ഓർമയായി, ഓർമപ്പെടുത്തലായി ഇണ്ടംതുരുത്തി മന
Monday, March 10, 2025 12:11 AM IST
2025 മാർച്ച് 10 തിങ്കൾ മഹാത്മാഗാന്ധി ഇണ്ടംതുരുത്തി മന സന്ദർശിച്ചതിന്റെ ശതാബ്ദി ദിനമാണ്. ഇന്ന് ഇണ്ടംതുരുത്തി മന വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ്. ഈ ഓഫീസിന്റെ കഥ അയിത്തത്തിന്റെ തീണ്ടൽപലകകൾ തിരുത്തിയെഴുതിയ തൊഴിലാളിവർഗ പോരാട്ടചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മഹാത്മജി വൈക്കം ഇണ്ടംതുരുത്തി മനയിൽ വന്നതിന്റെ ശതാബ്ദിദിനം സമുചിതമായി ആചരിക്കാൻ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വലിയ തയാറെടുപ്പിലാണ്.
1924 മാർച്ച് മാസം 30നാണ് കേരളത്തിലെ നവോത്ഥാന സമരങ്ങളിൽ ഇതിഹാസ സമാനമായ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്. ടി.കെ. മാധവനായിരുന്നു അയിത്തോച്ചാടനത്തിനായി സമാനതകളില്ലാത്ത ഈ സത്യഗ്രഹസമരത്തിന്റെ മുഖ്യകാര്യദർശി. ഗാന്ധിജിയുടെ അനുവാദം വാങ്ങിയായിരുന്നു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ടി.കെ. മാധവൻ സത്യഗ്രഹം ആരംഭിച്ചത്.
സത്യഗ്രഹത്തെ അന്നത്തെ സവർണമേധാവികൾ എല്ലാ ഭരണകൂട സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തു അതിക്രൂരമായി നേരിട്ടു. തന്തൈ പെരിയോർ അടക്കം രാജ്യത്തിന്റെ നാനാഭാഗത്തുനിന്നു ദേശീയനേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും വൈക്കത്തെത്തി സമരത്തിൽ പങ്കുചേർന്നു.
അങ്ങനെ ബഹുജന പങ്കാളിത്തംകൊണ്ടും സമാനതകളില്ലാത്ത സമരമാർഗങ്ങൾകൊണ്ടും ദേശീയശ്രദ്ധ നേടിയ വൈക്കം സത്യഗ്രഹത്തിന്റെ മൂർധന്യത്തിലാണ് 1925 മാർച്ച് ഒന്പതിന് മഹാത്മജി വൈക്കത്തെത്തിയത്. കെ. കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി ഗാന്ധിജിയെ സ്വീകരിച്ചു. സത്യഗ്രഹത്തെ എതിർത്ത സവർണചേരിയുടെ നേതൃത്വം ഇണ്ടംതുരുത്തി മനയിലെ കാരണവരായ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിക്കായിരുന്നു.
വൈക്കത്തെത്തിയ ഗാന്ധിജിയെ വന്നുകാണുവാൻ തയാറാകാത്ത നമ്പ്യാതിരിയെ നേരിൽകണ്ട് സംസാരിക്കാനായി മഹാത്മജിയും സംഘവും ഇണ്ടംതുരുത്തിമനയിൽ മാർച്ച് 10ന് 2.30 ഓടെ എത്തി. അബ്രാഹ്മണനായതിനാൽ മഹാത്മജിയെ നമ്പ്യാതിരി മനയുടെ പൂമുഖ ഇളംതിണ്ണയിൽ ഇരുത്തി. മനയ്ക്കുള്ളിൽ ഇരുന്ന നമ്പ്യാതിരി മൂന്നു മണിക്കൂറിലേറെ ഗാന്ധിജിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. വൈക്കം ക്ഷേത്രത്തിനടുത്തുള്ള വഴിയിൽകൂടി നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും അനുവദിക്കണമെന്ന് മഹാത്മജി ആവശ്യപ്പെട്ടെങ്കിലും നമ്പ്യാതിരി വഴങ്ങിയില്ല.
വഴിനടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർ മുജ്ജന്മത്തിൽ പാപം ചെയ്തവരാണെന്നും അതിന്റെ ശിക്ഷ ഈ ജന്മത്തിൽ അവർ അനുഭവിക്കണമെന്നുമായിരുന്നു നമ്പ്യാതിരിയുടെ നിലപാട്. ചർച്ച ഫലവത്താകാതെ ഗാന്ധിജിക്കും സംഘത്തിനും മടങ്ങേണ്ടിവന്നു. മടങ്ങിയ ഉടൻ അബ്രാഹ്മണനായ ഗാന്ധി ഇരുന്ന സ്ഥലവും പരിസരവും അവർ ശുദ്ധീകലശം നടത്തി.
സമരത്തിലുള്ള ശ്രീനാരായണ ഗുരുവിന്റെ ഇടപെടലും മഹാത്മജി അടക്കമുള്ള ദേശീയ നേതാക്കളുടെ പങ്കുചേരലും വഴി വലിയ ജനകീയ നവോത്ഥാന സമരമായി വൈക്കം സത്യഗ്രഹസമരം മാറിയതു ചരിത്രം.1925 നവംബർ 23ന് 603 ദിവസം നീണ്ട വൈക്കം സത്യഗ്രഹം വിജയകരമായി പര്യവസാനിച്ചു.
ജന്മി, നാടുവാഴിത്തം അവസാനിച്ചതോടെ ഇണ്ടംതുരുത്തി മനയുടെ പ്രതാപവും ക്ഷയിച്ചു. ചെറുമകളുടെ വിവാഹത്തിനു പണം കണ്ടെത്താൻ മന വിൽക്കാൻ നമ്പ്യാതിരി തീരുമാനിച്ച വിവരം അറിഞ്ഞ സിപിഐ നേതാവ് സി. കെ. വിശ്വനാഥൻ 1964 മേയിൽ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനുവേണ്ടി ഇണ്ടംതുരുത്തി മനയും മന സ്ഥിതിചെയ്യുന്ന രണ്ടേക്കർ സ്ഥലവും സ്വന്തമാക്കിയതോടെ അത് വൈക്കത്തെ അസംഘടിതരായ തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനത്തിന്റെ കേന്ദ്രമായി മാറി. ഇണ്ടംതുരുത്തി മന എഐടിയുസി ഓഫീസായി. ചരിത്രത്തിന്റെ ഓർമയായി, ഓർമപ്പെടുത്തലായി, സ്മാരകമായി…
സി.കെ. വിശ്വനാഥന്റെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങാൻ 2024 ഡിസംബർ 24ന് വൈക്കത്തെത്തിയ മഹാത്മജിയുടെ ചെറുമകൻ തുഷാർ ഗാന്ധി വികാരവായ്പോടെയാണു സ്മരണകളിരമ്പുന്ന ഈ മണ്ണിൽ കാലുകുത്തിയത്. മുത്തച്ഛന് പ്രവേശനം നിഷേധിച്ച ഇടങ്ങളിലേക്ക് തൊഴിലാളികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ആനയിക്കുകയായിരുന്നു. നൂറ്റാണ്ടുമുമ്പ് ഗാന്ധിജിക്ക് ഇരിക്കാൻ അന്നത്തെ ജന്മിനാടുവാഴിത്തം നിർദേശിച്ച പൂമുഖ ഇളംതിണ്ണയിൽ അല്പനേരം ഇരിക്കാൻ തുഷാർ ഗാന്ധി പ്രത്യേക താത്പര്യം കാട്ടിയത് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.