താപശരീരശോഷണം അവഗണിക്കരുത്
Saturday, March 15, 2025 1:14 PM IST
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു.
തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke)
ലക്ഷണങ്ങള്‍
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്.
സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)
സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.
ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍.
ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.
സൂര്യാഘാതം, താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോള്‍...
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ഫലങ്ങളും സാലഡുകളും കഴിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
പ്രത്യേക ശ്രദ്ധ വേണ്ടവര്‍
പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ & കേരള ഹെൽത്ത് സർവീസസ്.