ലോകത്തിനു മുകളിലെ മഞ്ഞുരുക്കം
മസാത്സുഗു അസകാവ (പ്രസിഡന്റ്, ഏഷ്യൻ ഡെ
Tuesday, March 4, 2025 11:57 PM IST
2025 ഹിമാനികളുടെ സംരക്ഷണത്തിനുള്ള വർഷമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. അതുവഴി ലോകത്തിന്റെ മഞ്ഞുപാളികൾ ഉരുകുകയാണെന്ന വിറങ്ങലിക്കുന്ന സത്യത്തെ നേരിടാനുള്ള ഉചിതമായ അവസരം ഒരുക്കിയിരിക്കുന്നു.
കാലാവസ്ഥാമാറ്റം മഞ്ഞുരുക്കത്തിന് ആക്കം കൂട്ടുന്നു. വിശേഷിച്ചും, ഹിന്ദുക്കുഷ് - ഹിമാലയ മേഖലയിൽ. ഭൂമിയുടെ മൂന്നാമത്തെ ധ്രുവമായാണ് ഈ മേഖല വിശേഷിപ്പിക്കപ്പെടുന്നത്. കാരണം, ആർട്ടിക്കിനും അന്റാർട്ടിക്കയ്ക്കും പുറത്ത് ഏറ്റവുമധികം മഞ്ഞുപാളികളുള്ളത് ഇവിടെയാണ്.
അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ എട്ടു രാജ്യങ്ങളിലായി 3,500 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ പർവതനിരകൾ ആഗോളശരാശരിയുടെ മൂന്നിരട്ടിയോളം വേഗത്തിൽ താപനത്തിനു വിധേയമാകുകയാണ്.
വ്യവസായവിപ്ലവത്തിനു മുന്പുണ്ടായിരുന്ന നിലയിൽനിന്ന്, ഈ നൂറ്റാണ്ട് അവസാനിക്കുന്പോഴേക്ക് മൂന്ന് ഡിഗ്രി സെൽഷസിലധികം താപനില ഉയരുകയാണെങ്കിൽ ഈ മേഖലയിലെ 75 ശതമാനം ഹിമാനികളും ഉരുകിത്തീരും. ഇത് ജലക്ഷാമമുണ്ടാക്കും. ഭക്ഷ്യ- ഊർജ സുരക്ഷയ്ക്കു തുരങ്കംവയ്ക്കും. ജൈവവൈവിധ്യനഷ്ടം കൂടുതൽ വഷളാക്കും.
ഹിമാനിയുരുക്കം അങ്ങനെ സമീപ സമൂഹങ്ങളുടെയും പ്രാദേശിക സന്പദ്വ്യവസ്ഥയുടെയും തിരിച്ചുപിടിക്കാനാകാത്ത നാശത്തിനു വഴിയൊരുക്കും. കൂടാതെ, കുടിയേറ്റം വർധിപ്പിച്ചും വ്യാപാരം തടസപ്പെടുത്തിയും ഭക്ഷ്യവില ഉയർത്തിയും ലോകമെങ്ങും അസ്ഥിരതയ്ക്കും വഴിയൊരുക്കും.
നേപ്പാളിലെ മേലാംചി നദിയിൽ 2021ലുണ്ടായ പ്രളയദുരന്തം വരാനിരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. അവിടെ അസാധാരണമായ കനത്ത മഴയ്ക്കൊപ്പം കനത്ത മഞ്ഞുരുക്കംകൂടി സംഭവിച്ച് നദിയിലൂടെ നാശാവശിഷ്ടങ്ങൾ ഒഴുകിവന്ന് ആയിരക്കണക്കിനേക്കർ കൃഷി നശിച്ചു. ഒപ്പം സുപ്രധാന അടിസ്ഥാനസൗകര്യങ്ങളും തകർന്നടിഞ്ഞു. പതിനായിരക്കണക്കിനാളുകൾ ജലദൗർലഭ്യത്തിനിരയായി.
ഹിമാനികൾ പിൻവാങ്ങുന്നതോടെ ജലക്ഷാമം രൂക്ഷമാകും. അതാണ് 2050ഓടെ ഹിന്ദുക്കുഷ് - ഹിമാലയ മേഖല അനുഭവിക്കാൻ പോകുന്ന കഷ്ടത. നദീപ്രവാഹം ചുരുങ്ങുന്നതോടെ കൃഷിക്കുള്ള ജലസേചനം ബുദ്ധിമുട്ടിലാകും. ലോകത്തിലെ അരിയുത്പാദനത്തിന്റെ നാലിലൊന്നും ഗോതന്പുത്പാദനത്തിന്റെ മൂന്നിലൊന്നും ഈ മേഖലയിലാണ്. ജലവിതരണവും ശുചിത്വസംവിധാനങ്ങളും പരിപാലിക്കുന്നതും ബുദ്ധിമുട്ടാകും.
അടിസ്ഥാന ശുചിത്വസംവിധാനം ഇപ്പോൾതന്നെ കുറവുള്ള ഈ മേഖലയിലെ ദശലക്ഷത്തോളം പേർക്ക് കൂനിന്മേൽ കുരുവാകും. ശുദ്ധജലം തേടി മനുഷ്യരും വ്യവസായങ്ങൾപോലും നാടുവിടേണ്ടിവരും. ഏഷ്യയിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
അടിയന്തരനടപടി വേണം
മേഖലയിലെ ഹിമാനിയുരുക്കത്തിന്റെ വേഗം കൂടിയാലുണ്ടാകുന്ന നാശഫലം ഒഴിവാക്കാൻ അടിയന്തരനടപടി വേണം. ആഗോളതാപനില 1.5 ഡിഗ്രി, 1.8 ഡിഗ്രി, മൂന്നു ഡിഗ്രി എന്നിങ്ങനെ ഏതുനിലയിൽ ഉയരും എന്നതിനെ ആശ്രയിച്ചിരിക്കും നാശത്തിന്റെ വ്യാപ്തി. അതിനർഥം, ഒന്നിലധികം അപകടസാധ്യതയെക്കുറിച്ചുള്ള നമ്മുടെ അറിവു വർധിപ്പിക്കണമെന്നാണ്.
സമഗ്ര നദീതട മാനേജ്മെന്റും ശക്തമാക്കേണ്ടതുണ്ട്. ഇതിനായി ഡേറ്റ ശേഖരണവും വിവരങ്ങൾ പങ്കുവയ്ക്കലും ജലമാനേജ്മെന്റിന്റെ പ്രയോഗചാതുര്യവും നദിയുടെ മേൽഭാഗത്തും താഴ്ഭാഗത്തും ജീവിക്കുന്ന മനുഷ്യരുടെയും സമൂഹങ്ങളുടെയും ഏകോപനവും ഏറ്റവും മികച്ചതാക്കേണ്ടതുണ്ട്.
നിലവിലുള്ളതും പുതിയതുമായ അടിസ്ഥാനസൗകര്യങ്ങൾ കാലാവസ്ഥാമാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് ഉറപ്പുവരുത്തണം. ഇത് സുരക്ഷിതമായ കുടിവെള്ളലഭ്യതയ്ക്കും ഊർജസുരക്ഷയ്ക്കും ശുചിത്വത്തിനും ജലസേചനത്തിനും ഗതാഗതസൗകര്യങ്ങൾക്കും അത്യന്താപേക്ഷിതമാണ്.
ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതും തുല്യപ്രാധാന്യമുള്ളതാണ്. വനം വച്ചുപിടിപ്പിക്കൽ, ചതുപ്പുനിലങ്ങളുടെ സംരക്ഷണം, വെള്ളപ്പൊക്കത്തിനിരയായ സമതലം പുനഃസ്ഥാപിക്കൽ എന്നിവയും പ്രോത്സാഹിപ്പിക്കണം.
ഈ നയപരിപാടികളിലെ ഓരോ ഘടകത്തിനും പണം ആവശ്യമാണ്. സുപ്രധാന ബാങ്കിംഗ് സ്ഥാപനങ്ങളെല്ലാം ഹിമാലയമേഖലയിൽ തുടർന്നും സാന്പത്തികനിക്ഷേപം നടത്തിയേ തീരൂ. ആഗോളനന്മയ്ക്കുവേണ്ടി ഹിമാനിമേഖലയും നദീമുഖങ്ങളും ഉടച്ചുവാർക്കുന്നതിനു കൂട്ടായ പരിശ്രമം ആവശ്യമാണ്. വിശേഷിച്ചും, അവിടങ്ങളിലെ കാർഷിക, വ്യാവസായിക പ്രവർത്തനങ്ങൾ കണക്കിലെടുക്കുന്പോൾ.
അവസാനമായി, ഹിമാനിമേഖലയിലെ വിഭവങ്ങളുടെ തുല്യമായ പങ്കിടൽ സഹകരണത്തിലൂടെയും നയതന്ത്രത്തിലൂടെയും അന്താരാഷ്ട്ര സമൂഹം ഉറപ്പാക്കണം. ഇത് പിരിമുറുക്കങ്ങൾക്കുള്ള സാധ്യത ഇല്ലാതാക്കാനും സുസ്ഥിരവികസനം ഉറപ്പാക്കാനും സഹായിക്കും. അങ്ങിനെവരുന്പോൾ ഹിമാനികൾ സംഘർഷത്തേക്കാൾ സമാധാനത്തിനുള്ള ശക്തിയായി പ്രവർത്തിക്കുന്നു എന്നുറപ്പാക്കാം.
ഹിമാനിയിൽനിന്ന് കൃഷിയിടത്തിലേക്ക്
ഈ ലക്ഷ്യത്തിലേക്കുള്ള ചില നടപടികൾ ഞാൻ പ്രസിഡന്റായ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. ഹരിത കാലാവസ്ഥാഫണ്ടും സഖ്യരാജ്യങ്ങളുമായി ചേർന്ന് അടുത്തിടെ ‘ഹിമാനിയിൽനിന്ന് കൃഷിയിടത്തിലേക്ക്’എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇത് മധ്യ-പശ്ചിമ ഏഷ്യയിൽ കൃഷിയിലെ കാലാവസ്ഥാപ്രതിരോധശേഷി മെച്ചപ്പെടുത്താൻ 3.5 ദശലക്ഷം ഡോളർ സമാഹരിക്കും.
അതുവഴി, ഭൂട്ടാൻ-നേപ്പാൾ ഹിമാലയ മേഖലയിലെ കെട്ടിടങ്ങളുടെ പരിതസ്ഥിതിയോടുള്ള ഇണക്കിച്ചേർക്കലും പ്രതിരോധപ്രവർത്തനങ്ങളും കാലാവസ്ഥാമാറ്റങ്ങളെ ചെറുക്കുന്ന അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ആസൂത്രണം ചെയ്യാൻ സഹായിക്കും. പരിസ്ഥിതി-നഷ്ടപരിഹാര സംവിധാനം, കാർബൺ മാർക്കറ്റ്, ജലവ്യാപാരം, സുസ്ഥിരതയുമായി ബന്ധപ്പെട്ട ബോണ്ടുകൾ തുടങ്ങിയ പുതിയ ധനകാര്യ സന്പ്രദായങ്ങൾ കൊണ്ടുവരാനും എഡിബി മുൻകൈയെടുക്കുന്നുണ്ട്.
യുനെസ്കോയും ലോക മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (ഡബ്ല്യുഎംഒ) ചേർന്ന് കഴിഞ്ഞമാസം രാജ്യാന്തര ഹിമാനി സംരക്ഷണ വർഷം പ്രഖ്യാപിച്ചപ്പോൾ ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്റ്റ് സോളോ പറഞ്ഞത്, “അത് ലോകത്തിന് ഒരു ഉണർത്തു കാഹളമായി മാറണം” എന്നാണ്.
ഹിമാനികളെയും അതിനോടു ബന്ധപ്പെട്ട പരിസ്ഥിതിയെയും ആശ്രയിക്കുന്ന ദശലക്ഷക്കണക്കിനാളുകളുടെ സുസ്ഥിരഭാവി മുൻനിർത്തി ആഗോളസമൂഹം സാധ്യമായതെല്ലാം ചെയ്യണം. ഇതിൽ കാലാവസ്ഥാവ്യതിയാനപ്രതിരോധം മുതൽ ഹരിതവത്കരണവും പ്രാദേശിക സഹകരണവുംവരെ ഉൾപ്പെടും. ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ എല്ലാവർക്കും വിനാശകരമായ പ്രത്യാഘാതങ്ങളാകും ഫലം.
©Project Syndicate
( color="blue">www.project-syndicate.org)