ഗള്‍ഫിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യ
അഡ്വ. വി.സി. സെബാസ്റ്റ്യൻ
Monday, April 21, 2025 1:20 AM IST
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളബന്ധത്തിന് പുത്തന്പ്രതീക്ഷകളുണര്ത്തി ജിസിസി രാജ്യങ്ങളിലെ പ്രമുഖമായ സൗദി അറേബ്യ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വന്വരവേല്പ് നല്‍കുകയാണ്. സൗദി അറേബ്യയുടേതു മാത്രമല്ല, യുഎഇ, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ തുടങ്ങി ആറ് ഗള്‍ഫ് രാജ്യങ്ങളുടെയും ഉറ്റമിത്രമാണിന്ന് ഇന്ത്യ.
അഞ്ചു വര്‍ഷത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെത്തുന്നത്. ജിദ്ദയില്‍ സല്മാന് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഒരുമിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോള്‍ ചരിത്രത്തിലിടം തേടുന്ന പുത്തന്തീരുമാനങ്ങളുണ്ടാകുമെന്ന് ഉറപ്പ്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ‘ഇന്ത്യ-സൗദി അറേബ്യ ഇന്‍വെസ്റ്റ്മെന്റ് കണക്ട് ’ ഇന്ത്യയിലെ വിവിധ വ്യാപാര നിക്ഷേപ അവസരങ്ങള്‍ പങ്കുവച്ചു. അതേസമയം, സൗദിയിലെ വന്‍കിട പദ്ധതികളില്‍ അടുത്തനാളുകളായി 300 കോടി ഡോളര്‍ ഇന്ത്യന്‍ നിക്ഷേപം നടന്നതായി അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് പറഞ്ഞു.
സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് നിലവില്‍ ഇന്ത്യ. അതേസമയം, സൗദി ഇന്ത്യയുടെ അഞ്ചാമത്തെ വ്യാപാരപങ്കാളിയും. ഏകദേശം 27 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. മലയാളി മക്കളുടെ സാന്നിധ്യവും ഏറെ നിര്‍ണായകം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസി സമൂഹമുള്ളത് സൗദി അറേബ്യയിലാണ്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണമെത്തിക്കുന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. 2023-24 കാലയളവില്‍ മാത്രം സൗദിയില്‍ ജോലിക്കായി എത്തിയ ഇന്ത്യക്കാരുടെ എണ്ണം രണ്ടുലക്ഷത്തില്പരം. ഇക്കാലയളവില്‍ സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ സ്ഥാപനങ്ങളുടെ എണ്ണം മൂവായിരത്തിൽ ഏറെയായി. നിര്‍മാണം, അടിസ്ഥാന സൗകര്യവികസനം, സേവനമേഖലകള്‍ എന്നീ തലങ്ങളില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം ഏറെ സജീവമാണ്.
വ്യാപാര പ്രതീക്ഷകള്‍
2023 സെപ്റ്റംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 പ്രഖ്യാപനങ്ങളുടെ ഭാഗമായിരുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയില്‍ ഗള്‍ഫിന്റെയും പ്രത്യേകിച്ച് സൗദി അറേബ്യയുടെ പങ്കാളിത്ത പദ്ധതികള്‍ ഈ സന്ദര്‍ശനവേളയില്‍ മുഖ്യചര്‍ച്ചാവിഷയമാകും. ജി 20യില്‍ വച്ചുതന്നെ സൗദി അറേബ്യയുമായി വിവിധ മേഖലകളിലെ സഹകരണത്തിനും വാണിജ്യകരാറുകള്ക്കും ധാരണയായിരുന്നു. ഇവയുടെ അവലോകനവും തുടര്‍നടപടികളും ജിദ്ദയിലെ ചര്‍ച്ചകളില്‍ ഉയരും.
ഇന്ത്യ-സൗദി വ്യാപാരത്തിന്റെ ഏറിയ പങ്കും ക്രൂഡ് ഉത്പന്നങ്ങളാണ്. അതേസമയം, 2024ല്‍ ഇന്ത്യയും സൗദിയും നാവിക സൈനിക അഭ്യാസവും നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തില്‍ വ്യാപാരത്തോടൊപ്പം പ്രതിരോധവും ചര്‍ച്ചകളില്‍ വരാം. സൗദി അറേബ്യ ഇന്ത്യന്‍ കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും നിരവധി അവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത് ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തില്‍ ഏറെ നേട്ടങ്ങള്‍ സൃഷ്ടിക്കും.
2023-24ല്‍ ഇന്ത്യ-സൗദി വ്യാപാരം 43.3 ബില്യണ്‍ ഡോളറായിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 7.8 ശതമാനം വര്‍ധിച്ച് ഏകദേശം 12 ബില്യണ്‍ ഡോളറിലെത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയില്‍ ഏറെ നിര്‍ണായക പങ്കാളിത്തം ഇന്ത്യക്കുണ്ട്. ഗള്‍ഫിലേക്ക് പ്രതിവര്‍ഷം ബില്യണ്‍ ഡോളറിന്റെ അരി ഇന്ത്യ കയറ്റുമതി ചെയ്യുന്നു.
അതേസമയം ഇന്ത്യയും റഷ്യയും തമ്മില്‍ അടുത്ത നാളുകളില്‍ വളര്‍ത്തിയെടുത്ത ഉഭയകക്ഷി ബന്ധം മൂലം കുറഞ്ഞ ചെലവില്‍ റഷ്യന്‍ ക്രൂഡോയില്‍ ഇന്ത്യയിലെത്തും. ഇത് സൗദി, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് പീരങ്കി വെടിക്കോപ്പുകള്‍ വിതരണം ചെയ്യുന്നതിനായി 225 ദശലക്ഷം ഡോളറിന്റെ പ്രതിരോധ കരാറിലാണ് 2024 ഫെബ്രുവരിയില്‍ ഒപ്പുവച്ചത്. തുടര്‍ന്ന് 80 മില്യണ്‍ ഡോളറിന്റെ മറ്റൊരു കരാറിലും ഒപ്പിട്ടിരുന്നു.
2023 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ കേന്ദ്ര ഊര്‍ജമന്ത്രി ആര്.കെ. സിംഗും സൗദി അറേബ്യന്‍ ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ് ബില്‍ സല്മാന് അല്‍ സൗദും ഊര്‍ജമേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് പുനരുപയോഗ ഊര്‍ജം, ഊര്‍ജ കാര്യക്ഷമത, വൈദ്യുതി, പെട്രോളിയം, പ്രകൃതിവാതകം, ഊര്‍ജസുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. ഊര്‍ജവിതരണ ശൃംഖലകള്‍, സാങ്കേതിക വിദ്യകള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, നവീകരണം, നിര്‍മിതബുദ്ധി ഇടപെടലുകള്‍ എന്നിവയിലും കരാറായി. മേല്കരാറുകളുടെ വിലയിരുത്തലുകള്‍ പ്രധാനമന്ത്രിയുടെ ഈ സൗദി അറേബ്യ സന്ദര്‍ശന വേളയിലുണ്ടാകും.
മാറുന്ന സൗദി അറേബ്യ
ശരിയത്ത് നിയമത്തിന്റെ അതിതീവ്രതയില്നിന്നും മതപോലീസിന്റെ ഭരണ കൈകടത്തലില്‍നിന്നും സൗദി മാറുകയാണ്. കടുത്ത മതനിയന്ത്രണങ്ങളില് സൗദിയിലെ പൗരന്മാരും പ്രവാസികളും പൊറുതിമുട്ടിയ കാലമുണ്ടായിരുന്നു. കുറ്റം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷകളില്‍ ഇളവുകളില്ലെങ്കിലും സ്വാതന്ത്ര്യത്തിന്റെ പുതിയ കവാടങ്ങള്‍ തുറക്കാനും പുതുതലമുറയെ ചേര്‍ത്തുനിര്‍ത്താനും പ്രധാനമന്ത്രി മുഹമ്മദ് ബില്‍ സല്‍മാന്റെ യുവനേതൃത്വത്തിനാകുന്നു.
എണ്ണയെ മാത്രം ആശ്രയിച്ച് ഭാവിയില്‍ രാജ്യത്തിന് നിലനില്ക്കാനാവില്ലെന്നുള്ള തിരിച്ചറിവാണ് മാറ്റത്തിന്റെ പ്രധാന കാരണം. പുതുതലമുറ അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടി മടങ്ങിവരുമ്പോള്‍ ആഗോളസാധ്യതകളെ അവസരങ്ങളാക്കാന്‍ മതനിയമങ്ങള്‍ മാത്രം മുറുകെപിടിച്ചാല്‍ മതിയാവില്ലെന്നു സൗദിയിന്ന് തിരിച്ചറിയുന്നു. ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പൗരസ്വാതന്ത്ര്യം സൃഷ്ടിച്ച സമഗ്രവളര്‍ച്ചയും രാജ്യാന്തരബന്ധങ്ങളും സൗദി അറേബ്യയിലും മാറ്റങ്ങള്‍ക്ക് കാരണമായി. ടൂറിസം വികസനത്തിനായി കടുത്ത മതനിയമങ്ങള്‍ ഭേദഗതിചെയ്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു.
മിഷന് 2030ന്റെ ലക്ഷ്യസാക്ഷാത്കാര ശ്രമങ്ങള്‍ സൗദി തുടരുന്നു. ബയോടെക്നോളജിയില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ കൈവരിക്കുക, സാമ്പത്തിക അവസരങ്ങള്‍ പരമാവധിയാക്കുക, വ്യവസായങ്ങള്‍ പ്രാദേശികവത്കരിക്കുക എന്നിവയോടൊപ്പം പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുവാനുള്ള പദ്ധതികളും സൗദി സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ഗവേഷണം, വികസനം, നവീകരണം എന്നീ തലങ്ങളിലൂടെ 2040ല്‍ ബയോടെക്നോളജിയുടെ ആഗോള കേന്ദ്രമാവുകയാണ് സൗദിയുടെ ലക്ഷ്യം. ഇലക്ട്രോണിക് വ്യവസായ മുന്നേറ്റവും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്.
2024 സെപ്റ്റംബറില്‍ വാണിജ്യ രജിസ്ട്രേഷനും ട്രേഡ് നെയിമും സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പൊളിച്ചെഴുതി. ഇതോടെ സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് ഒറ്റ വാണിജ്യ രജിസ്ട്രേഷന് മതിയാവും. വ്യാപാരനാമത്തിന്റെ രജിസ്ട്രേഷനും സംരക്ഷണത്തിനും വ്യവസ്ഥകള്‍ ലളിതമാക്കി. തബൂക്കിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 24,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പടുത്തുയര്‍ത്തപ്പെടുന്ന ‘നിയോം’ മഹാനഗരം നാളെ ലോകത്തിന്റെ അത്ഭുതമാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. 2017ല്‍ പ്രഖ്യാപിച്ച അത്യന്താധുനിക മെഗാസിറ്റി മനുഷ്യരേക്കാള്‍ റോബോട്ടുകള്‍ക്ക് പ്രാധാന്യം നല്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, എണ്ണവരുമാനത്തെമാത്രം ആശ്രയിക്കാതെ ടൂറിസവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുള്ള ഈ ആഗോള ആഡംബര നഗരപദ്ധതി സൗദിയുടെ മുഖച്ഛായ മാറ്റും.
ബ്രിക്സിലെ പങ്കാളിത്തം
2023 ഓഗസ്റ്റ് 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ ചേര്‍ന്ന 15-ാം ബ്രിക്സ് ഉച്ചകോടിയില്‍ സൗദി അറേബ്യയും യുഎഇയും ബ്രിക്സില്‍ അംഗരാജ്യങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നില്‍ ഇന്ത്യയുടെ പിന്തുണയും പിന്‍ബലവുമുണ്ട്. യുഎഇ ഇതിനോടകം പൂര്‍ണ അംഗത്വമെടുത്തു. അതേസമയം ചില വിഷയങ്ങളിലുള്ള ചെറിയ ഭിന്നതകള്‍ സൗദിയെ പൂര്‍ണ അംഗത്വത്തിലാക്കിയിട്ടില്ല. ഈ പ്രശ്നങ്ങളുടെ പരിഹാരം പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തോടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.