മരിയോ വർഹാസ് യോസ; എഴുത്തിലെ വിപ്ലവകാരി
Wednesday, April 16, 2025 2:24 AM IST
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതുല്യ പ്രതിഭ മരിയോ വർഗാഹാസ് യോസയെക്കുറിച്ച് പറയുന്പോൾ മലയാളി വായനക്കാർക്ക് നൂറു നാവാണ്. യോസ മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് ആകുന്നത് എന്തുകൊണ്ടാണ്? ആ ഒരു ചോദ്യത്തിന് ഉത്തരം തേടുന്പോഴാണ് നമുക്ക് ഒരുകാര്യം മനസിലാവുന്നത്, അദ്ദേഹം എഴുതിയ കൃതികളിലെല്ലാം മലയാളികൾക്ക് തങ്ങളുടെ ജീവിതമാണ് കാണാൻ കഴിഞ്ഞിരുന്നത് എന്ന്. എന്നാൽ, അദ്ദേഹം എഴുതിയിരുന്നതാവട്ടെ മൂന്നാംലോക മനുഷ്യരുടെയും സമൂഹങ്ങളുടെയും രാഷ്ട്രീയ ജീവിതമായിരുന്നു. അദ്ദേഹം ഒരിക്കലും കേരളമെന്ന സംസ്ഥാനമോ മലയാളികളുടെ ജീവിതമോ അറിഞ്ഞിട്ടേയില്ല. പക്ഷേ, മലയാളിക്ക് അത് തങ്ങളുടെ ജീവിതത്തിന്റെ പകർപ്പെഴുത്തായി അനുഭവപ്പെട്ടതിനു കാരണം മറ്റൊന്നുമല്ല, എഴുത്തിൽ അദ്ദേഹം പാലിച്ച, കാത്തുസൂക്ഷിച്ച സത്യസന്ധതയായിരുന്നു. പ്രമേയം തെരഞ്ഞെടുക്കുന്നതിലും ഭാഷാശൈലി പിൻപറ്റുന്നതിലും അദ്ദേഹം ഒരിക്കലും വ്യാജം കലർത്തിയില്ല. അക്കാര്യത്തിൽ അദ്ദേഹം പുലർത്തിയ ജാഗ്രതയാണ് അദ്ദേഹത്തിന്റെ കൃതികളെ ജനകീയമാക്കിയത്. ഗബ്രിയേൽ ഗാർസിയ മാർക്കേസിനും മെക്സിക്കൻ എഴുത്തുകാരൻ കാർലോസ് ഫ്യുന്റസിനുമൊപ്പം മരിയ വർഹാസ് യോസയും മലയാളികളുടെ സ്വന്തമാണ്.
എഴുത്തിൽ സത്യം പറയാൻ തുനിഞ്ഞിറങ്ങിയവൻ എല്ലാക്കാലത്തും വിപ്ലവകാരിയും ധിക്കാരിയുമാണല്ലോ. യോസയാവട്ടെ എഴുത്തിലും ചിന്തയിലും നീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം എല്ലാക്കാലത്തും മതങ്ങളോടും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളോടും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഇത്തരം ഏറ്റുമുട്ടലുകൾ നടക്കുന്പോഴും യോസയുടെ രാഷ്ട്രീയ നിലപാടുകൾ എല്ലാക്കാലത്തും മാറിമറിഞ്ഞിരുന്നു. എഴുത്തിൽ അദ്ദേഹം എത്രത്തോളം സങ്കീർണമായ വിഷയങ്ങളാണോ കൈകാര്യം ചെയ്തിരുന്നത്, അത്രത്തോളംതന്നെ സങ്കീർണമായിരുന്നു അദ്ദഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും.
എഴുപതുകളിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹം ഒരു പതിറ്റാണ്ടിനിടെ ഇടതുപക്ഷ ചിന്തകളിൽനിന്ന് ലിബറൽ-വലതുപക്ഷ ആശയങ്ങളിലേക്കു ചുവടുമാറ്റി. അദ്ദേഹത്തിന്റെ ഈ മാറ്റം പലരെയും അന്പരപ്പിച്ചു. എന്നാൽ, യോസയ്ക്ക് ഇത് ഒരു തിരിച്ചറിവിന്റെ ഭാഗമായിരുന്നു. ഫാസിസമോ കമ്യൂണിസമോ ആകട്ടെ, ഏതൊരു അധികാരവ്യവസ്ഥയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്പോൾ അത് വിമർശിക്കപ്പെടണമെന്ന് അദ്ദേഹം വിശ്വസിച്ചു.
1990ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, അദ്ദേഹം പിന്നീട് തന്റെ കോളങ്ങളിലൂടെയും ഉപന്യാസങ്ങളിലൂടെയും രാഷ്ട്രീയ സംവാദങ്ങളിൽ സജീവമായി. അതിന്റെ കാരണമാവട്ടെ ക്യൂബൻ കവിയായ ഹെബെർത്തോ പാദിയയെ ഫിഡൽ കാസ്ട്രോ രാഷ്ട്രീയ തടവുകാരനാക്കിയതാണ്. ഏതാനും വർഷങ്ങൾക്കു മുന്പുവരെ അദ്ദഹം ക്യൂബൻ വിപ്ലവത്തെ പിന്തുണയ്ക്കുകയും ഫിഡൽ കാസ്ട്രോയെ വാഴ്ത്തുകയും ചെയ്തിരുന്ന ആളായിരുന്നു. എന്നാൽ, എപ്പോഴാണോ കാസ്ട്രോ സ്വാതന്ത്ര്യത്തിനെതിരേ നിലപാടെടുത്തത്, അന്നുമുതൽ യോസ കാസ്ട്രോയുടെ വിമർശകനുമായി.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ വച്ചുപുലർത്തിയതിനപ്പുറം കക്ഷി രാഷ്ട്രീയത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1990ൽ പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും അദ്ദഹം തയാറായി. പക്ഷേ, തോൽവിയായിരുന്നു ഫലം. തെരഞ്ഞെടുപ്പിൽ തന്നെ തോൽപിച്ച അൽബെർത്തോ ഫ്യൂജിമോറിയുടെ ഭരണത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ദ നെയിബർ ഹുഡ് എന്ന നോവലെഴുതിയാണ് അദ്ദേഹം തന്റെ പ്രതികരണം ലോകത്തെ അറിയിച്ചത്.
പെറുവിലെ അരെക്കീപ്പ നഗരത്തിൽ 1936ലാണ് യോസ ജനിച്ചത്. അദ്ദേഹത്തെ ഗർഭത്തിൽ പേറുന്ന കാലത്തുതന്നെ അദ്ദഹത്തിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷമാണ് അദ്ദേഹം ജനിക്കുന്നത്. അമ്മയും അമ്മവീട്ടുകാരുമാണ് യോസയെ വളർത്തിയത്. ഗർഭാവസ്ഥയിൽ വിവാഹമോചനം നേടിപ്പോയതിനെത്തുടർന്ന് യോസയുടെ അമ്മവീട്ടുകാർക്ക് അദ്ദേഹത്തിന്റെ അച്ഛനോട് കടുത്ത എതിർപ്പുണ്ടായിരുന്നു. അതിനെത്തുടർന്ന് അമ്മയും അമ്മയുടെ ബന്ധുക്കളും യോസയോട് അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചുപോയിരുന്നു എന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പിന്നീട്, ദീർഘകാലത്തിനു ശേഷമാണ് അദ്ദേഹം സത്യം മനസിലാക്കുന്നതും അച്ഛനെ കണുന്നതും. പതിനാലാമത്തെ വയസിൽ യോസ സൈനിക അക്കാഡമിയിൽ ചേർന്നു. എന്നാൽ, അദ്ദഹത്തിനു സൈനിക സേവനത്തോട് വലിയ താത്പര്യം തോന്നാതിരുന്നതിനെത്തുടർന്ന് അദ്ദേഹം അക്കാഡമിയോട് അധികം താമസിയാതെ വിടപറഞ്ഞു.അപ്പോൾ അദ്ദേഹത്തിനു പതിനാറു വയസേ ഉണ്ടായിരുന്നുള്ളൂ.
അക്കാലത്തുതന്നെ എഴുത്തിനോടും വായനയോടും താത്പര്യമുണ്ടായിരുന്ന യോസ തന്റെ വഴി എഴുത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം എഴുത്തുകാരന്റെയും പത്രപ്രവർത്തകന്റെയും കുപ്പായമണിഞ്ഞു. 1955ൽ തന്റെ പത്തൊൻപതാമത്തെ വയസിൽ അദ്ദേഹം വിവാഹം കഴിച്ചു. വധുവായി തെരഞ്ഞെടുത്തതാവട്ടെ തന്റെ ബന്ധുകൂടിയായ ഹുലിയ അർക്കീദിയെ ആണ്. 1964ൽ ഇരുവരും വിവാഹ മോചനം നേടി. പിന്നീട് തന്റെ കസിൻ പാട്രീഷ്യയെയും ഇസബേൽപ്രിസ്ലെറിനെയും അദ്ദേഹം ജീവിത പങ്കാളികളാക്കി. ഇരുപതാമത്തെ വയസുമുതൽ എഴുത്തിൽ യോസ സജീവമായിത്തുടങ്ങി. ഇരുപത്തി ഏഴാമത്തെ വയസിൽ പ്രസിദ്ധീകരിച്ച ദ ടൈം ഓഫ് ദ ഹീറോ എന്ന നോവൽ പുറത്തിറങ്ങിയതോടെ അദ്ദേഹം വായനക്കാർക്ക് സുപരിചിതനായി. ഈ നോവലിൽ രണ്ടു വർഷത്തോളമുണ്ടായിരുന്ന തന്റെ സൈനിക പരിശീലനത്തിന്റെ പശ്ചാത്തലമാണ് യോസ വിവരിച്ചത്. ഈ നോവൽ സൈനിക അക്കാഡമിയിലെ അനുഭവത്തിന്റെ തുറന്നെഴുത്തായതുകൊണ്ടുതന്നെ വിവാദങ്ങളും സൃഷ്ടിച്ചു.
ഏതു സാഹചര്യത്തെയും നേരിടാൻ പാകത്തിനു തയാറാക്കിയ പരിശീലന പരിപാടിയെ വിമർശിക്കുക വഴി ചെറുതല്ലാത്ത പുകിലൊന്നുമല്ല ദ ടൈം ഓഫ് ദ ഹീറോ സൃഷ്ടിച്ചത്. ഈ നോവൽ പോപ്പുലറായതോടെ വലിയ ഒരു വിഭാഗം വായനക്കാരെ അദ്ദേഹം തന്റെ ആരാധകരാക്കിയെന്നു പറയാം. പിന്നീട് രണ്ടു വർഷത്തിനു ശേഷം പുറത്തിറങ്ങിയ ഗ്രീൻ ഹൗസും വായനക്കാരുടെ ഇടയിൽ ഓളമുണ്ടാക്കി. വേശ്യാലയത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവലിൽ സമൂഹം എല്ലാക്കാലത്തും പുലർത്തിപ്പോരുന്ന കപടസദാചാര ബോധത്തെ അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. ഈ നോവൽ പുറത്തിറങ്ങുന്പോൾ യോസയ്ക്ക് മുപ്പതു വയസുപോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. യോസയുടെ മികച്ച കൃതികളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ച നോവലാണ് ഗ്രീൻ ഹൗസ്.
സൈനിക അക്കാഡമിയിലെ അനുഭവങ്ങളിലൂടെ സൈനിക പരിശീലനത്തിലെ മനുഷ്യത്വ വിരുദ്ധതയും ഗ്രീൻ ഹൗസിലൂടെ സാമൂഹിക യാതാർഥ്യങ്ങളെ തുറന്നുകാട്ടുകയും ചെയ്ത യോസയെ ആയിരുന്നില്ല 1977ൽ പുറത്തിറങ്ങിയ ഓന്റ് ജൂലിയ എന്ന ലോവലിൽ കാണാനാവുക. ഈ നോവലിൽ പ്രണയത്തിന്റെയും യൗവനത്തിന്റെയും തീക്ഷണതായാണ് നമുക്ക് തൊട്ടറിയാനാവുക. നാലു വർഷങ്ങൾക്കു ശേഷം പുറത്തുവന്ന വാർ ഓഫ് ദ എൻഡ് ഓഫ് ദ വേൾഡും വലിയ വിവാദങ്ങൾ സൃഷ്ടിച്ചു.
എണ്പത്തി ഒന്പതാം വയസിൽ തന്റെ എഴുത്ത് ജീവിതം അവസാനിപ്പിച്ച് കാലയവനികയ്ക്കു പിന്നിൽ മറയുന്പോൾ അവസാനിക്കുന്നത് ലാറ്റിനമേരിക്കൻ സാഹിത്യവുമായുള്ള മലയാളിയുടെ ആത്മബന്ധത്തിന്റെ തെളിച്ചമേറിയ അടയാളമാണ്. ലോക സാഹിത്യത്തിനു നഷ്ടമാവുന്നതാവട്ടെ മഹാനായ മനുഷ്യനെയാണ്.
അതിശയകരമായ പ്രമേയങ്ങളിലൂടെയും അനുപമമായ എഴുത്തു ശൈലിയിലൂടെയും വിസ്മയിപ്പിച്ച എഴുത്തുകാരനെയുമാണ്.