മധുര മുതൽ സബർമതി വരെ!
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
Saturday, April 12, 2025 2:48 AM IST
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ രണ്ടു പാർട്ടികളായ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ദേശീയ സമ്മേളനങ്ങളാണു കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഭവം. മധുരയിലും അഹമ്മദാബാദിലെ സബർമതി നദീതീരത്തും നിന്നുയരുന്ന സന്ദേശങ്ങളാണു മുഖ്യം. സിപിഎം 24-ാം പാർട്ടി കോണ്‍ഗ്രസും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ 86-ാമതു സമ്മേളനവും വൻ വിജയമായി. കേരള, ദേശീയ രാഷ്ട്രീയങ്ങളിൽ സുപ്രധാന വഴിത്തിരിവാകുന്നതാണു രണ്ടു പ്രധാന പാർട്ടികളുടെയും ഏറ്റവും പ്രധാന ദേശീയ സമ്മേളനങ്ങൾ.
പക്ഷേ, ബിജെപിക്കെതിരേ ഫലവത്തായ ബദൽ സൃഷ്ടിക്കുന്നതിൽ കോണ്‍ഗ്രസും സിപിഎമ്മും ഇനിയും അകലെയാണെന്നതാണു ശ്രദ്ധേയം. ഇക്കാര്യത്തിൽ രണ്ടു പാർട്ടികൾക്കുള്ളിലും അവർ തമ്മിലും യോജിപ്പിനേക്കാളേറെ വിയോജിപ്പുകളാണു ശേഷിക്കുന്നത്. സ്വയം വീന്പിളക്കുന്ന വീര്യവും ശക്തിയുമൊന്നും കോണ്‍ഗ്രസിനും സിപിഎമ്മിനും ഇന്നില്ല.
ബേബിയും വേണുഗോപാലും
രാഷ്ട്രീയ, ഭരണ, കലാ, സാഹിത്യ മേഖലകളിൽ കഴിവു തെളിയിച്ച പരിണതപ്രജ്ഞനായ സഖാവ് എം.എ. ബേബി സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കാം. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ ബേബിയും സിപിഎമ്മിന്റെ നിർണായക ശക്തിയാകും. അതുപോലെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ കരുത്തു കാട്ടിയ സംഘാടനാ മികവാണ് 64 വർഷത്തിനു ശേഷം ഗുജറാത്തിൽ നടന്ന എഐസിസി സമ്മേളനം. കോണ്‍ഗ്രസിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യപ്പെടാനില്ലാത്ത നേതാവാണെങ്കിലും വേണുഗോപാലിനെ ആരും കുറച്ചുകാണില്ല.
മലയാളി നേതാക്കളുടെ നിയന്ത്രണത്തിലാണു ഫലത്തിൽ സിപിഎമ്മും കോണ്‍ഗ്രസും. കേരളത്തിൽ ഭരണം പിടിക്കാൻ പരസ്പരം മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ദേശീയ തലത്തിൽ കൂടുതൽ അടുക്കാതിരിക്കാൻ ചരടുവലിക്കുന്നത് ഇരുപാർട്ടികളിലെയും കേരള ലോബിയാണ്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി മുഖ്യശത്രുവാണങ്കിലും കേരളത്തിൽ അങ്ങിനെയല്ല. ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യത്തിനു വിലങ്ങുതടിയാവുകയാണ് ഈ പോര്.
മുഖംമിനുക്കൽ പോരാ
മുഖം മിനുക്കലുകളേക്കാളേറെ ആശയതലത്തിലും പ്രായോഗിക രാഷ്ട്രീയത്തിലും കാര്യമായ മാറ്റങ്ങൾക്കു നാന്ദിയാകുമെന്ന സൂചന നൽകിയാണ് മധുരയിലെയും അഹമ്മദാബാദിലെയും സിപിഎം, കോണ്‍ഗ്രസ് സമ്മേളനങ്ങൾ സമാപിച്ചത്. സംഘടനാ തലത്തിൽ ജില്ലാതലം മുതൽ ദേശീയതലം വരെ വൻ അഴിച്ചുപണിക്കു കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പറഞ്ഞതുപോലുള്ള സമഗ്ര അഴിച്ചുപണി നടക്കുമോയെന്നു നടന്നാൽ പറയാം; നിലനിൽപിനു പോരാടേണ്ട ഗതികേടിലാണു സിപിഎമ്മും കോണ്‍ഗ്രസും.
സിപിഎം പിബിയിലെ ഏതാനും പുതുമുഖങ്ങളുടെ കടന്നുവരവും ബേബിയുടെ ജനറൽ സെക്രട്ടറിപദവിയും പ്രതീക്ഷയാണ്. ഇന്ത്യയിലെ ഇടതുപക്ഷ നേതൃത്വത്തിലെത്തിയ ബേബിയുടെ സമീപനങ്ങളിൽ അതിനൊത്ത ഉയർച്ച നേടാനാകണം. പിണറായി-പ്രകാശ് കാരാട്ട് ലോബിയുടെ താത്പര്യങ്ങൾക്കപ്പുറം പോകാൻ ബേബിക്കും പിബിക്കും എളുപ്പമാകില്ല. പക്ഷേ, കോണ്‍ഗ്രസ് വിരോധം മുതൽ ചില ക്രൈസ്തവവിരുദ്ധ നിലപാടുകൾ വരെയുള്ളവയിൽ മാറ്റം ആവശ്യമായേക്കാം.
പഴയ കമ്യൂണിസ്റ്റുകളുടെ ലാളിത്യവും സത്യസന്ധതയും പുലർത്താൻ ശ്രമിക്കുന്നയാളാണു ബേബി. പക്ഷേ, പാർട്ടിയിലെ ചില പ്രബലരും പുതുതലമുറ നേതാക്കളും ലാളിത്യവും ജനകീയതയും നഷ്ടപ്പെടുത്തി. സിപിഎമ്മിനെ ബാധിച്ച തെറ്റുകളും അപചയങ്ങളും മറികടക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ രാഷ്ട്രീയംപോലും അപ്രസക്തമാകുന്ന സ്ഥിതി മറികടക്കാൻ ബേബി തനിയെ വിചാരിച്ചാൽ പോരാ.
വോട്ടുബാങ്ക് രാഷ്ട്രീയം
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ദൗർബല്യങ്ങളും വീഴ്ചകളും തമ്മിലടികളുമാണു ബിജെപിയുടെ നേട്ടം. സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തിയാലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പ്രായോഗികതയിൽ നേട്ടം കൊയ്യാൻ എളുപ്പമല്ല. കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും പരന്പരാഗത വോട്ടുബാങ്കുകൾ ചോർന്നുകഴിഞ്ഞു. വഖഫ് ഭേദഗതി ബില്ലിലെ ഇരുപാർട്ടികളുടെയും ഏകപക്ഷീയ നിലപാടുകൾ പോലും ബിജെപി മുതലാക്കുന്നു. ഹിന്ദുത്വവാദത്തിലൂന്നിക്കൊണ്ടുതന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തന്ത്രപരമായാണു ബിജെപി കളിക്കുന്നത്. മുസ്ലിം വോട്ടർമാരെ പ്രീണിപ്പിക്കാനായി യുഡിഎഫും എൽഡിഎഫും മത്സരിക്കുന്പോൾ ബിജെപിയാണു സന്തോഷിക്കുന്നത്.
മണിപ്പുരിലും മധ്യപ്രദേശിലും ഒഡീഷയിലും അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ ശക്തികൾ ക്രൈസ്തവരെ വേട്ടയാടുന്നതു തുടരുന്പോഴും കേരളത്തിലെ ഇടതു, വലതു മുന്നണികളുടെ ചില നിലപാടുകൾ ബിജെപിക്കു ഗുണകരമാകുന്നതിന്റെ കാരണം വ്യക്തം. ഹിന്ദു, ക്രിസ്ത്യൻ വോട്ടർമാരിൽ ഒരു വിഭാഗമെങ്കിലും എൽഡിഎഫിനെയും യുഡിഎഫിനെയും കൈവിടുന്നതിൽനിന്നു പാഠം പഠിക്കുമോയെന്നതാണു ചോദ്യം. ഭൂരിപക്ഷ വർഗീയതയെ നേരിടേണ്ടത്, ന്യൂനപക്ഷ വർഗീയതകൊണ്ടോ, മൃദു വർഗീയതകൊണ്ടോ അല്ലെന്ന് കോണ്‍ഗ്രസും ഇടതുപാർട്ടികളും മനസിലാക്കുക.
പ്രതിസന്ധികളുടെ ഗതികേട്
മുപ്പതു കൊല്ലം തുടർച്ചയായി ഭരിച്ച പശ്ചിമബംഗാളിലും ത്രിപുരയിലും സിപിഎം അപ്രസക്തമായി. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ സംഘടനാപരമായി സിപിഎം ഏതാണ്ട് ഇല്ലാതായി. കേരളത്തിൽ തുടർച്ചയായി രണ്ടുവട്ടം പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തിയതാണ് ഏക ആശ്വാസം. പ്രായപരിധിയിൽ ഇളവു ലഭിച്ച പിണറായിയാണ് സിപിഎമ്മിന്റെ ഇനിയുമുള്ള പ്രതീക്ഷയെന്നതും കാണാതെ പോകില്ല. കോണ്‍ഗ്രസിന്റെ തകർച്ചയെ പരിഹസിക്കുന്ന സിപിഎമ്മിനും സിപിഐക്കും സ്വന്തം പാർട്ടിയുടെ തകർച്ചയുടെ ദുർഗതി എത്ര ശ്രമിച്ചാലും മറയ്ക്കാനാകില്ല. കാരണങ്ങൾ പലതാണെങ്കിലും പിണറായിക്കു ശേഷം കേരളത്തിൽപോലും സിപിഎമ്മിന്റെ നിലവിലെ ശക്തി നിലനിർത്തുക വെല്ലുവിളിയാണ്.
സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ കേന്ദ്രവും സംസ്ഥാനങ്ങളും അടക്കിവാണ കോണ്‍ഗ്രസും വല്ലാതെ ക്ഷയിച്ചു. കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തുടർച്ചയായി അധികാരത്തിനു പുറത്താണു കോണ്‍ഗ്രസ്. കർണാടക, തെലുങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെങ്കിലും അധികാരത്തിലുണ്ടെന്നതാണ് ആശ്വാസം. മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ആസാം, പഞ്ചാബ്, ഗുജറാത്ത് തുടങ്ങി ചില സംസ്ഥാനങ്ങളിൽ രണ്ടാമത്തെ വലിയ പാർട്ടിയുമാണു കോണ്‍ഗ്രസ്. സംഘടനാ തലത്തിൽ ലക്ഷ്യമിട്ട മാറ്റങ്ങൾ ഒരു പരിധി വരെ നടപ്പാക്കിയാലും കോണ്‍ഗ്രസ് എന്ന മഹാമേരുവിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരാൻ നരേന്ദ്ര മോദിയും ബിജെപിയും തളരേണ്ട നിലയാണുള്ളത്. സംഘടനാപരവും നേതൃപരവും ആശയപരവുമായ പ്രതിസന്ധിയിലാണു രാജ്യത്തെ ഏറ്റവും പുരാതന പാർട്ടി.
ഗാന്ധി, നെഹ്റു, പട്ടേൽ
ആറു പതിറ്റാണ്ടിനു ശേഷം ഗുജറാത്തിലെ സബർമതി നദീതീരത്തു നടന്ന എഐസിസി സമ്മേളനത്തിൽ മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും പാരന്പര്യം വീണ്ടെടുക്കാനായിരുന്നു ശ്രമം. ഗുജറാത്തുകാരനായ ആർഎസ്എസുകാരൻ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014 മുതൽ തട്ടിയെടുത്ത പാരന്പര്യത്തിന് ഒരു പതിറ്റാണ്ടിനു ശേഷമാണ് യഥാർഥ ഉടമസ്ഥരായ കോണ്‍ഗ്രസ് അവകാശമുന്നയിച്ചതെന്നതാണു ദുര്യോഗം. ആർഎസ്എസിനെ നിരോധിച്ച ഉപപ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പട്ടേലിനെ തിരികെപ്പിടിക്കാൻ വൈകിയെങ്കിലും ഓർത്തതു നന്നായി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതു പോലെ, ബിജെപിയുടെ കപടദേശീയതയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും ബദലാകാൻ പഴയ രാഷ്ട്രീയം പോരാ.
മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും നൽകിയ ദിശാബോധത്തിലേക്കു വീണ്ടും തിരിയണമെന്ന കോണ്‍ഗ്രസുകാരുടെ തിരിച്ചറിവു നിസാരമല്ല. ഗാന്ധിജിയുടെ കണ്ണടയും നെഹ്റുവിന്റെ കോട്ടും പട്ടേലിന്റെ തൊപ്പിയും മാത്രമേ ബിജെപിക്കു റാഞ്ചാനാകൂ എന്ന തിരിച്ചറിവുണ്ടാകാൻ ഇത്രയും വൈകിയെന്നു കോണ്‍ഗ്രസ് മനസിലാക്കിയതു ഭാഗ്യം. മൂവരുടെയും ആശയങ്ങളും ദർശനങ്ങളും മറ്റാർക്കും തട്ടിയെടുക്കാനാകില്ല. ഗാന്ധിജിയും നെഹ്റുവും പട്ടേലും കാണിച്ച മതേതര, സോഷ്യലിസ്റ്റ് നിലപാടുകളും കോണ്‍ഗ്രസുകാർ വീണ്ടെടുക്കട്ടെ. നിഷേധാത്മകതയല്ല, മറിച്ചു യുവാക്കൾക്കു പ്രതീക്ഷ നൽകുന്ന ക്രിയാത്മക രാഷ്ട്രീയമാണു കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനു പ്രധാനമെന്ന ഡോ. ശശി തരൂരിന്റെ വാക്കുകളും സുപ്രധാനമാണ്.
വേണം, പൂർണ നവീകരണം
സംഘടനാ തലത്തിൽ മാത്രമല്ല, പ്രത്യയശാസ്ത്രപരമായും കോണ്‍ഗ്രസും സിപിമ്മും വലിയ നവീകരണത്തിനു തയാറാകണം. ആശയങ്ങളിലും നയപരിപാടികളിലും ദൃഢതയും നിഷ്പക്ഷതയും നീതിയും കൈവരിക്കേണ്ടതുണ്ട്. നേതാക്കളെ ബാധിച്ചിട്ടുള്ള അഴിമതി, സ്വജനപക്ഷപാതം, വർഗീയത, ഗ്രൂപ്പുകളി എന്നിവ അവസാനിപ്പിക്കാനുമാകണം. ദേശീയ, പ്രാദേശിക തലത്തിലെ വ്യാപകമായ കുടുംബ, വ്യക്തി ആധിപത്യങ്ങളും മറികടന്നേ മതിയാകൂ.
തികഞ്ഞ മതനിരപേക്ഷത മുതൽ കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, ദളിത്- ആദിവാസി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾ വരെയുള്ളവർക്കു പ്രതീക്ഷയും സംരക്ഷണവും സുരക്ഷയും നൽകുന്ന പാർട്ടിയായി മാറുകയെന്നതാകും കോണ്‍ഗ്രസിനും സിപിഎമ്മിനും വെല്ലുവിളി. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടിക്കുന്പോൾ മുട്ടനാടുകൾക്കിടയിൽ നിന്നു ചോര കുടിക്കുന്ന കുറുക്കന്റെ റോളിലാകും കേരളത്തിലെ ബിജെപി. ബിജെപിക്കും സംഘപരിവാറിനുമെതിരേ ദേശീയ ബദൽ സൃഷ്ടിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നതു പലപ്പോഴും കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും മറക്കുന്നു.
ഇന്ത്യയും ജനാധിപത്യവും
ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ജനാധിപത്യവും മതനിരപേക്ഷതയും ശരിയായ അർഥത്തിൽ നിലനിന്നാൽ മാത്രമേ ഇന്ത്യ നിലനിൽക്കുകയുള്ളൂ. രാജ്യത്തു സമാധാനവും സുരക്ഷയും വികസനവും സാന്പത്തിക വളർച്ചയും നിലനിർത്തുന്നതിലും ഇവയെല്ലാം സുപ്രധാനമാണ്. ബിജെപിയും ആർഎസ്എസ് ഉൾപ്പെട്ട സംഘപരിവാറിന്റെയും ഭീഷണികളെക്കുറിച്ചുള്ള വിലാപം കൊണ്ടു മാത്രം പ്രതിപക്ഷ പാർട്ടികൾക്കു രക്ഷയില്ല. പഴയ രാഷ്ട്രീയ ശത്രുതയും കേരളത്തിലെ പോരും മാറ്റിവച്ച് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷം ദേശീയ തലത്തിൽ ഒരു മനസോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുമോയെന്നതാണ് ഇരുപാർട്ടികളുടെയും നേതൃത്വം തെളിയിക്കേണ്ടത്. ശക്തമായ ഭരണപക്ഷവും അതേപോലെ ശക്തമായ പ്രതിപക്ഷവും ഉണ്ടെങ്കിലേ ജനാധിപത്യം വിജയിക്കൂ.