നീതീകരണമില്ലാതെ കൂട്ടത്തോടെ പിഎഫ് പെൻഷൻ നിഷേധം
അഡ്വ. ജി. സുഗുണൻ
Friday, March 7, 2025 11:54 PM IST
നമ്മുടെ രാജ്യത്തെ തൊഴിലാളികളുടെ ഏറ്റവും പ്രധാന ക്ഷേമപദ്ധതിയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്. ലോകത്തെ മിക്കവാറും എല്ലാ മുതലാളിത്ത-സാമ്രാജ്യത്വ രാഷ്ട്രങ്ങളിലും പ്രോവിഡന്റ് ഫണ്ട് നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രോവിഡന്റ് ഫണ്ട് ലോക തൊഴിലാളിവർഗത്തിന്റെ പ്രധാനപ്പെട്ട ക്ഷേമപദ്ധതിയുമാണ്.
പ്രോവിഡന്റ് ഫണ്ടിലെ മുഖ്യയിനമാണ് ഇപിഎഫ് പെൻഷൻ സ്കീം. പ്രധാനമായും ഇപിഎഫ് പെൻഷൻ ലാക്കാക്കിയാണു ലക്ഷോപലക്ഷം തൊഴിലാളികൾ ഈ പദ്ധതിയിൽ അംഗമായിട്ടുള്ളത്. സർവീസ് പൂർത്തിയാക്കി പെൻഷനാകുന്ന അംഗങ്ങളായ തൊഴിലാളികൾക്ക് കൃത്യസമയത്തുതന്നെ ന്യായമായ പെൻഷൻ ലഭ്യമാക്കാൻ ഇപിഎഫ് അധികാരികൾ ബാധ്യസ്ഥവുമാണ്. നിർഭാഗ്യവശാൽ ഈ ഇപിഎഫ് പെൻഷൻ വ്യാപകമായി നിഷേധിക്കുന്ന സ്ഥിതിയാണ് രാജ്യത്താകെ ഇപ്പോൾ ഉണ്ടായിട്ടുള്ളത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷനുവേണ്ടി അധികവിഹിതമടച്ചു മാസങ്ങൾക്കു മുന്പുതന്നെ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പെൻഷൻ അനുവദിക്കുന്നതിൽ ഗുരുതരമായ അലംഭാവമാണ് ഇപിഎഫ് അധികാരികൾ കാട്ടിക്കൊണ്ടിരിക്കുന്നത്. ഉയർന്ന വരുമാനമുള്ളവർക്ക് പെൻഷൻ അനുവദിച്ചു നൽകണമെന്നുള്ള സുപ്രീംകോടതിയുടെയും കേരള ഹൈക്കോടതിയടക്കമുള്ള വിവിധ ഹൈക്കോടതികളുടെയും ഉത്തരവുകൾ നിർദയം കാറ്റിൽപ്പറത്തുകയാണ് പ്രോവിഡന്റ് ഫണ്ട് അധികൃതർ ചെയ്യുന്നത്.
സുപ്രീംകോടതി വിധിച്ച ഉയർന്ന പിഎഫ് പെൻഷൻ രാജ്യത്തെ ഭൂരിഭാഗം അപേക്ഷകർക്കും കിട്ടാത്ത സ്ഥിതിയാണിപ്പോൾ. ഉയർന്ന പെൻഷനുവേണ്ടി അപേക്ഷിച്ച 17.49 ലക്ഷം പേരിൽ 7.35 ലക്ഷവും (42%) അയോഗ്യരാണെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പറയുന്നു. സുപ്രീംകോടതി വിധി വന്നു രണ്ടു വർഷവും മൂന്നു മാസവും പിന്നിടുന്പോഴും ഉയർന്ന പെൻഷൻ ലഭിച്ചത് 24,006 പേർക്കു മാത്രമാണ്. ഇപ്പോൾ പരിശോധനയിലുള്ളത് 2.14 ലക്ഷം അപേക്ഷകൾ മാത്രമാണ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഇപിഎഫ്ഒയുടെ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ അജണ്ടയുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകളിലാണ് ഈ കണക്കുള്ളത്. ഉയർന്ന പെൻഷനുവേണ്ടി അധികവിഹിതം പിടിക്കാൻ തൊഴിലാളിയും തൊഴിലുടമയും ചേർന്നാണ് അപേക്ഷകൾ (സംയുക്ത ഓപ്ഷൻ) നൽകേണ്ടത്. ഇതുവരെ 2.24 ലക്ഷം അപേക്ഷകൾ ഇപിഎഫ്ഒയിലേക്കു കൈമാറിയിട്ടില്ല. ഇപിഎഫ്ഒയ്ക്ക് ലഭിച്ച അപേക്ഷകളിൽ വിവരം അപൂർണമായതുകൊണ്ടും വൈരുധ്യങ്ങളുള്ളതുകൊണ്ടും മറ്റും 3.92 ലക്ഷം അപേക്ഷകൾ തിരിച്ചയച്ചിരിക്കുകയാണ്.
ഫീൽഡ് ഓഫീസുകളിൽ ലഭിച്ച ജോയിന്റ് ഓപ്ഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിൽ ഏറ്റവും പിന്നിൽ കേരളമാണെന്നുള്ളത് എടുത്തുപറയേണ്ടതാണ്. പെൻഷൻഫണ്ടിലേക്ക് അടയ്ക്കേണ്ട വിഹിതവും നൽകേണ്ട പെൻഷനും കണക്കാക്കിയാൽ അപേക്ഷകരോട് തുക കൈമാറാൻ ആവശ്യപ്പെട്ട് ഡിമാൻഡ് ലെറ്റർ അയയ്ക്കുന്നു. എന്നാൽ, ഡിമാൻഡ് ലെറ്ററുകൾ അയച്ചത് വെറും 2.1 ലക്ഷം പേർക്കു മാത്രമാണ്. ഇവരിൽ ഭൂരിപക്ഷത്തിനും പെൻഷൻ ലഭിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്.
2022 നവംബറിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കുന്നത്. അർഹരായവരിൽ 21,885 പേർക്ക് മാത്രമാണു കഴിഞ്ഞ ഫെബ്രുവരി 28 വരെ പെൻഷൻ ഡിമാൻഡ് ഓർഡർ (പിപിഒ) അയച്ചത്. ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള കൂടുതൽ തുക ഡെപ്പോസിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 1,65,621 പേർക്ക് ഡിമാൻഡ് നോട്ടീസ് കൊടുത്തിട്ടുണ്ട്. കേരളത്തിൽ 27.35 ശതമാനം അപേക്ഷകൾ മാത്രമാണ് ഇതിനകം തീർപ്പാക്കിയിട്ടുള്ളത്. രണ്ടു ലക്ഷത്തിൽപരം അപേക്ഷകൾ പരിശോധിച്ചുതുടങ്ങിയെന്നാണ് അധികൃതർ പറയുന്നത്. ജോയിന്റ് ഓപ്ഷൻ അപേക്ഷകൾ തീർപ്പാക്കിയത് കേരളത്തിൽ 27.35 ശതമാനമാണെങ്കിൽ ദേശീയതലത്തിൽ 58.95 ശതമാനമാണ്.
ശന്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കാൻ പിഎഫ് ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ ഇപിഎഫ്ഒ നിരവധി നടപടികൾ ഇതിനകം എടുത്തിട്ടുണ്ടെന്നും ബോർഡ് പറയുന്നു. ജീവനക്കാർ/വിരമിച്ച ജീവനക്കാർ/തൊഴിലുടമകൾ തുടങ്ങിയവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പിഎഫ് ബോർഡ് ഉറപ്പാക്കുമെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഉയർന്ന പെൻഷൻ ഓപ്ഷൻ തെരഞ്ഞെടുത്തവരിൽ ഭൂരിപക്ഷം പേരുടെയും അപേക്ഷകളുടെ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായും ഇപിഎഫ്ഒ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉയർന്ന പിഎഫ് പെൻഷനുവേണ്ടി ജോയിന്റ് ഓപ്ഷൻ നൽകിയവരിൽ പകുതി പേരുടെ അപേക്ഷകൾ അനുവദിക്കാൻതന്നെ ഇപിഎഫ്ഒയുടെ പെൻഷൻ ഫണ്ടിൽനിന്ന് 1.86 ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് ഇപിഎഫ്ഒ യുടെ കണക്ക്. ഉയർന്ന പെൻഷൻ നിഷേധിക്കാൻ വളരെക്കാലമായി ഇപിഎഫ്ഒ ഉന്നയിക്കുന്ന ഒരു വാദമാണിത്.
38,000 പേരുടെ അപേക്ഷകൾ സാന്പിൾ പരിശോധന നടത്തിയപ്പോൾ മാത്രം ഫണ്ടിൽനിന്ന് 9,500 കോടിരൂപയുടെ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മൊത്തം ഡേറ്റാ ഉപയോഗിച്ച് എത്രത്തോളം അധികബാധ്യത വരുമെന്നു കണക്കാക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന ഇപിഎഫ്ഒ ട്രസ്റ്റി ബോർഡ് യോഗവുമായി ബന്ധപ്പെട്ട രേഖകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഇപിഎഫ്ഒ പങ്കുവച്ചത്. എന്നാൽ, ഇപിഎഫ്ഒ ബോർഡിൽ സാന്പത്തിക ഞെരുക്കമുണ്ടെന്നുള്ള അധികൃതരുടെ വാദത്തിൽ യാതൊരു നീതീകരണവുമില്ല. പിഎഫിന്റെ തൊഴിലാളിക്ഷേമ നടപടികൾക്കു വേണ്ട ഫണ്ടിൽ കൂടുതൽ ഇപ്പോൾ തന്നെ പ്രോവിഡന്റ് ഫണ്ട് ബോർഡിന്റെ അക്കൗണ്ടിലുണ്ട്.
പ്രോവിഡന്റ് ഫണ്ടും പെൻഷനടക്കമുള്ള ഈ പദ്ധതിയിലെ ആനുകൂല്യങ്ങളുമെല്ലാം നമ്മുടെ രാജ്യത്തെ തൊഴിലാളികൾ വലിയ ത്യാഗമനുഷ്ഠിച്ച് നേടിയെടുത്തതാണ്. പിഎഫ് പെൻഷനിൽ പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കാട്ടുന്ന കള്ളക്കളി തുറന്നുകാട്ടാൻ തൊഴിലാളികളാകെ രംഗത്തു വരേണ്ടതുണ്ട്.