിതരാകാനുള്ള അവസരം നിഷേധിക്കലാണെന്നുമായിരുന്നു നിലപാട്. ചെറുപ്പം മുതല്‍ കടുത്ത ഫുട്ബോള്‍ ആരാധകനായിരുന്ന ജോര്‍ജ് മാരിയോ ബര്‍ഗോളിയോ ഏതൊരു അര്ജന്റീനക്കാരനെയുംപോലെയും ബ്യൂനസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബ്ബില്‍ അംഗത്വവും സ്വന്തമാക്കിയിരുന്നു.
2001ല്‍ കര്‍ദിനാള്‍ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ റോമിലേക്കു വരാനിരുന്ന ആയിരക്കണക്കിന് അര്‍ജന്റീനക്കാരെ സ്നേഹപൂര്‍വം അദ്ദേഹം നിരുല്സാഹപ്പെടുത്തി. വിമാനടിക്കറ്റിനു ചെലവാക്കേണ്ടി വരുന്ന പണം പാവപ്പെട്ടവര്‍ക്കു നല്‍കാനായിരുന്നു നിയുക്ത കര്‍ദിനാളിന്റെ സ്നേഹോപദേശം. ബ്യൂനസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരിക്കെ ഔദ്യോഗിക വസതിയില്‍ താമസിക്കാതെ നഗരപ്രാന്തത്തില്‍ ചെറിയൊരു അപ്പാര്‍ട്മെന്റിലാണ് ബര്‍ഗോളിയോ താമസിച്ചിരുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രബോധകനും പ്രചാരകനുമായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ഭൂമിയുടെ താപനില പരിശോധിക്കുകയാണെങ്കില്‍, ഭൂമിക്ക് പനിയുണ്ടെന്നാകും അത് നമ്മോടു പറയുക. അതിന് അസുഖമാണെന്നും.
2024-ല്‍ തെക്കുകിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു. സമുദ്രനിരപ്പ് ഉയരല്‍, ഉഷ്ണതരംഗം അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ സന്ദര്ശനപ്പട്ടികയിലുണ്ടായിരുന്നത്.
മനുഷ്യര്‍ ഭൂമിയെ മാലിന്യവും അവശിഷ്ടങ്ങളും നിറഞ്ഞ തരിശുഭൂമിയാക്കി മാറ്റുകയാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാരല്ലാത്ത ദരിദ്രരും അഭയാര്ഥികളുമായിരിക്കും അതിന്റെ ഇരകളാക്കപ്പെടുന്നതെന്നും പ്രകൃതിയെ സംരക്ഷിക്കണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
2016ല്‍ പെസഹാവ്യാഴദിനത്തില്‍ റോമിന് വടക്ക് കാസ്റ്റല്ന്യൂവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ഥി ക്യാമ്പില്‍ എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടെ 12 അഭയാര്‍ഥികളുടെ കാല് കഴുകി അദ്ദേഹം ചുംബിച്ചു. അകത്തോലിക്കരും അക്കൂട്ടത്തിലുണ്ടായിരുന്നു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ പാപ്പാ പറഞ്ഞു.
ആഗോള കത്തോലിക്കാ സഭയുടെ തലവനായിരിക്കുക അത്ര എളുപ്പമുള്ള ജോലിയല്ലെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പക്ഷം. ചെയ്യുന്നതിനു മുമ്പ് അതു പഠിക്കാനുള്ള അവസരം ആര്‍ക്കുമില്ലെന്നും ഒരു അഭിമുഖത്തില്‍ പാപ്പാ പറഞ്ഞു. ക്രിസ്തുവിനെ തള്ളിപ്പറയുകയെന്ന വീഴ്ച പത്രോസിനുണ്ടായി. എന്നിട്ടും ഉത്ഥാനത്തിനുശേഷം പത്രോസിനെയാണ് ഈശോ തെരഞ്ഞെടുത്തത്. അതാണു കര്‍ത്താവ് നമ്മോടു കാണിക്കുന്ന കരുണ. പാപ്പായോടും ആ കരുണ അവിടുന്ന് കാണിക്കുന്നു. ഞാന്‍ പ്രയോജനശൂന്യനായ ഒരു ദാസന് എന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ മരണചിന്തകളില്‍ എഴുതിയത് - ഫ്രാന്‍സിസ് മാര്‍പാപ്പാ വിശദീകരിച്ചു.
വിയോഗശേഷവും ലാളിത്യത്തെ മുറുകെപ്പിടിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഗ്രഹിച്ചു. സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍കൊണ്ട് നിര്‍മിച്ച മൂന്നു പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ കബറടക്കുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് പാപ്പാ അടുത്തയിടെ നിര്‍ദേശിച്ചു. ദീര്‍ഘമായ പൊതുദര്‍ശനവും നീണ്ട അന്ത്യോപചാര ചടങ്ങകളും വേണ്ടെന്നും താല്‍പ്പര്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം റോമിലെ സെന്റ് മേരി മേജര്‍ പള്ളിയില്‍ കബറടിക്കായാല് മതിയെന്നും നിര്‍ദേശിച്ചു.