ഒന്പതു വർഷം പിണറായി "ഒളിപ്പിച്ച' നവകേരള രേഖ
എം. പ്രേംകുമാർ
Tuesday, March 11, 2025 12:08 AM IST
ഒരുപക്ഷേ, സിപിഎം രൂപപ്പെട്ടതിനുശേഷം ഒരു നേതാവിന്റെ മാത്രം ഇംഗിതത്തിനനുസരിച്ചു നടന്ന ഒരു സമ്മേളനമാകും കഴിഞ്ഞ ദിവസം കൊല്ലത്തു സമാപിച്ചതെന്നു പറഞ്ഞാൽ അതിശയോക്തിയുണ്ടാവില്ല. ഏറെ പണിപ്പെട്ടു രൂപപ്പെടുത്തിയെടുത്ത കഴിഞ്ഞ മൂന്നു വർഷക്കാലത്തെ ബൃഹത്തായ പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും അപ്രസക്തമായി.
പാർട്ടി ബ്രാഞ്ച് സമ്മേളനം മുതൽ ഒരുപരിധിവരെ ജില്ലാ സമ്മേളനങ്ങൾ വരെ കണ്ട ഫലപ്രദമായ ചർച്ചയും വിമർശനങ്ങളും സംസ്ഥാന സമ്മേളനമെത്തിയപ്പോൾ ആവിയായി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച രണ്ടു റിപ്പോർട്ടുകളും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള രേഖയ്ക്കു പൂർണമായും വഴിമാറിക്കൊടുത്തുവെന്നല്ല, വഴങ്ങിക്കൊടുത്തു എന്നു വേണം പറയാൻ.
ചർച്ചയ്ക്കു തൊട്ടുമുന്പുള്ള ഗ്രൂപ്പ് ചർച്ചയിൽ ഇങ്ങനെയൊക്കെ ചർച്ച ചെയ്താൽ മതിയെന്നു സൂചിപ്പിച്ചുള്ള "ഒരു കത്ത്' ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മുഖേന ജില്ലാ സെക്രട്ടറിമാർക്കു നൽകി. ഇതിൽ വിയോജിപ്പുള്ളവരെ ചർച്ചയ്ക്കു വിടരുതെന്ന ശക്തമായ നിർദേശവും കത്തിലൂടെ നൽകിയിരുന്നു. ചിലതുപറയാൻ തയാറായി വന്ന ചില പ്രതിനിധികൾ വാലുംചുരുട്ടി ഗോവിന്ദൻ മാഷിന്റെ നല്ല കുട്ടികളായി സമ്മേളനഹാളിൽ അവരവരുടെ ഇരിപ്പിടങ്ങളിൽ പോയി ഇരുന്നു. ചർച്ചയിൽ പങ്കെുത്തവരാകട്ടെ ക്യാപ്റ്റൻ വിജയനു സ്തുതി പാടുകയായിരുന്നു.
വിഎസിന്റെ "പിന്തിരിപ്പൻ' പിണറായിയുടെ ബദൽ മാർഗങ്ങളായി
നവകേരളം എന്നതു പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ആവിഷ്കരിച്ച രേഖയല്ല. പാർട്ടിയിൽ വിഎസ്-പിണറായി വിഭാഗീയത ആളിക്കത്തി നിൽക്കുന്പോഴാണു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി നവകേരള യാത്ര നടത്തുന്നത്. കേരളം മാറുന്നതോടൊപ്പം പാർട്ടിയെയും നവീകരിക്കണമെന്നതായിരുന്നു ലക്ഷ്യം. ആഗോള-നവ ഉദാരവത്കരണ നയങ്ങളും സ്വകാര്യ നിക്ഷേപവുമൊക്കെ വേലിക്കു വെളിയിൽ നിർത്തിയിരുന്ന സിപിഎം വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-2011 കാലഘട്ടത്തിൽ ഈ പിന്തിരിപ്പൻ നയങ്ങളോടു മെല്ലെ അടുത്തുതുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ലോകബാങ്കിന്റെയും എഡിബിയുടെയും വായ്പകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നു പിണറായി വിജയൻതന്നെ വ്യക്തമാക്കി. പാർട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട് നയവ്യതിയാനമാണെന്നു പറഞ്ഞ് വിഎസ് പരമാവധി പാർട്ടിക്കുള്ളിലും പുറത്തും പോരാടി. പാർട്ടി കോണ്ഗ്രസ് വരെ സംസ്ഥാനത്തെ ഈ നയവ്യതിയാനം ചർച്ചയായി.
സിപിഎം കേന്ദ്ര നേതൃത്വം വിഎസിനൊപ്പമായിരുന്നതുകൊണ്ട് അന്നു പിണറായിക്കു തത്കാലം മുട്ടുമടക്കേണ്ടി വന്നു. എന്നാൽ, 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ കാര്യങ്ങൾ ആകെ മാറി. നവകേരളത്തിനായി പാർട്ടി നയങ്ങളിൽ ആവശ്യമായ മാറ്റം വേണമെന്ന അദ്ദേഹത്തിന്റെ നിലപാടിനു പിന്തുണ കൂടി. പാർട്ടി നേതൃത്വത്തിലും സർക്കാരിലും പിണറായി ഒന്നാമനായതോടെ വിഎസിന്റെ ശബ്ദം തീർത്തും ഒറ്റപ്പെട്ടു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ പിന്തിരിപ്പൻ എന്നു പറഞ്ഞു തള്ളിയതെല്ലാം പുതിയ ബദൽ മാർഗങ്ങളായി പാർട്ടിയിലും സർക്കാരിലും അവതരിപ്പിക്കപ്പെട്ടു. എന്നാൽ പാർട്ടി സമ്മേളനങ്ങളിലുയർന്ന ശക്തമായ എതിർപ്പുകളെ പിണറായിക്കു തള്ളിക്കളയാനായില്ല. ഇവിടെയായിരുന്നു സിപിഎം സമ്മേളനങ്ങളുടെ പ്രസക്തി. ഈ ശക്തിയാണു കഴിഞ്ഞ ദിവസങ്ങളിലെ കൊല്ലം സമ്മേളനത്തോടെ സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയത്തിൽ നഷ്ടമാകുന്നത്.
നേതാക്കൾ മാത്രം ചർച്ച ചെയ്ത നവകേരള രേഖ
സംസ്ഥാന വികസനത്തിനായി സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളാണു സിപിഎം സംസ്ഥാന സമ്മേളനത്തിൽ "നവകേരളത്തെ നയിക്കാൻ പുതുവഴി'കളെന്ന രേഖ അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഈ നവകേരള രേഖ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റോ സംസ്ഥാന സമിതിയോ പരിശോധിച്ചിട്ടില്ല. ചർച്ച ചെയ്തുവെന്ന് എം.വി. ഗോവിന്ദൻ പറയുന്നത് സിപിഎമ്മിനെ അറിയാവുന്ന ആരും വിശ്വസിക്കില്ല. ഇങ്ങനെ പാർട്ടി വിവിധ തലങ്ങളിൽ പരിശോധിക്കാത്ത ഒരു നയരേഖ എങ്ങനെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടുവെന്നതു പാർട്ടിക്കുള്ളിലും പുറത്തും പരക്കെ ചർച്ചചെയ്യപ്പെടുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ ശക്തമായി എതിർക്കുകയും സമരം ചെയ്തുവരികയും ചെയ്യുന്ന പാർട്ടിക്കു പൊടുന്നനെ ഇങ്ങനെയൊരു മാറ്റമെന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഫാസിസ്റ്റല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെ പരാമർശവും ഈ നയവ്യതിയാനവും തമ്മിൽ ഒരു അന്തർധാരയുണ്ടെന്നു സാധാരണ സിപിഎം പ്രവർത്തകർ സംശയിച്ചാൽ അവരെ തെറ്റു പറയാനാകില്ല. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്കു വിൽക്കുന്നുവെന്നു പറഞ്ഞു സിപിഎമ്മും ഇടതുപക്ഷവും പ്രതിഷേധിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. പിണറായി വിജയന്റെ നവകേരള രേഖ ഈ പ്രസക്തമായ മുദ്രാവാക്യത്തിന്റെകൂടി മുനയൊടിക്കുകയാണ്. സത്യത്തിൽ സിപിഎമ്മിന് ഒരു സമര മുദ്രാവാക്യംകൂടി നഷ്ടമാകുകയാണ്.
കോടിയേരിയല്ല ഗോവിന്ദൻ
പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണു സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖം കൂടിയായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയാകുന്നത്. പാർട്ടിയിൽ തെറ്റായ പ്രവണതകൾ വർധിക്കുന്നതിനാൽ തിരുത്തലുകൾ കൂടിയേ തീരൂവെന്ന ശാഠ്യത്തോടെ തെറ്റുതിരുത്തൽ രേഖയുമായി ഇറങ്ങിയ എം.വി. ഗോവിന്ദനു തന്റെ ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ പാലക്കാട് ജില്ലയിലെ പ്രമുഖനായ പി.കെ. ശശിക്കെതിരേയും ഇടതുമുന്നണി കണ്വീനറായിരുന്ന ഇ.പി. ജയരാജനെതിരേയും സ്വീകരിച്ച അച്ചടക്ക നടപടി ഗോവിന്ദനു സിപിഎമ്മിനുള്ളിൽ വീരപരിവേഷം നൽകി. പി. ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റിലെ ചില നേതാക്കളും പാർട്ടി സെക്രട്ടറിക്കൊപ്പം ചേർന്നതോടെ സിപിഎമ്മിലെ സമവാക്യങ്ങൾ മാറുന്നതുപോലെ തോന്നി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണയും ഗോവിന്ദനുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായുള്ള യെച്ചൂരിയുടെ വിയോഗം ഗോവിന്ദന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അതുവരെ സർക്കാരിനെ പല കാര്യങ്ങളിലും തിരുത്തിയിരുന്ന ഗോവിന്ദനു പിന്നീട് അതിനു കഴിയാതെയായി. രാവിലെ പറയുന്ന കാര്യങ്ങൾ വൈകുന്നേരമാകുന്പോൾ തിരുത്തിപ്പറയുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയായി ഗോവിന്ദൻ മാറി.
ഗോവിന്ദന്റെ ഈ നിലപാട് കൊല്ലം സമ്മേളനത്തിൽ ഏറെ വിമർശനത്തിനിടയാക്കി. താൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും സംഘടനാ റിപ്പോർട്ടിന്മേലും ഗൗരവമായ ചർച്ച പ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന വിമർശനവും അദ്ദേഹം ചർച്ചയ്ക്കു മറുപടി പറയവേ സൂചിപ്പിക്കുകയുണ്ടായി. സമ്മേളനത്തിൽ നവകേരള രേഖയുടെ പ്രസക്തി എന്തെന്നു കുറച്ചുപേരെങ്കിലും ചോദിക്കാൻ തയാറായി. ഇതിനു സത്യസന്ധമായി മറുപടി പറയാൻ ഗോവിന്ദനായില്ല.
കോടിയേരി ബാലകൃഷ്ണനായിരുന്നെങ്കിൽ പിണറായിയുടെ ഈ രേഖ മറ്റേതെങ്കിലും അവസരത്തിൽ അവതരിപ്പിച്ചാൽ മതിയെന്ന നിലപാടെടുക്കുമായിരുന്നുവെന്നു പറയുന്നവരാണു സിപിഎമ്മിൽ വലിയൊരു ഭാഗവും. സിപിഎമ്മിൽ ഒരു കാലത്തും ഒരു പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പുറകിൽ ഒളിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. അങ്ങനെയൊരു ദുഷ്പേര് എം.വി. ഗോവിന്ദനുണ്ടായതും ചരിത്രമാണ്.
നേതൃനിരയിൽനിന്നുതന്നെ വിമതസ്വരം
പാർട്ടി സംസ്ഥാന സമിതിയും പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചതിലെ അതൃപ്തി ചില നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ചതു കൊല്ലത്തു ചേർന്ന ഈ സംസ്ഥാന സമ്മേളനത്തിലാണ്. പി. ജയരാജനും ജെ. മേഴ്സിക്കുട്ടിയമ്മയും സെക്രട്ടേറിയറ്റിൽ എത്തുമെന്ന ഒരു പ്രതീക്ഷയും ഇരുവരും വച്ചുപുലർത്തിയിരുന്നില്ലായെന്നുള്ളതു സത്യമാണ്.
എന്നാൽ, തന്നെ പരിഗണിക്കാതെ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിലുള്ള നീരസം പി. ജയരാജൻ സംസ്ഥാന സമിതിയിലും പിന്നീട് എം.വി. ഗോവിന്ദനോടും പ്രകടിപ്പിച്ചു. സെക്രട്ടേറിയറ്റംഗമായതിനാൽ സ്വാഭാവികമായും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എം.വി. ജയരാജന് ഒഴിയേണ്ടിവരും. അങ്ങനെ വരുന്പോൾ ജില്ലാ സെക്രട്ടറിയായി ആരെ പരിഗണിക്കുമെന്നതാണ് പുതിയ പ്രതിസന്ധിയായി വരിക.
നിലവിലെ സാഹചര്യത്തിൽ പി. ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത കുറവാണ്. പിജെയെ ബോധപൂർവം തഴഞ്ഞുവെന്ന പ്രചാരണം പരക്കെയുണ്ട്. കണ്ണൂരിലെ പാർട്ടിയിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നുറപ്പാണ്. ഗോവിന്ദനു പിജെയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ താത്പര്യമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പിടിവാശിക്കു മുന്നിൽ അദ്ദേഹത്തിനു വഴങ്ങിക്കൊടുക്കേണ്ടി വന്നു.
വിഎസിനൊപ്പം എല്ലാക്കാലത്തും ശക്തമായി നിലകൊണ്ട നേതാവാണ് ജെ. മേഴ്സിക്കുട്ടിയമ്മ. ഈയൊരു കാരണംതന്നെയാണു കൊല്ലത്തെ ശക്തയായ നേതാവായിരുന്നിട്ടും അവരെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത്. മേഴ്സിക്കുട്ടിയമ്മയും സംസ്ഥാന സമിതി ചേർന്നപ്പോൾ വിമർശനം ഉന്നയിച്ചു.
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എ. പത്മകുമാറിനും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അമർഷമുണ്ട്. അതദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇനി പത്മകുമാർ സംസ്ഥാന സമിതിയിൽ ഉൾപ്പെടില്ലെന്നു മാത്രമല്ല, പരസ്യവിമർശനത്തിനു പാർട്ടി അച്ചടക്ക നടപടിയും നേരിടേണ്ടിവരുമെന്നുള്ളത് ഉറപ്പാണ്. ഇതാദ്യമായാണു കമ്മിറ്റികളിൽ ഉൾപ്പെടുത്താത്തതിലുള്ള നീരസം മുതിർന്ന നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുന്നത്. ഇതിനും കൊല്ലം സമ്മേളനം സാക്ഷ്യംവഹിച്ചുവെന്നുള്ളതാണു മറ്റൊരു ചരിത്രം.
ഇനി ഹാട്രിക്കിനായുള്ള പ്രയാണം
മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനിറങ്ങുന്ന രീതി സിപിഎമ്മിനില്ല. എന്നാൽ, വീണ്ടും പിണറായി എന്നത് ഇപ്പോൾ പരക്കെ പ്രചാരത്തിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും പിണറായി എന്നതു തള്ളിക്കളയാനാകില്ല. താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയാണു തീരുമാനമെടുക്കേണ്ടതെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രായപരിധിയിലെ ഇളവ് പിണറായി വിജയനു വീണ്ടും ലഭിച്ചേക്കുമെന്ന സൂചന സിപിഎം കേന്ദ്ര നേതൃത്വവും നൽകിയിട്ടുണ്ട്. ഇപ്പോൾ രൂപീകരിക്കപ്പെട്ട സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും പൂർണമായും പിണറായിക്കൊപ്പമാണ്. ഇതെല്ലാം അദ്ദേഹത്തിനു മുഖ്യമന്ത്രിസ്ഥാനാർഥിയാകാനുള്ള അനുകൂല ഘടകങ്ങളാണ്.
പ്രായപരിധിയിൽ പിണറായിക്ക് ഇളവു നൽകരുതെന്നു പറഞ്ഞ ഏക നേതാവ് പ്രായപരിധി കാരണം ഒഴിവാക്കപ്പെട്ട പി.കെ. ഗുരുദാസൻ മാത്രമാണ്. രാജ്യത്തു സിപിഎം ഭരണത്തിലുള്ള ഏക സംസ്ഥാനം കേരളമാണ്. വീണ്ടും ഭരണം ലഭിക്കുമെന്ന വിലയിരുത്തലിലാണു സംസ്ഥാന നേതൃത്വത്തെപ്പോലെ സിപിഎം കേന്ദ്ര നേതൃത്വവും. പിണറായി വിജയൻതന്നെ ഒരിക്കൽകൂടി തെരഞ്ഞെടുപ്പ് നയിക്കട്ടെയെന്ന നിലപാടിലാണു സിപിഎം കേന്ദ്ര നേതാക്കളും.
കൊല്ലം സമ്മേളനം കഴിയുന്പോൾ എല്ലാ അപശബ്ദങ്ങളും ഒഴിവാക്കി പാർട്ടിയെ പൂർണമായും കൈപ്പിടിയിലൊതുക്കാൻ പിണറായി വിജയനായി. രണ്ടു ടേം മത്സരിച്ചവർക്കു വീണ്ടും അവസരം നൽകുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങൾകൂടി ഉണ്ടാകുന്നതോടെ ഹാട്രിക് വിജയത്തിനായുള്ള പോരാട്ടത്തിലേക്കു സിപിഎമ്മും പിണറായി വിജയനും കടക്കും.