ചെലവേറുന്പോൾ വരവേറും സംവിധാനം!
റവ. ഡോ. തോമസ് മൂലയിൽ
Thursday, April 10, 2025 12:36 AM IST
നിന്നനില്പിൽ നമ്മുടെ എംപിമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂടി. ഭരണ-പ്രതിപക്ഷ-നിഷ്പക്ഷ എംപിമാരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിരിഞ്ഞു! പണമുള്ളവനേ മണമുള്ളൂ, പണമില്ലാത്തവൻ പിണം, പണത്തിനു മീതേ പരുന്തും പറക്കില്ല. എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകളുടെ പൊരുളറിഞ്ഞു പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ പാവപ്പെട്ട എല്ലാ എംപിമാർക്കും ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ഹൃദ്യമായ അഭിവാദ്യങ്ങൾ! മുനന്പം ജനതയുടെയും ആശാ വർക്കർമാരുടെയും കർഷകവർഗത്തിന്റെയും പ്രത്യേകമായ അഭിനന്ദനങ്ങൾ!
ചെലവില്ലാ ജീവിതം
നമ്മുടെ പാവപ്പെട്ട എംപിമാരുടെ പരമദയനീയമായ സാന്പത്തികാവസ്ഥ അറിയണ്ടേ? ശന്പളം ഒരു ലക്ഷമെന്നത് ഒന്നേകാൽ ലക്ഷമായി. എംപി ആയിക്കഴിഞ്ഞാൽ രാജ്യത്തിന്റെ തലസ്ഥാനനഗരിയിൽ കണ്ണായ സ്ഥലത്ത് ആഡംബര താമസസൗകര്യം ലഭിക്കും. ഒരു രൂപ പോലും ചെലവില്ല.ഭക്ഷണം, വൈദ്യുതി, യാത്ര എല്ലാം സൗജന്യം. ജീവനക്കാരെ നിയമിക്കാം, ശന്പളം സർക്കാർ കൊടുക്കും. സൗജന്യ ചികിത്സ. അവർക്കും കുടുംബത്തിനും മാത്രമല്ല ജോലിക്കാർക്കുമുൾപ്പെടെയാണത്. ഏത് ആശുപത്രിയിലും ചികിത്സ നേടാം. വാഹനവും ഇന്ധനവും സൗജന്യമാണ്.
പാർലമെന്റിൽ സിറ്റിംഗ് ഉള്ളപ്പോൾ ദിവസംപ്രതി 2500 രൂപ ലഭിക്കും. എത്ര ദിവസമുണ്ടോ അത്രയും ദിവസം അതു ലഭിക്കും. മണ്ഡലം അലവൻസ് 70,000 രൂപയായിരുന്നത് 87,000 ആയി! ഓഫീസ് ചെലവുകളെല്ലാം സൗജന്യം. അത് 60,000 ആയിരുന്നത് 70,000 രൂപയാക്കി. ഫർണിച്ചർ വാങ്ങുന്നതിന് ഒരു ലക്ഷമായിരുന്നത് ഒന്നേകാൽ ലക്ഷമാക്കി. ഇതിനെല്ലാം പുറമേ, പെൻഷനുണ്ട്. മാസം 25,000 രൂപയായിരുന്നത് 31,000 രൂപയായി. ഒരു വർഷം 34 വിമാനയാത്രകൾ സൗജന്യം. ട്രെയിനിൽ എപ്പോൾ കയറിയാലും ഫസ്റ്റ്ക്ലാസിൽ സൗജന്യയാത്ര. ഇന്ത്യയിൽ ഇതിൽ കൂടുതൽ എന്തു ചെലവാണുള്ളത്? ഇതിൽകൂടുതൽ എന്തുവരുമാനമാണുള്ളത്?
തുടക്കം പാർട്ടിയിലൂടെ
ഒരു എംപി പ്രസ്തുത സ്ഥാനത്തെത്തുന്നതിനുള്ള ചെലവോ? പഠിച്ചുപാസാകണമെന്നില്ല. അപ്പോൾ അതിനു ചെലവൊന്നുമില്ല. ഇന്ത്യയിലെ ഏതൊരു പൗരനും എംപിയാകാം. വിദ്യാഭ്യാസ യോഗ്യത ബാധകമല്ല; പത്തുപോലും പാസാകണമെന്നില്ല. പിന്നെയുള്ള ചെലവ് സ്കൂളിലോ കോളജിലോ പോയിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചെലവുകളുണ്ടാകും. ഏതെങ്കിലും പാർട്ടിയിൽ പേര് രജിസ്റ്റർ ചെയ്യുന്നതോടെ ചെലവുകളെല്ലാം പാർട്ടി നോക്കിക്കൊള്ളും.
സമരത്തിനു പോകുക എന്നതാണല്ലോ മുഖ്യമായ പ്രവർത്തനപരിപാടി. അടിപിടി, കത്തിക്കുത്ത്, കൊലപാതകം എന്നിവയ്ക്കുള്ള സാധാനസാമഗ്രികളെല്ലാം പാർട്ടി നല്കികൊള്ളും. പരിക്കേറ്റാൽ ചാകുന്നതു വരെയുള്ള ചെലവുകളും പാർട്ടിനോക്കിക്കൊള്ളും. അങ്ങനെ സംഘടിച്ചും സംഘടിപ്പിച്ചും സമരം ചെയ്തും ചെയ്യിപ്പിച്ചും കരുത്താർജിക്കുന്നതോടെ തെരഞ്ഞെടുപ്പ് മത്സരത്തിനുള്ള കുറി വീണെന്നിരിക്കും.
കുറി വീണാൽപിന്നെ ജയിപ്പിക്കാനുള്ള ചെലവുകളെല്ലാം പാർട്ടി വകയാണ്. പ്രചാരണത്തിനിറങ്ങുന്പോൾ ആളപായം സംഭവിച്ചില്ലെങ്കിൽ എംപി ആക്കുന്ന കാര്യം പാർട്ടി നോക്കിക്കൊള്ളും. ചെലവിന്റെ കാര്യമാണ് പറഞ്ഞുവന്നത്. ജയിച്ചാൽ പിന്നെയുള്ള കാര്യം ഫ്ളാഷ് ബാക്കിലുണ്ടല്ലോ. ഇനി മത്സരത്തിനുള്ള അവസരം കിട്ടാതെ പോയാൽ, മേൽവിലാസമുണ്ടെങ്കിൽ രാജ്യസഭയിൽ അംഗമാകാം. അംഗമായാൽപിന്നെ ബാക്കി കാര്യങ്ങളെല്ലാം മുറപോലെ നടന്നുകൊള്ളും.
ഡൽഹിക്കു പോണം, വരണം
പാർലമെന്റംഗം എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ....? സമ്മേളനം നടക്കുന്പോൾ ഡൽഹിക്കു പോകണം, സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ 25,000 രൂപ പോകുമെന്നേയുള്ളൂ. പലപ്പോഴും അതിൽ കൂടുതൽ വരുമാനമുള്ള പരിപാടികൾ കാണും. അതിനു പോകാം, നഷ്ടം 25,000 രൂപ മാത്രം. സമ്മേളനത്തിനെത്തിയാൽ രാജകീയമായ ഇരിപ്പിടമുള്ളതിനാൽ സുഖമായി ഉറങ്ങി ക്ഷീണംതീർക്കാം. പിന്നെ സ്വന്തം പാർട്ടിയിൽപെട്ട ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കൈയടിച്ചോ മുദ്രാവാക്യം വിളിച്ചോ ഒന്നു പ്രോത്സാഹിപ്പിക്കണം. വല്ല അബദ്ധവും പറഞ്ഞുപിടിപ്പിച്ചാൽ, പുച്ഛമോ പരിഹാസമോ മറുഭാഗത്തുനിന്നുണ്ടായാൽ ഒച്ചപ്പാടും ബഹളവും കൂട്ടി പ്രതിരോധിക്കണം. മുദ്രാവാക്യമൊക്കെ മലയാളത്തിൽ വിളിച്ചാലും മതി. വിവരമുള്ള കുറെപ്പേർ ഉള്ളതിനാൽ അവർ സംസാരിച്ചുകൊള്ളും. ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ മതി.
അഞ്ചുകൊല്ലത്തെ സേവനം അവസാനിക്കുന്പോൾ ഒരിക്കൽപോലും ശബ്ദിച്ചിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല. ഇതിൽപ്പരം സുഖമായ മറ്റെന്തു തൊഴിലാണുള്ളത്? എംപിയായാൽ, ബൈബിളിൽ പറയുന്നതുപോലെ അവനും അവന്റെ കുടുംബവും രക്ഷപ്പെട്ടു! ജനം ശിക്ഷിക്കപ്പെടുന്ന കാര്യം എംപിക്കില്ലല്ലോ? എംപിയും എംഎൽഎയും നേരേ ചേട്ടാനുജന്മാരാണല്ലോ. അവരുടെയും കാര്യം ഇങ്ങനെതന്നെ. എംപിയും എംഎൽഎയുമൊന്നുമായില്ലെങ്കിലും അവരുടെ പിഎ ആയാലും നഷ്ടമില്ല. ആനുപാതികമായ ആനുകൂല്യങ്ങളെല്ലാം, പെൻഷൻ ഉൾപ്പെടെ കിട്ടിക്കൊള്ളും. എംപിയുടെയോ എംഎൽഎയുടെയോ പട്ടിയോ പശുവോ ആയാലും നഷ്ടമില്ല. വല്ല മന്ത്രിയോ മറ്റോ ആയിപ്പോയാൽ വളർത്തുമൃഗങ്ങൾക്കുൾപ്പെടെ ജോലിക്കാരും എസി സൗകര്യങ്ങളും ലഭിച്ചുകൊള്ളും!
അർഥം മാറിയ "ഗ്രാമസേവക്'
ജനാധിപത്യസന്പ്രദായത്തിൽ മഹാത്മജി പറഞ്ഞത് "ഗ്രാമസേവക്' വേണമെന്നാണ്. അതിന്റെയർഥം ഗ്രാമത്തെ സേവിക്കുന്നവൻ എന്നാണ്. കാലാന്തരത്തിൽ അത് "സ്വയം സേവക്' എന്നായിപ്പോയെന്നേയുള്ളൂ. ഗാന്ധിജി നിഷ്കാമ സേവനമെന്നാണു പറഞ്ഞത്. പ്രതിഫലം പറ്റാതെയുള്ള സേവനമാണ് അദ്ദേഹം ഉദ്ദേശിച്ചത്. സേവനത്തിനു വേതനം പാടില്ല എന്നാണ് സാമാന്യതത്വം. പിന്നെ ചെയ്യാവുന്നത്, അലവൻസ് നല്കുക എന്നതാണ്. സ്വന്തം പോക്കറ്റിൽനിന്നു പണം ചെലവു ചെയ്തു സേവനം ചെയ്യാൻ പോയാൽ കുടുംബം പട്ടിണിയാകും. അതുകൊണ്ട് മിതമായ വേതനം, മാന്യമായി ജീവിക്കാനുള്ള തുക വാങ്ങാം; അതു കൊടുക്കണം താനും. പാവപ്പെട്ട മനുഷ്യരെ ഞെക്കിപ്പിഴിഞ്ഞ് ആഡംബരമായി ജീവിക്കുന്നത് ന്യായമാണോ? ഒരു പുനർവിചിന്തനം നടത്താൻ അപേക്ഷ.
നമ്മുടെ എംപിമാർക്ക് "മെന്റൽ സ്ട്രെയിൻ' ഉണ്ടാകുന്ന അപൂർവമായ ചില സന്ദർഭങ്ങളുണ്ട്. അഞ്ചു വർഷം കൂടുന്പോഴാണ് സാധാരണ ഗതിയിലിതുണ്ടാകുന്നത്. അപൂർവങ്ങളിലപൂർവമായി ചിലപ്പോൾ സംഭവിക്കാറുമുണ്ട്. അതും വോട്ടുകൾ ചോരാനുള്ള സാധ്യതയുണ്ടെന്നു തിരിച്ചറിയുന്പോൾ മാത്രം!
ഈർക്കിലി പാർട്ടികൾ മുതൽ കാവി-ഖദർ-അരിവാൾ പാർട്ടികൾ വരെ സംയുക്തമായി പുറപ്പെടുവിക്കാൻ ആഗ്രഹിക്കുന്ന ഒരു ആഹ്വാനമുണ്ട്. പ്രിയപ്പെട്ട കുട്ടികളേ, നിങ്ങൾ പണം മുടക്കിയും പഠിച്ചു തലപുണ്ണാക്കിയുമൊന്നും ഭാവി നഷ്ടപ്പെടുത്തരുത്; ഏതെങ്കിലും പാർട്ടിയിൽ അംഗത്വമെടുത്ത് പാർട്ടിക്കുവേണ്ടി പണിയെടുക്കുക; നിങ്ങൾക്ക് ഒരു പഞ്ചായത്ത് പ്രസിഡന്റാകാനെങ്കിലും സാധിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു. പ്രിയപ്പെട്ട മാതാപിതാക്കളേ, നിങ്ങൾ കുട്ടികളെ വിദ്യാലയത്തിൽ ചേർക്കുന്ന കൂട്ടത്തിൽ അവരെ ഏതെങ്കിലും പാർട്ടിയിൽ ചേർക്കുക. ആദരണീയരായ അധ്യാപകരേ, നിങ്ങൾ നിങ്ങളുടെ സമയം പഠിപ്പിച്ചു കളയാതെ ഏതെങ്കിലും പാർട്ടിയിൽ സജീവമാകുക; നിങ്ങളുടെ കുട്ടികളെയും സജീവമാക്കുക! നാട് നരകമായിക്കൊള്ളും!