അവകാശം ചോദിക്കുന്നവരെ അവഹേളിക്കരുത്
ഫാ. റൊമാൻസ് ആന്റണി
Monday, March 10, 2025 12:24 AM IST
“Insensitiveness to human issues is an anathema to good governance.” പറഞ്ഞത് തത്വശാസ്ത്രജ്ഞൻ പ്ലേറ്റോ. മനുഷ്യരുടെ, സാധാരണമനുഷ്യരുടെ ജീവിതപ്രശ്നങ്ങളുടെ നേരേ കണ്ണടച്ചുനിൽക്കുന്ന ഭരണകൂടം ഏതു രാഷ്ട്രീയസിദ്ധാന്തത്തിന്റെ പിൻബലത്തിലായാലും നാടിന് അപമാനമാണ്.
നമ്മുടെ സെക്രട്ടേറിയറ്റിന്റെ മുന്നിൽ സമരംചെയ്യുന്ന ആശാ വർക്കർമാർ കേരളത്തിന്റെ വേദനയായി മാറിക്കഴിഞ്ഞിരിക്കുന്നു. Accredited Social Health Activist എന്നതാണ് ASHAയുടെ പൂർണരൂപം. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രാമീണ ആരോഗ്യപരിപാലന പരിപാടിയുടെ പ്രവർത്തകരാണ് ആശാ വർക്കർമാർ. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനങ്ങളിൽ ആരോഗ്യഅവബോധം സൃഷ്ടിക്കുകയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കു സഹകാരികളായി വർത്തിക്കുകയെന്നതുമാണ് ഇവരുടെ ചുമതല.
ഭവനസന്ദർശനംവഴി രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിക്കുക, ഗർഭിണികളായ സ്ത്രീകൾക്കു ഗർഭകാലശുശ്രൂഷകൾ ചെയ്യാനുള്ള അറിവു പകരുക, പ്രസവത്തിനായി സ്ത്രീകളെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കുക, നവജാതശിശുക്കൾക്കു പ്രതിരോധകുത്തിവയ്പ്പ് നടത്തുക, അമ്മയ്ക്കും കുഞ്ഞിനും പോഷകാഹാരം ഏർപ്പാടുചെയ്യുക എന്നതൊക്കെ ആശാ വർക്കർമാരുടെ ചുമതലയിൽപ്പെടും. സംസ്ഥാന ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്തവരായി ഇവർ മാറിയിരിക്കുന്നു.
മലേറിയ, വയറിളക്കം, ക്ഷയരോഗം എന്നിവ തടയുന്നതിനുള്ള അറിവ് പകരാനും ആവശ്യമായ മരുന്ന് എത്തിക്കാനും ഇവർ ബാധ്യസ്ഥരാണ്. വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾ, വൃദ്ധർ എന്നിവരുടെ ആരോഗ്യപരിപാലനവും ഇവരുടെ ചുമതലയിൽപ്പെട്ടതാണ്. കേരള മോഡൽ വികസനം എന്നൊക്കെ പറയുന്നത് യാഥാർഥ്യമാക്കാൻ ആശാ വർക്കർമാരില്ലാതെ പറ്റില്ല. സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കൈയും കാലുമാണവർ. കോവിഡ് കാലത്ത് നമ്മുടെ ആരോഗ്യമന്ത്രാലയവും മാധ്യമങ്ങളും അവരെ മാലാഖമാർ എന്നാണ് വിളിച്ചത്. ആർക്കും പൊതുനിരത്തിലിറങ്ങാൻ അനുവാദമില്ലാതിരുന്ന സമയത്ത് ഇവർ വീടുകളിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചതു നമ്മൾ എങ്ങനെ മറക്കും.
സാങ്കേതികമായി ആശാ വർക്കർമാർ സർക്കാർ ജീവനക്കാരല്ല. അവരെ സന്നദ്ധപ്രവർത്തകരായിട്ടാണു കണക്കാക്കുന്നത്. സന്നദ്ധപ്രവർത്തകർക്ക് ജീവിക്കാനുള്ള വേതനം നൽകുക പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തിന്റെ ചുമതലയാണ്. സന്നദ്ധപ്രവർത്തകർക്ക് മിനിമം വേജസ് ബാധകമല്ലെന്നുപറയുന്പോൾ നമ്മുടെ മന്ത്രിമാർ എല്ലാംതന്നെ സന്നദ്ധപ്രവർത്തകരാണെന്ന കാര്യം വിസ്മരിക്കരുത്. ഒരുപാട് വാതായനങ്ങൾ മുട്ടി മനസു തകർന്നപ്പോഴാണ് ഈ സ്ത്രീ സന്നദ്ധപ്രവർത്തകർ സെക്രട്ടേറിയറ്റ് പടിക്കൽ എത്തിച്ചേർന്നത്. അവരുടെ രോദനം ഇന്ന് കേരള പൊതുസമൂഹത്തിന്റെ രോദനമായി മാറിയിരിക്കുന്നു.
വിപ്ലവകാരികളെല്ലാം ജനകീയപ്രശ്നങ്ങളുടെ പുറകെ പോയവരും പീഡിത ജനത്തിനുവേണ്ടി വാളെടുത്തവരുമാണ്. എന്നാൽ, വിപ്ലവകാരികൾക്ക് ജന്മസിദ്ധമായ ഒരു ഗുണവിശേഷമുണ്ട്. പോരാട്ടം കഴിഞ്ഞു ഭരണം ഏറ്റെടുത്താൽ മറ്റാരെയും സമരം ചെയ്യാൻ അവർ അനുവദിക്കുകയില്ല. ലെനിനും സ്റ്റാലിനും ഭരിച്ച റഷ്യയിൽ ആർക്കും സമരംചെയ്യാൻ അനുവാദം ഇല്ലായിരുന്നു.
സ്വരം ഉയർത്തിയവരെ എല്ലാം കൊന്നൊടുക്കിയ ചരിത്രമാണവർക്കുള്ളത്. മർദിത ഭരണകൂടത്തിന്റെ സർവാധിപത്യം എന്നാണ് മാർക്സിയൻ ചിന്തകർ അവകാശസമരത്തിനെതിരേയുള്ള അസഹിഷ്ണുതയെ വിശേഷിപ്പിക്കുന്നത്. സമരവും പോരാട്ടവും തങ്ങളുടെ മാത്രം കുത്തകയാണ് എന്നാണവർ പറയുന്നത്. ഇരുന്പുമറയ്ക്കുള്ളിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ലായിരുന്നു. ബയ്ജിംഗിലെ ടിയാനമെൻ സ്ക്വയറിൽ പ്രകടനത്തിനെത്തിയ നൂറുകണക്കിന് യുവാക്കളെയാണ് അവിടത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് കൊന്നൊടുക്കിയത്.
ഇതിനു സമാനമായ രീതിയിലുള്ള പ്രതികരണങ്ങളാണ് നമ്മുടെ മന്ത്രിമാരും നടത്തുന്നത്. വിഴിഞ്ഞത്തു സമരംചെയ്ത മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികൾ എന്നാണ് ഒരു മന്ത്രി വിശേഷിപ്പിച്ചത്. ഇതേ മന്ത്രിതന്നെ ഭൂമിയുടെ അധികാരത്തിനുവേണ്ടി സമരംചെയ്യുന്ന മുനന്പത്തെ പാവപ്പെട്ടവരെ വർഗീയവാദികൾ എന്നാണ് വിശേഷിപ്പിച്ചത്. രണ്ടു മതവിഭാഗങ്ങളെ തമ്മിൽ ശത്രുക്കളാക്കാനാണ് മന്ത്രി ശ്രമിച്ചത്. അരിപ്പാറയിൽ ഒരുതുണ്ടു ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരെ മാവോയിസ്റ്റുകൾ എന്നാണ് ഭരണകക്ഷി വിശേഷിപ്പിക്കുന്നത്.
സമരം ചെയ്ത് ഒരുപാട് തൊഴിൽശാലകൾ പൂട്ടിച്ച നമ്മുടെ ഒരു തൊഴിലാളി നേതാവ് സമരം ചെയ്യുന്ന ആശാ വർക്കർമാരെ ‘ഈർക്കിൽ പാർട്ടി’ എന്നും ‘പാട്ടപ്പിരിവു’കാരെന്നുമാണ് വിശേഷിപ്പിച്ചത്. സമരനേതാവിനെ ‘സാംക്രമിക രോഗം പരത്തുന്ന കീടം’ എന്നാണ് ഭരണകഷിയുടെ തൊഴിലാളി യൂണിയൻ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഒരിക്കലും പ്രതിപക്ഷബഹുമാനമില്ലാതെ നമ്മുടെ തൊഴിലാളിസഖാക്കന്മാർ പറഞ്ഞിട്ടില്ലായിരുന്നു. ഈ അസഹിഷ്ണുതയെയാണു നമ്മൾ ചെറുക്കേണ്ടത്. ഞങ്ങൾക്കു മാത്രമേ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ അധികാരമുള്ളൂ എന്നത് പ്രാകൃതമനോഭാവമാണ്. മൂന്നാറിലെ പെണ്ണൊരുമ സമരത്തിലും ഈ മനോഭാവം വ്യക്തമായിരുന്നു.
കോളജ് അധ്യാപകർ, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, ഗസറ്റഡ്/നോണ് ഗസറ്റഡ് ഓഫീസർമാർ, ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ, പിന്നെ നമ്മുടെ അലങ്കാരങ്ങളായ വിവിധ കോർപറേഷൻ ജീവനക്കാർ എന്നിവർക്കെല്ലാം വാരിക്കോരി വേതനവും ശന്പളവർധനയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുന്പോൾ പാവപ്പെട്ട ഈ സ്ത്രീകളോടു മാത്രം എന്താണ് വിരോധം. ഇത് സാഡിസമാണ്. മറ്റു മനുഷ്യരുടെ വേദനയിൽ സന്തോഷിക്കുന്ന ഒരു മനോഭാവം. ഇത് ധാർഷ്ട്യമാണ് - ഞങ്ങൾക്കിഷ്ടമില്ലാത്തവരെ ഞങ്ങൾ കേൾക്കുകയില്ലെന്ന ശാഠ്യം. ഭരണകൂടം അതിന്റെ കർത്തവ്യം നിറവേറ്റാൻ അനുകൂല തീരുമാനങ്ങളെടുത്ത് ഈ സമരം ഒത്തുതീർപ്പാക്കണമെന്നാണ് കേരളത്തിന്റെ പൊതുമനസ്.