ലോകക്രമം തിരുത്താൻ ട്രംപ്
റ്റി.സി. മാത്യു
Thursday, March 6, 2025 11:02 PM IST
അതിവേഗമാണു കാര്യങ്ങൾ നീങ്ങുന്നത്. 78-ാം വയസിൽ രണ്ടാംവട്ടം യുഎസ് പ്രസിഡന്റായ ഡോണൾഡ് ട്രംപ് കുറഞ്ഞ സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. ഒന്നര മാസംകൊണ്ട് അദ്ദേഹം വാണിജ്യരംഗത്തു ചെയ്ത കാര്യങ്ങൾ മാത്രം നോക്കുക.
ഒന്ന്: അയൽരാജ്യങ്ങളായ മെക്സിക്കോയിലും കാനഡയിലും നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം ചുങ്കം ചുമത്തി. ഫെബ്രുവരി ആദ്യം പ്രഖ്യാപിച്ചത് ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ഈ ചൊവ്വാഴ്ച നിലവിൽ വന്നു.
രണ്ട്: ഫെബ്രുവരിയിൽ ചൈനീസ് ഉത് പന്നങ്ങൾക്ക് 10 ശതമാനം ചുങ്കം ചുമത്തി. അത് 20 ശതമാനമാക്കിയത് അടുത്ത തിങ്കളാഴ്ച നടപ്പാക്കും.
മൂന്ന്: സ്റ്റീലിനും അലുമിനീയത്തിനും ചുമത്തിയ 25 ശതമാനം ചുങ്കം മാർച്ച് 12നു നടപ്പിലാക്കും.
നാല്: കാറുകൾ, സെമികണ്ടക്ടർ ചിപ്പുകൾ, ഔഷധങ്ങൾ എന്നിവയുടെ ഇറക്കുമതിക്കു പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം ഏപ്രിൽ രണ്ടിനു നിലവിൽ വരും.
അഞ്ച്: എല്ലാ രാജ്യങ്ങൾക്കുമെതിരേ പ്രഖ്യാപിച്ച ബദൽ ചുങ്കം (ഒരു രാജ്യം യുഎസ് ഉത്പന്നങ്ങൾക്കു ചുമത്തുന്നതിനു തുല്യമായ ചുങ്കം ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിക്കും ചുമത്തുന്നത്) ഏപ്രിൽ രണ്ടിനു നടപ്പിലാക്കും.
ബദലുക്കു ബദൽ
മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരായ ചുങ്കം നടപടി ഒരു മാസം മുന്പു മരവിപ്പിച്ചതാണ്. അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാൻ നടപടി എടുക്കും എന്ന ഉറപ്പിലാണ് അതു ചെയ്തത്. അതിർത്തിയിലെ കാര്യങ്ങൾ ഒന്നും പറയാതെയാണ് ഇപ്പോൾ ചുങ്കം ചുമത്തിയത്. അതിനിടെ മെക്സിക്കോയിലും കാനഡയിലും നിന്നുള്ള കാർഷികോത്പന്നങ്ങൾക്കു ചുങ്കം ഒഴിവാക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.
മെക്സിക്കോ പകരം ചുങ്കം ചുമത്തുന്നതടക്കം നടപടികൾ ആലോചിച്ചിട്ടുണ്ട്. അവ ഞായറാഴ്ചയ്ക്കുശേഷം പ്രഖ്യാപിക്കും എന്നാണു പ്രസിഡന്റ് ക്ലൗദിയ ഷെെൻബോം പറഞ്ഞത്. കാനഡ കുറേ യുഎസ് ഉത്പന്നങ്ങൾക്കു ബദൽചുങ്കം ചുമത്തി. ഫ്ലോറിഡയിൽനിന്നുള്ള ഓറഞ്ച് ജ്യൂസ്, കെന്റക്കിയിൽ നിന്നുള്ള ബൂർബൺ വിസ്കി, പീനട്ട് ബട്ടർ, വൈൻ, വസ്ത്രങ്ങൾ തുടങ്ങിയവയ്ക്ക് ചുങ്കം പ്രഖ്യാപിച്ചു. യുഎസ് കാറുകൾക്കും ക്ഷീരോത്പന്നങ്ങൾക്കും മൂന്നാഴ്ചയ്ക്കുശേഷം 25 ശതമാനം ചുങ്കം പ്രാബല്യത്തിലാകും. വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും എന്നാണു സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നത്.
അവസരം കാത്ത് ചൈന
യുഎസ് നടപടിയെ വിമർശിച്ച ചൈന കുറേ കാർഷികോത്പന്നങ്ങൾക്ക് ചുങ്കം ചുമത്തി. പോർക്ക്, സോയാബീൻ, പരുത്തി തുടങ്ങി ഉൾനാടൻ യുഎസ് കർഷകരുടെ ഉത്പന്നങ്ങൾക്കാണു ചുങ്കം. ഇത് ആ ഉത്പന്നങ്ങളുടെ യുഎസിലെ വിലയിടിക്കും. അതു ട്രംപിനു ക്ഷീണമാകും. ചൈന അവ ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നു വാങ്ങും.
ചെെന അവസരം കാക്കുകയാണ് എന്നു കരുതപ്പെടുന്നു. സാധ്യമെങ്കിൽ ചർച്ച വഴി ഒത്തുതീർപ്പിനാണു പ്രസിഡന്റ് ഷി ചിൻപിങ് ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കിൽ “തീരുവയുദ്ധത്തിനോ വ്യാപാരയുദ്ധത്തിനോ മറ്റേതെങ്കിലും യുദ്ധത്തിനോ തങ്ങൾ തയാറാണ്” എന്നു ഷി കഴിഞ്ഞദിവസം പറഞ്ഞു. കമ്മി വർധിപ്പിച്ച് ജിഡിപി വളർച്ച ഉയർത്താൻ ചൈനീസ് പാർലമെന്റ് ഈയാഴ്ച തീരുമാനിച്ചതും വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്.
ട്രംപ് ആഗ്രഹിക്കുന്നത്
അമേരിക്കയുടെ വിദേശവ്യാപാരത്തിലെ ഏറ്റവും വലിയ മൂന്നു പങ്കാളികളെയാണ് ട്രംപ് ആദ്യഘട്ടത്തിൽ ആക്രമിച്ചത്. അമേരിക്കയുടെ ഉത്പന്ന കയറ്റുമതി ഇറക്കുമതിയേക്കാൾ വളരെ കുറവാണ്. ഈ വ്യാപാരകമ്മി ഇല്ലാതാക്കാൻ ട്രംപ് ആഗ്രഹിക്കുന്നു. (സേവനമേഖലയിലെ കയറ്റുമതി കണക്കാക്കിയാൽ കമ്മി നാമമാത്രമേ ഉള്ളൂ).
ഉത്പന്ന കയറ്റുമതിക്കാർ അമേരിക്കയിൽവന്നു ഫാക്ടറികൾ സ്ഥാപിച്ച് തൊഴിൽ ഉണ്ടാക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി (ടിഎസ്എംസി) അമേരിക്കയിൽ അസംബ്ലിംഗ് യൂണിറ്റുകൾ വിപുലമാക്കാൻ 10,000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചതു ട്രംപിന്റെ സമ്മർദഫലമായാണ്. ആപ്പിൾ കമ്പനി അഞ്ചുകൊല്ലം കൊണ്ട് 50,000 കോടി ഡോളർ അമേരിക്കയിൽ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.
തന്റെ വോട്ടുബാങ്കിൽപ്പെട്ട തൊഴിലാളികളെയും മറ്റും മുന്നിൽക്കണ്ടാണു ട്രംപ് നിലപാടുകൾ രൂപപ്പെടുത്തിയത്. മറ്റുള്ളവരെ സമ്മർദത്തിലാഴ്ത്തി തന്റെ രാജ്യത്തിന്റെ കച്ചവടവും രാജ്യത്തെ മൂലധന നിക്ഷേപവും കൂട്ടാനാണു ട്രംപ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ പക്ഷത്തുനിന്നു ന്യായമായ ശ്രമം.
ചുങ്കമില്ലാത്ത ആഗോളവ്യാപാരത്തിനുവേണ്ടി അമേരിക്ക മുൻകൈയെടുത്ത് രൂപംകൊടുത്ത ലോകവ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) പാടേ നിരാകരിച്ചുകൊണ്ടാണ് ഇതെല്ലാം.
ചുങ്കം യുഎസിലെ വിലക്കയറ്റം വർധിപ്പിക്കുകയും സാമ്പത്തികവളർച്ച താഴ്ത്തുകയും ചെയ്യുമെന്നാണു വിദഗ്ധരും വിപണികളും കരുതുന്നത്. അതു കമ്പനികളുടെ ലാഭം കുറയ്ക്കും. ഉയർന്ന വിലക്കയറ്റം പലിശ കൂട്ടാൻ കാരണമാകും എന്നും വിദഗ്ധർ പറയുന്നു. ഒരുപക്ഷേ അമേരിക്ക മാന്ദ്യത്തിലേക്കും വീഴാം. അതു ലോകമെങ്ങും സാമ്പത്തികഞെരുക്കം ഉണ്ടാക്കാം.
യുക്രെയ്നും ധാതുസമ്പത്തും
അമേരിക്കയെ വീണ്ടും മഹത്താക്കാൻ (MAGA - Make America Great Again) അദ്ദേഹം കണ്ട വഴികളിൽ ഒന്നുമാത്രമാണു വിദേശവ്യാപാരത്തിലെ നടപടികൾ. യൂറോപ്പിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ അമേരിക്ക രൂപംകൊടുത്ത നാറ്റോ സഖ്യത്തെ ദുർബലമാക്കുന്ന നടപടികളും തന്റെ വിശാലലക്ഷ്യത്തിന്റെ ഭാഗമായി അദ്ദേഹം കാണുന്നു. റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രെയ്നുള്ള സാമ്പത്തിക-സൈനിക സഹായം നിർത്തലാക്കൽ അതിന്റെ ഭാഗമായിരുന്നു.
യുക്രെയ്നു സഹായം നൽകണമെങ്കിൽ റഷ്യ പിടിച്ച സ്ഥലം അവർക്കു കൊടുത്ത് യുദ്ധവിരാമത്തിനു തയാറാവുകയും അവശിഷ്ട യുക്രെയ്നിലെ ധാതുദ്രവ്യങ്ങൾ കണ്ടെത്താനും ഖനനം ചെയ്യാനും ഉള്ള അവകാശം അമേരിക്കയ്ക്കു നൽകുകയും ചെയ്യണം എന്നു ട്രംപ് പറയുന്നു.
വെെറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഈ ഉപാധി തള്ളിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ഇപ്പോൾ വീണ്ടും ചർച്ചയ്ക്കു തയാറായിട്ടുണ്ട്. പിടിച്ചുനിൽക്കാൻ വേറെ മാർഗമില്ലാതെയാണ് യുക്രെയ്ൻ വഴങ്ങുന്നത്. യുറേനിയവും ലിഥിയവും അടക്കമുള്ള ലോകത്തിലെ അപൂർവധാതുക്കളുടെ അഞ്ചു ശതമാനം യുക്രെയ്നിൽ ഉണ്ടെന്നാണു നിഗമനം.
യുദ്ധം തീർത്തുകൊടുക്കുന്നതിനു പകരമായി റഷ്യയിലെ ധാതുപര്യവേക്ഷണ-ഖനന അവകാശവും നേടാനാണ് ട്രംപിന്റെ ശ്രമം. അതു വിജയിക്കുമോ എന്നു യാതൊരു ഉറപ്പുമില്ല.
ലോകക്രമം മാറ്റിയെഴുതുന്നു
രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽ വന്ന ലോകക്രമത്തെ ഒന്നാകെ തച്ചുടയ്ക്കാനാണ് ട്രംപിന്റെ ശ്രമം. ലോകാരോഗ്യ സംഘടനയിൽനിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നും പിന്മാറിയതുപോലെ ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക്, ഐഎംഎഫ് എന്നിവയിൽനിന്നും പിന്മാറണമെന്നാണു ട്രംപിന്റെ മുഖ്യ ഉപദേശകനായി നീങ്ങുന്ന ടെസ്ല ഉടമ ഇലോൺ മസ്ക് പറയുന്നത്. ട്രംപ് കഴിഞ്ഞതവണ ഭരിച്ചപ്പോൾ ഈ ആശയം പരിഗണിച്ചതുമാണ്. ബഹുരാഷ്ട്ര സംവിധാനങ്ങൾ ഇല്ലാതാകുമ്പോൾ ഭൂമിയെ രണ്ടോ മൂന്നോ വൻശക്തികൾ വീതംവച്ച് അനുഭവിക്കുന്ന അവസ്ഥയാകാം അദ്ദേഹം വിഭാവന ചെയ്യുന്നത് എന്നു ഭയപ്പെടുന്നവർ കുറവല്ല.
ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യം (2024ൽ ലോക ജിഡിപിയുടെ 26 ശതമാനം അമേരിക്കയുടേതാണ്), രണ്ടാമത്തെ വലിയ വിദേശവാണിജ്യ രാജ്യം (2024ൽ ലോകവാണിജ്യത്തിലെ പങ്ക് 11 ശതമാനം) എന്നൊക്കെയുള്ള ബലം കാണിച്ചാണു ട്രംപ് നീങ്ങുന്നത്.
അമേരിക്കയോടു ചർച്ച നടത്തി ഡീൽ ഉണ്ടാക്കാൻ മറ്റു രാഷ്ട്രങ്ങളെ നിർബന്ധിക്കുന്നതാണ് ട്രംപിന്റെ നയതന്ത്രം. പാനമ കനാലിന്റെ നിയന്ത്രണത്തിൽനിന്നു ചൈനയെ മാറ്റിയ രീതി ഉദാഹരണം.
പാനമ കനാലിലെ രണ്ടു തുറമുഖങ്ങൾ ചൈനീസ് വംശജനായ ഹോങ്കോംഗ് ശതകോടീശ്വരൻ (ഹച്ചിൻസൺ ഉടമ) ലി കാ ഷിംഗിൽനിന്ന് അമേരിക്കൻ നിക്ഷേപ കമ്പനി ബ്ലാക്ക് റോക്ക് വാങ്ങി. പ്രസിഡന്റ് ട്രംപിന്റെ സഹായത്തിലായിരുന്നു ഇടപാട്. ബ്ലാക്ക് റോക്ക് പറഞ്ഞ വിലയ്ക്കു ലി തുറമുഖങ്ങൾ വിറ്റു മടങ്ങി. കനാൽ തിരിച്ചുപിടിക്കാനുള്ള നീക്കം ട്രംപ് ഇനി ഉപേക്ഷിക്കും എന്നാണു നിഗമനം.
ഇന്ത്യക്ക് ആശ്വാസം തേടി ഗോയൽ വാഷിംഗ്ടണിൽ
യുഎസ് തീരുവ ആക്രമണത്തിൽ ആശ്വാസം തേടി ഇന്ത്യയുടെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വാഷിംഗ്ടണിൽ ചർച്ച നടത്തിവരികയാണ്. ഇന്ത്യ ഏതെല്ലാം ഇനങ്ങളുടെ ചുങ്കം കുറയ്ക്കണം/ഇല്ലാതാക്കണം എന്നതു സംബന്ധിച്ചു ചർച്ചകളിൽ വ്യക്തത ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
യുഎസ് കാറുകൾക്കും ബൈക്കുകൾക്കും ഔഷധങ്ങൾക്കും ചുങ്കം ഇല്ലാതാക്കുകയും കാർഷികോത്പന്നങ്ങൾക്കുള്ള ചുങ്കം നാമമാത്രമാക്കുകയും വേണമെന്നാണു ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. ഗോയൽ യുഎസ് വാണിജ്യ സെക്രട്ടറി ഹവാഡ് ലുട്നിക്കുമായി ചർച്ച നടത്തിയതിനു പിന്നാലെ ട്രംപ് യുഎസ് കോൺഗ്രസിലെ പ്രസംഗത്തിൽ ഇന്ത്യ 100 ശതമാനം ചുങ്കം ചുമത്തുന്നുമെന്നും ഏപ്രിൽ രണ്ടിന് ഇന്ത്യക്കെതിരേ ബദൽചുങ്കം നടപ്പാക്കുമെന്നും പറഞ്ഞത് നിരാശാജനകമായി. എന്നാൽ, നിരാശയ്ക്കു കാര്യമില്ലെന്ന മട്ടിലാണ് ഇന്ത്യൻ പ്രതികരണം.
കഴിഞ്ഞവർഷം ഇന്ത്യ യുഎസിലേക്ക് 8,740 കോടി ഡോളറിന്റെ സാധനങ്ങൾ അയച്ചു. 4,180 കോടി ഡോളറിന്റേത് വാങ്ങി. അമേരിക്കയുടെ വ്യാപാരകമ്മി 4,570 കോടി ഡോളർ വരും. കമ്മി കുറയ്ക്കാൻ യുഎസിൽനിന്നു കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്നത് സഹായിക്കും.
ഏപ്രിൽ ആദ്യം വാഹനങ്ങൾ, വാഹന ഘടകങ്ങൾ, ഔഷധങ്ങൾ, സെമികണ്ടക്ടർ ചിപ്പുകൾ തുടങ്ങിയവയ്ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്ന തീരുമാനം ഇന്ത്യൻ കമ്പനികൾക്ക് ആഘാതമാകും. അമേരിക്കയിലേക്ക് ഇന്ത്യൻ കമ്പനികളുടെ വാഹന കയറ്റുമതി തുച്ഛമാണ്. എന്നാൽ, ഓട്ടാേ കംപോണന്റ് കമ്പനികൾ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്കു വലിയതോതിൽ കയറ്റുമതി നടത്തുന്നുണ്ട്. അവർക്കു കാര്യമായ ആഘാതം വരും.
ഇന്ത്യൻ ഔഷധക്കമ്പനികളുടെ ഉത്പാദനത്തിൽ ചെറിയ പങ്കേ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നുള്ളൂ എന്നു പറഞ്ഞു കമ്പനികൾ പ്രശ്നം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, പ്രമുഖ കയറ്റുമതിക്കാർക്കു ലാഭമാർജിൻ ഗണ്യമായി കുറയും എന്നാണു ഭീതി. സൺ, സിപ്ല, ബയോകോൺ തുടങ്ങി അമേരിക്കയിൽ പ്ലാന്റ് ഉള്ള ഏതാനും കമ്പനികൾക്ക് ആഘാതം കുറവായേക്കാം. പേറ്റന്റ് കാലാവധി കഴിഞ്ഞ ജനറിക് ഔഷധങ്ങളാണു പ്രധാനമായും ഇന്ത്യൻ കമ്പനികൾ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്നത്. ജനറിക് വിപണിയിൽ ഇന്ത്യൻ പങ്ക് 47 ശതമാനമാണ്. ഇന്ത്യൻ ഔഷധങ്ങൾക്കു ചുങ്കം കൂട്ടുന്നത് ഔഷധവില കൂട്ടും. യുഎസ് സർക്കാരിന്റെ മെഡിക്കൽ ഇൻഷ്വറൻസ് സ്കീമുകൾക്കാണ് ഇതിന്റെ ബാധ്യത വരുന്നത്. സെമികണ്ടക്ടർ ചിപ്പുകളുടെ ചുങ്കം ഇന്ത്യയെ ഇപ്പോൾ ബാധിക്കുന്ന വിഷയമല്ല.
ഇന്ത്യയുടെ കാര്യത്തിൽ അഞ്ചുവർഷം കൊണ്ട് ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലേറെയാക്കി വർഷം 50,000 കോടി ഡോളറിൽ എത്തിക്കണമെന്നു ട്രംപ് ആഗ്രഹിക്കുന്നു. സൗദി അറേബ്യ, യുഎഇ, റഷ്യ എന്നിവയെ തഴഞ്ഞ് കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും അമേരിക്കയിൽനിന്നു വാങ്ങിയാൽ വ്യാപാരം ഗണ്യമായി കൂടും. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമിക്കുന്ന എഫ് 35 സ്റ്റെൽത്ത് പോർവിമാനങ്ങളുംകൂടി വാങ്ങിയാൽ ലക്ഷ്യത്തിലെത്താം. തുല്യശേഷിയുള്ള റഷ്യയുടെ എസ്യു 57ന്റെ ഇരട്ടിയിലേറെ വിലയുണ്ട് എഫ് 35ന്. തകരാർ വന്നാൽ നിർമാതാക്കൾക്കു ബാധ്യത ഇല്ലാത്ത വ്യവസ്ഥയോടെ ആണവ ഊർജനിലയങ്ങൾ വാങ്ങിയാലും വ്യാപാരം കൂടും.
ആൽമണ്ടിനും പിസ്റ്റാച്ചിയോയ്ക്കും ഹാർലി ഡേവിഡ്സണും അപ്പുറം കാറുകളും ഇന്ധനവും യുദ്ധവിമാനങ്ങളും ആണവ റിയാക്ടറുകളും മറ്റും ഇന്ത്യക്കു വിൽക്കാനാണു ട്രംപ് ആഗ്രഹിക്കുന്നത്.