ട്രംപിന്റെ വ്യാപാരയുദ്ധം രക്ഷപ്പെടാൻ സമഗ്ര കരാർ ചർച്ച
Wednesday, March 12, 2025 12:32 AM IST
രണ്ടു കാര്യങ്ങൾ നടക്കാം. ഒന്ന്: അമേരിക്കയുടെ പകരത്തിനു പകരം തീരുവയിൽനിന്ന് ഇന്ത്യക്കു താത്കാലിക ആശ്വാസം കിട്ടാം. രണ്ട്: അമേരിക്ക ആവശ്യപ്പെടുന്നതുപോലെ ചുങ്കം കുറയ്ക്കാനും കാർഷികവിപണി തുറന്നു കൊടുക്കാനും ഇന്ത്യ തയാറായേക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉദ്ദേശിക്കുന്നിടത്തു കാര്യങ്ങൾ ചെന്നെത്തുകയാണ്. അതു തുറന്നുപറയാൻ സമയമായിട്ടില്ലെന്നു മാത്രം. എങ്കിലും ട്രംപ് പറഞ്ഞു - ഇന്ത്യ ചുങ്കം കുറയ്ക്കാൻ സമ്മതിച്ചു എന്ന്.
വാഷിംഗ്ടണിൽ ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഉദ്യോഗസ്ഥരും ദിവസങ്ങളോളം നടത്തിയ ചർച്ച വിഫലമായില്ല. ചർച്ചയ്ക്കു ശേഷം വന്ന വാണിജ്യ സെക്രട്ടറി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോടു പറഞ്ഞത് അമേരിക്ക ഇന്ത്യൻ ഇറക്കുമതിക്കു പുതിയ ചുങ്കം ഒന്നും ചുമത്തിയിട്ടില്ലെന്നാണ്. ഏപ്രിൽ രണ്ടിനു പകരത്തിനു പകരം ചുങ്കം ചുമത്തുമെന്നു ട്രംപ് പറഞ്ഞിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ, സെപ്റ്റംബറിനകം ഉഭയകക്ഷി വാണിജ്യ കരാർ (ബിടിഎ) ഉണ്ടാക്കാൻ ചർച്ച നടക്കുകയാണെന്നാണ് സെക്രട്ടറി വിശദീകരിച്ചത്.
ചേർത്തു വായിച്ചാൽ...
ട്രംപ് പറഞ്ഞതും ഇന്ത്യ പറയാത്തതും ചേർത്തു വായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകും: ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ ചർച്ച നടത്തുന്നതുകൊണ്ട് ഇന്ത്യക്കുമേൽ വേറേ പിഴച്ചുങ്കം ചുമത്താനിടയില്ലെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഉഭയകക്ഷി കരാർ ചെറിയ കാര്യമല്ല. ബൃഹത്തും വിപുലവും (Grand and Large) ആയ കരാറാണ് ഉദ്ദേശിക്കുന്നതെന്നു യുഎസ് വാണിജ്യ സെക്രട്ടറി ഹവാഡ് ലുട്നിക്ക് പറഞ്ഞിട്ടുണ്ട്. സ്വതന്ത്രവ്യാപാര ഉടമ്പടി (FTA- Free Trade Agreement) പോലെ ഒന്ന്. ഉത്പന്നങ്ങളുടെ ഇറക്കുമതിയും ചുങ്കവും മാത്രമല്ല അതിൽ വരിക. ബൗദ്ധിക സ്വത്തവകാശം, സർക്കാർ കരാറുകളിലെ പങ്കാളിത്തം, കാർഷിക സബ്സിഡി, കയറ്റുമതി സബ്സിഡി തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യവസ്ഥകൾ അടങ്ങിയതാകും ഈ കരാർ. അതിനു സമ്മതമാണെന്നാണ് ഫെബ്രുവരി 13ന് വൈറ്റ് ഹൗസിലെ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനോടു പറഞ്ഞത്. അതിൽ കാർഷിക മേഖലയിലെ വ്യാപാരവും ഉൾപ്പെടുമെന്ന് ലുട്നിക്ക് ‘ഇന്ത്യാ ടുഡെ’യുടെ സെമിനാറിൽ ഡിജിറ്റലായി പങ്കെടുത്തുകൊണ്ട് വിശദീകരിക്കുകയും ചെയ്തു.
വാണിജ്യനയം മാറ്റിയെഴുതണം
ട്രംപ് ഉദ്ദേശിച്ച കാര്യങ്ങൾ പ്രതീക്ഷിച്ചതിലും എളുപ്പം നടക്കുന്നു എന്നു വേണമെങ്കിൽ പറയാം. അല്ലെങ്കിൽ യുഎസ് രാഷ്ട്രീയ നേതൃത്വത്തിന്റെ മാറിമറിയുന്ന നിലപാടുകളുടെ ഇര ആകാതിരിക്കാൻ യുഎസ് വാണിജ്യ വകുപ്പുമായി സമഗ്രചർച്ച നടത്തി കരാർ ഉണ്ടാക്കാൻ ഇന്ത്യ കരുനീക്കിയെന്നും പറയാം. ഏതായാലും ‘പകരത്തിനു പകരം’ തീരുവ ഒഴിവാകുന്നതു നല്ല കാര്യമാണ്.
ട്രംപ് ഭരണകൂടം പറയുന്നതനുസരിച്ച് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്ന വാണിജ്യ കാര്യങ്ങൾ ഇവയാണ്: യുഎസ് വ്യാവസായിക ഉത്പന്നങ്ങൾക്ക് ചുങ്കം ഇല്ലാതാക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് അമേരിക്ക ഈടാക്കുന്ന ചുങ്കം മാത്രം ഈടാക്കുക, റഷ്യയിൽനിന്നുള്ള പ്രതിരോധ ഇറക്കുമതി കുറയ്ക്കുക.
ഇവ സമ്മതിക്കുക എന്നാൽ ഇന്ത്യയുടെ ഇറക്കുമതിനയവും പ്രതിരോധനയവും സമഗ്രമായി മാറ്റുക എന്നാണർഥം. രാജ്യത്തെ ദുർബലമായ വ്യവസായ-കാർഷിക മേഖലകളെ സംരക്ഷിക്കാനാണു പല ഇറക്കുമതികൾക്കും കൂടിയ ചുങ്കം ചുമത്തുന്നത്. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചർച്ചകളിൽ ഏറെ പോരാട്ടം നടത്തി ഇന്ത്യ നേടിയെടുത്ത ഇളവുകൾ ഒറ്റത്തട്ടിന് തകർക്കാൻ ചർച്ചകൾ കാരണമാകുമോയെന്ന് ഇന്ത്യ ഭയപ്പെടുന്നുണ്ട്. റഷ്യൻ ആയുധങ്ങൾ പാടില്ലെന്നു ട്രംപ് ശഠിച്ചാൽ ഇന്ത്യയുടെ പ്രതിരോധ മേഖല വല്ലാത്ത പതനത്തിലാകും.
വിപണി തേടി അമേരിക്ക
അമേരിക്കയ്ക്ക് ഇന്ത്യൻ വിപണി ആവശ്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ. ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടന. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹനവിപണി. ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഖ്യയിൽ മുൻപന്തിയിലുള്ള രാജ്യം. വിദ്യാർഥികളുടെയും യുവാക്കളുടെയും സംഖ്യയിലെ മുൻനിര രാജ്യം. ഇങ്ങനെയൊരു രാജ്യത്തിന്റെ വിപണി ആരെയും കൊതിപ്പിക്കും. അമേരിക്കയെ വീണ്ടും മഹത്താക്കാൻ (MAGA - Make America Great Again) ആഗ്രഹിക്കുന്ന ട്രംപിന് ഇന്ത്യയോടു മോഹം തോന്നുന്നതിൽ ആശ്ചര്യമില്ല.
കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി ഉദാരമാക്കണമെന്ന ആവശ്യം ഇന്ത്യയുടെ വാണിജ്യ ചർച്ചകളെ എന്നും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) രൂപപ്പെടുത്താൻ ദശാബ്ദങ്ങൾ നീണ്ട ചർച്ച വേണ്ടിവന്നത് ഇതു മൂലമാണ്. പിന്നീട് ആസിയാൻ ഉടമ്പടി നീണ്ടു പോയതും ആർസിഇപിയിൽ ഇന്ത്യ ചേരാതിരുന്നതും ഇതുകൊണ്ടുതന്നെ.
അത്രയ്ക്കു പ്രശ്നമില്ല
ധാന്യങ്ങൾ, കാലിത്തീറ്റകൾ, സോയാബീൻ, കായ്കൾ, പഴങ്ങൾ, ക്ഷീരോത്പന്നങ്ങൾ, എഥനോൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, സസ്യ എണ്ണ, മാംസം, പരുത്തി, പാനീയങ്ങൾ, ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയവയാണ് അമേരിക്ക കയറ്റുമതി ചെയ്യുന്ന പ്രധാന കാർഷികോത്പന്നങ്ങൾ. കസ്റ്റംസ് പട്ടികയിൽ വൈനും വിസ്കിയും കാർഷികോത്പന്നങ്ങളാണ്.
ഒറ്റയ്ക്കൊറ്റയ്ക്കു പരിശോധിച്ചാൽ ഇവയുടെ ഇറക്കുമതി ഉദാരമാക്കുന്നത് ഇന്ത്യയിലെ കർഷകർക്കോ വ്യവസായങ്ങൾക്കോ ദോഷം വരുത്തുന്നതല്ല. സസ്യ എണ്ണ ഇന്ത്യയുടെ ഏറ്റവും വലിയ കാർഷിക ഇറക്കുമതി ഇനമാണ്. കഴിഞ്ഞ വർഷം ഇന്ത്യ 3,700 കോടി ഡോളറിന്റെ കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ അതിന്റെ പകുതിയിലേറെ തുക (1,880 കോടി ഡോളർ) ഭക്ഷ്യ എണ്ണയ്ക്കുവേണ്ടിയായിരുന്നു. ഇന്തോനേഷ്യ, അർജന്റീന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണു ഭക്ഷ്യ എണ്ണയുടെ സിംഹഭാഗവും നൽകുന്നത്. നമ്മുടെ ഭക്ഷ്യ എണ്ണ ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതികൊണ്ടാണു നിറവേറ്റുന്നത്. അതിൽ അമേരിക്കൻ എണ്ണകൂടി പെടുത്താൻ പ്രയാസമില്ല. അമേരിക്കയ്ക്കു കൂടുതൽ നൽകാൻ പറ്റുക സോയാബീൻ എണ്ണയാണ്. ഇന്ത്യ കൂടുതൽ ഉപയോഗിക്കുന്നതു പാമോയിലാണ് എന്ന പ്രശ്നമുണ്ട്.
പയറുവർഗങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യ മുന്നിലാണ്. ഇപ്പോൾ ഓസ്ട്രേലിയ, കാനഡ, മ്യാൻമർ, ടാൻസാനിയ, മൊസാമ്പിക്, മലാവി, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണു കടല, പരിപ്പ്, ഉഴുന്ന്, പയർ തുടങ്ങിയവ വാങ്ങുന്നത്. അമേരിക്കൻ ഉത്പന്നങ്ങളും അവയിൽ പെടുത്താൻ പ്രയാസമില്ല. പല കാലത്തും ഇവ ഡ്യൂട്ടിയില്ലാതെ ഇറക്കുമതി ചെയ്താണു വില പിടിച്ചുനിർത്തുന്നത്.
മറ്റു രാജ്യങ്ങളുമായി സമാന കരാറുകൾ
അമേരിക്ക ആവശ്യപ്പെടുന്ന കാര്യങ്ങൾ മിക്കതും 2022ൽ ഓസ്ട്രേലിയയുമായി ഉണ്ടാക്കിയ കരാറിലുള്ളതാണ്. അതനുസരിച്ച് അവിടെനിന്നുള്ള ധാന്യങ്ങൾ, പഴങ്ങൾ, കായ്കൾ അടക്കം 90 ശതമാനം ഉത്പന്നങ്ങൾക്കും ചുങ്കം ഒഴിവാക്കി. ക്ഷീരോത്പന്നങ്ങളടക്കം 100 ശതമാനം സാധനങ്ങൾക്കും ചുങ്കം ഒഴിവാക്കുന്ന സമഗ്ര സഹകരണ കരാറിനായി ചർച്ച നടന്നുവരികയാണ്.
യുഎഇയുമായി 2022ൽ ഉണ്ടാക്കിയ കരാറിൽ ധാന്യങ്ങളും സ്വർണവും അടക്കം 80 ശതമാനം ഉത്പന്നങ്ങൾക്കും ചുങ്കം ഒഴിവാക്കി. 10 വർഷംകൊണ്ട് 100 ശതമാനം ചുങ്കം ഒഴിവാക്കുന്നതാണ് ആ കരാർ. ഇപ്പോൾ യുകെയുമായും യൂറോപ്യൻ യൂണിയനുമായും ഇന്ത്യ തിരക്കിട്ടു നടത്തുന്ന ചർച്ചകൾ ക്ഷീരോത്പന്നങ്ങളും പഴങ്ങളും അടക്കമുള്ളവയ്ക്കു ചുങ്കം ഒഴിവാക്കുന്ന സ്വതന്ത്ര വ്യാപാര ഉടമ്പടിയാണു ലക്ഷ്യമിടുന്നത്. അതുതന്നെയാണ് ട്രംപും ആവശ്യപ്പെടുന്നത്. മറ്റു രാജ്യങ്ങൾ ചുങ്കം ഒഴിവാക്കാൻ കുറേ വർഷം തരുമ്പോൾ അമേരിക്ക സാവകാശത്തിനു തയാറില്ലെന്നു മാത്രം.
മത്സരിക്കാൻ പറ്റില്ല
ഇന്ത്യയിലെ കർഷകരിൽ 88 ശതമാനവും രണ്ടു ഹെക്ടറിൽ താഴെ കൃഷിയിടമുള്ള ചെറുകിട - നാമമാത്ര കർഷകരാണ്. യന്ത്രവത്കരണം ട്രാക്ടറിലും കൊയ്ത്തു യന്ത്രത്തിലും ഒതുങ്ങുന്നു. വിളവ് സൂക്ഷിക്കാൻ ഭൂരിപക്ഷത്തിനും പരമ്പരാഗത സംവിധാനങ്ങൾ മാത്രം. ഭക്ഷ്യസംസ്കരണ സംവിധാനങ്ങൾ വേണ്ടത്രയില്ല. നിരവധി ഇടത്തട്ടുകാരെ കടന്നു വേണം അവർക്ക് മൊത്തവ്യാപാരികളിലെത്താൻ. അത്രയും പേരുടെ ലാഭമെടുക്കൽ കഴിഞ്ഞു കിട്ടുന്ന തുക തീർത്തും അപര്യാപ്തം. അമേരിക്കൻ കർഷകനോടു വിപണിയിൽ മത്സരിക്കാൻ ഇന്ത്യൻ കർഷകനു പറ്റില്ലെന്നു വ്യക്തം.
ചുങ്കം ഇല്ലെങ്കിൽ കയറ്റുമതി കൂടും
തുണികൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ ചുങ്കം ഇളവു ചെയ്യാൻ ഇന്ത്യക്കു വലിയ പ്രയാസമില്ല. അമേരിക്ക ഈടാക്കുന്ന ചുങ്കം കുറച്ചുകിട്ടണമെന്നു മാത്രം. വസ്ത്ര കയറ്റുമതിക്കാർ അങ്ങോട്ടും ഇങ്ങാേട്ടും ചുങ്കം ഇല്ലാത്ത അവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. ചുങ്കം ഇല്ലാതാക്കിയാൽ മൂന്നു വർഷംകൊണ്ടു കയറ്റുമതി ഇരട്ടിപ്പിച്ച് 1,600 കോടി ഡോളർ ആക്കാമെന്നാണു കയറ്റുമതിക്കാരുടെ സംഘടന പറയുന്നത്.
പോളിഷ് ചെയ്യാത്ത രത്നക്കല്ലുകൾ ഇറക്കുമതി ചെയ്ത് പോളിഷ് ചെയ്ത് രത്നങ്ങൾ തനിച്ചും ആഭരണങ്ങളാക്കിയും കയറ്റുമതി ചെയ്യുന്ന വിഭാഗവും ചുങ്കം ഇല്ലാതായാൽ ബിസിനസ് വർധിക്കുമെന്ന പക്ഷമാണ്. അങ്ങോട്ടും ഇങ്ങോട്ടും ചുങ്കം ഒഴിവാക്കിയാൽ മതി.
ഇലക്ട്രോണിക്സിൽ ഇപ്പോൾ ഇന്ത്യയുടെ മുഖ്യ കയറ്റുമതി ആപ്പിൾ ഐഫോണുകളും സാംസംഗ്, മോട്ടോറോള തുടങ്ങിയവയുടെ മൊബൈലുകളുമാണ്. അവരും ചുങ്കം ഒഴിവാക്കുന്നതിൽ നേട്ടമേ കാണുന്നുള്ളൂ.
ഇന്ത്യ ചുങ്കം കുറയ്ക്കാതിരിക്കുകയും അമേരിക്ക പിഴച്ചുങ്കം ചുമത്തുകയും ചെയ്താൽ കാര്യങ്ങൾ മോശമാകാം. അപ്പോൾ കയറ്റുമതി ബുദ്ധിമുട്ടാകും. പക്ഷേ, സമഗ്ര കരാറിനായി ചർച്ച നടക്കുന്നതിനാൽ ആ സാഹചര്യം ഒഴിവായി എന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്. പ്രസംഗങ്ങളിൽ ട്രംപും മറ്റും പറയുന്ന കണക്കുകളല്ല സത്യമെന്ന് ഉദ്യോഗസ്ഥതല ചർച്ചയിൽ ബോധ്യപ്പെടുത്താമെന്നാണ് ഇന്ത്യയുടെ വിശ്വാസം. സമഗ്ര കരാറിലേക്കു വിഷയം തിരിച്ചു വിട്ടതിലെ പ്രധാന നേട്ടം അതാണ്.