കുട്ടികൾക്ക് ഡിജിറ്റൽ ലോകത്തും കരുതൽ വേണം
ഡോ. സജി മാത്യു
Thursday, April 17, 2025 11:28 PM IST
നമ്മുടെ കുട്ടികൾ വളരുന്നത് ഒരു പുതിയ ലോകത്തിലാണ്. ഇന്നത്തെ തലമുറ മൊബൈൽ ഫോണുകളും ടാബ്ലെറ്റുകളും കംപ്യൂട്ടറുകളും കൊണ്ട് നിറഞ്ഞ ഒരു സാഹചര്യത്തിലാണ് വളരുന്നത്. ഓൺലൈൻ ഗെയിമുകളും പഠന ആപ്പുകളും യുട്യൂബും ഇൻസ്റ്റഗ്രാമും എല്ലാം അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുന്നു. ഈ ഡിജിറ്റൽ ലോകം അവർക്ക് അറിവിന്റെയും വിനോദത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്നുകൊടുക്കുന്നുണ്ടെങ്കിലും അതോടൊപ്പം ഗുരുതരമായ അപകടസാധ്യതകളുമുണ്ട്.
ഡിജിറ്റൽ ലോകത്തിലെ അപകടങ്ങൾ
നമ്മുടെ കുട്ടികൾ നേരിടുന്ന ഡിജിറ്റൽ ലോകത്തിലെ പ്രധാന അപകടങ്ങൾ നിരവധിയാണ്.സൈബർ ബുള്ളിയിംഗ് എന്ന രൂപത്തിൽ ഓൺലൈനിൽ കുട്ടികളെ നിരന്തരം അപമാനിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഓൺലൈൻ ഗ്രൂമിംഗ് എന്ന രീതിയിൽ കുട്ടികളെ ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട് മുതിർന്നവർ അവരുമായി സൗഹൃദം സ്ഥാപിക്കുന്ന പ്രക്രിയ നടക്കുന്നുണ്ട്.
അനുചിതമായ ഉള്ളടക്കത്തിന് എക്സ്പോഷർ ആകുന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. അക്രമം, ലൈംഗികത, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കുട്ടികളിലേക്കെത്തുന്നത് അവരുടെ മനസിനെ ദോഷകരമായി ബാധിക്കുന്നു. ചില ഓൺലൈൻ ട്രെൻഡുകളും ചലഞ്ചുകളും കുട്ടികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഏറ്റവും അപകടകരമായ പ്രവണത.
ഇത്തരം അപകടങ്ങൾ നമ്മുടെ വീടുകളിലേക്ക് സ്ക്രീനുകളിലൂടെ കടന്നുവരുന്നു. നമ്മുടെ കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യത്തിന് ഇവ ഗുരുതരമായ ഭീഷണിയാണ്.
ഇന്ത്യയിലെ നിയമസംവിധാനങ്ങൾ
ഇന്ത്യയിൽ കുട്ടികളെ ഡിജിറ്റൽ ലോകത്തിൽ സംരക്ഷിക്കുന്നതിനായി നിലവിൽ പല നിയമങ്ങളും പ്രവർത്തിക്കുന്നുണ്ട്.ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 ഇതിൽ പ്രധാനമാണ്. ഈ നിയമത്തിലെ സെക്ഷൻ 67B, സെക്ഷൻ 66E, സെക്ഷൻ 69A എന്നിവ കുട്ടികളെ ഓൺലൈൻ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ് (POCSO) ആക്ട് 2012 എന്ന നിയമം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ഓൺലൈൻ ഗ്രൂമിംഗ്, ബാലപീഡനം, അശ്ലീല സാമഗ്രികൾ എന്നിവയ്ക്കെതിരേ കർശന നടപടികൾ നിർദേശിക്കുന്നു. പോക്സോ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ജാമ്യമില്ലാത്തതുമാണ്, ഇത് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമത്തിന്റെ ഗൗരവം കാണിക്കുന്നു.
ഭാരതീയ ന്യായ സംഹിത 2023 സെക്ഷൻ 78, 79, 294, 295, 296 എന്നിവയും കുട്ടികൾക്കെതിരായ അപരാധങ്ങൾക്ക് ശിക്ഷ വിധിക്കുന്നു. ജുവനൈൽ ജസ്റ്റീസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട് 2015 കുട്ടികളുടെ പരിചരണം, സംരക്ഷണം, പുനരധിവാസം എന്നിവയ്ക്കായി വ്യവസ്ഥ ചെയ്യുന്ന മറ്റൊരു നിയമമാണ്. ഈ നിയമം മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രത്യേക നടപടികൾ നിർദേശിക്കുന്നു.
സുപ്രീംകോടതിയുടെ പുതിയ നടപടികൾ
ഒരു കേസിൽ സുപ്രീംകോടതി കുട്ടികളുടെ ഡിജിറ്റൽ ചൂഷണത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. ഈ ചരിത്രപരമായ വിധിയിലൂടെ പലതും പ്രതീക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയ കമ്പനികൾക്കു കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുട്ടികളുടെ ദുരുപയോഗ ഉള്ളടക്കം നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നിർബന്ധിതമാക്കുമെന്നു കരുതുന്നു. ഹാനികരമായ ഉള്ളടക്കം വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
സ്കൂളുകൾക്കും രക്ഷിതാക്കൾക്കുമുള്ള ഓൺലൈൻ സുരക്ഷാ മാർഗനിർദേശങ്ങൾ വികസിപ്പിക്കുകയും കുട്ടികൾക്കായി ദേശീയ ഓൺലൈൻ സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്യും എന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, സുരക്ഷിതമായ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിനായി ടെക് കമ്പനികളുമായി സഹകരണംഉറപ്പുവരുത്തുമെന്നും കരുതുന്നു. ഈ വിധി കുട്ടികൾക്കായുള്ള നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നു. സുപ്രീംകോടതിയുടെ ഇടപെടൽ ഇതിലേക്കുള്ള ഒരു വഴിത്തിരിവാണ്. കുട്ടികൾ വെറും ക്ലാസ്റൂമുകളിലും കളിസ്ഥലങ്ങളിലും മാത്രമല്ല, ഇന്റർനെറ്റിലും സംരക്ഷിക്കപ്പെടേണ്ടവരാണ്.
മാതാപിതാക്കളും സ്കൂളുകളും ചെയ്യേണ്ടത്
കൂടുതൽ ശക്തമായ നിയമങ്ങൾ വരുന്നതുവരെ, മാതാപിതാക്കൾക്കും സ്കൂളുകൾക്കും ഇപ്പോൾ തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഓൺലൈൻ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. സുരക്ഷിത ഓൺലൈൻ പെരുമാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുകയും വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുന്നതിന്റെ അപകടസാധ്യതകൾ പഠിപ്പിക്കുകയും ചെയ്യേണ്ടതാണ്.
രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിക്കുന്നതും അത്യന്താപേക്ഷിതമാണ്. ഉപകരണങ്ങളിലും ആപ്ലിക്കേഷനുകളിലും രക്ഷാകർതൃ നിയന്ത്രണങ്ങൾ സജ്ജമാക്കുകയും കുട്ടികളുടെ സ്ക്രീൻ സമയം നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്. ഇതിലൂടെ കുട്ടികൾ അനുചിതമായ ഉള്ളടക്കങ്ങളിലേക്ക് എത്തിപ്പെടുന്നത് തടയാൻ കഴിയും. തുറന്ന സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും പ്രധാനമാണ്.
അവരുടെ ആശങ്കകളും പ്രശ്നങ്ങളും തുറന്നുപറയാനുള്ള അന്തരീക്ഷം വീട്ടിലും സ്കൂളിലും ഉണ്ടാകണം. ഓൺലൈൻ ദുരുപയോഗം സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുക എന്നതും വളരെ പ്രധാനമാണ്. ഏതെങ്കിലും ദുരുപയോഗം കണ്ടാൽ ഉടൻതന്നെ cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ സമയോചിതമായ പ്രതികരണം വളരെ പ്രധാനമാണ്.
ഡിജിറ്റൽ ലോകത്തിലെ നമ്മുടെ കുട്ടികളുടെ സുരക്ഷ മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്. നമ്മുടെ കുട്ടികൾ ഡിജിറ്റൽ പൗരന്മാരായി വളരുകയാണ്. നമ്മുടെ കുട്ടികളെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായി കരുതുവാൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.