ബോർഡുകൾ പാർട്ടി ഐശ്വര്യം
പായിപ്ര രാധാകൃഷ്ണൻ
Sunday, March 9, 2025 12:25 AM IST
പുതിയ ഒരു സർക്കാർ അധികാരത്തിലേറിയാൽ, മധുവിധു കാലത്തുതന്നെ കോർപറേഷൻ-ബോർഡ് ഭൈമികാമുകർ ഉഷാറാവും. സർക്കാർ തീറ്റിപ്പോറ്റുന്ന നമുക്കൊന്നും അത്ര പിടിപാടില്ലാത്ത കാക്കത്തൊള്ളായിരം ബോർഡുകൾ നിലവിലുണ്ട്. ആശ്രിതർ, അനുയായികൾ എന്നിവരുടെ നിലയും വിലയും പരിഗണിച്ചു കസേരകൾ ലഭ്യമാക്കും. തുടക്കത്തിലേ പറയട്ടെ, ഈ ബോർഡുകളല്ല ഇവിടെ പരാമർശവിഷയം.
ബോർഡുകൾ ചില പാർട്ടികളുടെ ഐശ്വര്യമാണോ എന്നു തോന്നും സമ്മേളനനഗരികളിലൂടെ കടന്നുപോകുന്പോൾ. തെരഞ്ഞെടുപ്പു കമ്മീഷൻ വടിയെടുക്കുംമുന്പ് നാടായ നാടു മുഴുവനുമുള്ള മതിലുകളായിരുന്നു ഇരകൾ. ബോർഡുകളുടെ പൂർവാശ്രമം ഈ ചുവരെഴുത്തുകളാണ്.
ചുവരെഴുത്തുകളുടെ അനൗചിത്യവും അഭംഗിയും ആസ്വദിക്കണമെന്നുണ്ടെങ്കിൽ മഹാരാജാസ് കോളജിലേക്കു കയറിച്ചെന്നാൽ മതി. മഹാരാജാസിന്റെ പ്രതാപകാലത്ത് ആ ചുവരുകളിലൊന്നും കൈക്കരുത്തിന്റെ വിപ്ലവവായാടിത്തങ്ങൾ പതിഞ്ഞിരുന്നില്ല. അക്കാലത്തു പഠിക്കാൻ യോഗമുണ്ടായ മമ്മൂട്ടിയെപ്പോലെ, എ.കെ. ആന്റണിയെപ്പോലെ, വയലാർ രവിയെപ്പോലെ, തോമസ് ഐസക്കിനെപ്പോലെ, ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലുള്ളവർക്ക് ഇന്നു വേദന തോന്നാം.
ഇന്നിപ്പോൾ ഒരു സമ്മേളനത്തിന്റെ പൊലിമയും ഗരിമയും ബോർഡുകളിലും അലങ്കാരങ്ങളിലുമാണെന്നാണ് സംഘാടകരുടെ സങ്കല്പമെന്നു തോന്നിപ്പോകും. നിയമലംഘനമെന്നതു രാഷ്ട്രീയകക്ഷികളുടെ അധികാരവും അവകാശവുമായി കരുതപ്പെടുന്നു. നടുറോഡ് അടച്ചുകെട്ടി ബലാത്കാരവേദിയൊരുക്കുക കേമത്തമായിരിക്കുന്നു. ഒരേ നിറത്തിലുള്ള കൊടിതോരണങ്ങൾകൊണ്ടും വസ്ത്രധാരണംകൊണ്ടും ബോർഡുകളെക്കൊണ്ടും ഒരു നഗരത്തെത്തന്നെ വിരസകാന്താരമാക്കിക്കളയും.
നിയമം നിർമിക്കുന്നത് അതു ലംഘിക്കാൻ വേണ്ടിയാണെന്നു തോന്നും ചിലപ്പോൾ. എന്തു തോന്ന്യാസം പ്രവർത്തിക്കാനും അധികാരം നല്കുന്ന ഒരു നിയമംകൂടി പാസാക്കിയാൽ തങ്ങൾ മിണ്ടാതിരിക്കാമെന്ന് ഹൈക്കോടതിക്കു പറയേണ്ട അവസ്ഥയായിരുന്നു. രാഷ്ട്രീയക്കാരെ ഭയന്ന് മിണ്ടാപ്രാണികളായ നികുതിദായകരുടെ പരാതികൾ കോടതിയിലേക്കു പ്രവഹിക്കുകയാണ്. അതിൽ ഡോക്ടറും എൻജിനിയറും ഡ്രൈവറും എല്ലാം അയച്ച നൂറുകണക്കിനു പരാതികൾ കോടതിയിലേക്ക് എത്തുന്നുണ്ട്.
കുട്ടികൾ തെറ്റുചെയ്യുന്പോൾ തിരുത്താൻ മുതിർന്നവരുണ്ടായെന്നും വരും. മുതിർന്നവർ തെറ്റിന്റെ പാതയിൽ നീങ്ങുന്പോൾ, അതു കണ്ടു പഠിക്കുന്ന കുട്ടികളെ ആരു തിരുത്തും? മയക്കുമരുന്നിനെതിരേ ബോധവത്കരണം നടത്തുന്ന ഒരു യോഗ്യനെ മയക്കുമരുന്ന് വില്പനയ്ക്ക് പോലീസ് കസ്റ്റഡിയിലെടുത്തുവെന്നു വാർത്ത.
“പോലീസ് ഞങ്ങൾക്ക് പുല്ലാണ്...” എന്നു സമരമുഖത്ത് എല്ലാവരും കാലാകാലങ്ങളായി വിളിച്ചുപോരുന്ന ഒരു മുദ്രാവാക്യമാണ്. മുതിർന്നവർ തെറ്റുചെയ്താൽ അവരെ ആരു തിരുത്തും? ആഭ്യന്തരം ഭരിക്കുന്ന കക്ഷിയാണങ്കിൽ കളി കാര്യമായെന്നു വരും. മറ്റുള്ളവർക്ക് അങ്ങനെ വിളിച്ചു രസിക്കാമെന്നേയുള്ളൂ. വന്നുവന്ന് കോടതിയും ഞങ്ങൾക്ക് പുല്ലാണ് എന്ന മട്ടിലാണ് രാഷ്ട്രീയപാർട്ടികളുടെ ഹീറോയിസം മുന്നേറുന്നത്.
മെട്രോ നഗരം മുതൽ പഞ്ചായത്തുവരെ നടപ്പാക്കാവുന്ന ഒരു പോംവഴിയുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തി കൂടിവേണമെന്നു മാത്രം. പൊതുഇടങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ച് ആവശ്യക്കാർക്കു വാടകയ്ക്കു നല്കുക. സ്വകാര്യസ്ഥലങ്ങളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. ഇത്തരം ഇടങ്ങൾ സ്ഥലലഭ്യതക്കനുസരിച്ച് ആരംഭിക്കാവുന്നതേയുള്ളൂ. പ്രചാരണം ആവശ്യമായവർക്ക് സൗകര്യം, അത് ഒരുക്കിക്കൊടുക്കുന്നവർക്കു വരുമാനവും!
ഹൈക്കോടതി ചൂണ്ടിക്കാണിച്ചപോലെ, നാടുനീളെ ബോർഡുകൾ വച്ച് നാടിന്റെ സൗന്ദര്യം മറയ്ക്കാതെയും ഹനിക്കാതെയുമിരിക്കുന്നതാണു നല്ലത്. നിയമം നടപ്പിലാക്കിയ ജില്ലകളിൽ തെരുവോരങ്ങൾ കൂടുതൽ മനോഹരമായിരിക്കുന്നു.