ആത്മായനം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Tuesday, March 4, 2025 11:54 PM IST
“ജീവിതത്തിന്റെ അർഥമെന്താണെന്നു സ്വയം ചോദിച്ചു തുടങ്ങുന്ന നിമിഷം മുതൽ നിങ്ങളൊരു രോഗിയായി മാറുന്നു” എന്ന് എഴുതിയത് സോറെൻ കീക്കഗോറാണ്. അതിനാലാണ് ആരും ഇതുവരെയും ജീവിതത്തിന്റെ അർഥം തേടാത്തത് എന്നു പറയാനുമാവില്ല. അർഥം തേടിയവരുണ്ട്. രമണ മഹർഷി അതിനർഥം തേടിയ യോഗീവര്യനായിരുന്നു. നടക്കുന്ന വഴിയിലെല്ലാം മയിൽ അതിന്റെ പീലികൾ പൊഴിച്ചിടാറുണ്ടെന്നു പറയുന്നതുപോലെ, മഹർഷി തന്റെ മൗനംകൊണ്ട് അതിന്റെ അർഥം വ്യാഖ്യാനിക്കുകയായിരുന്നു. ഒരിക്കൽ ആശ്രമവാസികളിൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു, ജീവിതത്തിന്റെ പൊരുൾ അങ്ങു കാട്ടിത്തന്നു. മരണാനന്തരം മനുഷ്യൻ എവിടെപ്പോകുന്നുവെന്ന് അറിയാൻ ആഗ്രഹമുണ്ട്? മഹർഷി ചിരിച്ചു. “ഞാൻ മരിക്കുന്നുവെന്ന് അവർ പറയുന്നു. പക്ഷേ, ഞാൻ പോകുന്നില്ല. എനിക്ക് എവിടെപ്പോകാൻ കഴിയും? ഞാൻ ഇവിടെയുണ്ട്”. മഹർഷി വീണ്ടും ചിരിച്ചു. ഇനിയും താങ്കൾക്കൊരു ചോദ്യം കൂടിയുണ്ടെന്ന് താങ്കളുടെ കണ്ണുകൾ പറയുന്നുണ്ടല്ലോ എന്നു മഹർഷി പറഞ്ഞു. ഒരു ചോദ്യം കൂടിയുണ്ടെന്ന് ആശ്രമവാസി. “അങ്ങ് പറയുന്നു ഇവിടെയുണ്ടെന്ന്. അങ്ങനെയെങ്കിൽ അയാൾക്ക് വീണ്ടും ഇവിടെ ജീവിക്കേണ്ടി വരില്ലേ?” അല്പനേരം മഹർഷി അദ്ദേഹത്തെ നോക്കിയിരുന്നു. “ഈ ചോദ്യമാണ് ആരോഗ്യവാനായ നിങ്ങളെ രോഗിയാക്കുന്നത്.” എന്നു പറഞ്ഞ് മഹർഷി അരുണാചലത്തിലേക്കു നടന്നു.
ജീവിതം മരണത്താൽ വിച്ഛേദിക്കപ്പെടില്ലെന്ന് അനുഭവംകൊണ്ടും ജീവിതംകൊണ്ടും തെളിയിച്ച യോഗീവര്യനായിരുന്നു രമണമഹർഷി. രമണാശ്രമത്തിന്റെ പ്രശാന്തതയിലിരിക്കുമ്പോഴെല്ലാം ഞാനിത് അനുഭവിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മനസ് നിർഭയമായിത്തീരാറുണ്ട്. ചിതയിൽ ദഹിച്ചിട്ടും പിന്നെയും ജീവിക്കുന്ന മനുഷ്യരെ ഓർക്കാറുണ്ട്. മരണത്തിലൂടെ അനുഭവിക്കുന്നത് ശരീരനാശമല്ല; സ്നേഹനാശമാണ് എന്ന് തിരിച്ചറിയാറുണ്ട്. ഓരോ തവണ രമണാശ്രമത്തിലെത്തുമ്പോഴും ഓരോ പുതുപാഠങ്ങളാണ് ഹൃദിസ്ഥമാക്കാനുള്ളത്. ഇവിടെ ആരും ആരെയും ഒന്നും ശീലിപ്പിക്കുന്നില്ല. കൃത്യമായ ഭജനപാഠങ്ങളോ ധ്യാനമാർഗങ്ങളോ ഇല്ല. ഇവിടേക്ക് വരാൻ ഒരു വിശ്വാസിയാകണമെന്നു തന്നെയില്ല. പൂക്കാലത്തിനു മുമ്പ് വൃക്ഷലതാദികളെല്ലാം ശൂന്യമായ ഒരു മൗനത്തിലേക്ക് കടക്കാറുള്ളതുപോലെയാകണം ഇവിടേക്ക് ഒരാൾ വരേണ്ടത്. ഇലകൾ കൊഴിഞ്ഞ്, തുരുമ്പിച്ച വേരുകളുമായ്, വരണ്ടടർന്ന ശിഖരാഗ്രങ്ങളുമായി ഇവിടേക്കു വരിക. ഋതുശോഭയാർന്നാകും നിങ്ങൾ ഇവിടെനിന്നു മടങ്ങിപ്പോവുക. ഒരായുസ് മുഴുവൻ അതിന്റെ പച്ചപ്പുണ്ടാകും. ഒരായുസ് മുഴുവൻ അതിന്റെ ആനന്ദമുണ്ടാകും.
ഒരിക്കൽ അഗ്നിമലയായ അരുണാചലം കയറി വിരൂപാക്ഷഗുഹയിലിരുന്നപ്പോൾ പലതും ഓർത്ത കൂട്ടത്തിൽ ഒന്നുമാത്രം മടങ്ങിപ്പോകാതെ ഉള്ളിൽ തികട്ടിനിന്നു. അത് പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുടെ ഒരു വരിയായിരുന്നു. “സ്നേഹത്തിൽനിന്നുള്ള വേർപിരിയലാണു മരണം. അതിനു ശ്വാസംനിൽക്കണം എന്നുതന്നെയില്ല.” ഇതായിരുന്നു ആ വരി. കുഞ്ഞിക്കയുടെയും എന്റെയും ആത്മസുഹൃത്ത് ജീവിതം പാതിവഴിവച്ച് നിർത്തി ഭൂമിയിൽനിന്നു മടങ്ങിപ്പോയപ്പോൾ കുഞ്ഞിക്ക ഫോണിലൂടെ പറഞ്ഞ വരിയായിരുന്നു ഇത്. പിന്നീട് കുഞ്ഞിക്ക ഇതെഴുതിക്കണ്ടു. ഒരിക്കൽ കുഞ്ഞിക്ക ഞങ്ങൾക്കൊപ്പം അരുണാചലം കയറാമെന്നും അരുണാചലപ്രദക്ഷിണത്തിനു ഒപ്പംകൂടാമെന്നും പറഞ്ഞതായിരുന്നു. ഒന്നും നടന്നില്ല. പിന്നീടൊരിക്കൽ കുഞ്ഞിക്ക പറഞ്ഞു: “എന്റെ എല്ലാ ആഗ്രഹങ്ങളും സഫലീകൃതമായിട്ടില്ല. എനിക്കിനിയും ജനിച്ചുകൊണ്ടേയിരിക്കണം. അരുണാചലപ്രദക്ഷിണം പൂർത്തീകരിച്ചാൽ മുക്തിയാണ് ഫലം.
സകലപാപമുക്തി. എനിക്കിനിയും പാപം ചെയ്യണം. അതിനാൽ ഞാനീ പ്രദക്ഷിണവഴിയിൽനിന്ന് പിന്മാറുന്നു”. കുഞ്ഞിക്ക ഇതു പറഞ്ഞപ്പോൾ ഒരു തമാശക്കഥയായി മാത്രമേ തോന്നിയുള്ളൂ. പിന്നീടെപ്പോഴോ ശ്രീരാമകൃഷ്ണ പരമഹംസരെ വായിച്ചപ്പോൾ ബാക്കിനിൽക്കുന്ന ഒരാഗ്രഹം പോലും പുനർജന്മത്തിനു കാരണമാകുമെന്നറിഞ്ഞു. അങ്ങനെ വരുമ്പോൾ കുഞ്ഞിക്ക ഈ ഭൂമിവിട്ട് എങ്ങും പോയിട്ടില്ല എന്നു തോന്നും. അതോ പുനർജന്മത്തിന്റെ ഏതോ ഒരു വഴിയമ്പലത്തിലിരുന്ന് സ്മാരകശിലകൾ തീർക്കുകയാണോ എന്നും സന്ദേഹിക്കേണ്ടിവരും.
കുഞ്ഞിക്കയെപ്പോലെ സ്നേഹത്തിൽനിന്നു വേർപിരിയാൻ കഴിയാതെ തപിക്കുന്ന അത്യപൂർവം പേരെ ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. കാലങ്ങൾക്ക് മുൻപ് ഞാനൊരു പുസ്തകം വായിച്ചിരുന്നു. ശങ്കറിന്റെ ‘The Monk and The Man’. അതിൽ സ്വാമി വിവേകാനന്ദന്റെ മരണത്തെത്തുടർന്ന് അനാഥയായിപ്പോയ സിസ്റ്റർ നിവേദിതയെക്കുറിച്ച് വികാരനിർഭരമായൊരനുഭവം പങ്കിടുന്നുണ്ട്. ബേലൂർ മഠത്തിനുള്ളിലെ ധ്യാന നിശബ്ദതയിൽ നിശ്ചലശരീരനായി കിടക്കുന്ന വിവേകാനന്ദസ്വാമികൾക്കു മുന്നിൽ സിസ്റ്റർ നിവേദിത ഒരുന്മാദിയെപ്പോലെ അലറിക്കരയുകയായിരുന്നു. ആരെ വിശ്വസിച്ചാണോ മാതൃരാജ്യം ഉപേക്ഷിച്ച് ഭാരതത്തിലേക്കു വന്നത് ആ മഹാത്മാവാണ് നിശ്ചലനായി കിടക്കുന്നത്. നിവേദിതയ്ക്ക് അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
ഭൂമിയിലെ എല്ലാ നിശബ്ദതകളെയും കീറിമുറിച്ചുകൊണ്ടുള്ള അലർച്ചയായിരുന്നു ആ പൊട്ടിക്കരച്ചിൽ. വിവേകാനന്ദന്റെ ചിത കത്തിത്തുടങ്ങിയപ്പോൾ അവർ അതിനുചുറ്റും ഒരു ഭ്രാന്തിയെപ്പോലെ പ്രദക്ഷിണം ചെയ്തുകൊണ്ടേയിരുന്നു. ഓരോതവണ വലംവയ്ക്കുമ്പോഴും അവർ ചിതയ്ക്കരികിലേക്ക് നീങ്ങുന്നതായി ശിഷ്യന്മാർക്ക് തോന്നി. അവരുടെ വസ്ത്രത്തിലേക്ക് തീ പടർന്നേക്കുമോ എന്നവർ ഭയപ്പെട്ടു. വളരെ പ്രയാസപ്പെട്ടാണ് ശിഷ്യന്മാർ അവരെ പിടിച്ചുമാറ്റിയത്. ജീവിതാന്ത്യംവരെ ചിതയിൽനിന്നു പടർന്ന ചൂട് അവരുടെ മനസിനുണ്ടായിരുന്നു. ആ ചൂടിലാണ് അവർ പ്രവർത്തിച്ചത്. അവർക്ക് ആഗ്രഹങ്ങളുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ഉണ്ടായിരിക്കാമെന്ന് എനിക്ക് തോന്നുന്നു.
ബാക്കിനിൽക്കുന്ന ആഗ്രഹങ്ങളാണ് ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നു പറയാറുണ്ട്. ആഗ്രഹങ്ങളില്ലാതായാൽ കാണുന്നതിലും കേൾക്കുന്നതിലും ഒന്നിലും ഭംഗിയുണ്ടാകില്ല. ദുഃഖത്തിന്റെ കാരണം ആഗ്രഹമാണെന്നു പറയുമ്പോഴും ആഗ്രഹം ബാക്കിനിൽക്കുകയാണ്. ഒരു ഘട്ടത്തിൽ കൊട്ടാരത്തിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം ബുദ്ധനുണ്ടായിരുന്നുവെന്നു വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അർഥംതേടാത്ത കാലത്തോളം ആഗ്രഹങ്ങളും കൂടെയുണ്ടാകും. വഴിയമ്പലങ്ങൾ അതിനാലാകണം തുറന്നുകിടക്കുന്നത്.