കുഞ്ഞുങ്ങൾക്കെന്തിന് മൊബൈൽ ഫോൺ?
Friday, March 14, 2025 1:38 PM IST
ഇന്ന് കൈക്കുഞ്ഞുങ്ങള്ക്കുപോലും കളിപ്പാട്ടത്തിന് സമാനമായി നല്‍കുന്നത് മൊബൈല്‍ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നതായും കാണാം.
കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും വരെ മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നു. കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ അവർക്കു മൊബൈല്‍ ഫോണ്‍ നല്കുന്നു.
ഇതു തുടരുമ്പോള്‍ ആസക്തി ആയി മാറുന്നു. ഇത്തരം ശീലങ്ങള്‍ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങള്‍ക്ക്
പൂര്‍ണ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്.
കുഞ്ഞുങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
· പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
· തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
· കുട്ടികള്‍ കള്ളം പറയാനുള്ള പ്രവണത കൂടുന്നു.
· മാനസികാരോഗ്യത്തെ ബാധിക്കുന്നു (വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നു).
· ഉറക്കമില്ലായ്മ
· മറ്റുള്ളവരുമായി ഇടപെടാന്‍ താത്പര്യക്കുറവ് കാണിക്കുന്നു.
· കുഞ്ഞുങ്ങള്‍ ഹൈപ്പര്‍ ആക്റ്റീവ് ആകുന്നു.
· ഒരു കളിപ്പാട്ടം എന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.
· ശ്രദ്ധക്കുറവും താത്പര്യമില്ലായ്മയും പ്രകടമാകുന്നു.
എങ്ങനെ നിയന്ത്രിക്കാം?
· ഒരു കളിപ്പാട്ടം എന്നപോലെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുമ്പോഴോ അവര്‍ അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാനായോ മൊബൈല്‍ ഫോണ്‍ നല്‍കരുത്.
· രക്ഷിതാക്കള്‍ കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം
ഒന്നിച്ചുള്ള സമയം അവരോട് ഇടപഴകി ബന്ധം സുദൃഢമാക്കാന്‍ ശ്രമിക്കുക.
· കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച് മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ച്
അവര്‍ക്ക് മാതൃകയാവുക.
· കുഞ്ഞുങ്ങള്‍ വിനോദവൃത്തിയില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
· കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കളികള്‍ ഒഴിവാക്കി ബുദ്ധിവികാസത്തെ വളര്‍ത്തുന്ന പസില്‍, സുഡോകു പോലുള്ളവ പരിശീലിപ്പിക്കുക.
· കുഞ്ഞുങ്ങള്‍ക്ക് കൃത്യമായ ദിനചര്യ ഉണ്ടാക്കുകയും അതില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗ സമയം പരമാവധി കുറയ്ക്കുകയും അത് കൃത്യമായി കുട്ടികള്‍ പാലിക്കുന്നതായി ഉറപ്പുവരുത്തുകയും വേണം.
· ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുമ്പും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല.
· കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ഇരുത്താതെ അവരുടെ ഒപ്പം എപ്പോഴും മുതിര്‍ന്നവര്‍ ആരെങ്കിലും ഉണ്ടായിരിക്കണം. ഒറ്റപ്പെടല്‍ ഉണ്ടാകുമ്പോള്‍ ഒരു കൂട്ടിനു വേണ്ടിയോ സമയം നീങ്ങാനോ ഒക്കെയായി കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ സാധ്യതയുണ്ട്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കുഞ്ഞുങ്ങളെ പരിപാലിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം, ഈ ആസക്തി ഒരു രോഗമായി കണ്ട് കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്.
മാതാപിതാക്കള്‍ എന്ന നിലയ്ക്ക് നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കി പെരുമാറുക.
വിവരങ്ങൾ: രശ്മി മോഹൻ എ.
ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.