ഇടതു മാതൃകകൾ
അനന്തപുരി / ദ്വിജൻ
Sunday, March 9, 2025 12:33 AM IST
സിപിഎം അവകാശപ്പെടുന്നതുപോലെ കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയാലും ഇല്ലെങ്കിലും നവകേരള നിർമിതിക്കായി ജനകീയസമരങ്ങളെയും തൊഴിലാളിസമരങ്ങളെയും ജനകീയപ്രതിഷേധങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ഉജ്വലമാതൃക സൃഷ്ടിക്കാൻ പിണറായി സർക്കാരിനു സാധിച്ചു. ആശാ വർക്കർമാരുടെ സമരമാണ് ഏറ്റവും പുത്തൻ ഉദാഹരണം.
2025 ഫെബ്രുവരി പത്തിനാണ് കേരളത്തിലെ ആശാ വർക്കർമാരുടെ സംഘടനയായ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രണ്ട് ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിക്കുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്നതുപോലെ ആശാ വർക്കർമാരുടെ പ്രതിമാസ പ്രതിഫലം ദിവസം 700 രൂപവച്ച് മാസം 21,000 രൂപയാക്കണമെന്നും 62 വയസിൽ സേവനം അവസാനിപ്പിക്കുന്പോൾ വിരമിക്കൽ സഹായമായി അഞ്ചുലക്ഷം രൂപ നൽകണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും കേരളം ഒരു മനസോടെ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ പ്രതിമാസം 7,000 രൂപ വച്ചും കേന്ദ്രം 3,000 രൂപ വച്ചും കൊടുക്കുന്നുണ്ടെന്നും മറ്റു സേവനങ്ങൾക്കായി മാസം 3,000 രൂപയോളം വച്ച് കിട്ടുമെന്നും അങ്ങനെ മാസം 13,000 രൂപ കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്രം തരാതെ കൂടുതലൊന്നും തരാനാവില്ലെന്നു മന്ത്രി വീണാ ജോർജ് തീർത്തുപറഞ്ഞു. സമരക്കാരുടെ കുടിശിക വിതരണം ചെയ്തതായും അവർ അറിയിച്ചു. ഇതും സമരം തുടങ്ങിയപ്പോഴത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതേത്തുടർന്നാണ് ആശാ വർക്കർമാരുടെ സമരം രാപകലാക്കിയത്.
പോലീസ് കേസെടുത്തും, ജോലിക്കെത്താത്തിടത്തു പകരം ആൾക്കാരെ നിയമിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സിഐടിയുവിന്റെ ബദൽ സമരം സംഘടിപ്പിച്ചും സമരക്കാരെ നിർവീര്യരാക്കാൻ ശ്രമിക്കുന്നു. എന്നാൽ, സെക്രട്ടേറിയറ്റിനു മുന്നിലെ സമരം പുതിയ മാനം കൈവരിക്കുകയാണ്. ഒരു സ്ത്രീമുന്നേറ്റമായി സമരം പരിണമിക്കുന്നു. ആഗോള വനിതാദിനമായ മാർച്ച് എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ സ്ത്രീകൂട്ടായ്മ സൃഷ്ടിക്കാൻ അരുന്ധതി റോയിയെപ്പോലുള്ളവർ മുൻകൈയെടുത്തു.
ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞ 13,000 രൂപ എല്ലാവർക്കും എല്ലാമാസവും കിട്ടുന്നതല്ല. ചില മാസങ്ങളിൽ പ്രത്യേക ജോലി ഉള്ളപ്പോൾ ലഭിക്കുന്നതാണ്. എങ്കിലും ഈ തുക വർധിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ലക്ഷക്കണക്കിനു രൂപ ശന്പളം കിട്ടുന്നവർക്കു ലക്ഷങ്ങൾകൂടി കൂട്ടിക്കൊടുക്കാൻ മടിയില്ലാതിരുന്ന സർക്കാർ തികച്ചും ന്യായമായി ചെയ്യേണ്ട പ്രവൃത്തിയാണിതെന്ന് പൊതുസമൂഹം കരുതുന്നു.

കേരളത്തിൽ ആകെ 26,000 ആശാ വർക്കർമാരുണ്ട്. അവരിൽ ഏറെയും സിഐടിയുവിനോട് കൂറ് പുലർത്തുന്ന സംഘടനയിലാണ്. എന്നാൽ, സമരം ചെയ്യുന്നതാകട്ടെ, എസ്യുസിഐ എന്ന വിപ്ലവസംഘടനയോട് കൂറു പുലർത്തുന്നവരും. അതുകൊണ്ടുതന്നെ തുടക്കംമുതൽ ആവശ്യം നോക്കാതെ സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കത്തിലായി സിഐടിയു നേതാക്കൾ. സാക്ഷാൽ എളമരം കരിം തന്നെ സമരക്കാരെ നിന്ദിച്ചുകൊണ്ടു പാർട്ടി പത്രത്തിൽ ലേഖനമെഴുതി.
2014 ഡിസംബർ എട്ടിന് നിയമസഭയിൽ താൻ നടത്തിയ ആവശ്യംതന്നെ നിഷേധിക്കുകയായിരുന്നു എളമരം. അന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറാണ്. ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് നടയിൽ അന്നു നടത്തിയ സമരം നിയമസഭയിൽ ഉന്നയിച്ചുകൊണ്ട് കരീം ആവശ്യപ്പെട്ടത് അവരുടെ ഓണറേറിയം 10,000 രൂപ ആക്കണമെന്നായിരുന്നു. 2007ൽ പ്രവർത്തിച്ചുതുടങ്ങിയ ആശാ വർക്കർമാർക്ക് തുടക്കത്തിൽ സംസ്ഥാന സർക്കാർ ഒന്നും കൊടുത്തിരുന്നില്ല.
വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ മാസം 300 രൂപവച്ച് കൊടുക്കുമെന്നു പ്രഖ്യാപിച്ചു. തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാർ തുക 500 രൂപയായും 700 രൂപയായും ഉയർത്തി.2015 ജനുവരി 31ന് മുന്പ് 9,000 രൂപയാക്കുമെന്നും ശിവകുമാർ സഭയിൽ വെളിപ്പെടുത്തി. ആ കരിമാണ് ഇപ്പോൾ സമരക്കാരെ പുച്ഛിക്കുന്നത്.
കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഓഹരികളിലെ തട്ടിപ്പ്
കേന്ദ്രവും കേരളവും ചേർന്നു നടത്തുന്ന പല പദ്ധതികളിലും കേരള സർക്കാർ ഉപഭോക്താവിനെ കളിപ്പിക്കുന്നുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നെല്ലിന്റെ സംഭരണവില. നെല്ലുസംഭരണത്തിന് 2021 -22ൽ കേരളം കൊടുത്തിരുന്ന 8.60 രൂപ ഇപ്പോൾ 5.20 രൂപയായി. കേന്ദ്രം വിഹിതം കൂട്ടുന്നതിനനുസരിച്ച് കേരളം കുറച്ചതാണ് വിഷയമായത്. ഒരു കിലോഗ്രാം നെല്ലിന് 2021 -22ലേക്കാൾ 4.82 രൂപ കേന്ദ്രം കൂടുതൽ സംഭരണവില തന്ന 2024-2025 ൽ കർഷകനു ലഭിച്ചത് വെറും 72 പൈസയുടെ വർധനയാണ് നെല്ലിന് കിലോഗ്രാമിന് 40 രൂപ സംഭരണവില കിട്ടണമെന്ന് നിയമസഭയിൽ പറയുന്ന മന്ത്രി കേന്ദ്രം സംഭരണവില കൂട്ടുന്നതിനനുസരിച്ച് കേരളവിഹിതം കുറയ്ക്കുന്നത് എന്തു മര്യാദയാണ്?
ഉമ്മൻ ചാണ്ടിയും പിണറായിയും
2015ൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് മൂന്നാർ കണ്ണൻദേവൻ തോട്ടങ്ങളിൽ സ്ത്രീകളുടെ കൂട്ടായ്മയായ പെന്പിള ഒരുമൈ നടത്തിയ ഒന്പതുദിവസ സമരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നേരിട്ട രീതിയും 2025ൽ ആശാ വർക്കർമാർ നടത്തുന്ന സമരത്തെ നേരിടുന്ന രീതിയും താരതമ്യം ചെയ്യേണ്ടതാണ്. ഒന്പതുദിവസം സമരം നടന്നു. അവസാനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തൊഴിൽമന്ത്രി ഷിബു ബേബി ജോണും സമരക്കാരുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കി.
മൂന്നാം ഊഴം ഉറപ്പാണെന്നു പറയുന്ന സർക്കാർ ഇവിടെ ആശാ വർക്കർമാരുടെ സമരത്തിൽ എന്തു ചെയ്യുമെന്നു കാത്തിരിക്കുകയാണു മാലോകർ. സിപിഎമ്മിന്റെ കൊല്ലം സമ്മേളനം കഴിയുന്പോൾ നല്ല തീരുമാനങ്ങൾ ഉണ്ടാവാമെന്നാണു കരുതുന്നത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ 21,000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അതു കൊടുക്കുമെന്ന് നിയമസഭയിൽ വീണാ ജോർജ് പറഞ്ഞതും നല്ല സൂചനയാണ്.
സർക്കാർ രീതികൾ
തൊഴിലാളികളുടെ സർക്കാർ ഭരിക്കുന്പോൾ ക്ഷാമബത്ത കുടിശിക ഒരു ഡസനോളമായി. ജീവനക്കാരുടെ സമരസംഘടനകളെല്ലാം നിശബ്ദം. പാവങ്ങളുടെ സർക്കാർ ഭരിക്കുന്ന നാട്ടിൽ സാമൂഹികസുരക്ഷാ പെൻഷൻ കുടിശികയും നിരവധി. പിഎസ്സി ചെയർമാനെയും അംഗങ്ങളെയുംപോലെ ലക്ഷാധിപതികൾക്ക് ലക്ഷങ്ങളുടെ ശന്പളവർധന. മുഖ്യമന്ത്രിയുടെ വീടും പരിസരവും വൃത്തിയാക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും കോടികൾ. കൊലപാതകങ്ങൾ നടത്തിയ സ്വന്തം പാർട്ടി സഖാക്കളെ രക്ഷിക്കാൻ സുപ്രീംകോടതിയിലെ ലക്ഷങ്ങൾ വിലവരുന്ന അഭിഭാഷകരെ കൊണ്ടുവന്നു നിയമപോരാട്ടം നടത്തിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരങ്ങളായിരുന്നു കെ-റെയിൽ പദ്ധതിക്കെതിരേയും വിഴിഞ്ഞം തുറമുഖ നിർമാണത്തിലൂടെ ജീവിതമാർഗവും വീടും നഷ്ടപ്പെടുന്നവർക്കായി നടത്തിയതും. സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. ലാത്തിചാർജുകളും പീഡനങ്ങളും കേസുകളുമായി എല്ലാറ്റിനെയും നേരിട്ടു. കെ-റെയിൽ സമരം അടിച്ചമർത്താനായില്ലെങ്കിലും തൃക്കാക്കര തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൊടുത്ത തിരിച്ചടിയോടെ സർക്കാരിന്റെ ആവേശം ചോർന്നു. എന്നാൽ, വിഴിഞ്ഞം സമരത്തെ സർക്കാർ അടിച്ചിരുത്തി. സമരമുഖത്തു വന്നവരെയെല്ലാം ജാമ്യം കിട്ടാത്ത കേസുകളിൽ പ്രതികളാക്കി. സമരക്കാരെ പരാജയപ്പെടുത്താൻ സമരത്തെ വർഗീയമായി ചേരിതിരിക്കുകയും ചെയ്തു. ആ ഭാവമാറ്റം കൊണ്ടുതന്നെ സമരം പിൻവലിക്കേണ്ടിവന്നു.
തൊഴിലാളിസമരങ്ങൾ ഏറെ ഉണ്ടായില്ല. അതിനുള്ള സംഘടനാബലമൊന്നും കോണ്ഗ്രസിനില്ല. കോണ്ഗ്രസിനുവേണ്ടി സമരംനടത്തി തല്ലു മേടിച്ചതുകൊണ്ടു വലിയ പ്രയോജനമൊന്നും ഇല്ലെന്നു സംഘടനാപ്രവർത്തകർക്കും അറിയാം. പിന്നെ ഇടതുപക്ഷം ആകാനാവാത്തതുകൊണ്ട് അവർ വലതുപക്ഷ സംഘടനയിൽ നിൽക്കുന്നു എന്നുമാത്രം.
കൊല്ലത്തെ ഉൾവിളികൾ
പിണറായി സർക്കാരിന്റെ ഇത്തരം നിലപാടുകളെ വെള്ളപൂശുന്നതാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സംഘടനാ റിപ്പോർട്ടിലെ വിവരങ്ങളെന്നാണ് ചോർന്നുവരുന്ന വിവരങ്ങൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗരാഷ്ട്രീയം സമൂഹത്തിന്റെ വികസനത്തിന് എതിരാണെന്നുള്ള പ്രചാരണത്തെ പ്രതിരോധിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ തൊഴിൽമേഖലകൾ തുറന്നെടുക്കാനും കഴിയുന്ന വിധത്തിലുള്ള ഇടപെടലുകൾ നടത്തണം. കേന്ദ്രനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ജനങ്ങളിലെത്തിക്കണമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, സാമൂഹികമായ അവശതകൾ ഏറ്റെടുത്ത് മുന്നോട്ടുപോയി സാമൂഹികനീതി ഉറപ്പാക്കേണ്ടത് പാർട്ടി നിലപാടാണെന്നു പറയുന്നതും ആശാ വർക്കർമാരുടെ സമരത്തോടുള്ള സമീപനവും തീരെ ചേർന്നുപോകാത്തതാണ്.
ബിജെപിയുടെ ഫാസിസം: പുതിയ വിശദീകരണം
ബിജെപി ഫാസിസ്റ്റല്ല എന്നവിധത്തിൽ പാർട്ടിയുടെ കരടു രാഷ്ട്രീയ പ്രമേയത്തിൽ നടത്തിയ കൂട്ടിച്ചേർക്കലിൽ പുതിയ വിശദീകരണവുമായി സാക്ഷാൽ പ്രകാശ് കാരാട്ട് തന്നെ വന്നു. മോദി സർക്കാരിനെ ഫാസിസ്റ്റ് എന്നു വിലയിരുത്തുന്നതിൽനിന്ന് സിപിഎം പിന്നാക്കം പോയെന്ന പൊതുവികാരമാണ് വിശദീകരണവുമായി വരാൻ കാരാട്ടിനെ പ്രേരിപ്പിച്ചതെന്നു വ്യക്തം.
ഫാസിസം എന്നാൽ മുന്പ് എല്ലാറ്റിനെയും അടിച്ചമർത്തുന്ന ഏകാധിപത്യരീതിയായിരുന്നു. ഇപ്പോൾ അത് പുതിയ രീതികളിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഫാസിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന ആർഎസ്എസ് ബിജെപിയിലൂടെ സർക്കാരിലേക്ക് നുഴഞ്ഞുകയറുന്നു. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളെ സ്വന്തം അധീനതയിലാക്കുന്നു. 11 വർഷത്തെ കേന്ദ്രസർക്കാരിന്റെ പ്രവർത്തനശൈലി നവഫാസിസ്റ്റ് പ്രവണതകൾ പ്രകടമാക്കുന്നു. അത് ഫാസിസം ആയിട്ടില്ല- കാരാട്ട് പറയുന്നു. 2018ലെ പാർട്ടി കോണ്ഗ്രസിൽ നടത്തിയ വിലയിരുത്തലിനേക്കാൾ നവഫാസിസ്റ്റ് പ്രവണതകളിലൂടെ ബിജെപി വളരെ മുന്നോട്ടു പോയെന്നാണു പാർട്ടി മനസിലാക്കുന്നതെന്നാണ് കാരാട്ടിന്റെ വിശദീകരണം. എങ്കിൽ പിന്നെന്തിന് ഇത്തരം ഒരു വെള്ളംചേർക്കലെന്ന് ആരും ചോദിച്ചില്ല.
ഈഴവരുടെ വോട്ട് ചോരുന്നു, മുസ്ലിം വോട്ടുകൾ ലീഗ് സമാഹരിക്കുന്നു
കേരളത്തിലെ സാമുദായിക രാഷ്ട്രീയധാരകളെക്കുറിച്ച് സംസ്ഥാന സമ്മേളനം ആശങ്കപ്പെടുന്നു. എസ്എൻഡിപി യോഗം ഉൾപ്പെടെ സമുദായസംഘടനകളിൽ സ്വത്വബോധമുണർത്തി മുന്നേറാൻ ബിജെപിക്കും ആർഎസ്എസിനും സാധിക്കുന്നു എന്നു സമ്മേളനം ചൂണ്ടിക്കാണിച്ചതായാണു വാർത്ത. അതുപോലെ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ആയി ലീഗ് ചങ്ങാത്തത്തിലായി.
സിപിഎമ്മിന്റെ അടിത്തറ വോട്ടുകളായ ദളിതർ, ആദിവാസികൾ, കർഷകത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ എന്നിവരെ മത, സമുദായബോധമുണർത്തി ബിജെപി അടർത്തിയെടുത്തതാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പ്രധാന കാരണം. ആറ്റിങ്ങൽ, ആലപ്പുഴ മണ്ഡലങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
തൃശൂരിലും സിപിഎം വോട്ട് ചോർന്നു. 2019ലേക്കാൾ 1.75 ശതമാനം കൂടുതൽ വോട്ട് 2024ൽ ചോർന്നു. ഇടതുമുന്നണിക്ക് 2014ൽ 40.2 ശതമാനം വോട്ടുണ്ടായിരുന്നത് 2019ൽ 35.10 ശതമാനമായി. 2024ൽ 33.35 ശതമാനമായി. പത്തുവർഷംകൊണ്ട് വോട്ടിൽ ഏഴു ശതമാനം ഇടിവാണ് ഉണ്ടായതെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ചു.
മുസ്ലിം തീവ്രവാദികൾക്കു പരസ്യപിന്തുണ
മുസ്ലിം വർഗീയസംഘടനകളായ ജമാ അത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും ഒപ്പം നിൽക്കാൻ ജനാധിപത്യമുന്നണി നേതാവ് സി.പി. ജോണിന്റെ പ്രഖ്യാപനം വലിയ അടയാളമാണ്. ദേശീയസുരക്ഷാ എജൻസി എസ്ഡിപിഐയുടെ പ്രസിഡന്റ് എം.കെ. ഫൈസിയെ അറസ്റ്റ് ചെയ്യുകയും ദേശവ്യാപകമായി അവരുടെ ഓഫീസുകൾ റെയ്ഡ് ചെയ്യുകയും ചെയ്ത ദിവസങ്ങളിൽത്തന്നെയാണ് ജോണ് ഈ പ്രഖ്യാപനം നടത്തുന്നത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് ഇവർക്കു സാന്പത്തികസഹായവും നയരൂപീകരണങ്ങളിൽ സഹായവും നല്കുന്നതെന്നാണ് എൻഐഎയുടെ വാദം. വളരെ സൂക്ഷിച്ച് രാഷ്ട്രീയനിലപാടുകൾ എടുക്കാറുള്ള ജോണ് ഈ പ്രഖ്യാപനത്തിന് മുതിരുന്നത് കോണ്ഗ്രസിനുവേണ്ടിയാണെന്നതും വ്യക്തം.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി ആർക്കൊപ്പമാകും എന്നതിന്റെ സൂചന. തങ്ങൾ കൊടുക്കുന്ന പിന്തുണയ്ക്ക് അധികാരം കിട്ടിയാൽ മന്ത്രിപദവിയേക്കാൾ വലിയ വില വാങ്ങുന്നവരാണ് ഈ സംഘനകൾ. പിണറായിക്കു മൂന്നാമൂഴം കിട്ടട്ടെ എന്ന് ചിന്തിക്കുന്നവർ വർധിക്കുന്ന സമീപനമാണിത്.