അധ്യാപകരെ മുമ്പേ നടക്കാൻ അനുവദിക്കുക
ഷിനു ആനത്താരയ്ക്കൽ
Thursday, March 6, 2025 12:25 AM IST
കുരുന്നുമനസുകളിൽ ക്രിയാത്മകമായി ഇടപെട്ട് സ്വാധീനം ചെലുത്താൻ സാധിക്കാതെപോകുന്ന ദുഃഖഭാരത്തിലാണ് ഇന്നത്തെ ഭൂരിപക്ഷം അധ്യാപകരും. തങ്ങൾക്കു ചെയ്യാനൊന്നുമില്ലെന്ന് അവർ സ്വയം ന്യായീകരിക്കുകയാണ്. ഈ സമൂഹം തങ്ങളുടെ കൈകാലുകൾ ബന്ധിച്ചിരിക്കുകയാണെന്നും നാവു മാത്രമുപയോഗിച്ച് കുട്ടികളെ നേർവഴിക്കു നയിക്കാനാകില്ലെന്നും അവർ പരിതപിക്കുന്നു.
കുട്ടിയുടെ മനസു തകരും, വളർച്ച മുരടിക്കും എന്നിങ്ങനെ നിരവധി മുൾവേലികൾ കെട്ടി അധ്യാപകനെയും കുട്ടിയെയും വേർതിരിച്ചകറ്റിയതിന്റെ അനന്തരഫലമാണ് നാമിന്നു കാണുന്ന, കേൾക്കുന്ന വാർത്തകളിലധികവുമെന്നത് തിരിച്ചറിയേണ്ടതല്ലേ? രക്ഷിതാവു കഴിഞ്ഞാൽ ഒരു കുട്ടിയുടെ മേൽ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ സാധിക്കുന്ന അധ്യാപകരെ വിശ്വാസത്തിലെടുക്കാൻ ഇനിയെങ്കിലും വൈകേണ്ടതുണ്ടോ?
അധ്യാപകലോകത്തുനിന്നുണ്ടാകുന്ന ചെറുതെറ്റുകൾ പോലും പർവതീകരിച്ച് വിമർശിക്കപ്പെടുന്നു. എല്ലാ അവകാശാധികാരങ്ങളും കുട്ടിക്കു മാത്രമെന്ന രീതി നടപ്പാക്കപ്പെട്ടപ്പോൾ അധ്യാപകർ നിസംഗരായി. അധികാരികളും മാധ്യമങ്ങളും രക്ഷിതാക്കളുൾപ്പെടെയുള്ള പൊതുസമൂഹവും അധ്യാപകർക്കെതിരേ തിരിയുന്ന പ്രവണതയും വല്ലാതെ കൂടി വരുന്നു. അധ്യാപകനിലവാരത്തിനു ചേരാത്ത വിധം കുട്ടികളോടിടപെടുന്ന അപൂർവം ചില അധ്യാപകരും ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണക്കാരാണെന്നു പറയാതെ വയ്യ!
എന്നിരുന്നാലും, എത്ര അധ്യാപകവിരുദ്ധ ഉത്തരവുകളും നടപടികളുമുണ്ടായാലും, അധ്യാപകർ ഉണർന്നിരുന്നേ മതിയാകൂ... എപ്പോഴും കുട്ടിയുടെ പിറകെ ചെല്ലുന്ന അധ്യാപകന്റെ രണ്ടു കണ്ണുകൾ ഈ സമൂഹത്തിന്റെ നല്ല നാളെകളിലേക്കു തുറന്നുവച്ച കണ്ണാടിതന്നെയാണ്. അതായത്, നമ്മുടെ കുട്ടികളുടെ വഴികളിൽ വ്യതിചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന തിരിച്ചറിവാണു വേണ്ടത്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം.
രക്ഷിതാക്കളുടെ പങ്ക്
കുട്ടികൾ കൈവിട്ടുപോകുന്നതിൽ രക്ഷിതാക്കൾക്ക് വലിയ പങ്കുണ്ട്. പ്രൈമറി കാലഘട്ടത്തിൽ കുട്ടിയെ അമിതമായി സ്നേഹിക്കുകയും യഥാർഥ്യത്തിനപ്പുറം കുട്ടിയുടെ കഴിവിൽ ഊറ്റം കൊള്ളുകയും ചെയ്യുന്നു. കുട്ടിയുടെ വായിൽനിന്നുതിർന്നു വീഴുന്ന ഇംഗ്ലീഷ് പദങ്ങൾ രക്ഷിതാവിനെ ഒട്ടൊന്നുമല്ല ഭ്രമിപ്പിക്കുന്നത്. അതേസമയം വസ്ത്രധാരണം, ഭക്ഷണം, സംഭാഷണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടി പ്രകടിപ്പിക്കുന്ന ‘അതിർ ലംഘനങ്ങൾ’ കണ്ടില്ലെന്നു നടിക്കുന്നു.
കുറച്ചുകൂടി മുതിർന്നു കഴിയുമ്പോൾ, പ്രത്യേകിച്ച് ഹൈസ്കൂൾ കാലമാകുമ്പോൾ ചിലരെങ്കിലും പ്രത്യേകിച്ച് ആൺകുട്ടികൾ അച്ഛനിൽനിന്നകലുന്നു... ഈ ഘട്ടത്തിൽ കുട്ടിയെ തന്നിലേക്കടുപ്പിച്ചു നിർത്താനെന്നെ വ്യാജേന അമ്മ കുട്ടിയുടെ പക്ഷം ചേരുന്നു. സ്വന്തം അച്ഛനോടു സംസാരിച്ചിട്ട് വർഷങ്ങളായെന്നു ലേഖകനോടു പറഞ്ഞ കുട്ടിയുണ്ട്. എങ്കിലും അവനാവശ്യമുള്ള പണം അമ്മവഴി സംഘടിപ്പിക്കുന്നത് അച്ഛനിൽ നിന്നാണെന്നതാണ് വിരോധാഭാസം!
ഹയർ സെക്കൻഡറിയിലെത്തുമ്പോഴാണ് രക്ഷിതാവിന്റെ നിസഹായാവസ്ഥ വെളിപ്പെടുന്നത്. സ്വന്തം കുട്ടിയെ അല്പംപോലും ശാസിക്കാനോ തിരുത്താനോ സാധിക്കാതെവരുന്ന രക്ഷിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ; കുട്ടിയാണ് ശരിയെന്നുറപ്പിച്ച് കുട്ടിയുടെ പക്ഷം പിടിക്കുന്നു.
കുട്ടിയുടെ എന്തെങ്കിലും ന്യൂനതയോ സ്വഭാവവ്യതിയാനമോ അധ്യാപകർ രക്ഷിതാവുമായി പങ്കുവച്ചാൽ അതിനെ എതിർക്കുന്ന പ്രവണത കൂടി വരുന്നതും ശ്രദ്ധിക്കണം. ലഹരി ഉപയോഗം, പ്രണയം, ക്ലാസ്റൂം ഇടപെടലുകളിലെ അസ്വീകാര്യതകൾ, കൂട്ടുകെട്ടുകൾ തുടങ്ങി അധ്യാപക മനസിൽ രൂപപ്പെടുന്ന ആശങ്കകളും സംശയങ്ങളും രക്ഷിതാവിനോടു പറയാൻ പല അധ്യാപകരും മടിക്കുന്നു. തന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന ഉറച്ച ബോധ്യവുമായി നിൽക്കുന്ന രക്ഷിതാവിനെ എങ്ങനെയാണു തിരുത്തുക?
ചിലപ്പോൾ തന്റെ കുട്ടിയോട് അധ്യാപകന് വെറുപ്പാണെന്നും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപണമുണ്ടായേക്കാം. അധ്യാപകന്റെ തിരുത്തലുകൾക്ക് ‘വർഗീയത’ കൂടി കലർത്തി സംസാരിച്ചാൽ പിന്നെ അധ്യാപകൻ നിശബ്ദനാകുമെന്നതിനു സംശയമില്ലല്ലോ? കുട്ടിയുടെ മുന്നിൽവച്ചു പോലും അധ്യാപകരെ ചീത്ത പറയാൻ ഇന്നത്തെ രക്ഷിതാക്കൾക്കു മടിയില്ല. ഇത്തരം മുൻവിധികളും പക്ഷംചേരലുകളും കുട്ടിയുടെ ഭാവിക്ക് നല്ലതാണോയെന്ന് രക്ഷിതാക്കൾതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
നിസഹായരായ അധ്യാപകർ
മാധ്യമങ്ങളും അധികാരികളും അധ്യാപകർക്കെതിരാണെന്നും എല്ലാവരും കുട്ടിയുടെ ഭാഗം മാത്രമാണ് പരിഗണിക്കുന്നതെന്നും അധ്യാപകർ ആശങ്കപ്പെടുന്നു; അതുപക്ഷേ, അങ്ങനെതന്നെയാണ് സംഭവിക്കേണ്ടതും! അതായത്, വിദ്യാഭ്യാസഘട്ടത്തിൽ ഒരു തെറ്റു ചെയ്യുന്ന കുട്ടിയെ പൂർണമായും തള്ളിക്കളയുക എന്നതല്ലല്ലോ പരിഹാരം? കുട്ടികളുടെ തെറ്റ് കണ്ടെത്തിയാൽ അവരെ ക്ഷമാപൂർവം തിരുത്തിയെടുക്കേണ്ടവർ തന്നെയാണ് അധ്യാപകർ. ഈയൊരു വിദ്യാഭ്യാസ മനഃശാസ്ത്ര പ്രകാരം അധികാരികളും മാധ്യമങ്ങളുമൊക്കെ കുട്ടിയുടെ ഭാഗത്തു നിൽക്കുന്നതിനെ കുറ്റം പറയാനാകില്ല.
എന്നിരുന്നാലും യാഥാർഥ്യത്തോടടുമ്പോൾ കാര്യങ്ങൾ കടുപ്പമാണ്; പ്രത്യേകിച്ച് മുതിർന്ന ക്ലാസുകളിൽ. കോറോണക്കാലത്തിനു ശേഷം മാറ്റം പ്രകടമാണ്. അധ്യാപകരോട് മറ്റു കുട്ടികളുടെ മുന്നിൽപോലും അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന, പുലഭ്യം പറയുന്ന, ധിക്കാരം പറയുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു. മുഖത്തു നോക്കി കള്ളം പറയാനും വേണ്ടിവന്നാൽ ദുരാരോപണങ്ങൾ ഉന്നയിക്കാനും കുട്ടികൾക്കു മടിയില്ലെന്നായിരിക്കുന്നു.
വാസ്തവത്തിൽ ഇപ്പോൾ അധ്യാപകന് കുട്ടികളുടെമേൽ യാതൊരധികാരവുമില്ല. പരീക്ഷാഹാളിൽ കോപ്പിയടിച്ചു പിടിച്ചാൽ, അറ്റന്റൻസ് ഷോർട്ടേജിന്റെ പേരിൽ നടപടിയെടുത്താൽ, ഫീസടയ്ക്കാത്തത് ചോദ്യം ചെയ്താൽ, യൂണിഫോം കൃത്യമായി ധരിക്കാതിരുന്നാൽ, ഗുരുതര പ്രശ്നങ്ങളുടെ പേരിൽ നടപടിയെടുത്താൽ ഒന്നും സംഭവിക്കില്ലെന്ന് കുട്ടിക്കും രക്ഷിതാവിനുമറിയാം; കാരണം, കുട്ടിയുടെ പരാതി വ്യാജമാണെങ്കിൽപോലും ഉയർന്ന തലത്തിലെത്തുമ്പോൾ കുട്ടിക്കനുകൂലമായ ഉത്തരവാണ് വരികയെന്നതുതന്നെ! എന്നാൽ ഒരധ്യാപകന്റെ മാത്രം മനസിൽ രൂപപ്പെടുന്ന വിദ്വേഷത്തിന്റെ ഫലമായി പൊലിഞ്ഞുപോകേണ്ടതല്ല ഒരു വിദ്യാർഥിജീവിതം എന്നതും കാണാതിരുന്നുകൂടാ.
ലഹരിയുടെ സാന്നിധ്യം
ലഹരിയുടെ ഉപയോഗവും ലഭ്യതയും മുമ്പെന്നത്തേക്കാളും കൂടിയിട്ടുണ്ടെന്നത് വാസ്തവമാണ്. സ്കൂൾ തുറക്കുമ്പോൾ മുതൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും സന്ദേശങ്ങളും തുടർച്ചയായി കുട്ടികൾക്കു നൽകുന്നുണ്ട്. അതിന്റെ ബോധ്യം 90 ശതമാനം കുട്ടികൾക്കും ലഭിക്കുന്നുമുണ്ട്. എന്നിരുന്നാലും ദൈനംദിനമെന്നോണം ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണമാണ് ഭയപ്പെടുത്തുന്നത്. ചിലരെങ്കിലും അറിയാതെ കണ്ണി ചേരുന്നവരുമാണ്.
സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ലെന്ന സർക്കാർ നിയമം ഉണ്ടായിരിക്കെ അതു ലംഘിക്കുന്ന എത്രയോ കുട്ടികളാണുള്ളത്? രക്ഷിതാക്കൾക്കറിയാമെങ്കിലും മൗനമായിരിക്കുന്നു; അധ്യാപകർ ഫോൺ പിടിച്ചെടുത്താൽ രക്ഷിതാവു പാഞ്ഞെത്തും; ഫോൺ തിരികെ മേടിച്ചേ അടങ്ങൂ! ഇല്ലെങ്കിൽ കുട്ടി എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് രക്ഷിതാവിന് സങ്കല്പിക്കാൻ പോലുമാകുന്നില്ല.
ഫോൺ ഉപയോഗം വല്ലാത്ത ലഹരിയായി മാറുന്ന ഇക്കാലത്ത് കുട്ടികൾ വഴി തെറ്റുന്നതിന്റെ പ്രധാന കാരണം മറ്റെന്താണെന്ന് തിരയേണ്ടതില്ല. വേണമെന്നു കരുതി അന്വേഷിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമാണ് ഡിജിറ്റൽ ലോകമെന്നവർക്കറിയാം! സൗഹൃദം വളർത്തുന്നതിനുള്ള ഇടം എന്നാണ് വയ്പെങ്കിലും പക, പ്രതികാരം, പ്രണയം, പരിഹസിക്കൽ, ലഹരി അന്വേഷണം തുടങ്ങി മാനുഷിക വിരുദ്ധമായ വികാരവിചാരങ്ങളുടെ വളക്കൂറുള്ള മണ്ണാണ് സോഷ്യൽ മീഡിയ.
സോഷ്യൽ മീഡിയ സാധ്യതകൾ പലപ്പോഴും രക്ഷിതാവിനെയും അധ്യാപകനെയുമൊക്കെ ഇളിഭ്യനാക്കും വിധം ഉപയോഗപ്പെടുത്താൻ കെല്പുള്ളവനാണ് ഇന്നത്തെ കുട്ടി. ഒപ്പം, ഓൺലൈൻ ഗെയിമുകളും ചാറ്റുകളും ബിസിനസുകളുമെല്ലാമായി കുട്ടികളും തിരക്കിലാണ്. പക്ഷേ, എങ്ങനെ പ്രതിരോധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊക്കെ ഉപദേശിക്കാൻ മാത്രമല്ലേ സാധിക്കൂ.
എന്തുതന്നെയായാലും കുട്ടികളെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിട്ടേ മതിയാകൂ. അതിനായി അധ്യാപകർക്ക് ധൈര്യം കൊടുത്ത് അവരെ മുമ്പേ നടക്കാൻ അനുവദിക്കുക മാത്രമാണു പരിഹാരം.