ക്ഷണഭംഗുരം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, April 16, 2025 1:13 AM IST
ഒരു പുസ്തകം ഓർമ വരുന്നു - Heaven and Hell. സ്വർഗവും നരകവും. വിഖ്യാതനായ ദാർശനികൻ ആൽഡസ് ഹക്സിലിയുടെ ശ്രേഷ്ഠരചനകളിലൊന്നാണത്. ഞാനത് വായിച്ചിട്ടില്ല. ഒരിക്കൽ എം.എൻ. വിജയൻ മാഷ് ഈ പുസ്തകത്തെക്കുറിച്ചു പറഞ്ഞത് കേട്ടിട്ടുണ്ട്. മയക്കുമരുന്നുപയോഗിച്ചാൽ മനസിനും ശരീരത്തിനും ബുദ്ധിക്കുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചൊക്കെയാണ് പുസ്തകം ചർച്ച ചെയ്യുന്നത്.
ഈ പുസ്തകം എഴുതാൻവേണ്ടി മാത്രം ഹക്സിലി ചെറിയ അളവിൽ മയക്കുമരുന്നുപയോഗിച്ചു. അത് തന്നിലുണ്ടാക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹമൊരു മനഃശാസ്ത്രജ്ഞനെയും ഡോക്ടറെയും അടുത്തിരുത്തി. തനിക്കുണ്ടാകുന്ന മാറ്റങ്ങൾ ഒന്നും വിട്ടുപോകാതെ എഴുതിവയ്ക്കാൻ അവരോട് ആവശ്യപ്പെട്ടശേഷം ഹക്സിലി മരുന്നു കഴിച്ചു. മരുന്നിന്റെ പിരിമുറുക്കം കഴിഞ്ഞ് മനഃശാസ്ത്രജ്ഞനും ഡോക്ടറും രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ ചേർത്തുവച്ച് അദ്ദേഹമൊരു പുസ്തകമെഴുതി; ‘സ്വർഗവും നരകവും’.
ഹക്സിലിയെ വായിക്കാത്തതിന്റെ കുറവ് പിൽക്കാലത്ത് ഞാൻ പരിഹരിച്ചത് സ്വർഗനരകങ്ങൾക്കിടയിൽനിന്ന് ഉയർന്നുകേട്ട ഏറ്റവും ദുഃഖഭരിതമായ ചില വരികളിൽനിന്നായിരുന്നു.
ആ വരികൾ നരകസമാനങ്ങളായിരുന്നു. ആ വരികളെഴുതിയവരിൽ ഒരാൾ ഇടപ്പള്ളി രാഘവൻപിള്ളയായിരുന്നു. അദ്ദേഹം എന്റെ ജന്മനഗരത്തിനുള്ളിലെ ഒരു വീട്ടിൽവച്ചാണ് അവസാനമായി അതെഴുതിയത്. അത് മൃത്യുവിന്റെ ‘മണിനാദ’മായിരുന്നു. നാദം പതുക്കെ മുഴക്കമായി മാറുന്നതും ‘വരുന്നു ഞാനെ’ന്ന ഉറച്ച കാൽവയ്പിന്റെ പരുത്ത ശബ്ദമായി അതു പരിണമിക്കുന്നതും അവിടെവച്ചായിരുന്നു. എഴുതിക്കഴിഞ്ഞ് ഇടപ്പള്ളി ഒരു പൂമാല കഴുത്തിലണിഞ്ഞ് ഒരു മുഴം കയറിൽ ഒരു ചോദ്യചിഹ്നമായി തൂങ്ങിനിന്നു. ശ്വസിച്ച വായുവും കഴിച്ച അന്നവും ഉടുത്ത വസ്ത്രവും ആ അല്പായുസിനു തുണയായില്ല. അന്നൊരു ദുഃഖവെള്ളിയാഴ്ച ആയിരുന്നെങ്കിലെന്ന് ഞാനാശിച്ചിട്ടുണ്ട്. കുരിശിന്റെ വഴിയേ നീങ്ങിയവർ അവനെ കാണുകയും കുരിശിൽനിന്നിറക്കി തൈലം പൂശി നഗരം കാണിക്കാൻ കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. ഒന്നും നടന്നില്ല. അനാഥനെപ്പോലെ ജനിച്ചു ജീവിച്ചു മരിച്ച പ്രണയപാപി.
അച്ഛനാണെനിക്ക് ഇടപ്പള്ളി ആത്മഹത്യ ചെയ്ത വീട് ആദ്യമായി കാട്ടിത്തന്നത്. അതൊരു മഴക്കാലത്തായിരുന്നു. ആദ്യകാഴ്ചയിൽ അതൊരു ലോഹകവചം ധരിച്ച ദുർഗം പോലെ തോന്നി. വീടിനു മുന്നിൽ ഇലകൾ ഉപേക്ഷിച്ചുപോയ ഒരു ചില്ല മഴ നനഞ്ഞു നിൽപ്പുണ്ടായിരുന്നു. പ്രണയത്തിനർഥം വ്യസനമാണെന്ന് അതിൽനിന്നൂർന്ന മഴത്തുള്ളികൾ മന്ത്രിക്കുന്നതുപോലെ തോന്നി. “ഇതൊരു വീടല്ല, ശവകുടീര”മാണെന്ന് അച്ഛൻ പറഞ്ഞു.
ചങ്ങമ്പുഴയുടെ ‘സ്പന്ദിക്കുന്ന അസ്ഥിമാടം’ വായിക്കുമ്പോഴെല്ലാം ഞാനീ വീടിനെ ഓർക്കും. മുതിർന്നപ്പോൾ പലർക്കുമൊപ്പം ആ വീട് കാട്ടിക്കൊടുക്കാൻ പോയിട്ടുണ്ട്. അപ്പോഴെല്ലാം ആ വീടിന്റെ ജനലഴികൾ പിടിച്ച് ആരോ പുറത്തേക്കു നോക്കി നിൽക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അയാളുടെ ശബ്ദം ഒരു നരകവാസിയുടേതുപോലെ പ്രാകൃതമായിരുന്നു. തകർന്ന മുരളിയും പിടിച്ചുകൊണ്ട് എരിവെയിലിലേക്കു നോക്കിനിന്നത് ഇടപ്പള്ളി ആയിരുന്നില്ലേ എന്ന് ഇപ്പോൾ തോന്നുന്നു. എല്ലാം തോന്നലാണ്. തോന്നലുകളിലാണ് മനുഷ്യൻ സങ്കല്പങ്ങൾ കെട്ടിപ്പൊക്കുന്നത്. സങ്കല്പങ്ങളിലാണ് സ്വർഗമിരിക്കുന്നതെന്നൊരു സൂഫി മൊഴിയുണ്ട്. സങ്കല്പങ്ങളിൽ ജീവിച്ച കവിയായിരുന്നു ഇടപ്പള്ളി. ഒരു നരകവാസിയുടെ നഷ്ടജാതകവും പേറി അയാൾ കുറച്ചുകാലം ഭൂമിയിൽ ജീവിച്ചു. അയാൾക്ക് അയാൾ അന്യനും അജ്ഞാതനുമായിരുന്നു.
അനന്തമായ ഈ അന്യതകൾക്കിടയിൽ തളംകെട്ടിക്കിടന്ന ജലാശയത്തിലാണ് ഇടപ്പള്ളിയുടെ ചകിതമാനസം ആദ്യം മുങ്ങിത്താണത്. അതോടെ അയാളുടെ മനസ് ഒരു ജീർണതമസായിത്തീർന്നു. അതോടെ അയാൾക്ക് അയാളിലുള്ള നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടു. അത് കാലവും ജീവിതവും പ്രണയവും ചേർന്നു നടത്തിയ ഒരു ഗൂഢാലോചനയായിരുന്നു. ആലോചനാനന്തരം കവിത മാപ്പുസാക്ഷി മാറുകയായിരുന്നു. കവി മരിച്ചുവീഴുന്നിടം നരകമായിത്തീരുമെന്ന് ഫ്രഞ്ച് കവി ലൂയിസ് ലെബെ എഴുതിയിട്ടുണ്ട്. ആ അർഥത്തിൽ എന്റെ നഗരം ഒരു മൃതനഗരമാണ്.
ഇടപ്പള്ളി മാത്രമല്ല, മരണത്തിലേക്കുള്ള അവസാന ബോട്ട് കാത്ത് ഒരു മഹാകവി നിന്നതും ഈ നഗരത്തിലാണ്. ഒടുങ്ങാത്ത ഒരുൾതൃഷ്ണ വിടർത്തിനിന്ന കുമാരനാശാനെ ഞാനിപ്പോഴും അവിടെ ചെന്നിരിക്കുമ്പോൾ തിരയാറുണ്ട്. അഷ്ടമുടിക്കായലിനു മീതെ പൊന്തുന്ന ഓരോ തുടിപ്പിലും ഞാനൊരു ജീവന്റെ നാന്പി തിരയാറുണ്ട്. നെറുകയിൽ വീണ്ടും വീണ്ടും പൊള്ളിക്കുന്ന കാലമേ, നിന്റെ നിശ്ചലക്കയങ്ങളിൽ മുക്കിക്കൊന്നത് ഒരു കവിയെ ആയിരുന്നില്ല; ഒരായുധപ്പുരയെ ആയിരുന്നു എന്ന് വിളിച്ചുപറയാൻ തോന്നിപ്പോകുന്നു. ഒരിക്കൽ ഇതെല്ലാമോർത്ത് അവിടെയിരുന്നു കരഞ്ഞപ്പോൾ ഒരു മധ്യവയസ്കൻ എന്റെ അരികിലേക്കു വന്നു. അയാൾ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കിനിന്നു; എന്നിട്ടു പറഞ്ഞു: “നിന്റെ ദുഃഖം എനിക്കും. എന്റെ ദുഃഖം നിനക്കുമറിയാം. പിന്നെന്തിനാണ് നാം അന്യോന്യം നോക്കിക്കരയുന്നത്?” ഒന്നുകൂടി അയാൾ പറഞ്ഞു: “എല്ലാവരും എല്ലാവരെയും നോക്കി കരയുകയാണ്; പക്ഷേ, അതാരും തിരിച്ചറിയുന്നില്ല എന്നുമാത്രം!”
അയാളെ എനിക്കറിയാമായിരുന്നു. നഗരത്തിരക്കിനിടയിൽവച്ച് പലപ്പോഴും ഞാനയാളെ കണ്ടിട്ടുണ്ട്. മഞ്ജുഷ വിദ്യാധരൻ. ബഷീറിന്റെ സുഹൃത്ത്, പ്രസാധകൻ, പത്രാധിപർ. അയാൾ ചുരുങ്ങിയ വാക്കുകളിൽ അയാളുടെ ജീവിതം പറഞ്ഞു. പേജ് നമ്പരിടാതെ തുന്നിക്കെട്ടിയ തോന്ന്യാക്ഷരങ്ങളുടെ ഒരു പുസ്തകം, അയാളുടെ നഖങ്ങൾക്കിടയിലെ അഴുക്ക് നഖത്തേക്കാൾ വേഗത്തിൽ പുറത്തേക്കു വളർന്നിറങ്ങുമോ എന്നു തോന്നി. ഒടുവിലയാൾ ചോദിച്ചു “പുഴുവരിക്കും മുൻപ് എന്റെ ശരീരത്തിന് തീകൊളുത്തുന്നവരിൽ ഒരാളായി നീ വരുമോ”. ഞാൻ നടുങ്ങിപ്പോയി.
എന്റെ നിശബ്ദത കണ്ട് നരകവാസിയായ ആ മനുഷ്യൻ എഴുന്നേറ്റു പോയി. ജനിച്ചുപോയതിന്റെ മഹാസങ്കടം വേച്ചുവേച്ചു നടന്നുപോയ ആ മനുഷ്യനിൽ ഞാനനുഭവിച്ചു. സോഫോക്ലിസിന്റെ ഈഡിപ്പസിനെപ്പോലെ, ഒന്നുമറിയാതെ വിധിയെ അനുസരിക്കുന്ന മനുഷ്യർ. ദൈവങ്ങളുടെ രഹസ്യം ചോർത്തിയതിന് ശിക്ഷിച്ച് ഭൂമിയിലേക്കു പറഞ്ഞുവിട്ട മനുഷ്യർ. കണ്ണുകൾ കുത്തിപ്പൊട്ടിച്ച് സ്വയം അന്ധരായിത്തീരുന്ന മനുഷ്യർ. മഹാപാപികൾ! അവർക്കു പാർക്കാനുള്ള ഒരിടമാണ് ഭൂമി. ഞാൻ പിറന്നതിനു മുൻപേ പിറന്ന നരകവാസികളെ ഓർത്തു. ജോൺ ഏബ്രഹാം, സുരാസു, കവി അയ്യപ്പൻ, ഫ്രീഡാ കാഹ്ലോ, വെർജിനിയ വുൾഫ്, മിഷിമ, മയക്കോവ്സ്കി, വാൻഗോഗ്... എണ്ണിത്തീർക്കാനാകുന്നില്ല. നരകവാസികളുടെ എണ്ണം കൂടിവരികയാണ്.
സ്വർഗത്തിൽ പ്രവേശനം കിട്ടാത്തവർ ചേർന്നു നടത്തിയ ഒരു ഗൂഢാലോചനയാണ് ‘നരകസാമ്രാജ്യ’ത്തിന്റെ പിറവിക്കു കാരണമായതെന്ന് എന്റെ ഇംഗ്ലീഷ് അധ്യാപകൻ പ്രഫ. ബൽറാം മൂസത് ഒരിക്കൽ ക്ലാസിൽ പറഞ്ഞു. ഞാൻ കാതോർത്തു. അദ്ദേഹം ജോൺ മിൽട്ടന്റെ ‘പാരഡൈസ് ലോസ്റ്റ്’ പരാമർശിക്കുകയായിരുന്നു. നരകത്തിന് ഒരു തലസ്ഥാനമുണ്ടെന്നും അതിന്റെ പേര് ‘പാൻഡമോണിയം’ എന്നാണെന്നും ദുഷ്ടന്മാരെ അവിടെ കൊണ്ടുവന്ന് വിമലീകരിക്കുമെന്നും ലൂസിഫറും മാലാഖമാരും ചേർന്നാണ് നരകസാമ്രാജ്യം സൃഷ്ടിച്ചതെന്നുമൊക്കെ സാർ പറഞ്ഞു.
ഞാനൊരദ്ഭുതജീവിയെപ്പോലെ അതെല്ലാം കേട്ടിരുന്നു. മൂസത് സാർ ഒരു ഫലിതപ്രിയനും സരസനുമായിരുന്നു. ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ സാർ പറഞ്ഞു, “ഇക്കുറി പരന്ത്രീസ് പാസായില്ലെങ്കിൽ നിന്റെ അച്ഛനും ഞാനും ചേർന്ന് നിന്നെ പാൻഡമോണിയത്തിലേക്ക് അയയ്ക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്”.
ഇപ്പോഴും എന്റെ ദുഃസ്വപ്നങ്ങളിൽ ആ വാക്കുകൾ വന്ന് മുട്ടിവിളിക്കാറുണ്ട്.