110 ലക്ഷം പേർ പങ്കെടുത്ത പ്രാർഥന; വലിയ മുക്കുവന്റെ തേങ്ങൽ
ടി. ദേവപ്രസാദ്
Monday, April 21, 2025 11:02 PM IST
2020 മാർച്ച് 27. വൈകുന്നേരം ആറുമണി. ഇന്ത്യൻ സമയം രാത്രി 10.30. ലോകം കൊറോണ വൈറസിന്റെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കാലം. ലോകത്തിലെ 199 രാജ്യങ്ങളിലും എത്തിയ ആ ശത്രുകീടം 25,000 ജീവനെടുത്തുകഴിഞ്ഞു. ആർക്കും പിടിച്ചു കെട്ടാനാവില്ലെന്ന ധിക്കാരത്തോടെ അവൻ കുതിക്കുകയാണ്. ലോകജനതയെല്ലാം വീടുകളിൽ ഒളിച്ചുകഴിഞ്ഞു. ഈശോയുടെ സഭയുടെ വലിയ മുക്കുവൻ ലോകത്തിനുവേണ്ടി അസാധാരണമായ ഒരു പ്രാർഥന നടത്തുകയാണ്.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരം വിജനമായിരുന്നു. നേർത്ത മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. മാർപാപ്പയെ കേൾക്കാൻ ജനലക്ഷങ്ങൾ ഒത്തുകൂടുന്ന ഇടമാണ്. ഒരിക്കൽ കൃത്യമായി പറഞ്ഞാൽ 2000 മേയ് 23ന് ലേഖകനും അവിടെ കടന്നുചെല്ലാനായിട്ടുണ്ട്. മഹാജൂബിലി സ്മാരകമായി ദീപിക പ്രസിദ്ധീകരിച്ച ഭാരതസഭയെക്കുറിച്ചുള്ള "ഇന്ത്യൻ ക്രിസ്റ്റ്യൻ ഡയറക്ടറി’യുടെ പ്രകാശനം ജോണ് പോൾ രണ്ടാമൻ പാപ്പാ നിർവഹിക്കുമ്പോഴായിരുന്നു അത്. പിന്നീട് എത്രയോ വട്ടം ആ ചത്വരത്തിലെ ജനക്കൂട്ടത്തെ ടിവിയിൽ കണ്ടു.
2013 മേയിൽ ഫ്രാൻസിസ് പാപ്പായെ തെരഞ്ഞെടുത്ത അന്നും ടെലിവിഷനിലൂടെ ഈ ചത്വരം കണ്ടതാണ്. അന്നും നേർത്ത മഴയുണ്ടായിരുന്നു. അന്ന് അവിടെ ജനസഹസ്രങ്ങൾ ഇരന്പുകയായിരുന്നു. ഇന്ന് ഈ കൊറോണക്കാലത്ത് പാപ്പാ ഒറ്റയ്ക്ക്. ജനനിബിഡമാകുന്ന ചത്വരം വിജനമായി കിടക്കുന്നതു കണ്ടപ്പോൾ എത്രയോ വിശ്വാസികളുടെ മനസ് തേങ്ങിയിരിക്കണം..
വിശ്വാസീസമൂഹത്തെ ഈശോയുടെ സന്നിധിയിൽ സമർപ്പിക്കുന്ന പ്രാർഥനയ്ക്കു നേതൃത്വം കൊടുക്കാൻ ഫ്രാൻസിസ് പാപ്പാ വരുന്നതു കാണാൻ ടെലിവിഷനു മുന്നിൽ കാത്തിരിക്കുകയാണ്. 110 ലക്ഷം വിശ്വാസികൾ (അവിശ്വാസികളും?) അടച്ചുപൂട്ടിയ വീടുകളിലിരുന്ന് ആ പ്രാർഥനയിൽ സംബന്ധിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. ചരിത്രം കുറിച്ച പ്രാർഥന.
ചത്വരത്തിലെ വേദിയിൽ പാപ്പാ സാധാരണ വന്നിരുന്ന് പ്രസംഗം നടത്താറുള്ള വേദിയിൽ പാപ്പായുടെ കസേര മാത്രം. ഒരു വൈദികനുമുണ്ട്. ഇത്തിരി കാത്തിരുന്നപ്പോൾ അകലെ നടന്നുവരുന്ന പാപ്പാ. അദ്ദേഹം ക്ഷീണിതനാണ്. ചുവടുകൾ ഉറയ്ക്കുന്നില്ല. മുഖം കനത്തതായിരുന്നു.
ഒറ്റയക്കു നടന്ന് വേദിയിലേക്കുവന്ന പാപ്പായെ കൈപിടിച്ച് വേദിയിലേക്ക് കയറ്റാൻ വേദിയിലുണ്ടായിരുന്ന അച്ചൻ സഹായിച്ചു. പാപ്പാ ചുറ്റിലും നോക്കി. ആ കണ്ണുകൾ സജലമാകുകയായിരുന്നുവോ? ഏതായാലും ഇലക്ട്രോണിക് മീഡിയയിലൂടെ അതു കണ്ട ഹൃദയങ്ങൾ തേങ്ങി.
വിഭൂതിബുധനാഴ്ച തിരുക്കർമങ്ങളിൽ സംബന്ധിച്ച് വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശിയ ശേഷം 84 കാരനായ പാപ്പാ ചുമയ്ക്കുകയും ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തതു കണ്ട ലോകം അദ്ദേഹത്തിന് കൊറോണ ബാധിച്ചു എന്നു കരുതി. എന്നാൽ, പരിശോധനയിൽ കൊറോണ ഇല്ലെന്നു കണ്ടിരുന്നു. പക്ഷേ പാപ്പാ താമസിക്കുന്ന സാന്താമാർത്തയിൽ മാർച്ച് 26ന് ഒരു വൈദികൻ കൊറോണബാധിതനെന്നു കണ്ടെത്തിയിരുന്നു. അതോടെ അവിടുത്തെ അന്തേവാസികളെല്ലാം പരിശോധനയ്ക്കു വിധേയരായി. കൊറോണ പാപ്പായുടെ വസതിയിലും എത്തിയിരിക്കുന്നു!
വിജനമായിരുന്നു ചത്വരമെങ്കിലും സഭയിലെ 135 കോടി വിശ്വാസികളെ മാത്രമല്ല ലോകത്തിലെ 750 കോടി ജനതയും വലിയ മുക്കുവന്റെ കണ്ണുകൾക്കു മുന്നിൽ ഉണ്ടായിരുന്നു എന്നു വ്യക്തം. വേദിയിൽ റോമിലെ അദ്ഭുത കുരിശ് എന്ന് വിശ്വസിക്കപ്പെടുന്നു വിശുദ്ധ മാർസെല്ലോയുടെ കുരിശും മരിയ മജോരെയിലെ റോമിന്റെ സംരക്ഷകയായ അമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിരുന്നു. തുടർന്ന് അദ്ദേഹം അമ്മയുടെ ചിത്രത്തിനു മുന്നിലെത്തി. ചിത്രത്തിലേക്കു നോക്കി. അങ്ങനെ നിന്നു.
അമ്മയുടെ ചിത്രത്തിനു മുന്നിൽ
2019 ഓഗസ്റ്റ് നാലിന് വൈദികർക്കയച്ച കത്തിൽ തന്റെ മരിയഭക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ സാക്ഷ്യം ഓർത്തു. മാതാവിന്റെ ചിത്രത്തിനു മുന്നിലെത്തുന്പോൾ ഞാൻ അമ്മയെ നോക്കി അങ്ങനെ നിൽക്കും. അമ്മയോട് എന്തു പറയാനാ? എന്റെ അമ്മക്കറിയത്ത എന്തു കാര്യമാണ് എനിക്ക്. അമ്മ എന്നെ ശരിക്കു കാണാനാണ് ആ നിൽപ്പ്.
കുറേനേരം നിൽക്കുന്പോൾ അമ്മ പണ്ട് ജോണ് ഡിഗോയോട് ഗാഡലുപ്പയിൽ ചോദിച്ച ചോദ്യം എന്നോടും ചോദിക്കുന്നതുപോലെ ഞാൻ കേൾക്കും. മോൻ എന്തിനാ പേടിക്കുന്നേ? അമ്മയായ ഞാനില്ലേ കൂടെ? അതു കേൾക്കുന്പോൾ ഞാൻ മുന്നോട്ടു നടക്കും. അന്നും അമ്മയുടെ മുന്നിൽ പരസ്യമായ പ്രാർഥന ഒന്നും പാപ്പാ ചൊല്ലിയില്ല. അദ്ദേഹം വേച്ചുവേച്ച് കുരിശിനു മുന്നിലേക്ക് നടന്നു. കുരിശിൽ ചുംബിച്ചു. പ്രാർത്ഥിച്ചു...
ദിവ്യകാരുണ്യ ആരാധനയ്ക്കായി വി. പത്രോസിന്റെ ബസലിക്കയിലെത്തി. അവിടവും വിജനം. നാലോ അഞ്ചോ പേർ മാത്രം. അര മണിക്കൂറോളം നീണ്ട ആരാധന. യാചനകൾ ആവർത്തിച്ച 30 പ്രാർഥനകൾ. വിശ്വാസികളുടെ ലോകം മുഴുവൻ അതേറ്റുചൊല്ലി. അവസാനം പാപ്പാ ഊർബി എത്ത് ഓർബി എന്നു വിളിക്കപ്പെടുന്ന പാപ്പായുടെ മാത്രം ആശീർവാദം നൽകി. പാപ്പാ ആശീർവാദം നല്കുന്പോൾ ആംബുലൻസിന്റെ നേർത്ത ശബ്ദം അന്തരീക്ഷത്തിൽ ലയിക്കുന്നുണ്ടായിരുന്നു.
ആശീർവാദം കഴിഞ്ഞ് പാപ്പാ മടങ്ങി. ആരോടും കുശലം പറയാതെ, നുറുങ്ങിയ ഹൃദയത്തോടെ. എന്തിയേന്തിയുള്ള ചുവടുകളോടെ.. കത്തോലിക്കാ സഭയുടെ മൂന്നു സഹസ്രാബ്ദം നീളുന്ന ചരിത്രത്തിലെ അത്യപൂർവ സംഭവമായി വിജനമായ ചത്വരത്തിൽ വലിയ മുക്കുവൻ നടത്തിയ മനസിൽ ജനനിബിഡമായ ആ പ്രാർഥന. പിന്നീട് ഒരു വാർത്ത ഉണ്ടായിരുന്നു. സന്താമാർത്തയിലെ അന്തേവാസികളുടെ പരിശോധനാ ഫലം വന്നു, എല്ലാം നെഗറ്റീവാണ്...
2013ൽ സിറിയൻ പ്രശ്നം വഷളാവുകയും അമേരിക്കൻ കപ്പൽപ്പട രണ്ടും കല്പിച്ച് സൂയസ് കടക്കുകയും ചെയ്തപ്പോഴും പ്രാൻസിസ് പാപ്പാ സഭയോട് എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ ആരാധന നടത്തി, യുദ്ധം ഉണ്ടാകാതിരിക്കാൻ പ്രാർഥിക്കാൻ ആഹ്വാനം ചെയ്തു. സഭ പ്രാർഥിച്ചു, യുദ്ധം ഒഴിവായി.
ആരുമില്ലാത്ത ചത്വരത്തിൽ എല്ലാവരെയും കാണുന്നതുപോലെ
വേദിയിലെത്തിയ പാപ്പാ ആരുമില്ലാത്ത ചത്വരത്തിൽ എല്ലാവരെയും കാണുന്നതുപോലെ പ്രാർഥന ആരംഭിച്ചു. വിശുദ്ധ മർക്കോ സിന്റെ സുവിശേഷം വായിക്കപ്പെട്ടു. ഈശോയോടൊപ്പം യാത്ര ചെയ്ത ശ്ലീഹന്മാർ കടൽക്ഷോഭത്തിൽ പെടുന്നതും അവർ നിലവിളിച്ച് ഈശോയെ ഉണർത്തുന്നതും അവിടുന്ന് കടലിനെ ശാസിക്കുന്നതുമായിരുന്നു സംഭവം.
സായാഹ്നമായപ്പോൾ എന്ന സുവിശേഷത്തിലെ ആദ്യ വചനംതന്നെ ഉദ്ധരിച്ചുകൊണ്ട് എത്രയോ ദിവസമായി നാം സായാഹ്നത്തിലാണ്. ഇരുട്ട് പടരുകയാണ്. അതു നമ്മുടെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. അല്ല കൊണ്ടുപോകുന്നു. നാം ആകെ ഭയന്നവരാണ്. പോരാ, എല്ലാം നശിച്ചവരായി. ഈശോയുടെ ശ്ലീഹന്മാരെപ്പോലെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടവരായി. എന്തേ ഈശോ ഇങ്ങനെ എന്ന് നാമും ശ്ലീഹന്മാരെപ്പോലെ സംശയിച്ചുപോകുന്നു. അവർ ഭയന്നു വിറച്ചപ്പോഴും അവന് കുലുക്കമില്ല. അവരുടെ വിശ്വാസക്കുറവിനെ എന്തേ അവൻ ശാസിച്ചു? നീ ഗൗനിക്കുന്നില്ലേ? ആ ചോദ്യമാണ് ഈശോയെ വേദനിപ്പിച്ചത്-പാപ്പാ പറഞ്ഞു. ഞങ്ങളേക്കാൾ ഈ ലോകത്തെ അങ്ങ് സ്നേഹിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധയുണ്ടായിരുന്നില്ല. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടയിൽ പലതും മറന്നു. പാവങ്ങളുടെ നിലവിളി കേട്ടില്ല.
പ്രപഞ്ചത്തിന്റെ നിലവിളി പോലും മനസിലാക്കിയില്ല. രോഗാതുരമായ ലോകത്തിൽ ഞങ്ങൾ സുഖിച്ചു വാഴും എന്നു കരുതി. കൊടുങ്കാറ്റിന്റെ ദയാദാക്ഷിണ്യത്തിലായ ഞങ്ങളെ വിട്ടുപോകരുതേ, രക്ഷിക്കണേ. ആദ്യത്തെ വലിയ മുക്കുവൻ പറഞ്ഞതുപോലെ എല്ലാ ഉത്കണ്ഠകളും ഞങ്ങൾ അങ്ങിലർപ്പിക്കുന്നു. എന്തെന്നാൽ അവിടുന്ന് ഞങ്ങളുടെ കാര്യത്തിൽ ഉത്കണ്ഠാകുലനാണല്ലോ. ഇതു പറയുന്പോൾ ഫ്രാൻസിസ് പാപ്പാ തേങ്ങുന്നതുപോലെ തോന്നി...