വേണ്ട, ഇനിയൊരു ഭാഷായുദ്ധം!
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Friday, March 7, 2025 11:57 PM IST
ജ്ഞാനത്തിലേക്കുള്ള വാതിലാണു ഭാഷകൾ. ചിന്തകളുടെ ഒഴുക്കിൽ വളരുന്ന ആത്മാവിന്റെ രക്തമാണു ഭാഷ. ഭാഷയിലൂടെയാണ് ഒരാളുടെ ഹൃദയത്തിലേക്കും ഒരു ജനതയുടെ സംസ്കാരത്തിലേക്കും പ്രവേശിക്കുക. സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും ആത്മാവ് ഭാഷയിലാണ്. ഭാഷകൾ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല; സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മനുഷ്യന്റെ സർഗാത്മകതയുടെയും ജീവസുറ്റതും ശ്വസിക്കുന്നതുമായ പ്രകടനങ്ങളാണ്. ഓരോ ഭാഷയും മനുഷ്യരുടെ ആവിഷ്കാരത്തിന്റെ സന്പന്നമായ ചിത്രരചനയ്ക്കുള്ള സംഭാവനകളാണ്.
മാതൃഭാഷ ആകട്ടെ പെറ്റമ്മയ്ക്കു തുല്യമാണ്. മറ്റുള്ള ഭാഷകൾ കേവലം ആവശ്യമോ തൊഴിലോ പ്രായോഗികതയോ മാത്രമാണ്. വികാരങ്ങളുടെ മാന്ത്രികത അനുഭവിക്കാൻ സ്വന്തം ഭാഷ വേണം. മാതൃഭാഷയുടെ ഹരിതഭൂമിയിൽനിന്നു മാത്രമേ ഇതരഭാഷകളിലേക്കു പടർന്നുകയറാനാകൂ. “ഒരു മനുഷ്യനോട് അയാൾക്കു മനസിലാകുന്ന ഭാഷയിൽ സംസാരിച്ചാൽ അതവന്റെ തലയിലേക്കു പോകുന്നു; എന്നാൽ, നിങ്ങൾ അവനോട് അവന്റെ ഭാഷയിൽ സംസാരിച്ചാൽ അതവന്റെ ഹൃദയത്തിലേക്കു പോകുന്നു” എന്ന നെൽസണ് മണ്ടേലയുടെ വാക്കുകൾ പ്രസക്തമാണ്.
മറയില്ലാതെ ഹിന്ദിവത്കരണം
ലോകത്താകെ ഏകദേശം 6,500 ഭാഷകൾ ഇന്നു സംസാരത്തിലുണ്ട്. ഇന്ത്യയിൽ 121 സംസാരഭാഷകളാണുള്ളത്. ചുരുങ്ങിയത് 10,000 പേർ സംസാരിക്കുന്നവയാണ് ഇന്ത്യൻ ഭാഷകൾ. ഇതിൽ 30 ഭാഷകൾ 10 ലക്ഷത്തിലേറെപേർ സംസാരിക്കുന്നവയാണ്. ഭരണഘടനയുടെ എട്ടാം ഷെഡൂളിൽ 22 ഔദ്യോഗിക (ഒഫീഷൽ) ഭാഷകളുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്കൃതം എന്നിവ മുതൽ മറാത്തി, ഗുജറാത്തി, കാഷ്മീരി, ബംഗാളി, പഞ്ചാബി, കൊങ്കണി, മണിപ്പുരി, നേപ്പാളി വരെയുള്ളവ ഇതിലുണ്ട്.
എന്നാൽ, ഭരണഘടനയിൽ ദേശീയ ഭാഷ (നാഷണൽ ലാംഗ്വേജ്) പദവി ഒന്നിനും നൽകിയിട്ടില്ല. പാർലമെന്റിലെ നടപടികൾക്കും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കത്തിടപാടുകൾക്കും ഹിന്ദിയും ഇംഗ്ലീഷും ഒരുപോലെ അനുവദിച്ചിട്ടുണ്ട്. പക്ഷേ, പാർലമെന്റിൽ ഉൾപ്പെടെ വളരെ ബോധപൂർവം ഹിന്ദി അടിച്ചേൽപ്പിക്കുകയാണ്. വോട്ടെടുപ്പിൽ യെസ്, നോ പോലും ഹാവാലാ, നാവാല എന്നു മാത്രമേ സ്പീക്കർ പറയുകയുള്ളൂ. ഏതെങ്കിലും ഭാഷ ഒരു പൗരന്റെമേലും അടിച്ചേൽപ്പിക്കരുതെന്നാണു ഭരണഘടന പറയുന്നത്.
താക്കീതായി ചെന്നൈ യോഗം
ജനതകളെ പരസ്പരം ബന്ധിപ്പിക്കാനാകണം ഭാഷകൾ. എന്നാൽ, ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനു ഭാഷയെ ദുരുപയോഗിക്കുന്നതാണു രാജ്യത്തെ ദുരന്തം. ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം (ഡീലിമിറ്റേഷൻ) മുതൽ സാന്പത്തിക അനീതികൾ വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്ന അവഗണനയുടെ പിന്നാലെയാണു ഭാഷയുടെ പേരിലുള്ള തീക്കളി. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ത്രിഭാഷാ ഫോർമുലയുടെ പേരിലാണു തമിഴ്നാട്ടിൽ പുതിയ ഭാഷായുദ്ധത്തിനു പോർവിളി ഉയർന്നത്. “ഫെഡറലിസത്തിനു നേർക്കുള്ള നഗ്നമായ ആക്രമണം” എന്നാണു തമിഴനാട് മുഖ്യമന്ത്രിയുടെ പ്രസ്താവന.
തമിഴ്നാട് അടക്കം എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യുദ്ധത്തിന് അങ്കം കുറിച്ചിരിക്കുന്നത്. മാർച്ച് 22ന് ചെന്നൈയിലാണു യോഗം.
കേരളം, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, ബംഗാൾ, പഞ്ചാബ്, ഒഡീഷ എന്നീ മുഖ്യമന്ത്രിമാർക്കാണ് ക്ഷണക്കത്തയച്ചത്. മുഖ്യമന്ത്രിമാർക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ കോണ്ഗ്രസ്, ബിജെപി, സിപിഎം, തൃണമൂൽ കോണ്ഗ്രസ്, എഎപി, ടിഡിപി, വൈഎസ്ആർ കോണ്ഗ്രസ്, ബിജെഡി, ബിആർഎസ്, അകാലിദൾ, മുസ്ലിം ലീഗ്, സിപിഐ, രണ്ടു കേരള കോണ്ഗ്രസുകൾ, ആർഎസ്പി, ജെഡിഎസ്, എഐഎംഐഎം, ജനസേന തുടങ്ങിയ പാർട്ടികളുടെ മുതിർന്ന പ്രതിനിധിയെയും യോഗത്തിലേക്കു സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ട്.
മരത്തിനു കാറ്റ് ശമിപ്പിക്കാനാകില്ല
“നമ്മുടെ സംസ്ഥാനങ്ങളെ നിശബ്ദരാക്കുന്നതിൽനിന്നു സംരക്ഷിക്കുന്നതിനായി സംയുക്ത പ്രവർത്തനസമിതി (ജോയിന്റ് ആക്ഷൻ കമ്മിറ്റി - ജെഐസി) രൂപീകരിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു. ഈ സമിതിയുടെ പ്രഥമ യോഗമാണ് 22ന് ചെന്നൈയിൽ ചേരുക.
പ്രത്യേക രാഷ്ട്രീയ പാർട്ടികളായല്ല; മറിച്ച്, ജനങ്ങളുടെ ഭാവിസംരക്ഷകരായി നമുക്കൊരുമിച്ചു നിൽക്കാമെന്നാണ് സ്റ്റാലിൻ ആഹ്വാനം ചെയ്തത്. അവകാശങ്ങൾ ചോദിക്കുകയും അനീതികൾക്കെതിരേ ശബ്ദമുയർത്തുകയും ചെയ്യേണ്ടതുണ്ട്. ആരുടെയും ഔദാര്യമല്ല, അവകാശങ്ങളാണു സംസ്ഥാനങ്ങൾ ചോദിക്കുന്നത്.
സ്റ്റാലിൻ തുടങ്ങിയ ഈ മുന്നേറ്റം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള പോരാട്ടമായിക്കൂടി മാറണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടൊപ്പം ബംഗാൾ, ഒഡീഷ, പഞ്ചാബ് സംസ്ഥാനങ്ങളെ കൂടി ക്ഷണിച്ചതിൽ ദേശീയതയുടെ പ്രതിഫലനമുണ്ട്. ഏതെങ്കിലുമൊരു മരം ശാന്തത ഇഷ്ടപ്പെട്ടതുകൊണ്ടു മാത്രം കാറ്റു ശമിക്കില്ലെന്ന സ്റ്റാലിന്റെ പരാമർശത്തിന് വിശാല അർഥങ്ങളുണ്ട്.
ദുർബലമാകുന്ന ഫെഡറലിസം
ഹിന്ദിക്കു പുറമെ അടുത്ത മണ്ഡല പുനർവിഭജനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയപ്രസക്തി നഷ്ടമാകുമെന്ന ആശങ്കയും സാന്പത്തിക വിഹിതത്തിലെ അനീതികളും വിവേചനങ്ങളും വരെയുള്ള പ്രശ്നങ്ങൾ നിസാരമല്ല. വയനാട് ദുരന്തത്തിലും കേരളം കണ്ട മഹാപ്രളയത്തിലും പോലും കേന്ദ്രം മതിയായ തുക നൽകാതിരുന്നതു ജനം മറക്കില്ല. ഫെഡറൽ സംവിധാനം ദുർബലമാക്കി സംസ്ഥാനങ്ങളെ കേന്ദ്രം വരിഞ്ഞുമുറുക്കുന്നതു കൂടിവരികയാണ്.
മുപ്പതു വർഷത്തേക്കുകൂടി ലോക്സഭയിലെ സീറ്റുകളുടെ നില അതേപടി നിലനിർത്തണമെന്നാണ് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗം ആവശ്യപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെയും പിന്നീട് എ.ബി. വാജ്പേയിയുടെയും കാലത്തു രണ്ടു തവണയായി 25 വർഷംവീതം നീട്ടിയ മണ്ഡല പുനർവിഭജനം 2056 വരെ നീട്ടണമെന്ന് 35 രാഷ്ട്രീയ പാർട്ടികളുടെ യോഗം നിർദേശിച്ചു.
പാർലമെന്റിലെ ആനുപാതിക പ്രാതിനിധ്യം ഏതെങ്കിലും മേഖലയുടെ മേൽക്കോയ്മയ്ക്കു കാരണമാകരുത്. ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയതിനു കേരളം പോലുള്ള സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടരുത്. വിപുലീകരിച്ച പാർലമെന്റിൽ ഭരണപരവും സാന്പത്തികവും രാഷ്ട്രീയവുമായി അരികുവത്കരിക്കപ്പെടുമെന്ന ഭയത്തിൽ കഴന്പുണ്ട്. കേന്ദ്രവിഹിതത്തിലും പദ്ധതികളിലുമെല്ലാം കൂടുതൽ പിന്തള്ളപ്പെടുമെന്ന ഭയം ഗൗരവതരമാണ്. ന്യായയുക്തമായ ഈ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്.
ഭാഷയുടെ പേരിൽ ഭീഷണി?
പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പൂർണമായും അംഗീകരിക്കുന്നില്ലെങ്കിൽ സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട് തമിഴ്നാടിന് അനുവദിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയാണു പുതിയ ഭാഷായുദ്ധത്തിനു വിത്തു പാകിയത്. യുപിയിലെ വാരാണസിയിൽ കഴിഞ്ഞ ഫെബ്രുവരി 16നു നടന്ന കാശി തമിഴ് സംഗമത്തിലായിരുന്നു പ്രഖ്യാപനം. ഒറ്റനോട്ടത്തിൽ ശരിയെന്നു തോന്നുമെങ്കിലും അപകടകരമാണിത്.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിഷം നിറഞ്ഞതാണെന്നു സ്റ്റാലിൻ പ്രതികരിച്ചു. വിദ്യാഭ്യാസത്തിന്റെയും ഭാഷയുടെയും പേരിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്നു വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യമൊഴിയും തിരിച്ചടിച്ചു. തമിഴ്നാടിനു നൽകേണ്ട 2,158 കോടി രൂപയുടെ മറിവിലാണു കേന്ദ്രത്തിന്റെ വിലപേശൽ. തമിഴ്നാട്ടിലെ 40 ലക്ഷം വിദ്യാർഥികളുടെയും 32,000 അധ്യാപകരുടെയും ഭാവി അമ്മാനമാടരുത്.
ഹിന്ദി ബെൽറ്റിൽ ത്രിഭാഷയെവിടെ?
എൻഇപി അനുസരിച്ചുള്ള ത്രിഭാഷാ പദ്ധതി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നടപ്പിലാക്കുന്പോൾ ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങൾക്കു ത്രിഭാഷ ഇപ്പോഴും വളരെ അകലെയാണ്. ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ യുപിയിലോ ബിഹാറിലോ ഉള്ളവരെ അപേക്ഷിച്ച് ബഹുഭാഷാ പ്രാവീണ്യം ഉള്ളവരാണെന്നതു വസ്തുതയാണ്. യുപിയും ബിഹാറും മധ്യപ്രദേശും രാജസ്ഥാനും അടക്കമുള്ള സംസ്ഥാനങ്ങളിൽ ത്രിഭാഷ നടപ്പാക്കിയ ശേഷമാകട്ടെ കേന്ദ്രമന്ത്രിയുടെ ദക്ഷിണേന്ത്യയോടുള്ള വിരട്ടൽ!
ചില സംസ്ഥാനങ്ങളിൽ മെഡിക്കൽ, എൻജിനിയറിംഗ് അടക്കം ശാസ്ത്ര- സാങ്കേതിക പഠനം പോലും ഹിന്ദിയിലാക്കിയതിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. ഐഎഎസ് അടക്കം സിവിൽ സർവീസ് പരീക്ഷകളിൽ മലയാളികളും തമിഴരും പിന്നാക്കം പോകുന്നതിലും ബിഹാറികളും മറ്റും മുന്നേറുന്നതിലും ഹിന്ദിയാണു വജ്രായുധം.
ഹിന്ദി കൊളോണിയലിസം!
മുംബൈയിലേക്കു വരുന്നവർ മറാഠി ഭാഷ പഠിക്കണമെന്നു നിർബന്ധിക്കാനാകില്ലെന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷിയുടെ പ്രസ്താവനയും പിന്നീട് മലക്കംമറിഞ്ഞ വിശദീകരണവും, മുംബൈയിലും മഹാരാഷ്ട്രയിലുമുള്ളവർ മറാത്തി പറയുകയും പഠിക്കുകയും വേണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് അദ്ദേഹത്തെ തിരുത്തിയതും വിവാദമായത് കഴിഞ്ഞ ദിവസങ്ങളിലാണ്. വിവാദമായശേഷം നടത്തിയ വിശദീകരണത്തിൽ മുംബൈയിലേക്കു വരുന്നവരെല്ലാം മറാഠ മനസിലാക്കുകയും പഠിക്കുകയും പറയുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ഭയ്യാജി ജോഷി പറഞ്ഞു. കന്നഡ ആദ്യം എന്നതാണു കർണാടകയുടെ സമീപനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറഞ്ഞു. ഡീലിമിറ്റേഷൻ പ്രശ്നങ്ങൾ ആളിക്കത്തിക്കുന്നതാണു ഭാഷാപ്രശ്നം. ഭാഷയുടെ മറവിലുള്ള രാഷ്ട്രീയക്കളിയാണ് ആപത്ത്.
“ബ്രിട്ടീഷ് കൊളോണിയലിസത്തിനു പകരം ഹിന്ദി കൊളോണിയലിസം തമിഴ്നാട് സഹിക്കില്ല” എന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ പരാമർശം ശക്തമായ മുന്നറിയിപ്പാണ്. ചരിത്രം വ്യക്തമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഓരോ ശ്രമവും പരാജയപ്പെട്ടു. അത്തരക്കാർ ഒന്നുകിൽ പരാജയപ്പെടുകയോ പിന്നീടു നിലപാടു മാറ്റുകയോ ഡിഎംകെയുമായി സഖ്യത്തിലാകുകയോ ചെയ്തിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
ഒന്നിപ്പിക്കാനാകണം, ഭാഷകൾ
ജനതകളെ വിഭജിക്കുന്നതല്ല, ഒന്നിപ്പിക്കുന്നതാകണം ഭാഷ. ഇനിയൊരു ഭാഷായുദ്ധം ഉണ്ടാകാതെ നോക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഭാഷയുടെയും വലുപ്പത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനം ഉണ്ടാകരുത്. രാഷ്ട്രീയാധികാരം ആരും കുത്തകയാക്കുന്ന സ്ഥിതി അനുവദിച്ചുകൂടാ. രാജ്യത്തെ സന്പത്തിന്റെ വീതംവയ്പിലും അനീതി പാടില്ല. ദേശീയ നയങ്ങൾ ഫലപ്രദമായി നടപ്പാക്കിയതിന്റെ പേരിൽ കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളോട് അനീതി പാടില്ല. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സമാധാനവും സുരക്ഷയും മതനിരപേക്ഷതയും കാക്കാൻ എല്ലാവരും യോജിക്കട്ടെ.