മണിപ്പുരിൽ സാന്ത്വനസ്പര്‍ശം; കത്തോലിക്കാ സഭ പുനരധിവസിപ്പിക്കുന്നത് 600 കുടുംബങ്ങളെ
റൂബെന്‍ കിക്കോണ്‍
Thursday, March 6, 2025 12:39 AM IST
ഇരുപത്തിരണ്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു; മണിപ്പുരില്‍ പെയ്തിറങ്ങിയ കലാപത്തീ ഇന്നും അണഞ്ഞിട്ടില്ല. ഇതിനിടെ, കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയും ഒരു വിഭാഗത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണവിധേയനാകുകയും ചെയ്ത ബിരേന്‍ സിംഗ് എന്ന മുഖ്യമന്ത്രി ആഭ്യന്തര-അന്തര്‍ദേശീയ സമ്മര്‍ദങ്ങള്‍മൂലം അഞ്ചു നിബന്ധനകളോടുകൂടി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. കൂട്ടായ തീരുമാനങ്ങളെടുത്ത് പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബിജെപിക്ക് ആകാതെ വന്നപ്പോള്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.
കവര്‍ച്ച നടത്തിയെടുത്ത ആയുധങ്ങള്‍ സമര്‍പ്പിച്ചു കീഴടങ്ങണമെന്ന ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയുടെ ഉത്തരവുപ്രകാരം മെയ്തെയ്കള്‍ താഴ്വാരത്തിലും കുക്കികള്‍ മലനിരകളിലും ആയുധംവച്ചു കീഴടങ്ങിത്തുടങ്ങി. കീഴടങ്ങാനുള്ള സമയം ഒരാഴ്ചകൂടി ഗവര്‍ണര്‍ നീട്ടിക്കൊടുത്തിട്ടുണ്ട്. എങ്കിലും കലാപത്തീ ഇതുവരെ അണഞ്ഞിട്ടില്ല.
സ്വയം ഭരണാധികാരമുള്ള യൂണിയന് ടെറിട്ടറി ആക്കണമെന്ന് കുക്കികളും, മണിപ്പുരിന്റെ സമഗ്രത സംരക്ഷിക്കണമെന്ന് മെയ്തെയ്കളും നിര്‍ബന്ധബുദ്ധിയോടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ എഴുപതിനായിരത്തില്പരം ഭൂ-ഭവനരഹിതരായവര്ക്കു വേണ്ടത്ര ആശ്വാസം പകരാന്‍ ഭരണകൂടത്തിനായില്ല. രണ്ടു ഘട്ടമായി 600 കോടിയോളം രൂപ പുനരധിവാസത്തിനായി സംസ്ഥാന സർക്കാരിനു ലഭിച്ചെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഇംഫാൽ, കാംഗ്പോകി, പല്ലേൽ തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിൻ ബോഗികൾപോലെയുള്ള പുനരധിവാസ കേന്ദ്രങ്ങൾ തുറന്നെങ്കിലും അവിടെ താമസക്കാർ കുറവാണ്. പല്ലേൽ പോലുള്ള കേന്ദ്രങ്ങളിൽ ആരംബായി തെങ്കോലിന്റെ പതാകകൾ പാറിപ്പറക്കുന്നുണ്ട്. ഈ സന്നിഗ്ധാവസ്ഥയിലാണ് ഇംഫാൽ അതിരൂപത ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവരിൽ ഏറ്റവും ദരിദ്രരായ അറുന്നൂറോളം പേർക്ക് ഭൂമി കണ്ടെത്തി വീടുകൾ നിർമിച്ച് പരമാവധി സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കുന്നതിനു തയാറായിരിക്കുന്നത്.
അതിദുർഘടകരമായ പുനരധിവാസ പദ്ധതി
സ്കൂളുകളിലും കല്യാണമണ്ഡപങ്ങളിലും തുണി വിരിച്ച്, ചോറും ദാലും മാത്രം കഴിച്ച് കഴിഞ്ഞുകൂടുന്നവർക്ക് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മറ്റും കുക്കി, മെയ്തെയ് വേർതിരിവില്ലാതെ എത്തിച്ചു നൽകി കത്തോലിക്കാ സഭ അവരെ പരിചരിച്ചിരുന്നു. അത്യാവശ്യ മെഡിക്കൽ സഹായങ്ങളും കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യവും ഏർപ്പെടുത്തുന്നതിന് രാജ്യത്തിനകത്തും പുറത്തുമുള്ള സന്യാസ സഭകളും രൂപതകളും പ്രസ്ഥാനങ്ങളും കാരുണ്യമുള്ള പരോപകാരികളും ഉത്സാഹിച്ചു. ആരംഭകാലത്തെ പരിരക്ഷണത്തിനുശേഷം മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും പിന്‍വാങ്ങിയപ്പോള്‍ മണിപ്പുരിലെ കത്തോലിക്കാ സഭ അത്യുത്സാഹത്തോടെ കുടിയിറക്കപ്പെട്ടവരോടൊത്തുനിന്ന് അവരുടെ പുനരധിവാസത്തിനായി പദ്ധതികളും പ്ലാനുകളും ആവിഷ്കരിച്ചു.
ഇംഫാൽ അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ് ഡോ. ലീനസ് നെലി, വികാരി ജനറാളായ റവ.ഡോ. വര്‍ഗീസ് വേലിക്കകം എന്നിവരുടെ നേതൃത്വത്തില്‍ അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അറുന്നൂറോളം വരുന്ന ഈ ഭവനങ്ങള്‍. ഒരു വീടിന് അഞ്ചുലക്ഷത്തോളം രൂപ ചെലവാകും. കുടിയിറക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ഗവണ്മെന്റ് ജോലിയോ സാമ്പത്തിക വാരമോ സ്ഥാവര ജംഗമ സ്വത്തുക്കളോ ഇല്ലാത്ത എല്ലാം നഷ്ടപ്പെട്ടവരും പരമദരിദ്രരുമായ അറുന്നൂറു പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കുക്കി ഗ്രാമമുഖ്യന്മാരില്നിന്ന് പ്രതിഫലമില്ലാതെ ലഭിച്ച പത്തു സ്ഥലങ്ങളിലാണ് പ്രധാന പുനരധിവാസ കേന്ദ്രങ്ങള്‍.
ഇന്ത്യയിലും വിദേശത്തുമുള്ള സന്യാസസഭകള്‍, പ്രസ്ഥാനങ്ങള്‍, രൂപതകള്‍, കരുണാസമ്പന്നര് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ഭവനങ്ങള്‍ പണിതുയര്‍ത്തുന്നത്. മണിപ്പുര്‍ ഭരണകൂടത്തിന്റെ യാതൊരു തരത്തിലുമുള്ള സാമ്പത്തികസഹായവും വിപുലമായി നടത്തിയിട്ടുള്ള ഈ പുനരധിവാസ പദ്ധതിക്ക് ലഭിച്ചിട്ടില്ല.
സ്വന്തം നിലയില്‍ സ്ഥലം വാങ്ങിയെടുത്തവര്ക്കായി ഒരു സ്ഥലത്തു മാത്രം ഒരു പുനരധിവാസഗ്രാമം തുറന്നിട്ടുണ്ട്. ബന്ദ്, വെടിവയ്പ്, മൂന്നു രാജ്യങ്ങളായി വേര്‍തിരിഞ്ഞുകിടക്കുന്ന മണിപ്പുരില്‍ വീടുപണിക്കാവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ദീര്‍ഘമായ റോഡുയാത്രകള്‍, അനാവശ്യമായ ചുങ്കം പിരിവ്, വൈദ്യുതിയില്ലായ്മ, വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങി ഒട്ടേറെ ദുര്ഘടപ്രശ്നങ്ങളെ നേരിട്ടാണ് ബൃഹത്തായ ഈ പുനരധിവാസ പദ്ധതി കരുപ്പിടിപ്പിച്ചത്.
ലംകായിലെ പത്തു ഗ്രാമങ്ങള്‍
കലാപകലുഷിതമായ ചുരചാന്ദ്പുരില് ഉണ്ടായിരുന്ന മെയ്തെയ്കളെ കുക്കികളും കാക്ചിങ് ജില്ലയിലെ സുഗുണ്ടവിലുണ്ടായിരുന്ന കുക്കികളെ മെയ്തെയ്കളും കുടിയിറക്കിവിട്ടു. ഇന്ന് മെയ്തെയ് രഹിതമായ ചുരചാന്ദ്പൂര്‍ ലംകായെന്ന് പുനര്‍നാമകരണം ചെയ്ത് ചുരാചന്ദ് എന്ന മെയ്തെയ് രാജാവിന്റെ പേരിലുണ്ടായ മണിപ്പുരിലെ രണ്ടാമത്തെ പ്രധാന നഗരത്തെ മെയ്തെയ് മുക്തമാക്കി.
സുഗുണുവില് എട്ട് ഗ്രാമങ്ങളില്‍നിന്ന് ഭാഗികമായും കുടിയിറക്കപ്പെട്ടവരെയാണ് ലംകായിലെ പത്തു ഗ്രാമങ്ങളില്‍ പുനരവധിവസിപ്പിച്ചിട്ടുള്ളത്. സോങ്പി ഗ്രാമത്തില്‍ 110, മുന്പിയില് 77, ഗംനോമില് 100 ലാക്ക്മുനോമില് 30, മിസാവോ ഖുനാവോയില് 30, സൂമോങ്കില് 50, മോള്കോണില് 35, ബുള്പോണില് 50 എന്നിങ്ങനെയാണ് പുതിയ പുനരധിവാസ ഗ്രാമങ്ങള്‍. കാങ്പോക്പി ജില്ലയിലും മൂന്നു നാലു പുനരധിവാസ ഗ്രാമങ്ങളുടെ പ്ലാനുകള്‍ ആയി വരുന്നു. എല്ലാ പുനരധിവാസ ഗ്രാമങ്ങളും പൂര്‍ണമാകുമ്പോള്‍ ഏകദേശം 600 ഭവനങ്ങള്‍ കുടിയൊഴിക്കപ്പെട്ടവര്‍ക്കായി സജ്ജമാകും.
ദുര്‍ഘടമായ പ്രതിസന്ധികളുടെ നടുവില്‍ ഇത്ര പെട്ടെന്ന് പുനരധിവസ കേന്ദ്രങ്ങള്‍ സജ്ജമായത്, ദുഃഖപൂര്‍ണവും ദുരിതപൂര്‍ണവുമായ മനുഷ്യസഹജര്ക്ക് കഴിയുന്നത്ര വേഗതയില്‍ ആശ്വാസം പകരണമെന്ന രൂപതയുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. ഇതിനായി ഊണും ഉറക്കവുമില്ലാതെ ആളുകളെയും സാധനസാമഗ്രികളും സാമ്പത്തിക സ്രോതസുകളും കണ്ടെത്തുന്നതിനായി വികാരി ജനറാളായ റവ.ഡോ. വര്‍ഗീസ് വേലിക്കകം അഹോരാത്രം അധ്വാനിക്കുന്നു. അദ്ദേഹത്തിന്റെ കരുതല്‍ പുനരധിവാസ പദ്ധതിക്ക് ഗതിവേഗം കൂട്ടുന്നു. അതിരൂപത ഇതിനകംതന്നെ എല്ലാവരുടെയും സഹകരണത്തോടെ മുപ്പതു കോടിയിലധികം തുക പുനരധിവാസ പദ്ധതിക്കുതന്നെ ചെലവാക്കിയിട്ടുണ്ട്.
വൈദ്യുതി, കുടിവെള്ളം, കൊച്ചുകുട്ടികള്‍ക്കായുള്ള സ്കൂളുകള്‍, പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുന്നതിനുള്ള ചാപ്പല്‍, സാമൂഹ്യസമ്മേളനങ്ങള്ക്കുള്ള ചെറിയ ഹാള്‍ തുടങ്ങി ഒട്ടറെ കാര്യങ്ങള്‍ ചെയ്തെങ്കില്‍ മാത്രമേ പുനരധിവാസ കേന്ദ്രങ്ങള്‍ പൂര്‍ണമാകൂ. മാത്രവുമല്ല, ഇവിടെ താമസിക്കുന്നവര്‍ക്ക് ഉപജീവനത്തിനാവശ്യമായ കൃഷിസൗകര്യങ്ങള്‍, മറ്റെന്തെങ്കിലും തൊഴില്‍ സംരംഭം തുടങ്ങിയവകൂടി അനുബന്ധമായി ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ജീവസന്ധാരണത്തിന് സ്വയം പര്യാപ്തമായ പുനരധിവാസ കേന്ദ്രങ്ങളായി ഇവ മാറുകയുള്ളൂ. ഇനിയും വളരെയധികം തുക ചെലവഴിച്ചെങ്കില്‍ മാത്രമേ ഈ ഗ്രാമങ്ങളെ സ്വയംപര്യാപ്തതയിലേക്കും പൂര്‍ണതയിലേക്കും എത്തിക്കാനാവൂ. ഇംഫാൽ അതിരൂപത, തന്മൂലം അഭ്യുദയകാംക്ഷികളുടെയും സഹകാരികളുടെയും നിര്‍ലോപമായ സഹകരണം ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
ഇന്ത്യയുടെ മാണിക്യം എന്നറിയപ്പെടുന്ന മണിപ്പുര്‍ ഇന്ന് മാലിന്യമായി എല്ലാവരാലും മറക്കപ്പെട്ടും വെറുക്കപ്പെട്ടുമിരിക്കുന്നു. സ്നേഹവായ്പുകളും കരുതലും സഹായസഹകരണവും വാഗ്ദാനം ചെയ്ത സാമൂഹ്യ, രാഷ്ട്രീയ, മത നേതാക്കളെല്ലാവരുംതന്നെ മണിപ്പുരിനെ മറന്നിരിക്കുന്നു. രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നു മുറിച്ചുമാറ്റപ്പെട്ട് മുറിവേറ്റ് ചോര വാര്‍ന്നൊഴുകി അംഗച്ഛേദം അനുഭവിച്ച് ഹതഭാഗ്യയായ മണിപ്പുര്‍ കേഴുകയാണ്. മണിപ്പുരിന്റെ വിലാപം ഇന്ത്യയുടെ ഹൃദയം ശ്രവിക്കുമോ? കരുതലിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും സ്നേഹനിസ്വനങ്ങള് ഇനിയുമെന്നായിരിക്കാം മണിപ്പുരിനെ പുണരുക! മണിപ്പുര്‍ ആ സാന്ത്വന സ്പര്ശനത്തിനായി കാത്തിരിക്കുന്നു.