എന്തേ ഈ കണക്കുകൾ പറയാത്തത്?
സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ
Friday, April 11, 2025 12:21 AM IST
ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഇന്ത്യയിൽ കാലുകുത്തിയിട്ട് 1973 വർഷത്തോളമായി. എങ്കിലും, ഇന്നും ഇന്ത്യയുടെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിനു താഴെ നിൽക്കുന്ന ക്രിസ്ത്യാനികൾ, ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലും മതപരിവർത്തന കേന്ദ്രങ്ങളോ ആയുധശാലകളോ പണിതുയർത്തുന്ന തത്രപ്പാടിൽ ആയിരുന്നില്ല. മറിച്ച്, ഈ രാജ്യത്തിന്റെ ഓരോ കോണിലേക്കും ഇറങ്ങിച്ചെന്ന് കാരുണ്യപ്രവൃത്തികൾ ചെയ്യാനുള്ള തീക്ഷ്ണതയിലായിരുന്നു എന്നു സൂചിപ്പിക്കുന്ന കണക്കുകളാണ് ആർഎസ്എസ് മുഖപത്രം പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ, ചില കണക്കുകൾ ലേഖനത്തിൽ അറിയാതെ വിട്ടുപോയതോ മനഃപൂർവം തമസ്കരിച്ചതോ എന്നറിയില്ല. കത്തോലിക്കാ സഭയുടെ കീഴിലുള്ള അനാഥാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും പട്ടികയാണത്. പലയിടങ്ങളിലായി, അഞ്ചുലക്ഷത്തോളം വരുന്ന രോഗികളും വൃദ്ധരും വിധവകളും ആലംബഹീനരും അനാഥരുമായ മനുഷ്യർ ആയിരക്കണക്കിന് സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. അവരിൽ എയ്ഡ്സ് അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ചവരും മനോരോഗികളും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരുമുണ്ട്.
കെസിബിസി ജാഗ്രതാ കമ്മീഷന്റെ സൈറ്റിൽ വിശദമാക്കുന്നതനുസരിച്ച് ഇന്ത്യയിൽ ആകെ 174 രൂപതകളിലും 200ൽപരം സന്യാസസമൂഹങ്ങളുടെ വിവിധ ശാഖകളിലുമായി, ഇന്ത്യയിലെമ്പാടുമായി 40,000ൽപരം സ്കൂളുകളും 400ലധികം കോളജുകളും ആറ് യൂണിവേഴ്സിറ്റികളും കത്തോലിക്കാ സഭയ്ക്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ ആരോഗ്യരംഗത്ത് അഞ്ചു മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 240 മെഡിക്കൽ-നഴ്സിംഗ്-പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും 85,000ത്തോളം രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയുന്ന വിപുലമായ ആശുപത്രിശൃംഖലയും എണ്ണമറ്റ ചെറിയ ക്ലിനിക്കുകളും കത്തോലിക്കാ സഭയ്ക്കുണ്ട്. അതായത്, ഈ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ, കോർപറേറ്റ് സ്ഥാപനങ്ങളോ മറ്റ് ഏതെങ്കിലും മതസംഘടനകളോ ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യങ്ങളാണ് ഇന്ന് കത്തോലിക്കാ സഭ ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി ചെയ്യുന്നത്.
നീതി നിഷേധിക്കപ്പെട്ട് അവഗണനയിൽ തുടരുന്ന ഒരുകൂട്ടം ജനങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്നതാണ് നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയുടെ ശൈലി. ജനസംഖ്യയുടെ 1.55 ശതമാനം അഥവാ രണ്ടു കോടിയോളം കത്തോലിക്കാ വിശ്വാസികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. കത്തോലിക്കരുടെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ പേർക്ക് കത്തോലിക്കാ സഭയുടെ വിവിധ സംവിധാനങ്ങൾ ഓരോ ദിവസവും പ്രത്യക്ഷമായോ പരോക്ഷമായോ സേവനങ്ങൾ എത്തിക്കുന്നുണ്ട്.
കത്തോലിക്കാ സഭയുടെ കൈവശമുള്ള സ്വത്തുവകകൾ ഒരിക്കലും നിയന്ത്രിത മേഖലകളാക്കി മാറ്റി താഴിട്ട് പൂട്ടിവയ്ക്കാറില്ല. സഭയുടെ ഏതു സംവിധാനങ്ങളുടെ കീഴിലായാലും സമ്പത്തും അധ്വാനവും ഏറിയപങ്കും നീക്കിവയ്ക്കപ്പെടുന്നത് മതമോ ജാതിയോ ദേശമോ പരിഗണിക്കാതെ ഈ രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കുമായാണ്. അതായത്, എത്രമാത്രം സ്ഥലം എവിടെയൊക്കെ സഭാ സംവിധാനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ അത്രമാത്രം സ്ഥാപനങ്ങളും സേവനങ്ങളും അതത് പ്രദേശത്തുള്ളവർക്ക് ലഭ്യമാണ് എന്നതാണ് വാസ്തവം.