ആഗോളതാപനം മനുഷ്യരെ ദരിദ്രരാക്കും!
Saturday, April 12, 2025 12:23 AM IST
പി.ടി. ബിനു
ജീവിതനിലവാരത്തിലെ വ്യാപക മെച്ചപ്പെടുത്തലുകൾ പ്രകൃതിവിഭവങ്ങളുടെ വർധിച്ച ആവശ്യകതയിലേക്കു മനുഷ്യനെ എത്തിച്ചു. ഇതിനായുള്ള പ്രവർത്തനങ്ങൾ ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ അശങ്കയിലാക്കുന്ന സ്ഥിതിയിലാണ്. ആഗോള താപനില ഉയരുന്നു, കാലാവസ്ഥാ വ്യതിയാനങ്ങളുടെ ആവർത്തനം ലോകമെമ്പാടുമുള്ള സസ്യങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
മഴയിൽ അനുഭവപ്പെട്ട കുറവും കാട്ടുതീയും വലിയൊരളവ് വനം നശിപ്പിച്ചു. പോയ വർഷങ്ങളിൽ ആയിരക്കണക്കിന് ഹെക്ടർ വനമാണു കാട്ടുതീയിൽ നശിച്ചത്. വടക്ക്, തെക്കൻ ധ്രുവങ്ങളിലെ ഹിമാനികൾ ഉരുകുന്നതും പ്രതികൂലമായി ഭവിക്കുന്നതുമാണ് ഇന്നു കാണുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ മനുഷ്യരാശിയെ അതിരൂക്ഷമായി ബാധിക്കാൻ തുടങ്ങും, വരുംവർഷങ്ങളിൽ.
ആഗോള ജിഡിപി 16 ശതമാനം കുറയും
എൻവയൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ആഗോളതാപനം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നത്, ആഗോളതാപനം സാമ്പത്തികമേഖലയിൽ വരുത്തിവയ്ക്കാവുന്ന പ്രത്യാഘാതങ്ങളാണ്.
ആഗോള താപനില നാല് ഡിഗ്രി സെൽഷസ് വർധിച്ചാൽ, ശരാശരി വ്യക്തിയുടെ വരുമാനം 40 ശതമാനം വരെ കുറയും! ഇതു മുൻ കണക്കുകളേക്കാൾ ഏകദേശം നാലിരട്ടി കൂടുതലാണ്. താപനില വെറും രണ്ട് ഡിഗ്രി സെൽഷസ് വർധിച്ചാൽ ആഗോള ജിഡിപിയിൽ 16 ശതമാനം കുറവുണ്ടാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. നേരത്തേ 1.4 ശതമാനം കുറവു വരുമെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
ആഗോള കാലാവസ്ഥാ വ്യതിയാനകാലത്തെ അടിവരയിടുന്ന സാന്പത്തികപദ്ധതികൾ വിശകലനം ചെയ്യുന്നു ഗവേഷകർ. രാജ്യങ്ങൾ ഹ്രസ്വകാല, ദീർഘകാല കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടിയാലും ആഗോള താപനില 2.1 ഡിഗ്രി സെൽഷസ് ഉയരുമെന്നുതന്നെ പഠനം സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥിരതയിലും വ്യക്തികളുടെ സാമ്പത്തികസ്ഥിതിയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പഠനം എടുത്തുകാണിക്കുന്നു.
സാമ്പത്തിക മാതൃകകൾ പുനഃസജ്ജമാക്കണം
യുഎൻഎസ്ഡബ്ല്യുവിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും ഗവേഷകനുമായ പ്രഫ. ആൻഡി പിറ്റ്മാൻ ഭാവിയിൽ സംഭവിക്കുന്ന പ്രതികൂലാവസ്ഥകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. സമകാലിക അവസ്ഥകളും വിതരണശൃംഖലകളിൽ അതിന്റെ സ്വാധീനവും കണക്കിലെടുത്ത് സാമ്പത്തിക മാതൃകകൾ പുനഃസജ്ജമാക്കേണ്ടത് അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്.
അങ്ങനെ രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ദുർബലതകൾ വലിയൊരളവിൽ പരിഹരിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും കഴിയുമെന്ന് പിറ്റ്മാൻ പറയുന്നു.
കാനഡ, റഷ്യ, വടക്കൻ യൂറോപ്പ് രാജ്യങ്ങൾ തുടങ്ങിയ ചില ശൈത്യരാജ്യങ്ങൾ കലാവസ്ഥാ വ്യതിയാനത്തിൽനിന്നുള്ള ആഗോളനഷ്ടം ഭാഗികമായി സന്തുലിതമാക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധർ വാദിക്കുന്നു. എന്നാൽ, ആഗോള സമ്പദ്വ്യവസ്ഥ വ്യാപാരത്താൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആഗോളതാപനം എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നും വാദമുഖങ്ങൾ ഉയർത്തുന്നു ചില ഗവേഷകർ.
ചില രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ പ്രതികൂലമായി ബാധിച്ചാലും വർധിച്ച ഉത്പാദനം മറ്റിടങ്ങളിൽ ഉണ്ടാകുമെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ നയവിദഗ്ധനായ പ്രഫ. ഫ്രാങ്ക് ജോറ്റ്സോ അഭിപ്രായപ്പെടുന്നു.
ഇങ്ങനെ സംഭവിക്കുന്പോൾ വിഭവങ്ങളിൽ വലിയ ദൗർലഭ്യം നേരിടില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. എങ്കിലും, കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ ലോക സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.