‘ഓർഗനൈസറി’നു നന്ദി
ഡോ. കെ.എം. ഫ്രാൻസിസ്
Thursday, April 10, 2025 12:40 AM IST
ഒരു വ്യക്തിയെ മറ്റു വ്യക്തികളിൽനിന്നു വ്യത്യസ്തനാക്കുന്ന സവിശേഷതകളാണ് ഒരുവന്റെ സ്വത്വം (ഐഡന്റിറ്റി). സ്വത്വം ഒരുവന്റെ ചരിത്രത്തിലൂടെ നിർമിച്ചെടുക്കുകയാണ്. ഒരുവൻ തനിക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മയിലേക്കുള്ള സംഭാവനകളാക്കി മാറ്റിക്കൊണ്ടാണ് തന്റെ സ്വത്വം നിർമിക്കുന്നത്. അതുപോലെ ഭാരതത്തിലെ കത്തോലിക്കരുൾപ്പെടെ എല്ലാ വിഭാഗം ക്രൈസ്തവരും തങ്ങൾക്കു ലഭിച്ച ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങളെ പൊതുനന്മ വളർത്താൻ ഉതകുന്നവിധത്തിൽ, ഭാരതസമൂഹത്തിനു ചെയ്ത സംഭാവനകളാണ് ക്രൈസ്തവസ്വത്വം.
രണ്ടായിരം വർഷമായി ഭാരതത്തിലും ലോകത്തിലും പൊതുനന്മ വർധിപ്പിക്കാൻ ക്രൈസ്തവർ ചെയ്ത നന്മകളുടെ ചരിത്രമാണ് സ്വത്വം. അതിനാൽ ക്രൈസ്തവർ ഭാരതത്തിനു ചെയ്ത സംഭാവനകളെ മായ്ക്കുകയോ മറക്കുകയോ മലീമസമാക്കുകയോ ചെയ്താൽ സ്വത്വബോധം നഷ്ടപ്പെടും. സ്വത്വബോധമില്ലാത്തവരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടാൽ ക്രൈസ്തവർ സ്വയം തകരുമെന്നു ചിലർ വ്യാമോഹിക്കുന്നു.
വക്രീകരിക്കപ്പെടുന്ന ക്രൈസ്തവചരിത്രം
അടുത്തിടെയായി ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്ന ചില ലേഖനങ്ങൾ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ വരികയുണ്ടായി. പ്രസ്തുത ലേഖനങ്ങളോടുള്ള എതിർപ്പ് രൂക്ഷമായി; അതിലൊന്ന് അവർ പിൻവലിച്ചു.
എന്നാൽ, അതിലെ ഉള്ളടക്കം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ് എന്നതു സമ്മതിച്ചുകൊണ്ടല്ല പിൻവലിച്ചത്. പ്രസ്തുത ലേഖനത്തിലെ വസ്തുതാവിരുദ്ധമായ ഉള്ളടക്കം ചില തീവ്രവാദ മുസ്ലിം വിഭാഗങ്ങൾ തീക്ഷ്ണതയോടെ പ്രചരിപ്പിച്ച് സായുജ്യമടയുന്നു. ഇത്തരത്തിലുള്ള ചില ആരോപണങ്ങൾ ആദ്യം പരിശോധിക്കാം.
(1) കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ 2457 ആശുപത്രികൾ, 240 മെഡിക്കൽ-നഴ്സിംഗ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനിയറിംഗ് കോളജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്കൂളുകൾ, 3187 നഴ്സറി സ്കൂളുകൾ മുതലായവയുണ്ട്.
(2) ഇവയെല്ലാം 1927 ചർച്ച് ബിൽ വഴിയായി ബ്രിട്ടീഷുകാർ കത്തോലിക്കാ സഭയ്ക്ക് നൽകിയിട്ടുള്ളതാണ്. ഇവയുടെയെല്ലാം പാട്ടക്കരാർ കഴിഞ്ഞതാണ്, അതുകൊണ്ട് അവ സർക്കാർ കണ്ടുകെട്ടണം.
(3) മലയോര മേഖലയിലെ ഭൂമി, ഭൂപരിഷ്കരണത്തിൽ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ചില വിളകൾ തോട്ടവിളകളായി (പ്ലാന്റേഷൻ ക്രോപ്സ്) ആയി കമ്യൂണിസ്റ്റ് മന്ത്രിസഭ നിശ്ചയിച്ചത്. അങ്ങനെ അവർ ഭൂപരിധി നിയമത്തിൽനിന്നു രക്ഷനേടി.
(4) അതിനാൽ ബ്രിട്ടീഷുകാരിൽനിന്ന് കത്തോലിക്കാ സഭ അവിഹിതമായി സന്പാദിച്ച സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി അവയെ ചർച്ച് ബോർഡിന്റെ കീഴിൽ കൊണ്ടുവരണം.
മുകളിൽ പറഞ്ഞ സിദ്ധാന്തം ആർഎസ്എസ് മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് പാർട്ടിയും പല കാലഘട്ടങ്ങളിലും നടത്തിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. 1945ൽ സർ സിപി നടത്തിയ സ്കൂൾ ദേശസാത്കരണ നിയമവും 1957ൽ ഇഎംഎസ് നടത്തിയ സ്വകാര്യ സ്കൂൾ പിടിച്ചടക്കൽ ശ്രമവും 1972ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ നടന്ന കേരള ക്രൈസ്തവരുടെ സ്വകാര്യ കോളജുകൾ ദേശസാത്കരിക്കാനുള്ള ശ്രമവും നാം ഓർക്കണം.
കൂടാതെ, 2007ൽ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്പോൾ നിർമിച്ച വിദ്യാഭ്യാസ ബില്ലിൽ കേരളത്തിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല എന്ന് സ്ഥാപിക്കാനുള്ള പുതിയ നിർവചനം ഉൾപ്പെടുത്തി. ഈ നിർവചനത്തെ നിയമസഭയിൽ അന്നുണ്ടായിരുന്ന 140 നിയമസഭാ സാമാജികർ ഐകകണ്ഠ്യേന പാസാക്കിയത് നാം മറക്കരുത്. പ്രസ്തുത ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നു കോടതി കണ്ടെത്തി ചവറ്റുകൊട്ടയിലെറിഞ്ഞു. ഇതിന്റെ അർഥമെന്താണ്? ഒരു പൗരൻ ഭാരതത്തിൽ അനുഭവിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങളെ സംരക്ഷിക്കേണ്ട കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ, ഭരണഘടനയെ ബലാത്സംഗം ചെയ്തതുകൊണ്ടാണ് ബിൽ ചവറ്റുകൊട്ടയിലെറിഞ്ഞത്. അതുകൊണ്ട് ഞങ്ങളാണ് ഭരണഘടനയുടെ സംരക്ഷകർ എന്ന അവകാശവാദം ഉന്നയിക്കാൻ കേരളത്തിലെ പാർട്ടികൾക്ക് കഴിയില്ല. ആർഎസ്എസിന്റെ ലേഖനത്തെ വിമർശിക്കുന്ന ഈ പാർട്ടികൾ ഇക്കാര്യങ്ങൾ സൗകര്യപൂർവം മറക്കുകയാണ്.
ഓർഗനൈസർ ലേഖനത്തിലെ വസ്തുതകൾ
ഒരുതരത്തിൽ പഞ്ഞാൽ ഓർഗനൈസർ ലേഖനം ഓരോ ക്രൈസ്തവന്റെയും അഭിമാനം ഉയർത്താൻ പര്യപ്തമാണ്. നിങ്ങൾ ക്രൈസ്തവർ ഭാരതത്തിന്റെ നിർമിതിയിൽ പൊതുനന്മ വർധിപ്പിക്കാൻ എന്താണ് ചെയ്തത് എന്ന ചോദ്യത്തിന്റെ ഉത്തരമായി ആർഎസ്എസുകാർ പൊതുസമൂഹത്തിൽ പങ്കുവച്ച ചില കണക്കുകൾ വ്യാഖ്യാനിക്കാം. പ്രാഥമിക വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപനം, ആരോഗ്യ ശുശ്രൂഷയുടെ സാർവത്രികവത്കരണം എന്നിവയ്ക്കായി ഒരു ചെറിയ അജഗണം ഭാരതത്തിൽ ചെയ്യുന്ന കാര്യങ്ങളെ ഈ ലേഖനം പരാമർശിക്കുന്നു.
ഒരു രാഷ്ട്രത്തിന്റെ വളർച്ചയുടെ അടിത്തറ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപനമാണെന്ന തിരിച്ചറിവാണ് ക്രൈസ്തവരെ ഇക്കാര്യത്തിനു പ്രേരിപ്പിച്ചത്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്നത് അനൗപചാരിക വിദ്യാഭ്യാസമായിരുന്നു. അതിനെ ഔപചാരിക വിദ്യാഭ്യാസ സന്പ്രദായമാക്കി മാറ്റിയതിന്റെ ക്രെഡിറ്റ് ഭാരതത്തിലെ ക്രൈസ്തവർക്കു മാത്രം അവകാശപ്പെട്ടതാണ്. ക്രിസ്ത്യൻ മിഷണറിമാർക്കു മുന്പും ഇവിടെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, അവ എല്ലാ വിഭാഗം ജനങ്ങൾക്കും അവസരം നൽകിയിരുന്നില്ല. തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജിൽ താഴ്ന്ന ജാതിക്കാരനായതുകൊണ്ട് പ്രവേശനം നിഷേധിക്കപ്പെട്ട വ്യക്തിയാണ് ഡോക്ടർ പൽപ്പു എന്നോർക്കണം.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാരതത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമൊരുക്കി. ഇക്കാര്യത്തിൽ ഓരോ പ്രദേശത്തും ഉണ്ടായിരുന്ന രാജാക്കന്മാരാണു സഹായിച്ചിരുന്നത്. ഉദാഹരണമായി, ഭാരതത്തിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രം കോട്ടയം സിഎംഎസ് കോളജാണ്. 1855 മുതൽ സിഎംഎസ് കോളജ് സർക്കാർ സഹായിക്കുന്ന (എയ്ഡഡ്) കലാലയമായി മാറി. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നല്കുന്ന സഹായം ഔദാര്യമാണോ? അന്നുമുതൽ ഇന്നുവരെ ഇക്കാര്യത്തെക്കുറിച്ച് നടത്തിയ പഠനങ്ങൾ തെളിയിക്കുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി ജനങ്ങൾക്കു വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നിവ നൽകേണ്ട ചുമതല ക്രൈസ്തവരുടേതല്ല, സർക്കാരിന്റേതാണ്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങുന്നവർ സർക്കാരിനെ സഹായിക്കുകയാണ്.
രണ്ടാമതായി ഒരു സർക്കാർ സ്ഥാപനത്തിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ സർക്കാരിനു വരുന്ന ചെലവിന്റെ 65 ശതമാനമാണ് ഒരു എയ്ഡഡ് സ്ഥാപനത്തിൽ ഒരു വിദ്യാർഥിയെ പഠിപ്പിക്കാൻ സർക്കാരിനു വരുന്നത്. അതിനാൽ എയ്ഡഡ് സ്ഥാപനങ്ങൾ നിലനിർത്തുന്നതിലൂടെ കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിലേക്കു വരുന്നത്. ജീവനക്കാർക്ക് വേതനം നൽകുക എന്ന ബാധ്യതയൊഴികെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടിവരുന്ന എല്ലാ ചെലവും വഹിക്കുന്നത് മാനേജ്മെന്റുകളാണ്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കാര്യത്തിൽ സഭാംഗങ്ങളുടെ പങ്കാളിത്തത്തോടെ സ്വരൂപിക്കുന്ന വരുമാനത്തിൽനിന്നാണ് അതു കണ്ടെത്തുന്നത്.
പട്ടയമില്ലാത്ത ഭൂമിയിലോ ക്രൈസ്തവ സ്ഥാപനങ്ങൾ?
ഈ സ്ഥാപനങ്ങളെല്ലാം കത്തോലിക്കാ സഭയുടേതാണെന്നും ഇവയെല്ലാം 1927ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന ചർച്ച് ബില്ലിലൂടെ കത്തോലിക്കാ സഭയ്ക്ക് പാട്ടത്തിനു കിട്ടിയ ഭൂമിയാണെന്നുമാണ് മറ്റൊരു നുണ. ഒന്നാമതായി, കത്തോലിക്കാ സഭ എന്ന പേരിൽ ഭാരതത്തിൽ എവിടെയും ഭൂമി സ്വന്തമായിട്ടില്ല, സ്ഥാപനവും സ്വന്തമായിട്ടില്ല. ക്രൈസ്തവരുടെ ചെറിയ കൂട്ടായ്മകൾക്കു സ്വന്തമായി ഭൂമിയുണ്ട്, സ്ഥാപനങ്ങളുണ്ട്. അവയെല്ലാം ഭരണഘടനയുടെ കീഴിൽ റവന്യു അധികാരത്തോടെ കൈവശം വയ്ക്കുന്ന ഭൂമികളാണ്. അവയിൽ ചിലത് രാജാക്കന്മാർ നൽകിയ ഭൂമികളാണ്. പ്രസ്തുത ഭൂമി രാജാക്കന്മാർക്ക് ചെയ്ത സേവനത്തിന്റെ പ്രതിഫലമായി രാജാക്കന്മാർ നൽകിയതോ അല്ലെങ്കിൽ, രാജാവിന്റെ ആവശ്യം നിറവേറ്റാൻ അവർ നൽകിയതോ ആയിരിക്കും.
ഉദാഹരണത്തിന്, തൃശൂർ അതിരൂപതയുടെ കീഴിലുള്ള തരകൻസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അരണാട്ടുകരയിലെ തരകൻ കുടുംബത്തിന് ശക്തൻ തന്പുരാൻ പതിച്ചുനൽകിയതാണ്.
അധിനിവേശം നടത്തിയ ടിപ്പുവിന്റെ ആക്രമണത്തിൽനിന്നു കൊച്ചി രാജാവായിരുന്ന ശക്തൻ തന്പുരാനെ രക്ഷിച്ചതിന്റെ പ്രതിഫലമായി രാജാവ് നൽകിയ ഭൂമിയാണ് തരകൻസ് സ്കൂളിന്റെ അടിയാധാരം. ഈ ഭൂമി ക്രൈസ്തവരിൽനിന്ന് ഏറ്റെടുത്ത് ടിപ്പുവിന്റെ പിൻഗാമികൾക്കു നൽകണമോ? കൊച്ചി രാജാവിന്റെ മകനെ നാസികളുടെ ജയിലിൽനിന്ന് മോചിപ്പിക്കാൻ തൃശൂർ ബിഷപ് നൽകിയ സഹായത്തിന് പ്രതിഫലമായിട്ടാണ് തൃശൂർ വ്യാകുലമാതാവിന്റെ ബസിലിക്കയുടെ നിർമാണത്തിന് രാജാവിന്റെ സഹായമുണ്ടായത്. ഈ ബസിലിക്ക പണിയുന്നതിന് ബ്രിട്ടീഷുകാർ എതിരായിരുന്നു. 1927ലെ ചർച്ച് ബിൽ വരുന്നതിനു മുന്പ് നൂറുകണക്കിന് സ്കൂളുകളും കലാലയങ്ങളും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ആരംഭിച്ചു. 1855ലാണ് "പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന കത്തോലിക്കാ സഭയുടെ തത്വം നടപ്പാക്കിയത്. ഈ മുന്നേറ്റത്തിന് തങ്ങളുടെ റവന്യു ഭൂമി ദാനം ചെയ്തവരായ ക്രൈസ്തവരെയും ഹിന്ദുക്കളെയും സ്നേഹപൂർവം ഓർക്കുന്നു. മാത്രമല്ല, ഇവയെല്ലാം നിലനിൽക്കുന്നത് ഇതിന്റെ സംഘാടകരായ വൈദികരും സന്യസ്തരും തങ്ങളുടെ അധ്വാനഫലം പൊതുനന്മയ്ക്ക് സംഭാവന ചെയ്തതുകൊണ്ടാണ്.
(തുടരും)