ജനങ്ങളുടെ പാപ്പാ
Monday, April 21, 2025 11:13 PM IST
മാർ റാഫേൽ തട്ടിൽ (സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്)
ജനങ്ങളുടെ മാർപാപ്പ, ജനങ്ങൾ ഇഷ്ടപ്പെടുന്ന മാർപാപ്പ- ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന മാർപാപ്പ. ഇതാണ് ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് എനിക്കു പറയാനുള്ള ആദ്യ കാര്യം. ഞാൻ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാർപാപ്പയെ ആദ്യമായി കണ്ടത് 2024 മേയ് 13നാണ്. എന്റെകൂടെ സഭയിലെ എല്ലാ ആർച്ച്ബിഷപ്പുമാരും ഉണ്ടായിരുന്നു. വളരെ ഹൃദ്യമായ സ്വീകരണമാണ് ഞങ്ങൾക്കു ലഭിച്ചത്. എന്നെ വളരെ അടുത്തിരുത്തി നമ്മുടെ സഭയെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും സംസാരിച്ചു. വളരെ സൗഹാർദപരമായിരുന്നു ആ സന്ദർശനം.
മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടത് 2013 മാർച്ച് 13നാണ്. മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ഒരു കുസൃതിചോദ്യം ചോദിച്ചു, 13 ആണല്ലോ, അത്ര ശുഭകരമാണോ? മാർപാപ്പയുടെ മറുപടി തനിക്കതിൽ ഒരു പരിഭവവുമില്ല എന്നായിരുന്നു. എന്നാൽ, താൻ മാർച്ച് 19ന് യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിലായിരിക്കും ചുമതലയേൽക്കുക എന്നും അദ്ദേഹം പറഞ്ഞു.
യൗസേപ്പ് പിതാവിനോട് വളരെ ആഴമുള്ള ഇഷ്ടം ഫ്രാൻസിസ് പാപ്പായ്ക്കുണ്ടായിരുന്നു. ഒരുപക്ഷേ, കത്തോലിക്കാ സഭയിൽ അദ്ദേഹം യൗസേപ്പ് പിതാവിന്റെ പുതിയൊരു രൂപംതന്നെ പരിചയപ്പെടുത്തി, ഉറങ്ങിക്കിടക്കുന്ന യൗസേപ്പ് പിതാവിനെ. ആ രൂപം അദ്ദേഹത്തിന്റെ മുറിയിൽ ഉണ്ടായിരുന്നതാണ്. റോമിലേക്കു പോന്നപ്പോൾ അതും കൊണ്ടുവന്നു. യഥാർഥത്തിൽ ആ രൂപത്തിലെ ജോസഫ് ഉറങ്ങുന്നതല്ല, സ്വപ്നം കാണുന്ന വിശുദ്ധ ജോസഫാണത് എന്നായിരുന്നു മാർപാപ്പയുടെ കാഴ്ചപ്പാട്.
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ധാരാളമുണ്ടാകും. എന്നാൽ അവയ്ക്കെല്ലാം മുന്പിൽ ചക്രവാളമുണ്ട്. എല്ലാ പ്രതിസന്ധികളും ഒരു ചക്രവാളത്തിലേക്കുള്ള സൂചനയായി മാർപാപ്പ കണ്ടിരുന്നു.
ഔപചാരികതയുടെ വേലിക്കെട്ടുകളില്ലാതെ
വത്തിക്കാൻ പാലസ് വിട്ട് സാന്താ മാർത്തയിൽ താമസിക്കാനുള്ള ഫ്രാൻസിസ് പാപ്പായുടെ തീരുമാനം എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അതു ശരിക്കുമൊരു വിപ്ലവമായാണ് ഞാൻ കാണുന്നത്. അവിടെ തികച്ചും അനൗദ്യോഗിക പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. മണിയടിക്കുന്പോൾ മറ്റുള്ളവരെപ്പോലെ ഭക്ഷണത്തിനെത്തുന്നു. അവിടെ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. ഔപചാരികതയുടെ വേലിക്കെട്ടുകൾ ഇല്ലാത്ത പെരുമാറ്റം.
എല്ലാവരെയും കാണുകയും എല്ലാവരെയും കേൾക്കുകയും എല്ലാവരോടും ഇടപഴകുകയും ചെയ്യുന്ന മാർപാപ്പയായിരുന്നു ഫ്രാൻസിസ്. മാർപാപ്പയുടെ പൊതുസന്ദർശന പരിപാടികൾക്കു പോകുന്പോൾ നമുക്ക് അദ്ഭുതം തോന്നും. പരമാവധി പത്തു മിനിറ്റ് പ്രസംഗം മാത്രം. അതിൽ ജനങ്ങളുടെ പ്രശ്നങ്ങൾ സ്വാഭാവികമായി അവതരിപ്പിക്കും. വെറുതേ പ്രസംഗം വായിക്കുന്ന ശൈലിയില്ല. ഒരുമണിക്കൂർ സന്ദർശനം കഴിഞ്ഞാൽ വലിയ കുടുംബങ്ങൾ, യുവാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരെയും കാണും. ചിലപ്പോൾ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുന്പോൾ കുട്ടികൾ വേദിയിൽ ഓടിക്കയറി നടക്കുന്നതും കണ്ടിട്ടുണ്ട്. അതിലൊന്നും പാപ്പാ അസ്വസ്ഥനായിട്ടില്ല.
പ്രായോഗിക പഠനരേഖകൾ
മനുഷ്യരുടെ പ്രശ്നങ്ങൾ അപഗ്രഥിക്കുന്ന പഠനരേഖകൾ കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി. മാർപാപ്പ എഴുതിയ പ്രമാണരേഖകളൊക്കെ വളരെ വിലപ്പെട്ടതാണ്. മാത്രമല്ല, ആ പ്രമാണരേഖകളിലുള്ള ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിൽ പാപ്പാ കാട്ടിയ ആത്മാർഥതയും എടുത്തുപറയേണ്ടതാണ്. ഉദാഹരണത്തിന്, വിശക്കുന്നവരുടെ പക്ഷം ചേരണമെന്ന് ആഹ്വാനം ചെയ്ത മാർപാപ്പ ആവശ്യമുള്ളവർക്കെല്ലാം ഭക്ഷണം നൽകി. ഉച്ചയ്ക്ക് 12 കഴിഞ്ഞാൽ ആർക്കും അവിടെ ഭക്ഷണം കിട്ടും. അതിനായി വലിയൊരു സംഘത്തെ സജ്ജമാക്കിയിരുന്നു. ഭക്ഷണം കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമാണരേഖ ഇറക്കുക മാത്രമല്ല, അതു നടത്തിക്കാണിക്കുകയാണു ചെയ്തത്.
പെസഹാ ദിനത്തിൽ കാരാഗൃഹവാസികളുടെ കാൽ കഴുകിയത് മറ്റൊരു ഉദാഹരണമാണ്. കൊടുംക്രിമിനലുകളുടെ കാലുകളാണു കഴുകിയത്. അവരിൽ ചിലർ പിന്നീടു പറഞ്ഞത് ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ പരിഗണിക്കപ്പെടേണ്ടവരാണെന്നു ഞങ്ങളെ ഓർമിപ്പിച്ചത് മാർപാപ്പയാണെന്നാണ്. ഇത്തരത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും ചേർത്തുപിടിക്കുന്ന ആ നിലപാട് എപ്പോഴും കാണാൻ കഴിയും. അതുപോലെ ജീവിതത്തിൽ തെറ്റിപ്പോയവർക്കും ഒരു സാന്ത്വനം സഭയുടെ ചരിത്രത്തിൽ ഉണ്ടെന്ന് പാപ്പ കാണിച്ചുതന്നു. സ്വവർഗരതിക്കാർ, വിവാഹബന്ധം വേർപെടുത്തിയവർ തുടങ്ങിയവരൊക്കെ സഭയുടെ ഘടകംതന്നെയാണെന്ന് പാപ്പാ വിശ്വസിച്ചു.
സഭയുടെ ചക്രവാളം
ഫ്രാൻസിസ് പാപ്പായുടെ കാഴ്ചപ്പാടനുസരിച്ച് സഭയുടെ ചക്രവാളം ലോകത്തിന്റെ അതിർത്തി വരെയാണ്. അതിൽ എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടമില്ലാത്തവർക്ക് ഇടം കൊടുക്കുന്ന ഒരു സഭ എന്നതിൽ കാതലായ ദൈവശാസ്ത്രമുണ്ട്. പാപ്പാ ലാറ്റിൻ അമേരിക്കയിൽനിന്നു വന്നതുകൊണ്ട് വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവെന്ന വിമർശനമുയർന്നപ്പോൾ പാപ്പാ പറഞ്ഞു, ഞാൻ വിമോചന ദൈവശാസ്ത്രത്തിന്റെ ആളുതന്നെയാണ്. വിമോചനമെന്നത് അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
സീറോമലബാർ സഭാംഗങ്ങളായ അഞ്ചുലക്ഷത്തോളം പേർ ഗൾഫ് നാടുകളിലുണ്ട്. അവരുടെ അജപാലന ശുശ്രൂഷയുടെ കാര്യം നമ്മൾ പലപ്രാവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി മാർപാപ്പ പറഞ്ഞു, നിങ്ങളുടെ ആൾക്കാർ ഗൾഫിലുണ്ട്; അവിടേക്കു പ്രവേശിക്കാൻ ഞാൻ ഇതാ നിങ്ങൾക്ക് അധികാരം നൽകുന്നു. നമുക്ക് ആ ധികാരത്തിനുള്ള വലിയ അവകാശം ഡിക്കാസ്ട്രികളിലൂടെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി വന്നതല്ല. മാർപാപ്പ നേരിട്ടു തന്നതാണ്. അവരെ നഷ്ടപ്പെടുത്തരുതെന്നും നിങ്ങളുടേതായ രീതിയിൽ അവർക്ക് ശുശ്രൂഷ നൽകണമെന്നും പാപ്പാ നിർദേശിച്ചിരുന്നു. അത്തരമൊരു അനൗപചാരിക രീതികൾ എല്ലാക്കാര്യത്തിലും അദ്ദേഹം കാണിച്ചിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്.
കാണലും കണ്ടുമുട്ടലും
ഇന്ത്യയിൽ വരാൻ പാപ്പായ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അനുയോജ്യമായ സാഹചര്യം ഉണ്ടായില്ല. എല്ലായിടത്തും പോകണമെന്നും എല്ലാവരെയും കാണണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കാണലും കണ്ടുമുട്ടലും തന്റെ അധികാരത്തിന്റെ വിപുലീകരണമായല്ല അദ്ദേഹം കരുതുന്നത്. തന്റെ ദൗത്യം ജനങ്ങളുടെ ഇടയിലുള്ള സഹവർത്തിത്വമാണ് എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
അദ്ദേഹം എഴുതിയ അഞ്ചു ചാക്രികലേഖനങ്ങളും കേവലം തത്വങ്ങളുടെ പ്രകാശനമല്ല. "വിശ്വാസത്തിന്റെ വെളിച്ചം' എന്ന ചാക്രികലേഖനത്തിന്റെ കാര്യമെടുക്കുക. പാപ്പാ പറയുന്നത്, വിശ്വാസമെന്നത് ഇരുട്ടിൽ നിൽക്കുന്ന എല്ലാ മനുഷ്യർക്കും വെളിച്ചമേകുന്നതാണെന്നാണ്. ഇരുട്ടിൽ ഒരുപാടു പേരുണ്ട്. അവർക്ക് വെളിച്ചമാകുക. "ലൗ ദ ത്തോസി'യിൽ ഈ പ്രപഞ്ചമെന്നത് തറവാട്ടുവീടാണെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. എന്തൊരു ദൂരക്കാഴ്ചയാണിത്. നമ്മുടെ വീട് സൂക്ഷിക്കാൻ നാം എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ ഈ പ്രപഞ്ചത്തെ സൂക്ഷിക്കാനും നാം ചെയ്യണം. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കാഴ്ചപ്പാടിൽനിന്നാണ് അതു വന്നത്. വിശുദ്ധ ഫ്രാൻസിസിന്റെ വാക്കുകളാണ് അതിൽ കാണുന്നത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പ വലിയ ദൈവശാസ്ത്രജ്ഞനായിരുന്നു. എന്നാൽ ഫ്രാൻസിസ് പാപ്പാ പ്രായോഗികതകളുടെ ഒരു ദൈവശാസ്ത്രമാണ് മുന്നോട്ടു വച്ചത്. സമാധാനമെന്നത് കരുണയാണെന്ന് പാപ്പാ പഠിപ്പിച്ചു. ആരെയും അടിച്ചു പുറത്താക്കരുതെന്ന കാഴ്ചപ്പാട് വളരെ പ്രധാനപ്പെട്ടതാണ്.
സിനഡാലിറ്റി
എനിക്ക് ഏറെ സന്തോഷം തോന്നുന്നത് സഭയെന്നത് ഒരു സിനഡാലിറ്റിയാണെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. മാർപാപ്പയും ഞാനും നിങ്ങളും എല്ലാം കൂടിച്ചേരുന്ന ഒരു പ്രവാഹമാണത്. സിനഡൽ മീറ്റിംഗുകളിൽ പങ്കെടുത്തപ്പോൾ എനിക്കത് കൂടുതൽ ബോധ്യപ്പെട്ടു. മാർപാപ്പയ്ക്ക് എല്ലാ ഗ്രൂപ്പിലും ചേരാമായിരുന്നു. എന്നാൽ അദ്ദേഹം ഒരു ഗ്രൂപ്പിൽ അംഗമായിരുന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുകയും സ്വന്തം അഭിപ്രായങ്ങൾ പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ സിനഡ് ഓൺ സിനഡാലിറ്റി എന്ന കാഴ്ചപ്പാടിന്റെ പ്രകാശനമായിരുന്നു അത്.
നമ്മുടെ സഭയുടെ സ്വയംഭരണാധികാരം നമ്മെ ബോധ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പാപ്പാ നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. വത്തിക്കാൻ പറയാൻ നോക്കിനിൽക്കേണ്ടതില്ല എന്നതായിരുന്നു പാപ്പായുടെ കാഴ്ചപ്പാട്. വത്തിക്കാൻ പറയാനുള്ളതു പറയും; എന്നാൽ, നമുക്കു സ്വതന്ത്രമായി ചെയ്യാൻ അവകാശമുള്ളതൊക്കെ നമ്മൾ ചെയ്യണമെന്ന് പാപ്പാ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.