മാധ്യമങ്ങൾ മറക്കരുതാത്തത്
ഫാ. റൊമാൻസ് ആന്റണി
Friday, April 11, 2025 12:29 AM IST
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതിയുള്ള 900 ടിവി ചാനലുകൾ ഇന്ത്യയിലുണ്ട്. അതിൽ 129 മലയാളം ചാനലുകളുണ്ട്. പ്രമുഖ മലയാളം വാർത്താ ചാനലുകൾ പത്തിലധികം. എല്ലാ ഭാഷകളിലുമായി ഇന്ത്യയിൽ 369 വാർത്താ ചാനലുകളുണ്ട്. മറ്റേത് വ്യവസായവും പോലെ ലാഭം കൊയ്യാൻ മുതൽമുടക്കു നടത്തുന്ന സംരംഭങ്ങളാണ് മാധ്യമമേഖലയിലും. ദൃശ്യമാധ്യമങ്ങളോടു മത്സരിക്കാനുള്ള തത്രപ്പാടിലാണ് പ്രിന്റ് മീഡിയ അഥവാ വർത്തമാന പത്രങ്ങൾ. ഇന്ത്യയിൽ വിവിധ ഭാഷകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട വർത്തമാന പത്രങ്ങളുടെ എണ്ണം 1,46,000. ദൃശ്യമാധ്യമങ്ങൾ അരങ്ങുതകർക്കുന്പോഴും പ്രിന്റ് മീഡിയയുടെ പ്രസക്തി കുറഞ്ഞിട്ടില്ല.
മലയാളത്തിൽ നല്ല പ്രചാരമുള്ള 16 ദിനപത്രങ്ങളുണ്ട്. ഇന്നത്തെ വാർത്തകൾ എല്ലാം ഇന്നലെ ടിവിയിൽ കണ്ടെങ്കിലും രാവിലെ കട്ടൻകാപ്പിക്കൊപ്പം പത്രംകൂടി വായിക്കണമെന്നത് മലയാളിയുടെ ശാഠ്യമാണ്. മാധ്യമങ്ങളുടെ മത്സരത്തിൽ തകരുന്നത് ഒരു നാടിന്റെ സംസ്കൃതിയാണ്. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ മനസിൽ നിക്ഷേപിച്ചിട്ട് മാധ്യമങ്ങൾ സുഖസുഷുപ്തിയിലേക്കു മടങ്ങുന്പോൾ പ്രേക്ഷകരും വായനക്കാരും സന്ദേഹത്തിന്റെയും അദ്ഭുതത്തിന്റെയും തലത്തിലേക്കു കടക്കുന്നു.
ഇതിനെയെല്ലാം പരാജയപ്പെടുത്തുന്ന ഒരു സമാന്തര മാധ്യമമാണ് യുട്യൂബ് ചാനലുകൾ. അവയിൽ മിക്കവയ്ക്കും യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ല. ഇത്തരം മാധ്യമങ്ങളെ എന്തിനാണ് സോഷ്യൽ മീഡിയ എന്നു വിളിക്കുന്നത് എന്നറിയില്ല. ആയിരക്കണക്കിന് അനുയായികളാണ് സോഷ്യൽ മീഡിയയ്ക്കുള്ളത്. സ്ഥീരികരിക്കപ്പെടാത്ത വാർത്തകളും ദുരുദ്ദേശ്യത്തോടുകൂടിയുള്ള വിലയിരുത്തലുകളും നമ്മുടെ സമൂഹഗാത്രത്തെ വിഷലിപ്തമാക്കുന്നു. ഒരുവിധത്തിൽ നമ്മൾ അവയുടെ ഇരകളായി മാറിക്കഴിഞ്ഞു. അങ്ങനെയൊക്കെയാണെങ്കിലും വ്യവസ്ഥാപിത മാധ്യമങ്ങൾക്കില്ലാത്ത ധൈര്യം ഇവർക്കുണ്ട്. വാർത്തകളുടെ പിന്നാന്പുറങ്ങളിലേക്ക് കടന്നുചെല്ലാൻ അവർക്കു കഴിയുന്നു.
അന്തിച്ചർച്ചകളും ന്യായീകരണ തൊഴിലാളികളും
വാർത്തകൾക്കപ്പുറത്താണ് അന്തിച്ചർച്ചകൾ. പലപ്പോഴും ഒരുകാര്യവുമില്ലാതെ പരസ്പരം കലഹിക്കാൻ മാത്രം കുറെപ്പേർ നമ്മുടെ മുന്പിൽ അണിനിരക്കുന്നു. നമ്മുടെ സായാഹ്നങ്ങളെ അവർ വിരസമാക്കുന്നു. പലപ്പോഴും ഉറക്കം കെടുത്തുന്നു. ചർച്ചകൾ നല്ലതാണ്. സമകാലീന സംഭവങ്ങളുടെ പിന്നാന്പുറങ്ങളിലേക്ക് കടക്കാനും സംഭവങ്ങളെപ്പറ്റി രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർക്ക് അഭിപ്രായം നടത്താനും വേദിയൊരുക്കുന്നതു നല്ലതുതന്നെ. പക്ഷേ, വേണ്ടത്ര ഗൃഹപാഠം നടത്താതെ തന്റെ പാർട്ടിയുടെ നയം വിളന്പി ഇളിഭ്യരാകുന്നവരാണ് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന പലരും. ‘ന്യായീകരണ തൊഴിലാളികൾ’ എന്ന ഒരു വിളിപ്പേര് ഇവരിൽ ചിലർക്ക് പൊതുസമൂഹം ചാർത്തിക്കൊടുത്തിട്ടുണ്ട്.
സെൻസേഷണലിസം
നമ്മുടെ മാധ്യമങ്ങൾ പരത്തുന്നത് ധ്രുവീകരണത്തിന്റെ വിശേഷങ്ങളാണ്. ഭീതിയും നൈരാശ്യവും പരത്തുന്ന കഥകളാണ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പലപ്പോഴും പ്രചരിപ്പിക്കുന്നത്. സംഭവങ്ങളുടെ ഒരു വശമോ ചില വശങ്ങൾ മാത്രമോ ആണ് മാധ്യമത്തിന്റെ താത്പര്യമനുസരിച്ച് സംപ്രേഷണം ചെയ്യുന്നത്. പോസിറ്റീവ് വാർത്തകൾക്കും നെഗറ്റീവ് വാർത്തകൾക്കും നൽകുന്ന സമയത്തിന്റെ വ്യത്യാസമാണ് ഒരു മാധ്യമത്തിന്റെ സാമൂഹിക പ്രതിബദ്ധത നിർണയിക്കാനുള്ള മാനദണ്ഡം.
പോസിറ്റീവ് വാർത്തകളേക്കാൾ നെഗറ്റീവ് വാർത്തകൾ നൽകാനാണ് എല്ലാ മാധ്യമങ്ങളും ശ്രമിക്കുന്നത്. സെൻസേഷണലിസത്തിലാണല്ലോ മാധ്യമങ്ങൾ വളരുന്നത്. “നിരാശയുടെ ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ പ്രത്യാശയുടെ മരുപ്പച്ചകൾ തീർക്കുകയാണ് മാധ്യമങ്ങളുടെ കടമ” എന്നു പറഞ്ഞത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോണ് എഫ്. കെന്നഡിയായിരുന്നു. “സമൂഹത്തിലെ മുറിവുകൾ ഉണക്കുകയാണ് മാധ്യമങ്ങളുടെ ദൗത്യം” എന്നു പറഞ്ഞത് ജോണ് പോൾ രണ്ടാമൻ മാർപാപ്പയും.
ഫ്രാൻസിസ് മാർപാപ്പ 2025 ജനുവരി 26ന് റോമിലെ ലാറ്ററൻ ബസിലിക്കയിൽ പുറപ്പെടുവിച്ച ലോക സാമൂഹ്യമാധ്യമദിന സന്ദേശത്തിൽ, മുറിവുകൾ ഉണക്കാനുള്ള മാധ്യമങ്ങളുടെ ദൗത്യത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ്. ഫ്രാൻസിസ് മാർപാപ്പ പറയുന്നത്, യാഥാർഥ്യത്തെ മാധ്യമങ്ങൾ വല്ലാതെ ലളിതവത്കരിക്കുകയോ സാമാന്യവത്കരിക്കുകയോ ചെയ്യുന്നു എന്നാണ്. “സമൂലമായ പ്രതികരണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കാനായി മൂർച്ചയേറിയ ബ്ലേഡ് പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നു, ചിലപ്പോൾ വ്യാജവും കലാപരമായി വക്രീകരിച്ചതുമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ കുഴപ്പം സൃഷ്ടിക്കാനും പ്രകോപിപ്പിക്കാനും വേദനിപ്പിക്കാനുമായി ആസൂത്രിതമായി തന്നെ കൈമാറുന്നു.”
‘പ്രോഗ്രാമ്ഡ് ശ്രദ്ധ തിരിക്കൽ’
വാർത്തകൾ വളച്ചൊടിക്കുന്നതിലാണ് പല ചാനലുകളുടെയും ശ്രദ്ധ. കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചാൽ കൂടുതൽ ആളുകൾ ചാനൽ സന്ദർശിക്കും. ചാനലിന്റെ റേറ്റിംഗും വർധിക്കും. ചാനലുകൾ തമ്മിലുള്ള മാത്സര്യത്തിന്റെ നടുവിൽ സത്യം എവിടെയോ നഷ്ടപ്പെട്ടുപോകുന്നു. പലപ്പോഴും പ്രധാന വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ ബോധപൂർവമായ ശ്രമമുണ്ടാകുന്നു. ഇതിനെ ‘പ്രോഗ്രാമ്ഡ് ശ്രദ്ധ തിരിക്കൽ’ എന്നു വേണമെങ്കിൽ വിളിക്കാം. ‘പെയ്ഡ് ന്യൂസ്’ എന്നത് പണ്ടുമുതലേ മാധ്യമലോകത്തെ ദുഷ്ടകഥാപാത്രമാണ്.
യാഥാർഥ്യങ്ങൾ അണുപ്രായമാക്കപ്പെടുകയും പാർശ്വവശങ്ങൾ പർവതീകരിക്കപ്പെടുകയും ചെയ്യുന്പോൾ ഒരുപാടു പേർ ബലിയാടുകളായി മാറുന്നു. പൊതുസമൂഹം തെറ്റിദ്ധരിക്കപ്പെടുന്നു. നമ്മുടെ സമൂഹഗാത്രത്തെ കെട്ടിപ്പടുത്തിരിക്കുന്ന മൂല്യസഞ്ചയത്തിന്റെ അടിത്തറ ഇളക്കപ്പെടുകയും തെറ്റായ ബോധ്യങ്ങൾ പ്രേക്ഷകരുടെമേൽ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുന്പോൾ നന്മയുടെ വക്താക്കൾക്ക് നിസഹായരായി നിലകൊള്ളാൻ മാത്രമേ സാധിക്കൂ. മാധ്യമങ്ങൾ ഒരു പൊതുശത്രുവിനെ സൃഷ്ടിക്കുന്നത് പലപ്പോഴും മതിയായ അന്വേഷണിത്തിനു ശേഷമല്ല. നിരപരാധികളെ മാധ്യമങ്ങൾ വലിച്ചുകീറി ദ്രോഹിക്കുന്പോൾ, പീഡനം ഏല്ക്കുന്നവർ അവരുടെ ന്യായം അവതരിപ്പിക്കാൻ കഴിയാതെ നിശബ്ദരാക്കപ്പെടുന്നു. ഇംഗ്ലീഷ് എഴുത്തുകാരൻ ഡോണ് ടോണിനോ ബെല്ലോ പറഞ്ഞത് “വ്യക്തികളുടെ മുഖങ്ങൾ അലിഞ്ഞ് ഇല്ലാതാകുന്പോഴാണ് എല്ലാ സംഘർഷങ്ങളും ആരംഭിക്കുന്നത്” എന്നാണ്.
ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പ മാധ്യമങ്ങളെ നിരായുധീകരിക്കണമെന്നു പറഞ്ഞത്. മാധ്യമങ്ങളുടെ ആയുധശേഖരം അതിവിപുലമാണ്. ആ ആയുധങ്ങളെ നിർവീര്യമാക്കുക എന്നതാണ് പൊതുസമൂഹത്തിനുമുന്നിലുള്ള വെല്ലുവിളി. ആക്രമണോത്സുകതയിൽനിന്ന് ആശയവിനിമയത്തെ ശുദ്ധീകരിക്കുന്പോഴാണ് സത്യം പ്രഘോഷിക്കപ്പെടുന്നത്. നെഗറ്റീവ് വാർത്തകൾക്കു പകരം ശുഭസൂചക വാർത്തകളും വിശകലനവും മനുഷ്യരിൽ പ്രത്യാശ ഉളവാക്കും.
നുണകളെ സത്യത്തിന്റെ ഉടയാട അണിയിച്ചൊരുക്കി അവതരിപ്പിക്കുന്പോൾ നുണയുടെ പുറന്തോട് പൊളിച്ചുമാറ്റാൻ പ്രത്യാശയുടെ പ്രവാചകർ അവതരിക്കണം. ബനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞത് “പ്രത്യാശ എന്നത് നിഷ്ക്രിയമായ ശുഭാപ്തിവിശ്വാസമല്ല, മറിച്ച് അത് നമ്മുടെ ജീവിതത്തെ മാറ്റാൻതന്നെ പ്രവർത്തനക്ഷമമായ പുണ്യമാണ്” എന്നാണ്.
എല്ലാ മാധ്യമങ്ങൾക്കും നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. രാജ്യത്തിന്റെ ഐക്യവും സമുദായമൈത്രിയും സമാധാനത്തോടുള്ള സമർപ്പണവുമൊക്കെ മാറ്റിവച്ച് വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും കൂരന്പുകൾ തൊടുത്തുവിടുന്പോൾ തകരുന്നത് നാടിന്റെ ഐശ്വര്യവും ശാന്തിയുമാണ്. മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ ഭരണകൂടം കാവലിരിക്കുകയാണ്. സർക്കാർ പരസ്യം ഒരു പ്രതിഫലം എന്നു പറയാൻ പറ്റില്ല. എന്നാൽ, അതിൽ വിവേചനമുണ്ട്.
മാധ്യമങ്ങളുടെ മുദ്രാവാക്യം
ഫ്രാൻസിസ് മാർപാപ്പ പറയുന്നത്, വാർത്തകളിൽ ഒളിഞ്ഞിരിക്കുന്ന നന്മയുടെ ഒട്ടേറെ കഥകൾ കണ്ടെത്തി അവ പ്രചരിപ്പിക്കുകയാണ് നല്ല മാധ്യമസംസ്കാരം എന്നാണ്. മാർപാപ്പ പറയുന്നു: “ഒരുതരി സ്വർണത്തിനായി അക്ഷീണം മണൽ അരിച്ചുപെറുക്കുന്നവരെപ്പോലെ പ്രത്യാശയുടെ വിത്തുകൾ തെരഞ്ഞെടുത്ത് ലോകത്തിനു വെളിപ്പെടുത്തുന്നതാവണം മാധ്യമങ്ങളുടെ ദൗത്യം. ദരിദ്രരുടെ രോദനത്തോട് നിശബ്ദത പാലിക്കുന്നതല്ല മാധ്യമ സംസ്കാരം. സാമൂഹ്യപ്രശ്നങ്ങളിൽ നിസംഗരാകാതിരിക്കാൻ, സ്വന്തം കാര്യത്തിൽ അത്രമേൽ മുഴുകാതിരിക്കാൻ ലോകത്തെ അതു സഹായിക്കും. പ്രത്യാശിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്ന നന്മയുടെ അത്തരം തിളക്കങ്ങൾ മാധ്യമങ്ങൾക്ക് എപ്പോഴും കണ്ടെത്താൻ കഴിയണം.”
അന്വേഷിപ്പിൻ കണ്ടെത്തും. അതാണ് മാധ്യമങ്ങളെ നയിക്കുന്ന പ്രേരണ. പക്ഷേ, എന്താണ് അന്വേഷിക്കേണ്ടത് എന്നതാണ് പ്രധാന ചോദ്യം. ഹൃദയത്തെ മറക്കാത്ത ഒരു മാധ്യമ സംസ്കൃതി വീണ്ടെടുക്കാൻ സന്മനസുള്ള ഏവരും അണിചേരണം. “ലോകാസമസ്തഃ സുഖിനോ ഭവന്തു” എന്ന പ്രാചീന ആശംസാമന്ത്രമായിരിക്കണം മാധ്യമങ്ങളുടെ മുദ്രാവാക്യം.