അർണോസ് പാതിരി: കാവ്യധിഷണയുടെ ഔന്നത്യം
ആന്റണി ആറിൽചിറ, ചമ്പക്കുളം
Monday, March 10, 2025 12:21 AM IST
ജർമനിയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഓസ്നാബ്രൂക്കിനടുത്തുള്ള ഓസ്റ്റർകാപ്പെല്ൻ എന്ന സ്ഥലത്തു ജനിച്ച് ഇന്ത്യയിൽവന്ന്, കേരളത്തിൽ 32 വർഷത്തോളം ജീവിച്ചു മലയാളവും സംസ്കൃതവും പഠിച്ചെടുത്ത് ഈ ഭാഷകളെ അതിർത്തികൾക്കപ്പുറമെത്തിച്ച മഹാനായ വൈദികനായിരുന്നു അർണോസ് പാതിരി എന്ന് വിളിക്കപ്പെട്ട ഫാ. യൊഹാൻ ഏണസ്റ്റ് ഹാൻക്സ്ലേഡൻ.
ഈശോസഭാ വൈദികനായ അദ്ദേഹം ഇന്ത്യയിലെ സൂറത്തിലെത്തിയിട്ട് 325 വർഷങ്ങൾ പൂർത്തിയാകുന്നു. 1700ലാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. എത്തിയത് സൂറത്തിലാണെങ്കിലും പിന്നീടുള്ള പ്രവർത്തനമേഖല കേരളമായിരുന്നു. അമ്പഴക്കാട്ടുള്ള ഈശോസഭാ സെമിനാരിയിലും തൃശൂരിലെ വേലൂരിലും പഴുവിലുമാണ് കേരളക്കരയിലെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖ്യഭാഗവും ചെലവഴിച്ചത്.
കർമനിരതനായ സുവിശേഷവേലക്കാരൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതെങ്കിലും അതിനേക്കാളുപരി ബഹുഭാഷാപണ്ഡിതൻ, കാവ്യധിഷണാ വൈഭവത്താൽ അനുഗൃഹീതനായ സാഹിത്യകാരൻ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേരു ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം പഠിച്ചെടുത്ത മലയാളം, സംസ്കൃതം എന്നീ ഭാഷകളിൽ നിഘണ്ടുകൾ തയാറാക്കാൻ തക്ക തരത്തിലേക്ക് ഈ വിദേശി ഉയർന്നുവന്നു. ഇദ്ദേഹം തയാറാക്കിയ മലയാളം - പോർച്ചുഗീസ് നിഘണ്ടു, മലയാളം - സംസ്കൃത നിഘണ്ടു, സംസ്കൃത വ്യാകരണം, മലയാളം - പോർച്ചുഗീസ് വ്യാകരണം എന്നിവ മലയാളം, സംസ്കൃതം എന്നീ ഭാഷകൾക്കു പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള വാതായനം തുറന്നുനല്കി.
മൂന്ന് നൂറ്റാണ്ടുകൾക്കപ്പുറത്ത് ക്രിസ്തുചരിതവും ദർശനവും കാവ്യരൂപത്തിൽ ക്രമപ്പെടുത്തിയ ആദ്യ മലയാളസാഹിത്യകാരൻ എന്ന സ്ഥാനവും ഈ വിദേശപാതിരിക്കുമാത്രം അർഹതപ്പെട്ടതാണ്. വളരെ സങ്കീർണമായ സാഹചര്യങ്ങളെ നേരിട്ടായിരുന്നു അദ്ദേഹം ഈ നാട്ടിൽ പ്രവർത്തിച്ചത്. അന്നത്തെ ക്രിസ്തീയ, മതാത്മക, രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടുകൾ എല്ലാംതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കുന്നതായിരുന്നില്ല. അതിനെയെല്ലാം അതിജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിത - സാഹിത്യ ദൗത്യങ്ങൾ എന്നതു പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും കേരളത്തിലെ പാരമ്പര്യ മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് അക്കാലത്ത് വിദേശ പാതിരിമാരോട് ഉണ്ടായിരുന്ന വിശ്വാസസംബന്ധിയായ വിരോധവും അതൃപ്തിയും അദ്ദേഹത്തിനും അനുഭവിക്കേണ്ടി വന്നു.
പ്രേഷിത - സാഹിത്യദൗത്യം
1653ലെ കൂനൻകുരിശ് സത്യത്തിനുശേഷം ഈശോസഭാ വൈദികരോടും വിദേശ മിഷണറിമാരോടും മാർത്തോമ്മാ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന വിരോധം ഇല്ലാതാക്കാൻ അദ്ദേഹത്തിനു കഠിനാധ്വാനം നടത്തേണ്ടിവന്നു. ഇക്കാര്യത്തിൽ അദ്ദേഹം പൂർണമായി വിജയിച്ചു എന്നു പറയാനാകില്ലെങ്കിലും വലിയ മുന്നേറ്റം നടത്താനായി എന്നത് നിസ്തർക്കമായ വസ്തുതയാണ്.
കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സാഹിത്യകൃതികൾ വളരെ വിലപ്പെട്ടതും അമൂല്യവുമാണ്. അദ്ദേഹത്തിന്റെ ഭക്തകാവ്യരചനകളിൽ മുൻപന്തിയിൽ നിൽക്കുന്ന പുത്തൻപാന, ഉമ്മാടെ ദുഃഖം, വ്യാകുല പ്രബന്ധം, ചതുരന്ത്യം, ജനോവപർവം എന്നിവ ഇന്നും ക്രിസ്തീയ ഭക്ത - കാവ്യരചനകളിൽ അദ്വിതീയ സ്ഥാനത്ത് നിലകൊള്ളുന്നവയാണ്.
തന്റെ രചനകളിലൂടെ ഭാരതീയ ശൈലിയിലുള്ള ഒരു ഭക്തിപ്രസ്ഥാനംതന്നെ കേരളീയ ക്രിസ്ത്യാനികളുടെ ഇടയിൽ അദ്ദേഹം വളർത്തിയെടുത്തു. ക്രിസ്തുവിന്റെ സ്നേഹസംസ്കാരവും ഭാരതീയ സംസ്കാരവും തന്റെ കൃതികളിൽ ഒന്നിച്ച് കൊണ്ടുവന്നതുവഴി കൂടുതൽ മികവോടെ ക്രിസ്തുവിശ്വാസം സാധാരണക്കാർക്കു പകർന്നുനല്കാൻ അദ്ദേഹത്തിനു സാധിച്ചു.
അദ്ദേഹം നിർമിച്ച പള്ളികളും വൈദികമന്ദിരങ്ങളും അക്കാലത്ത് നിലവിലിരുന്ന പാശ്ചാത്യരീതികളിൽനിന്ന് വ്യത്യസ്തമായി ഭാരതീയ - കേരളീയ ശൈലികളിലായിരുന്നു. മലയാളിക്ക് ആദ്യമായി ബൈബിൾ കഥകൾ പരിചയപ്പെടുത്തി നല്കിയത് അർണോസ് പാതിരിയാണ്. പുത്തൻപാനയിലൂടെയാണ് ബൈബിൾ വിഷയങ്ങൾ സാധാരണക്കാർക്ക് അദ്ദേഹം പരിചയപ്പെടുത്തിയത്. മലയാളത്തിലെ ആദ്യ വിലാപകാവ്യം അർണോസ് പാതിരിയുടെ ഉമ്മയുടെ ദുഃഖമാണെങ്കിൽ ആദ്യജീവചരിത്രകഥ കാവ്യരൂപത്തിലാക്കിയതും അർണോസ് പാതിരിയാണ്.
ഉമ്മാപർവമാണ് ആദ്യ ചരിത്രകഥാകാവ്യം. ഇതിൽ ദൈവമാതാവിന്റെ ജീവിതകഥയാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യമായ ജനോവാപർവം സംഭാവന ചെയ്തതും അർണോസ് പാതിരിയാണ് എന്നറിയുമ്പോൾ മാത്രമേ ഈ വിദേശ മിഷണറിയുടെ സംഭാവന എത്ര വലുതാണെന്നു മനസിലാകൂ. സാഹിത്യരംഗത്തെ ഏതെങ്കിലും ഒരു ഭാഗത്തുമാത്രം ഒതുങ്ങിനിന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്.
ജന്മംകൊണ്ട് ജർമൻകാരനെങ്കിലും കർമംകൊണ്ട് തനി മലയാളിയായിരുന്നു ഇദ്ദേഹം. പുത്തൻപാനയാണ് അർണോസ് പാതിരിയുടെ മാസ്റ്റർ പീസ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. “ജനഹൃദയങ്ങളിലേക്ക് ഗാനാത്മകമായ വൃത്തത്തിലൂടെ പ്രവേശിക്കുന്നതിന് പൂന്താനവും ചെറുശേരിയും തുഞ്ചത്തെഴുത്തച്ഛനും മറ്റും കണ്ടെത്തിയ ശൈലിയാണ് പാതിരിയും പുത്തൻപാനയിൽ ഉപയോഗിച്ചത്. 2,457 വരികളിലായി 13 അധ്യായങ്ങളിൽ എഴുതപ്പെട്ട ‘പുത്തൻപാന’ അഥവാ ‘രക്ഷാകരവേദകീർത്തനം’ കൊണ്ടു തന്നെ അർണോസ് പാതിരിയെ സദ്ഗുരുവായി കേരള ക്രൈസ്തവലോകം അംഗീകരിക്കുന്നു.” എന്ന് അർണോസ് പാതിരിയെയും അദ്ദേഹത്തിന്റെ കൃതികളെയുംപറ്റി പഠനം നടത്തിയ പീറ്റർ കണ്ണമ്പുഴ പ്രസ്താവിക്കുന്നു.
ഇന്ത്യാ വിജ്ഞാനീയവും അർണോസ് പാതിരിയും
ഭാരതത്തെപ്പറ്റിയുള്ള ശാസ്ത്രീയപഠനമാണ് ഇന്ത്യാ വിജ്ഞാനീയം അഥവാ ഇൻഡോളജി. ഇന്ത്യയെ സംബന്ധിച്ച ആകമാന ശാസ്ത്രീയപഠനമാണിത്. ഇന്ത്യയിലെ മതങ്ങളും ഭാഷകളും തത്വശാസ്ത്രവും എല്ലാം ഈ പഠനത്തിൽ ഉൾപ്പെടും. പൊതുസമൂഹത്തിന് അപ്രാപ്യമായിരുന്ന സംസ്കൃതഭാഷയിൽ അഗാധമായ പാണ്ഡിത്യംനേടിയ അദ്ദേഹം അതുവഴി ഭാരതീയസംസ്കാരത്തിലേക്കാണ് ഇറങ്ങിച്ചെന്നത്. അങ്ങനെ ഇന്ത്യൻ സംസ്കാരത്തെ സംസ്കൃതത്തിലൂടെ ലോകത്തിന് അദ്ദേഹം പരിചയപ്പെടുത്തുകയായിരുന്നു. അതുവഴി ഇന്ത്യാവിജ്ഞാനീയം എന്ന ശാസ്ത്രശാഖതന്നെയാണ് രൂപപ്പെട്ടതെന്നാണ് നിരൂപകമതം. ഇന്ത്യയുടെ പൗരാണികതയും പാരമ്പര്യവും സംസ്കാരവും ചരിത്രവുമെല്ലാം ലോകത്തിന് വെളിപ്പെടുത്തപ്പെടാൻ കാരണമായിത്തീർന്നു എന്നതും അദ്ദേഹത്തിന്റെമാത്രം പ്രത്യേകതയാണ്.
കാവ്യദർശനം
ഹൈന്ദവവിശ്വാസികൾക്ക് രാമായണവും മഹാഭാരതവും എത്രകണ്ട് പ്രധാനമാണോ അത്രതന്നെ പ്രാധാന്യമായിരുന്നു അർണോസ് പാതിരിയുടെ കൃതികൾക്ക് ക്രൈസ്തവർ നല്കിയിരുന്നത്. ബൈബിൾ പ്രചാരത്തിലെത്തുന്ന ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിവരെയും [1963ൽ ആദ്യ സമ്പൂർണ ബൈബിൾ പരിഭാഷ] പാതിരിയുടെ കൃതികൾ ക്രൈസ്തവ ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
മലയാളത്തിൽ ഭക്തകൃതികൾ രൂപമെടുത്ത കാലത്തുതന്നെയാണ് അർണോസ് പാതിരി ക്രിസ്തീയ ഭക്തകാവ്യങ്ങൾ രൂപപ്പെടുത്തിയത്. പരിശുദ്ധ മറിയത്തിലൂടെ പുത്രനായ യേശുവിലേക്ക് എന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. ഉമ്മാപർവം, വ്യാകുലപ്രബന്ധം, ഉമ്മാടെ ദുഃഖം തുടങ്ങിയ കാവ്യങ്ങളിലെല്ലാം കേന്ദ്രകഥാപാത്രം പരിശുദ്ധ മറിയമായിരുന്നു. പരിശുദ്ധ മറിയത്തെപ്പറ്റിയുള്ള ആദ്യമലയാള സാഹിത്യരചനയാണ് ഉമ്മാപർവം.
ഭാരതീയ ക്രൈസ്തവ സംസ്കാരത്തിൽ ഒരുപരിധിവരെ വൈദേശിക സാന്നിധ്യം ദർശിക്കാൻ കഴിയും. എന്നാൽ, ക്രൈസ്തവ സാഹിത്യത്തിന്റെ തുടക്കക്കാരൻ ഒരു വിദേശ മിഷണറി ആയിരുന്നെങ്കിലും ആ കൃതികളിലൊന്നും വൈദേശിക സാഹിത്യ മിന്നലാട്ടംപോലും ദർശിക്കാൻ സാധിക്കില്ലെന്നത് അർണോസ് പാതിരി മലയാളത്തിൽ നേടിയ ആഴമേറിയ അറിവ് ഒന്നുകൊണ്ടുമാത്രമാകണം.
1732 മാർച്ചിൽ തൃശൂരിലെ പഴുവിൽ പള്ളിയുടെ സമീപത്തുള്ള കിണറ്റിൻചുവട്ടിൽവച്ച് പാമ്പുകടിയേറ്റാണ് അർണോസ് പാതിരി മരിക്കുന്നത്. അദ്ദേഹത്തെ ഈ പള്ളിയിൽ അടക്കം ചെയ്തിരിക്കുന്നുവെന്ന് രേഖപ്പെടുത്തിയ കൽഫലകം ഇവിടെ കാണാവുന്നതാണ്.
1789-90ൽ അമ്പഴക്കാട്ടെ ഈശോസഭാ കോളജും ഗ്രന്ഥശാലയും ടിപ്പു സുൽത്താന്റെ അധിനിവേശക്കാലത്ത് ചുട്ടെരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അർണോസ് പാതിരിയുടെയും മറ്റു പല മിഷണറിമാരുടെയും വിലപ്പെട്ട രചനകളും രേഖകളും കേരളത്തിന്റെയും ഇന്ത്യയുടെതന്നെയും സമഗ്രമായ പുരാതന ചരിത്രരേഖകളും നമ്മുക്ക് ഇന്നും ലഭ്യമാകുമായിരുന്നു. 325 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെത്തി മലയാളസാഹിത്യത്തിലും സംസ്കൃതഭാഷയിലും തന്റെ വ്യക്തിത്വം പതിപ്പിച്ചു കടന്നു പോയ ഈ ജർമൻ പാതിരി മലയാളസാഹിത്യത്തിനും സംസ്കൃതഭാഷയ്ക്കും ലോകജാലകം തുറന്നുനല്കിയ മഹാനാണെന്നു പലരും ഇന്നു സൗകര്യപൂർവം മറന്നു പോകുന്നു.
(അവലംബം: അർണോസ് പാതിരി - മലയാള സാഹിത്യത്തിലെ മഹാമനീഷി)