അന്ധമായ കോണ്‍ഗ്രസ് വിരോധമില്ല; മുഖ്യശത്രു അർധഫാസിസ്റ്റ് ബിജെപി
Saturday, April 12, 2025 11:17 PM IST
സംഗീതവും സാഹിത്യവും സ്പോർട്സും സിനിമയും സൗഹൃദങ്ങളും ഏറെ പ്രിയമുള്ള സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് അതിനെല്ലാം ഉപരിയാണു രാഷ്ട്രീയം. എഴുത്തും വായനയുമുള്ള കലാസ്വാദകനായ രാഷ്ട്രീയക്കാരന്. ഇഎംഎസ് നന്പൂതിരിപ്പാടിനുശേഷം ആദ്യമായി കേരളത്തിൽനിന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായ ബേബിക്ക് തന്റെ ദൗത്യത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും നല്ല വ്യക്തതയുണ്ട്.
വാഹനമോടിക്കാനുള്ള ഡ്രൈവിംഗ് വശമില്ലെങ്കിലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഡ്രൈവിംഗ് വിദഗ്ധനാണ്. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ബിജെപിയും ആർഎസ്എസും ഉയർത്തുന്ന അപകടങ്ങൾക്കെതിരേ ദേശീയതലത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ഏകോപനം അനിവാര്യമായ യാഥാർഥ്യമാണെന്ന ബോധ്യം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ജീവിതലാളിത്യത്തിലും പേരിലും ബേബി ആണെങ്കിലും രാഷ്ട്രീയത്തിൽ പരിണതപ്രജ്ഞനും കരുത്തനുമാണ്.
കേരളത്തിലെ അധികാര സമവാക്യങ്ങൾ മുതൽ ദേശീയ രാഷ്ട്രീയത്തിലെ സങ്കീർണതകളിൽ വരെ കൃത്യമായ അറിവും കാഴ്ചപ്പാടുകളുമുള്ള ബേബിക്ക്, പാർട്ടി ലൈനിൽനിന്നു വ്യതിചലിക്കാതെതന്നെ ശ്രമകരമായ പുതിയ വലിയ ദൗത്യം നിർവഹിക്കാമെന്ന ആത്മവിശ്വാസമുണ്ട്.
കൊല്ലം പ്രാക്കുളം സ്വദേശിയും സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന പി.എം. അലക്സാണ്ടറിന്റെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായ മരിയൻ അലക്സാണ്ടർ ബേബിയെന്ന 71കാരന് ദേശീയ രാഷ്ട്രീയത്തിലെ പുതിയ ചുമതലയിലും, പഴയ രീതികളിൽ മാറ്റമില്ല.
2006ൽ കുണ്ടറയിൽനിന്നു നിയമസഭയിലേക്കു ജയിച്ച് അച്യുതാനന്ദൻ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി. 2011ലും വിജയം ആവർത്തിച്ചങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ 1999ൽ അംഗമായ ബേബിക്ക് പക്ഷേ പോളിറ്റ് ബ്യൂറോയിലെത്താൻ രണ്ടര പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ആരോടും പരിഭവവും പരാതിയും പറയാത്ത ബേബി, ഒന്നര ദശാബ്ദം കഴിഞ്ഞാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ അമരക്കാരനാകുന്നത്.
ദേശീയ, കേരള രാഷ്ട്രീയത്തെക്കുറിച്ചും തന്റെ വെല്ലുവിളികളെക്കുറിച്ചും ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലെ ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് എം.എ. ബേബി ദീപികയുമായി മനസ് തുറന്നു. ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിനു നൽകിയ പ്രത്യേക അഭിമുഖം.
☛പഴയ കോണ്‍ഗ്രസ് വിരോധത്തിന്റെ കാലം കഴിഞ്ഞില്ലേ; ഇടതുപക്ഷ പാർട്ടികളുടെ അമരക്കാരനെന്ന നിലയിൽ പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തെ ശക്തിപ്പെടുത്താനായി താങ്കൾ മുൻകൈയെടുക്കുമോ?
കോണ്‍ഗ്രസ് വിരോധത്തിന്റെ നാളുകൾ കഴിഞ്ഞില്ലേയെന്ന ചോദ്യത്തിന് ഒരുപരിധിവരെ പ്രസക്തിയുണ്ട്. പക്ഷേ, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരുകാലത്തും അന്ധമായ കോണ്‍ഗ്രസ് വിരോധം സ്വീകരിച്ചിട്ടില്ല. കൂടുതൽ വലതുപക്ഷ ജനവിരുദ്ധ രാഷ്ട്രീയഭീഷണി ഉയർന്നുവരുന്പോൾ അതിനെ നേരിടാൻ ഉചിതമായ തീരുമാനമാണു സിപിഎം എടുത്തിട്ടുള്ളത്.
☛ മുനന്പത്തെ 600-ലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദന കാണുന്നില്ലേ?
മുനന്പം പ്രശ്നത്തിന് ക്ഷമാപൂർവമായ പരിഹാരമാണു വേണ്ടത്. വഖഫ് ഭേദഗതി നിയമംകൊണ്ടു മുനന്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നത് തെറ്റായ ധാരണയാണ്.
☛ ഇന്ത്യൻ ഭരണഘടനയ്ക്കു മുകളിൽ മതനിയമം നടപ്പാക്കുന്നതിലെ അനീതിയെക്കുറിച്ച് സിബിസിഐയും കെസിബിസിയും പറഞ്ഞതു ശരിയല്ലെന്ന് വാദമുണ്ടോ?
ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുമുന്‍പേ ആദ്യം സമവായമുണ്ടാക്കണം. അവരെ വിളിച്ചുകൂട്ടി ചർച്ച ചെയ്യണം. പരാതികൾ കേൾക്കണം. പരാതി അടിസ്ഥാനരഹിതമാണെങ്കിൽ അവർക്കതു വിശദീകരിച്ചു കൊടുക്കണം. ആ ജനാധിപത്യസമീപനമൊന്നും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടില്ല. വെടക്കാക്കി തനിക്കാക്കുകയെന്നതാണു തന്ത്രം. കെസിബിസിയുടെ പ്രസ്താവനയെ വിമർശിച്ചത് ഇതുകൊണ്ടാണ്.
☛ ബിജെപിയെ മുഖ്യശത്രുവായി അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ നേരിടും?
മുഖ്യശത്രു, നവഫാസിസ്റ്റ് പ്രവണതകൾ ഭരണത്തിന്റെ വിവിധ മേഖലകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിയാണ്. ഇക്കാര്യം പാർട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയപ്രമേയം അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. ആ പ്രമേയത്തിലെ കാര്യങ്ങൾക്ക് അടിവരയിടുന്ന കാര്യങ്ങളാണു കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപി സർക്കാരിന്റെ സെൻസർ ബോർഡ് അനുമതി കൊടുത്ത സിനിമയ്ക്കു നേരേയുള്ള ആക്രമണം ഉദാഹരണമാണ്. നിർമാതാവിനെയും നടീ-നടന്മാരെയും വേട്ടയാടുന്നതും കണ്ടു. ലക്ഷക്കണക്കിന് വോളണ്ടിയർമാരുള്ള ഒരു സൈനികദളം ആർഎസ്എസിനുണ്ട്. എന്നിട്ടും ഇന്ത്യയിലെ ഭൂരിപക്ഷം ജനതയിലും കടന്നുകയറാൻ അവർക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, 30 ശതമാനത്തോളം ഇന്ത്യക്കാരുടെ സ്ഥായിയായ രാഷ്ട്രീയപിന്തുണ നേടാൻ ആർഎസ്എസിന്റെ വിവിധ ദളങ്ങിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 30 ശതമാനത്തിലേറെ ആവശ്യമായ പിന്തുണ ജാതീയമായ ചേരിതിരിവുകളിലൂടെ വർഗീയവത്കരണം നടത്തുന്ന സോഷ്യൽ എൻജിനിയറിംഗ് സംഘപരിവാർ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു. ഇതെല്ലാമാണ് ഭരണത്തുടർച്ച നേടാൻ ബിജെപിയെ സഹായിക്കുന്നുത്.
☛ ഇക്കാര്യം പ്രതിപക്ഷത്തിനു ബോധ്യമില്ലേ?
വേണ്ടത്ര ആഴമായ നിലപാട് വികസിപ്പിച്ചെടുക്കുന്നതിൽ പ്രതിപക്ഷത്തിനു ചില ബലഹീനതകളുണ്ടായിട്ടുണ്ട്. മറ്റൊരു രാഷ്ട്രീയ പാർട്ടിയായി മാത്രമേ ബിജെപിയെ ഇടതുപക്ഷ ഇതര പ്രതിപക്ഷ പാർട്ടികൾ കാണുന്നുള്ളൂ. തങ്ങൾ ഒരുമിച്ചു നിന്നു തോൽപ്പിക്കേണ്ട മറ്റൊരു പാർട്ടി. അർധഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന പാർട്ടിയാണു ബിജെപിയെന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്. ഇതുവരെ സംഭവിച്ച പോരായ്മകൾ തിരുത്തണം. കേന്ദ്രഭരണത്തിൽനിന്നു മോദിയെയും ബിജെപിയെയും നിഷ്കാസനം ചെയ്യുന്നതിന്റെ വക്കിൽവരെയെത്താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്കിനു കഴിഞ്ഞു. രണ്ടു ശതമാനത്തിൽ താഴെയേ വോട്ടുവ്യത്യാസമുള്ളൂ. ബിജെപിക്കു തനിച്ചിപ്പോൾ ലോക്സഭയിൽ ഭൂരിപക്ഷമില്ല.
☛ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം തമ്മിലടിക്കുകയല്ലേ. കേരളത്തിൽ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും സമാന സ്ഥിതിയുണ്ട്. ഈ വൈരുധ്യങ്ങളെ എങ്ങനെ മറികടക്കും?
സാധ്യമായിടത്തോളം ബിജെപിക്കെതിരേ ഒറ്റ സ്ഥാനാർഥിയെ നിർത്തി പോരാടാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ 400 സീറ്റുകളിലെങ്കിലും പരസ്പര മത്സരം ഒഴിവാക്കുകയെന്നാണ് ഇന്ത്യ ബ്ലോക്ക് തന്നെ എടുത്തിട്ടുള്ള തീരുമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽത്തന്നെ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമായിരുന്നു. കേരളത്തിൽ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്പോഴും ബിജെപിക്കെതിരേയാണു ജയിക്കുന്നത്.
☛ തൃശൂരിലെ ബിജെപിയുടെ വിജയം അങ്ങനെയല്ലല്ലോ?
തൃശൂരിലെ ഒരു സീറ്റിൽ ബിജെപി ജയിച്ചത് എങ്ങനെയെന്ന് അവിടുത്തെ വോട്ട് കണക്കുകൂട്ടിയാൽ മനസിലാകും. യുഡിഎഫിന്റെ എത്ര വോട്ടുകൾ കുറഞ്ഞു? എൽഡിഎഫിന്റെ വോട്ടുകളിൽ 16,000 വർധനയുണ്ട്.
☛ബിജെപി ഭൂരിപക്ഷ വർഗീയത കളിക്കുന്പോൾ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതു മുസ്ലിം പ്രീണനമാണെന്ന ആരോപണത്തെക്കുറിച്ച്?
ആർഎസ്എസിന്റെയും ബിജെപിയുടെയും തന്ത്രം ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്നതാണ്. അതാണ് ന്യൂനപക്ഷത്തിൽപ്പെട്ടവർ മനസിലാക്കേണ്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും മൂന്നാമതായി കമ്യൂണിസ്റ്റുകളുമാണ് ആഭ്യന്തരശത്രുക്കൾ എന്നു മാധവ് ഗോൾവാൾക്കറുടെ വിചാരധാരയിൽ പറഞ്ഞത് ഓർക്കണം.
☛ദേശീയതലത്തിൽ താങ്കളുടെ പ്രധാന ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ് ?
ഏകോപനച്ചുമതലയാണ് പ്രധാനം. കൂട്ടായ തീരുമാനമാണു സിപിഎമ്മിലേത്. ഭരണസിരാകേന്ദ്രം ഡൽഹിയാണെങ്കിലും ബിജെപിയുടെ സിരാകേന്ദ്രം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനമാണ്. അതുകൊണ്ടുതന്നെ വളരെ വലുതും സങ്കീർണവുമാണ് എന്റെ കടമ. ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും തോൽപ്പിക്കുകയെന്നതാണ് മുഖ്യ രാഷ്ട്രീയ കടമ. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വാധീനം വർധിപ്പിക്കുകയാണ് രണ്ടാമത്തെ കടമ. ഈ കടമകൾ നിർവഹിക്കാൻ ശ്രമിക്കുന്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ സങ്കീർണതകളുണ്ട്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചതുകൊണ്ടാണ് ഡൽഹിയിൽ ബിജെപിക്കു ഭരണത്തിലേറാനായത്. ഇന്ത്യ ബ്ലോക്കിലെ യോജിപ്പില്ലായ്മയാണു കാരണം. ഇതുപോലുള്ള പ്രശ്നങ്ങളുണ്ട്. മമത ബാനർജിയുടെ പാർട്ടിയും ഇന്ത്യ ബ്ലോക്കിലുണ്ടെങ്കിലും ബംഗാളിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്.
☛അന്ധമായ കോണ്‍ഗ്രസ് വിരോധമില്ലെന്ന വാദം വിശദീകരിക്കാമോ?
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളെ വിമർശനപരമായി സിപിഎം പിന്താങ്ങിയിട്ടുള്ളത്. 1969ൽ തലമുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ നിജലിംഗപ്പയെ പോലുള്ളവർ ചേർന്നു സംഘടനാ കോണ്‍ഗ്രസ് ഉണ്ടാക്കി. മറുഭാഗത്ത് ഇന്ദിരാ കോണ്‍ഗ്രസ് എന്ന വിഭാഗവും. പാർലമെന്റ് അംഗങ്ങൾക്കിടയിൽ പിളർപ്പുണ്ടായി. ഇന്ദിരാഗാന്ധിക്കു പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള ഭൂരിപക്ഷം ലോക്സഭയിൽ ഉണ്ടായിരുന്നില്ല.
ആ സമയത്ത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ലോക്സഭയിലെ എംപിമാർ പിന്തുണ നൽകിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി കാലാവധി പൂർത്തിയാക്കിയത്. ഇന്ദിരയെ പിന്താങ്ങിയെന്നത് പുതിയ തലമുറയിലെ പലർക്കും അറിയാൻ സാധ്യതയില്ല.
1971ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടി. 1991ൽ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയാകുന്പോൾ കോണ്‍ഗ്രസിനു ഭൂരിപക്ഷമില്ല. സിപിഎം പുറത്തുനിന്ന് പിന്താങ്ങിയതുകൊണ്ടാണ് റാവു സർക്കാർ പ്രവർത്തിച്ചത്. പിന്നീട് 2004ൽ മൻമോഹൻ സിംഗിന്റെ സർക്കാരിനെയും സിപിഎം പിന്തുണച്ചു. ആ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടിയിരുന്നില്ല.
കേരളത്തിലെ 20ൽ 18 സീറ്റിലും കോണ്‍ഗ്രസിനെ തോൽപ്പിച്ചു ജയിച്ച ഇടതുപക്ഷ എംപിമാരാണ് കേന്ദ്രത്തിൽ കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണച്ചത്. മൻമോഹൻ സർക്കാരിന്റെ പ്രധാന നേട്ടങ്ങളായ തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയുടെയെല്ലാം കരട് തയാറാക്കിയതിൽ എന്റെ മുൻഗാമിയായ സീതാറാം യെച്ചൂരിക്കും പങ്കുണ്ട്. ഹർകിഷൻ സിംഗിന്റെ സഹായിയായി അദ്ദേഹവും യുപിഎ യോഗങ്ങളിൽ പങ്കെടുക്കുമായിരുന്നു. സീതാറാമും പി. ചിദംബരവും അടങ്ങുന്ന ഉപസമിതിയാണ് യുപിഎയുടെ പൊതുമിനിമം പരിപാടി (സിഎംപി) തയാറാക്കിയത്.
☛ആണവക്കരാറിന്റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതു തെറ്റായെന്ന് ഇനിയെങ്കിലും സമ്മതിക്കുമോ? അതിനെ തുടർന്നാണല്ലോ സിപിഎമ്മിന്റെ ദേശീയതലത്തിലെ തകർച്ച. പ്രത്യേകിച്ച് പാർലമെന്റിലെ അംഗബലം പിന്നീട് വലിയതോതിൽ കുറഞ്ഞില്ലേ?
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ലോക്സഭയിലെ സ്വാധീനത്തിൽ ഇടിവുണ്ടായത് ആ തീരുമാനംകൊണ്ടാണോ അല്ലയോ എന്നു പറയാനാകില്ല. എല്ലാവരെയും സ്വന്തം കാൽച്ചുവട്ടിൽ കൊണ്ടുവരികയെന്നതാണ് അമേരിക്കയുടെ ലോകസമീപനം. ഇന്നിപ്പോൾ ട്രംപ് അമേരിക്കയുടെ പ്രസിഡന്റായല്ല, ലോകത്തിന്റെ പ്രസിഡന്റാണെന്ന മട്ടിലാണു പ്രവർത്തിക്കുന്നത്. ട്രംപിനു മുന്‍പും അമേരിക്കൻ പ്രസിഡന്റുമാരെല്ലാം ലോക പോലീസ് കളിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു രാഷ്ട്രവുമായി പ്രതിരോധമേഖലയിൽ അടക്കം തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതാണ് ഇന്ത്യക്കു മെച്ചമെന്ന നിലപാടിനോടു യോജിച്ചുകൊണ്ട് സർക്കാരിനു പിന്തുണ കൊടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കാകില്ല. അതു ചെയ്താൽ കമ്യൂണിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് അല്ലാതാകും. ബംഗ്ലാദേശിന്റെ വിമോചനത്തിനായി ഇന്ദിരാഗാന്ധി സർക്കാർ നിലപാടെടുത്തപ്പോൾ ഇന്ത്യയെ ഭീഷണിപ്പെടുത്താനായി ആണവായുധങ്ങളുള്ള ഏഴാം കപ്പൽപ്പടയെ അയച്ച രാജ്യമാണ് അമേരിക്ക. അന്നത്തെ സോവ്യറ്റ് യൂണിയന്റെ കിഴക്കേ അറ്റത്തുള്ള വ്ളോഡിവോസ്റ്റോക് തുറമുഖത്തുനിന്ന് ആണവശേഷിയുള്ള അന്തർവാഹിനി അയച്ച് ഇന്ത്യക്കും ബംഗ്ലാദേശിനും സുരക്ഷിതകവചം തീർത്തതുകൊണ്ടാണ് അമേരിക്കൻ കപ്പൽപ്പട വാലുംമടക്കി പോയത്. ഇന്ത്യക്കെതിരേ ആണവഭീഷണി മുഴക്കിയ രാജ്യമാണ് അമേരിക. ഇപ്പോഴും ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിൽ അമേരിക്കയുടെ ആണവായുധങ്ങൾ അടങ്ങുന്ന സന്നാഹമുണ്ട്.
☛വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
അതിനൊക്കെ പാർട്ടി ജനറൽ സെക്രട്ടറി അഭിപ്രായം പറയേണ്ട കാര്യമല്ല.