എന്തു പറ്റി നമ്മുടെ കുട്ടികൾക്ക്?
Tuesday, March 11, 2025 12:02 AM IST
മനുഷ്യ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ കാലഘട്ടമാണ് ബാല്യം. കളിയും ചിരിയും കുസൃതിയും നിറഞ്ഞ മനോഹരമായ കാലഘട്ടമാണിത്. പക്ഷേ ഇന്നത് വളരെ അപകടം നിറഞ്ഞ കാലമാണെന്നു പറയാം. ഇന്ന് കുട്ടികളുടെ വികാസത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെന്നു കാണാം. അത് അവരുടെ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുമായി വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു. അവർ എങ്ങനെ ചിന്തിക്കുന്നു, പഠിക്കുന്നു, വളരുന്നു എന്നു മനസിലാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.
അവന്റെ ആദ്യത്തെ സ്കൂളായ കുടുംബംതന്നെയാണ് അതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. മുൻപെങ്ങും ഇല്ലാത്ത തരത്തിലാണ് കുട്ടികളിലെ ആക്രമണോത്സുകത ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ അവരെ ഇതിലേക്കു നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ പ്രധാന പങ്കു വഹിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. ഇന്നത്തെ അവസ്ഥയിൽ കുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങൾ മാതാപിതാക്കൾ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. ഇതിൽ പ്രധാന ഘടകങ്ങൾ സോഷ്യൽ മീഡിയ, മൊബൈൽ, സിനിമ എന്നിവയാണ്. മൊബൈൽ ഗെയിമുകൾ കുട്ടികളെ വളരെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്.
മാതാപിതാക്കൾ തങ്ങളുടെ ജോലി എളുപ്പമാക്കാൻ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്നു. അതിലൂടെ അവർ എന്താണു ചെയ്യുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. ഭക്ഷണം കഴിക്കാത്ത കുട്ടിയെ ഭക്ഷണം കഴിപ്പിക്കാൻ മൊബൈൽ കൊടുക്കുന്ന ധാരാളം മാതാപിതാക്കൾ ഇന്നുണ്ട്. മൊബൈൽ വഴി അവർ പരിചയപ്പെടുന്ന ഗെയിമുകളും മറ്റും അവരുടെ മനസിനെ കീഴ്പ്പെടുത്തുന്നുണ്ട്. ഗെയിമുകളിലെ വേഗം അവരെ ആക്രമണ സ്വഭാവത്തിലേക്കു നയിക്കുന്നു. മൊബൈൽ ഗെയിം ശീലമാക്കിയ കുട്ടിയുടെ സ്വഭാവത്തിൽ പല മാറ്റങ്ങളും കാണാൻ കഴിയും. പെട്ടെന്നുള്ള ദേഷ്യം, മോശം വാക്കുകളുടെ പ്രയോഗം ഇതെല്ലാം ഉദാഹരണങ്ങളാണ്.
മൊബൈൽ ഗെയിമുകളിലെ അപകടത്തെക്കുറിച്ച് ബോധ്യമുള്ളവരാണ് മാതാപിതാക്കളിൽ ഭൂരിപക്ഷവും. പക്ഷേ എന്റെ കുട്ടി മോശം വഴി പോകില്ല എന്നുള്ള വിശ്വാസമാകാം ഒരു പക്ഷേ ഇവരെ അത് നിയന്ത്രിക്കാൻ പ്രേരിപ്പിക്കാത്തത്. ഓൺലൈൻ ഗെയിമിൽ തന്റെ കുട്ടി അതിവിദഗ്ധനാണ് എന്ന് ഊറ്റം കൊള്ളുന്ന മാതാപിതാക്കളുമുണ്ട്.
സിനിമപോലെ ഇന്നത്തെ തലമുറയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ഇല്ലെന്നുതന്നെ പറയാം. അതും ആക്രമണം, കൊലപാതകം തുടങ്ങിയ പ്രമേയങ്ങളുള്ള സിനിമകൾ. ഗെയിമുകളിൽ കാണുന്ന കൊള്ളയും കൊലയും വെടിവയ്പും കുറച്ചുകൂടി വ്യക്തമായി ഇഷ്ടതാരങ്ങൾ ബിഗ് സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ അവരോട് അമിതമായ ആരാധന ഉണ്ടാകുകയും അതനുകരിക്കാനുള്ള ആഗ്രഹമുണ്ടാകുകയും ചെയ്യുന്നു. തന്റെ കുട്ടി ഏതു തരം സിനിമകൾ കാണണമെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. കുട്ടികളെ സന്തോഷിപ്പിക്കാൻ അവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുന്ന രക്ഷാകർതൃത്വം അല്ല ഇനി വേണ്ടത്. മറിച്ച്, തികച്ചും ജനാധിപത്യ രീതിയിലുള്ള രക്ഷാകർതൃത്വമാണ്.
ലോകം മാറി, സമൂഹം മാറി തന്റെ കുട്ടി ഒരു സമൂഹജീവിയാണ്, സമൂഹത്തിലെ മാറ്റങ്ങൾ അറിയുന്ന വ്യക്തിയാണ് അതുകൊണ്ടുതന്നെ ഈ മാറ്റങ്ങളിൽ ഏത് ഉൾക്കൊള്ളണം എന്ന് അവനെ പഠിപ്പിക്കേണ്ടത് രക്ഷാകർത്താക്കളുടെ കടമയാണ്. തന്റെ കുട്ടി തന്നോടൊപ്പം എല്ലാം കണ്ടും കേട്ടും വളരണമെന്ന് മാതാപിതാക്കൾ തീരുമാനിക്കണം. പക്ഷേ അതൊരിക്കലും അവന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ടാകരുത് എന്നു മാത്രം.
അധ്യാപകരുടെ റോൾ
വീട് കഴിഞ്ഞാൽ കുട്ടികളെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകമാണ് സ്കൂൾ, ഒപ്പം അധ്യാപകരും. മാതാപിതാക്കളോടൊപ്പം തന്നെയാണ് അധ്യാപകരുടെയും സ്ഥാനം. വികാരങ്ങളെ നിയന്ത്രിക്കാൻ പഠിപ്പിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേവലം തനിക്ക് ലഭിച്ചിരിക്കുന്ന പാഠപുസ്തകം മാത്രം പഠിപ്പിച്ചു തീർത്താൽ അധ്യാപനം പൂർത്തിയായി എന്ന് വിചാരിക്കരുത്.
ഓരോ കുട്ടിയെയും അറിയാൻ ശ്രമിക്കേണ്ടതുണ്ട്. ചെറു പ്രായത്തിൽ ആത്മഹത്യയിലേക്കും മറ്റു കുറ്റകൃത്യങ്ങളിലേക്കും പോകുന്ന വീഴ്ചകളിൽ അധ്യാപകർക്കും ഒരു പങ്കുണ്ടെന്നുതന്നെ പറയാം. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഏറ്റെടുക്കാൻ അധ്യാപകർ തയാറാവേണ്ടതുണ്ട്. കുട്ടികളുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കാൻ അധ്യാപകർക്കു സാധിക്കണം.
മാറിനിന്ന് കുറ്റപ്പെടുത്താനല്ല, ഒപ്പം നിന്ന് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അധ്യാപകർക്കു സാധിക്കണം. തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ സ്വന്തം മക്കളായി കാണണമെന്നത് പ്രാവർത്തികമാക്കാൻ ഒരോ അധ്യാപകനും തയാറാവേണ്ടതുണ്ട്. സമൂഹം ഒറ്റക്കെട്ടായി നിന്നാൽ ലഹരി മാഫിയകൾക്കൊന്നും ഇവിടെ ചെയ്യാൻ സാധിക്കില്ല.
(തൊടുപുഴ മൈലക്കൊമ്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)
മാതാപിതാക്കൾ അറിയേണ്ടത്
* കുട്ടി ആരോടെല്ലാം സൗഹൃദം സ്ഥാപിക്കുന്നുണ്ടെന്ന് സൗഹൃദപരമായിത്തന്നെ അറിഞ്ഞിരിക്കണം.
* എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം നൽകണം.
* സ്കൂളിൽ അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കണം.
* വീട്ടിൽ കുട്ടികൾക്കൊപ്പം പരമാവധി ചെലവഴിക്കാൻ ശ്രമിക്കണം.
* വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്ന് പഠിപ്പിക്കുക.
* സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുക.
* കുറ്റകൃത്യങ്ങളുടെ പരിണതഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുക.
* നിയമ സംവിധാനങ്ങളെക്കുറിച്ച് സാമാന്യം അറിവുള്ളവരാക്കുക.