അനുരഞ്ജനത്തിന്റെയും കാരുണ്യത്തിന്റെയും മുഖം
കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Monday, April 21, 2025 11:08 PM IST
ഫ്രാൻസിസ് മാർപാപ്പ എപ്പോഴും സംസാരിച്ചത് അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷയായിരുന്നു. അദ്ദേഹം ആരെക്കുറിച്ചും ഒരിക്കലും പഴി പറയുന്നത് ഞാൻ കേട്ടിട്ടില്ല. വ്യക്തിപരമായ സംഭാഷണങ്ങളിലും ചില മീറ്റിംഗുകളിലുമെല്ലാം സഭയ്ക്കെതിരേ പ്രവർത്തിക്കുന്നവരോട് കടുത്ത നിലപാടെടുക്കണമെന്നും രൂക്ഷമായ ഭാഷയിൽ പ്രതികരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ പാപ്പാ അതു കേൾക്കുമെന്നല്ലാതെ അത്തരത്തിൽ പ്രതികരിച്ചിട്ടില്ല. അതു സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുമെന്നും മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും വിഭാഗീയത സൃഷ്ടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഏറെ സവിശേഷതകളുമായി പാപ്പാശുശ്രൂഷ നടത്തിയയാളാണ് പോപ്പ് ഫ്രാൻസിസ്. സ്വീകരിച്ച പേര് ഫ്രാൻസിസ്. ഈശോസഭാംഗമായതുകൊണ്ട് എല്ലാവരും വിചാരിച്ചു, അദ്ദേഹം സ്വീകരിച്ചത് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമമായിരിക്കുമെന്ന്. എന്നാൽ, താൻ സ്വീകരിച്ചത് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിസ് അസീസി പുണ്യവാളന്റെ ദരിദ്രജീവിതവും പ്രകൃതിയോടുള്ള സ്നേഹവുമൊക്കെ പാപ്പായെ നേരത്തേ മുതലേ ആകർഷിച്ചിരുന്നു. അതിനാലാണ് അദ്ദേഹം ആ പേരു സ്വീകരിച്ചത്.
കരുണയുടെ മുഖം
തന്റെ പാപ്പാശുശ്രൂഷയിൽ അദ്ദേഹം ശ്രദ്ധവച്ച പ്രധാന കാര്യം കാരുണ്യമാണ്. എല്ലാവരോടും കരുണയോടെ വർത്തിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അത് ഏറ്റവും കൂടുതലുണ്ടായി. വത്തിക്കാനിലെ തെരുവുകളിൽ ജീവിച്ചിരുന്നവർക്ക് പുതപ്പുകൾ നൽകുക, അവർക്ക് പ്രത്യേക ഭക്ഷണം നൽകുക, അവരുടെ സംരക്ഷണത്തിനായി വേണ്ടതെല്ലാം ചെയ്യുക എന്നതും ഫ്രാൻസിസ് പാപ്പായുടെ ശ്രദ്ധയായിരുന്നു. അവരിലൊരാൾ, കഴിഞ്ഞ സിനഡ് നടക്കുന്ന അവസരത്തിൽ മരിച്ചു. അപ്പോൾ ഒരു കർദിനാളിനെത്തന്നെ അദ്ദേഹത്തിന്റെ സംസ്കാര കർമങ്ങൾക്കു നിയോഗിക്കുകയും വത്തിക്കാന്റെ ഉള്ളിലെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
പാപ്പാ സന്ദർശിച്ച രാജ്യങ്ങളിലെല്ലാം പാവങ്ങൾക്കും അശരണർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അഭയാർഥികളോട് പ്രത്യേക താത്പര്യം കാട്ടിയിരുന്നു. മ്യാൻമറിൽനിന്ന് ബംഗ്ലാദേശിലേക്കു വന്ന രോഹിംഗ്യൻ അഭയാർഥികൾക്കുവേണ്ടി അദ്ദേഹം വൻതുക സമാഹരിച്ചു നൽകുകയുണ്ടായി. ഇക്കാര്യം അവിടെ നുൺഷ്യോ ആയിരുന്ന മാർ കോച്ചേരി പിതാവു വഴി ഞാൻ നേരിട്ടറിഞ്ഞിട്ടുള്ളതാണ്. തന്റെ ശുശ്രൂഷയിൽ പാപ്പാ എപ്പോഴും സമഭാവന പാലിച്ചിരുന്നു. ദരിദ്രരാജ്യങ്ങൾ സന്ദർശിക്കാനുള്ള താത്പര്യവും വിവധ സഭാംഗങ്ങളെ കാണാനുള്ള താത്പര്യവും എപ്പോഴുമുണ്ടായിരുന്നു.
ഹയരാർക്കിക്ക് പുതിയ നിർവചനം
കർദിനാൾമാരോടും മെത്രാന്മാരോടും അല്മായ സഹോദരങ്ങളോടുമുള്ള സമഭാവനയും എടുത്തുപറയേണ്ടതാണ്. സഭയിൽതന്നെ അല്മായർക്കും സ്ത്രീകൾക്കും ചെയ്യാൻ കഴിയുന്ന ശുശ്രൂഷകൾ അവർ ചെയ്യണമെന്നതിന്റെ സൂചനയായിട്ടാണ് ഒരു അല്മായനെ കമ്യൂണിക്കേഷനുവേണ്ടിയുള്ള ഡികാസ്ട്രിയുടെ പ്രീഫെക്ടായി നിയമിച്ചത്. അതുപോലെ സന്യാസിനികൾക്കായുള്ള ഡികാസ്ട്രിയുടെ പ്രീഫെക്ടായി ഒരു കന്യാസ്ത്രീയെ നിയമിച്ചു. സാമ്പത്തിക കാര്യങ്ങൾ നോക്കുന്നതിന് മൂന്നു സ്ത്രീകളെ പ്രത്യേകമായി നിയമിക്കുകയും ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഹയരാർക്കിക്ക് പുതിയൊരു നിർവചനം നൽകി എന്നതാണ്. സഭാ മക്കളെല്ലാം ഒന്നിച്ചു നീങ്ങണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അത്തരമൊരു ഒന്നിച്ചുനടക്കലിന്റെ ശൈലി സഭയിൽ കൊണ്ടുവരുന്നതിനുവേണ്ടിയാണ് രണ്ട് സിനഡുകൾ നടത്തി അതിന്റെ രേഖകൾ പ്രസിദ്ധീകരിച്ചത്.
പ്രകൃതിയോടുള്ള സ്നേഹം
ഫ്രാൻസിസ് പാപ്പായ്ക്ക് പ്രകൃതിയോടുള്ള സ്നേഹം വളരെ വലുതാണ്. പരിസ്ഥിതി സംരക്ഷണം അദ്ദേഹത്തിന്റെ മുഖ്യ അജൻഡയാണ്. അതുകൊണ്ടാണ് "ലൗ ദ ത്തോസി’ എന്ന ചാക്രികലേഖനംതന്നെ അദ്ദേഹം പുറപ്പെടുവിച്ചത്. ദൈവം കർത്താവായ ഈശോമിശിഹായിലൂടെ കൊണ്ടുവന്ന രക്ഷ മനുഷ്യർക്കും പ്രകൃതിക്കും എല്ലാം വേണ്ടിയുള്ളതായിരുന്നു. ആ രക്ഷ അങ്ങനെയുള്ള ഒരനുഭവത്തിലേക്ക് ഉയർത്താൻ അദ്ദേഹം പരിശ്രമിച്ചു. ഈ ഭൂമിയെ നമ്മുടെ അമ്മയായി കരുതാൻ അദ്ദേഹം നിർദേശിച്ചു. നമുക്കു കിട്ടിയ ഭൂമിയെ നമ്മുടെ പിൻതലമുറയ്ക്കുവേണ്ടി കൂടുതൽ സമ്പന്നമായ രീതിയിൽ ഏൽപ്പിക്കാൻ നാം പരിശ്രമിക്കണമെന്ന എന്ന ചിന്ത ഫ്രാൻസിസ് പാപ്പായിൽ ആഴപ്പെട്ടിരുന്നു.
സീറോമലബാർ സഭയോടുള്ള കരുതൽ
പരിശുദ്ധ പിതാവ് എല്ലാ സഭയുടെയും കാര്യത്തിൽ തുല്യ ശ്രദ്ധപുലർത്തിയിരുന്നു. എന്റെ സഭാ ശുശ്രൂഷയുടെ 12 വർഷക്കാലത്ത് ഞാൻ സമീപിച്ചപ്പോഴെല്ലാം അനുഭാവപൂർവമായിട്ടാണ് സീറോമലബാർ സഭയെക്കുറിച്ച് സംസാരിച്ചിട്ടുള്ളതും കാര്യങ്ങൾ ചെയ്തുതന്നിട്ടുള്ളതും. അതിനുദാഹരണമാണ് നമുക്ക് വിദേശത്തുള്ള നാലു രൂപതകൾ. കൂടാതെ ഭാരതം മുഴുവൻ പ്രേഷിതപരമായ അധികാരം നൽകിയതും. ഗൾഫിലെ ശുശ്രൂഷയുടെ അധികാരത്തിന്റെ കാര്യത്തിലും അദ്ദേഹം ശ്രദ്ധ വച്ചിരുന്നു. ഇപ്പോൾ അതിന്റെ പ്രായോഗികമായ കാര്യങ്ങൾ നടക്കുകയാണ്.
തന്നെ സമീപിക്കുന്ന എല്ലാവരോടുംതന്നെ പാപ്പായ്ക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവുമുണ്ടായിരുന്നു. അതേസമയം, ഏതെങ്കിലും രീതിയിൽ തെറ്റായ ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്നവർക്ക് അവരെത്ര സുഹൃത്തുക്കളായാലും അക്കാര്യം തുറന്നു സംസാരിക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്യും. അതുകൊണ്ട് സൗഹൃദത്തിന്റെ പേരിൽ സഭയുടെയും സമൂഹത്തിന്റെയും നന്മയെ ഒരിക്കലും അദ്ദേഹം ബലികൊടുത്തിട്ടില്ല. എനിക്കെപ്പോഴും സൗഹൃദമായിരുന്നു. ഞാൻ രാജിവച്ചൊഴിഞ്ഞ ശേഷവും പാപ്പാ സിനഡിൽ സംബന്ധിക്കാൻ നോമിനേറ്റ് ചെയ്തു. അത് എടുത്തുപറേയണ്ടതാണ്. ഇന്ത്യയിൽ വരണമെന്ന് അദ്ദേഹത്തിന് വളരെ വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, വിജയിച്ചില്ല.
എല്ലാ രാജ്യങ്ങളിലെയും സഭകളിലെ പ്രത്യേകമായ പ്രശ്നങ്ങൾ, ഒരു മെത്രാൻ തന്റെ രൂപതയിലെ പ്രശ്നങ്ങൾ പഠിക്കുന്നതുപോലെ ഫ്രാൻസിസ് മാർപാപ്പ പഠിച്ചിരുന്നു. അവയെല്ലാം നേരിട്ടു മനസിലാക്കിയതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ എറണാകുളം-അങ്കമാലി അതിരൂപതയിലെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം ദുഃഖിതനായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായി അസാധാരണമാംവിധം വീഡിയോ സന്ദേശം പോലും പാപ്പാ നൽകി. നമ്മുടെ സഭയോടുള്ള പ്രത്യേക സ്നേഹത്തിന്റെ ആഴമാണ് അതുവഴി വെളിവാക്കപ്പെട്ടത്. സീറോമലബാർ സഭയിലെ പ്രശ്നങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം ഉപദേശപരമായിരുന്നു. വിഘടിച്ചു നിൽക്കുന്നവരെ സഭയുടെ കൂട്ടായ്മയിലേക്കു കൊണ്ടുവരാനുള്ള ആഹ്വാനമായിരുന്നു. അതിൽക്കവിഞ്ഞ് അദ്ദേഹം ആരെയും പഴിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.
മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾപദവിയിൽ, സീറോ മലബാർ സഭയ്ക്കുവേണ്ടി ഒരു കർദിനാളിനെക്കൂടി തന്നു എന്നുള്ളതിലുപരി കർദിനാളാകാൻ യോഗ്യനായ ഒരു വ്യക്തിയെ നേരിട്ടു മനസിലാക്കിയ സ്ഥിതിക്ക് ഏതു സഭയിൽ പെട്ടയാളാണെങ്കിലും അദ്ദേഹത്തെ കർദിനാൾ സംഘത്തിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു മാർപാപ്പയുടെ തീരുമാനം എന്നുവേണം കരുതാൻ. കേരളസഭയെ അംഗീകരിക്കാൻ യോഗ്യനായ വ്യക്തിയായി മാർ കൂവക്കാട്ടിനെ മാർപാപ്പ കണ്ടെത്തുകയായിരുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാട്
മാർപാപ്പ ഏതെങ്കിലുമൊരു തീരുമാനമെടുക്കുന്നത് ഏതെങ്കിലുമൊരു വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കാനല്ല. എല്ലാ വിഭാഗം ആളുകളും തീവ്രവാദികൾപോലും ദൈവത്തിന്റെ മക്കളാണ് എന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് പാപ്പാ നിലപാടുകളും തീരുമാനങ്ങളും എടുത്തത്. ഓരോ രാജ്യത്തെയും വിവിധ മതങ്ങളുടെയോ തീവ്രവാദികളുടെയോ ഒക്കെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടത് അതതു രാജ്യങ്ങളിലെ സഭകളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. എല്ലാ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും തലവനായിരിക്കുന്ന മാർപാപ്പ അതേക്കുറിച്ച് സംസാരിക്കുന്നതു ശരിയല്ല.
എല്ലാ മതങ്ങളെയും ഒരു മാനവികതയുടെ അടിസ്ഥാനത്തിലാണ് പാപ്പാ കണ്ടിരുന്നത്. എല്ലാ സഭകളെയും കത്തോലിക്കാ സഭയിലെ കൂട്ടായ്മകളെയും അങ്ങനെതന്നെയാണ് കണ്ടിരുന്നത്. പ്രത്യേക പ്രശ്നങ്ങൾക്ക് അതതു സ്ഥലങ്ങളിൽ സഭയുടെ പ്രബോധനമനുസരിച്ച് തീരുമാനങ്ങളെടുക്കുകയും ആവശ്യമുണ്ടെങ്കിൽ ശിക്ഷാ നടപടികൾ എടുക്കുകയും വേണം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.