നിശബ്ദതയുടെ ദിനം
Thursday, April 17, 2025 11:32 PM IST
ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ (അപ്പസ്തോലിക് നുൺഷ്യോ, ചിലി)
ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ഒരു പുണ്യദിനം. പള്ളിമണികൾപോലും നിശബ്ദമാകുന്ന ഈ ദിനത്തിൽ ഉയർന്നു കേൾക്കുന്നത് കാൽവരിയുടെ വിരിമാറിൽനിന്നു കേട്ട നിലവിളി മാത്രം... “ഏൽ ഏൽ ലാമാ സബക്ത്താനി; എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു.’’ 2025 വർഷങ്ങൾക്കപ്പുറം ജറൂസലെമിനു പുറത്തുള്ള ഒരു കുന്നിൻമുകളിൽ നടന്ന അതിദയനീയമായ ഒരു ക്രൂശീകരണം ഓർക്കാൻ ലോകം താത്കാലികമായി നിശ്ചലമാകുന്ന ദിനമാണ് ദുഃഖവെള്ളി. ഇതു വെറും ഒരു അനുസ്മരണമല്ല, മറിച്ച് ഒരു ഏറ്റുമുട്ടലാണ്.
ഭയവും പ്രത്യാശയും തമ്മിലുള്ള ഏറ്റുമുട്ടൽ. പാപവും രക്ഷയും തമ്മിലുള്ള ഏറ്റുമുട്ടൽ. മരണവും ഉയിർപ്പും തമ്മിലുള്ള ഏറ്റുമുട്ടൽ. മനുഷ്യന്റെ സഹനത്തിന് ദൈവം നല്കുന്ന ഉത്തരവും തേടി കുരിശുമലകൾ കയറിയിറങ്ങുന്ന ജനകോടികൾക്കു മുന്നിൽ ജീവിതത്തിന്റെ സഹനങ്ങൾക്കപ്പുറം പ്രത്യാശയുടെ തീരമണയാനുള്ള ഓർമപ്പെടുത്തലുമായാണ് സഹിക്കുന്ന ഒരു ദൈവം നമ്മെ സമീപിക്കുന്നത്.
ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽകൊണ്ടാണ്. അപമാനത്തിന്റെ ചിഹ്നമായിരുന്ന കുരിശിനെ മഹത്വത്തിന്റെ ചിഹ്നമാക്കി മാറ്റിയ ക്രിസ്തുവിനു മാത്രമേ മനുഷ്യന്റെ ജീവിതസാഹചര്യങ്ങളെ മാറ്റിമറിക്കാൻ കഴിയൂ. പ്രത്യാശയുടെയും രക്ഷയുടെയും ഉയിർപ്പിന്റെയും മഹത്വം സ്വന്തമാക്കാൻ നാമും ക്രൂശിതന്റെ പിന്നാലെ നടന്നുനീങ്ങുന്പോൾ ജീവിതത്തിലെ സഹനത്തിന്റെ വില തിരിച്ചറിയാനാകും. മനുഷ്യന്റെ ഏതു സഹനവും മനസിലാക്കാൻ ക്രിസ്തുവിനു കഴിയും എന്ന ചിന്ത നമ്മുടെ മനസിനെ ഭരിക്കുന്ന ദിനമാണ് ദുഃഖവെള്ളി.
ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകൾക്കു മുന്പിൽ ഗത്സമെനിയിൽ പ്രാർഥിച്ച ഈശോ നമ്മുടെ മനസിലുണ്ടാകണം. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്പോൾ നിരപരാധിയായി ന്യായാധിപസംഘത്തിന്റെ മുന്പിൽ നിൽക്കേണ്ടിവന്ന ക്രിസ്തു നമുക്ക് ശക്തി തരും എന്ന ഉറപ്പുവേണം. സഹനങ്ങൾക്കു മുന്പിൽ പതറിവീഴുന്പോഴും ബലഹീനതകളാൽ സ്വയം തളർന്നുപോകുന്പോഴും കുരിശുമായി മൂന്നു പ്രാവശ്യം വീണ ഈശോയെ നാം ധ്യാനിക്കണം.
ആരുമില്ലെന്ന ചിന്തയാൽ ഒറ്റപ്പെടുമെന്നു തോന്നുന്പോഴും കുരിശിൽ കിടന്ന് നിലവിളിച്ച യേശുവിനെ നാം ഓർക്കണം. ജീവിതത്തിൽ നിരാശയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്പോഴും നിനക്കുവേണ്ടി കുരിശിൽ മരിച്ച ഒരു ദൈവമുണ്ടെന്നും മൂന്നാംദിവസം ഉയിർപ്പ് സാധ്യമാണെന്നും നീ വിശ്വസിക്കണം. ജീവിതത്തിലെ കയ്പേറിയ യാഥാർഥ്യങ്ങൾക്കു മുന്പിൽ കുരിശൊരിക്കലും ഒരു കഥയുടെ അവസാനമല്ല; മറിച്ച് ഉയിർത്തെഴുന്നേൽപ്പിന്റെ മഹത്വത്തിലേക്കുള്ള ചുവടുവയ്പ് മാത്രമാണെന്നു തിരിച്ചറിയാൻ ഈ ദുഃഖവെള്ളി ആചരണം നമ്മെ സഹായിക്കുന്നില്ലെങ്കിൽ ഇതിന്റെ നിശബ്ദതകൊണ്ട് ഒരു പ്രയോജനവുമില്ല.
ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും പാപം ചെയ്തവനെയുമൊക്കെ ക്രിസ്തു തന്റെ സ്നേഹത്തിന്റെ അളവുകോൽകൊണ്ട് നോക്കിയപ്പോൾ അത് ഏറ്റുവാങ്ങാൻ മനസുകാണിച്ചവരൊക്കെ രക്ഷ പ്രാപിച്ചു എന്ന സത്യം തിരിച്ചറിയാതെ മുന്നോട്ടു പോയാൽ നിരാശയും പ്രത്യാശയും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരാശ വിജയംവരിക്കും എന്നതാണു ചരിത്രം നൽകുന്ന പാഠം.
അന്ത്യനിമിഷത്തിലും ദൈവകാരുണ്യത്തിനു മനുഷ്യനെ എത്തിപ്പിടിക്കാൻ സാധിക്കും എന്ന സത്യത്തിന്റെ ആൾരൂപമാണ് നല്ല കള്ളൻ. ഗതകാല പാപങ്ങളുടെ ഭീകരതയിൽ മനസ് തളർത്തുന്നതിൽ അർഥമില്ല. സകല പാപഭീകരതകളും കുരിശിൽ നിർവീര്യമാകുന്നു. കുരിശിൽനിന്ന് ഒഴുകുന്നത് കരുണ മാത്രമാണ്. അതുകൊണ്ടാണ് ഇന്നും കുരിശിനെ നോക്കുന്നവരൊക്കെ രക്ഷ പ്രാപിക്കുന്നത്. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “നിങ്ങൾ ഒരു കാരണവശാലും പേടിക്കരുത്, കള്ളന്മാരിൽ ഒരുവൻ രക്ഷപ്പെട്ടു. എന്നു കരുതി നിങ്ങൾ പേടിക്കാതെ ഇരിക്കരുത്, കള്ളന്മാരിൽ ഒരാൾ ശിക്ഷിക്കപ്പെട്ടു.’’നമുക്ക് മുന്നിലുള്ള സാധ്യതകളുടെ തെരഞ്ഞെടുപ്പാണ് ഉയിർപ്പിന്റെ മഹത്വത്തിലേക്ക് നമ്മെ എത്തിക്കുന്നത് എന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
ഇടതുവശത്ത് കിടക്കുന്ന കള്ളന്മാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം ഇന്നു കടന്നുപോകുന്നത്. പത്രമാധ്യമങ്ങളിലും അന്തിച്ചർച്ചകളിലും സൈബർ ഇടങ്ങളിലും എല്ലാം ക്രിസ്തുവിനെയും ക്രിസ്തുവിന്റെ സഭയെയും ദുഷിച്ചു പറയുന്നവരുടെ മുന്നിൽ, നന്മയെയും നന്മ ചെയ്യുന്നവനെയും നിസാരവത്കരിക്കുകയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ തിന്മയെ മഹത്വവത്കരിക്കുന്നവരുടെ മുന്നിൽ ഒരു വെല്ലുവിളിയായി മാറുകയാണ് നല്ല കള്ളൻ.
മനുഷ്യമസ്തിഷ്കത്തെ കാർന്നുതിന്നുന്ന ലഹരിയുടെ ലോകത്തിന് പുതിയൊരർഥവും ന്യായീകരണവും നല്കാൻ ശ്രമിക്കുന്ന ഒരു തലമുറ ഇവിടെ രൂപപ്പെടുന്പോൾ നല്ല കള്ളനെപ്പോലെ യഥാർഥ ക്രൈസ്തവ ജീവിതത്തിന്റെ മാതൃകയായി തെറ്റ് തെറ്റാണെന്നു സ്വയം അംഗീകരിക്കാനും, ഇവൻ തീർച്ചയായും ദൈവമാണ് എന്നു വിളിച്ചുപറഞ്ഞ ശതാധിപനെപ്പോലെ സത്യത്തിനു നേരേ മുഖം തിരിക്കാതിരിക്കാനും നമുക്കാകണം.
ലൗകികതയുടെ ഉന്നതശൃംഗങ്ങൾ കീഴടക്കാൻ വെന്പൽകൊള്ളുന്ന ആധുനിക തലമുറയ്ക്ക് തീർച്ചയായും ഒരു വെല്ലുവിളിയാണ് കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തു. ആത്മത്യാഗത്തിന്റെ കാൽവരിയേക്കാൾ ലളിതമായ ഒരു മാർഗം തെരഞ്ഞെടുക്കാമായിരുന്നില്ലേ അവന്, ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറക്കാതെ, ഗത്സമെനിയിൽ രക്തം വിയർക്കാതെ, യൂദാസിന്റെ ചുംബനക്ഷതമേൽക്കാതെ, പത്രോസിന്റെ തള്ളിപ്പറയലിന്റെ പ്രഹരമേൽക്കാതെ, കുരിശിന്റെ വഴികളിലൂടെയുള്ള യാത്രകളില്ലാതെ, ഒടുവിലത്തെ സഹനബലി ഇല്ലാതെതന്നെ വേണമെങ്കിൽ അവന് ലോകത്തെ രക്ഷിക്കാമായിരുന്നില്ലേ.
നമ്മുടേതുപോലെയുള്ള ലാഭത്തിന്റെ കണക്കുപുസ്തകങ്ങൾ അവന് ഇല്ലാത്തതുകൊണ്ട് അവസാനതുള്ളി രക്തംകൂടി ഒഴുക്കിക്കളഞ്ഞുകൊണ്ടാണ് അവൻ ലോകത്തെ വീണ്ടെടുത്തത്. അങ്ങനെ ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹം മരണത്തേക്കാൾ ശക്തമാണെന്ന് കുരിശിലൂടെ ലോകത്തിന് വെളിപ്പെടുത്തിയ ഈ പുണ്യദിനത്തിന്റെ ഓർമകൾക്കു നടുവിൽ അവിടത്തെ പീഡാസഹനത്തിന്റെ ആഴങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് നമുക്കും നിശബ്ദരാകാം. ഭയത്തിന്റെയും ബലഹീനതയുടെയും നഷ്ടപ്പെടുത്തലുകളുടെയുമൊക്കെ പരീക്ഷകളെ തരണംചെയ്യാൻ നമുക്ക് അവന്റെ പീഡാസഹനവും കുരിശുമരണവും ആവശ്യമാണ്.
എന്തിനുവേണ്ടി നാം നിശബ്ദരാകണം? എന്തുകൊണ്ടാണ് ഈ പുരാതനമരണം ഇപ്പോഴും പ്രാധാന്യമുള്ളതായി മാറുന്നത്? നിശബ്ദതയുടെ ആഴങ്ങളിൽ ഇങ്ങനെ ഒട്ടനേകം ചോദ്യങ്ങൾ വെല്ലുവിളിയായി നമുക്കു മുന്പിൽ ഉയർന്നുവരുന്പോൾ കാൽവരിയുടെ മഹത്വത്തിലേക്ക് നടന്നടുക്കാൻ, ഭയത്തിന്റെയും ബലഹീനതയുടെയും നഷ്ടപ്പെടലുകളുടെയുമൊക്കെ പരീക്ഷകളെ തരണം ചെയ്യാൻ, നമുക്ക് അവന്റെ പീഡാസഹനവും കുരിശുമരണവും ആവശ്യമാണ്. ഒരു മനുഷ്യായുസിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സഹനങ്ങളെ മുഴുവൻ ജീവിതത്തിലേറ്റുവാങ്ങിയ ഒരു ദൈവത്തിന് മാത്രമേ എക്കാലവും മനുഷ്യനെ മനസിലാക്കാനാകൂ.
ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും പാപംചെയ്തവനെയുമൊക്കെ വിധിക്കാതെ, കുറ്റപ്പെടുത്താതെ ക്രിസ്തുസ്നേഹത്തിന്റെ അളവുകോൽകൊണ്ട് നോക്കിയപ്പോൾ അതേറ്റുവാങ്ങാൻ മനസ് കാണിച്ചവരൊക്കെ രക്ഷപ്രാപിച്ചു. ജീവിതത്തിന്റെ ഏതവസ്ഥയിലാണെങ്കിലും ക്രിസ്തുവിന്റെ കുരിശിന്റെ വഴിത്താരയിലൂടെ നടന്ന് പ്രത്യാശയുടെ തീർഥാടകരായി, മഹത്വമേറിയ ഉയിർപ്പിന്റെ സന്തോഷം അനുഭവിക്കാൻ ഈ ദുഃഖവെള്ളി ആചരണം നമ്മെ ശക്തരാക്കട്ടെ.