നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളും കുറ്റകൃത്യങ്ങളും
Tuesday, March 4, 2025 11:50 PM IST
അടുത്തകാലത്തായി സ്കൂളിൽ സഹപാഠികൾ തമ്മിലെ ഇടപെടലുകളിൽ അക്രമവാസന വർധിച്ചുവരുന്നതും സ്കൂളുകളിൽ മയക്കുമരുന്നിന്റെയും ലഹരിപദാർഥങ്ങളുടെയും ഉപയോഗം കൂടിവരുന്നതും വളരെ ആശങ്കാജനകമാണ്. സമീപകാലത്ത് ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവുന്നത് ജുവനൈൽ ജസ്റ്റീസ് ആക്ടിന്റെയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വീഴ്ചയാണെന്നും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ ശിക്ഷിക്കാൻ ഈ സംവിധാനങ്ങൾ തടസമാണെന്നും ചിലർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. എന്നാൽ ഇത് വസ്തുതാ വിരുദ്ധവും നിയമപരമായി തെറ്റുമാണ്.
ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കുട്ടി എന്നത് 18 വയസിൽ താഴെ പ്രായമുള്ള വ്യക്തിയാണ്. 18 വയസിന് താഴെയുള്ള കുട്ടികൾ ഏത് കുറ്റകൃത്യം ചെയ്താലും ശിക്ഷയില്ല എന്ന ധാരണ തെറ്റാണ്. കുറ്റകൃത്യം ചെയ്യുന്ന 18 വയസിന് താഴെയുള്ള കുട്ടികളെ നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികളായാണ് ജുവനൈൽ ജസ്റ്റീസ് ആക്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനമായും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 1. ചെറിയ കുറ്റകൃത്യങ്ങൾ 2. ഗുരുതരമായ കുറ്റകൃത്യങ്ങൾ 3. ഹീനമായ കുറ്റകൃത്യങ്ങൾ. കുട്ടികളിൽ ആരോപിക്കപ്പെട്ട ചെറിയ കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ജുവനൈൽ ജസ്റ്റീസ് ബോർഡ് ലളിതമായ രീതിയിൽ നടത്തും. കേസ് ആറു മാസത്തിനുള്ളിൽ തീർപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്നു. ആറു മാസംകൊണ്ട് കേസ് പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കിൽ കേസ് അവസാനിപ്പിക്കും.
ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത, നിയമമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ കേസുകളിൽ സമഗ്രമായ അന്വേഷണം നടത്തുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രത്യേക നടപടിക്രമങ്ങൾ പിന്തുടരുന്നു. ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 നിലവിൽ (ഭാരതീയ നാഗരിക സുരക്ഷ സൻഹത 2023) വ്യവസ്ഥകൾ പാലിച്ച് വിചാരണ നേരിടേണ്ടി വരും. 16 വയസിന് താഴെയുള്ള കുട്ടികൾ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ ഈ നടപടിക്രമങ്ങൾ അനുസരിച്ച് കേസ് പൂർത്തീകരിക്കും. എന്നാൽ, 16 വയസിനും മുകളിലുള്ള കുട്ടി ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ പ്രാഥമിക വിലയിരുത്തലിനു ശേഷം കുട്ടിയുടെ മാനസികവും ശാരീരികവുമായി ശേഷി വിലയിരുത്തിയും കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കാനുള്ള ശേഷി വിലയിരുത്തിയും കുറ്റകൃത്യത്തിനുള്ള സാഹചര്യം കണക്കിലെടുത്തും തുടർനടപടികൾ സ്വീകരിക്കും.
ഒന്നുകിൽ കേസിൽ വിചാരണയ്ക്കുള്ള നടപടിക്രമങ്ങൾ ജുവനൈൽ ജസ്റ്റീസ് ബോർഡ് കേൾക്കുകയും തീർപ്പാക്കുകയും ചെയ്യും. അല്ലെങ്കിൽ കുട്ടിയെ മുതിർന്നവരെപ്പോലെ വിചാരണ ചെയ്യുന്നതിന് കുട്ടികളുടെ കോടതിയിലേക്ക് കൈമാറും. ഇത്തരത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തുന്നത് പരിചയസമ്പന്നരായ മനഃശാസ്ത്രജ്ഞരോ സൈക്കോ സോഷ്യൽ വർക്കർമാരോ മറ്റു വിദഗ്ധരോ ആണ്.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് ജാമ്യം നൽകുന്ന നടപടിക്രമം
ജാമ്യം നൽകാവുന്നതും ജാമ്യം നൽകാൻ കഴിയാത്തതുമായ കേസുകൾക്ക് വ്യവസ്ഥയോടുകൂടിയോ അല്ലാതെയോ ജാമ്യം അനുവദിക്കാം. അല്ലെങ്കിൽ ഒബ്സർവേഷൻ ഹോമിൽ പാർപ്പിക്കാം. വേണമെങ്കിൽ ഫിറ്റ് പേഴ്സന്റെകൂടെ അയയ്ക്കാം. കുട്ടി തെറ്റായ കൂട്ടുകെട്ടിനു പോകുന്നുവെന്നോ നീതി നടപ്പാക്കാൻ കഴിയാതെ വരുമെന്നോ ജുവനൈൽ ജസ്റ്റീസ് ബോർഡിന് ബോധ്യപ്പെട്ടാൽ ജാമ്യം നിഷേധിക്കാം. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ബോർഡിന് വസ്ഥയിൽ മാറ്റം വരുത്താനും അധികാരമുണ്ട്.
ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുന്നിൽ പോലീസ് ഹാജരാക്കുന്ന കുട്ടിയെ താക്കീത് ചെയ്യാം, കൗൺസലിംഗ് നൽകാം, സാമൂഹ്യ സേവനത്തിന് കുട്ടിയോട് നിർദേശിക്കാം, പിഴ അടയ്ക്കാൻ നിർദേശിക്കാം, കുട്ടിയെ ഒബ്സർവേഷൻ ഹോമിലെ സ്പെഷൽ ഹോമിലോ അയയ്ക്കാം, ഉചിതമെങ്കിൽ മാതാപിതാക്കളോടൊപ്പം തിരികെ അയയ്ക്കാം.
കുട്ടികളുടെ കോടതിയിൽ വിചാരണയ്ക്കു ശേഷമുള്ള തുടർനടപടികൾ
ക്രിമിനൽ നീതിവ്യവസ്ഥയിലെ മറ്റേതൊരു മുതിർന്നവരെപ്പോലെതന്നെ നിയമമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കെതിരേ ശിക്ഷ വിധിക്കാവുന്നതാണ്. എന്നാൽ, വധശിക്ഷയോ മോചനത്തുള്ള സാധ്യതയില്ലാത്ത ജീവപര്യന്തം തടവോ ഏതെങ്കിലും കുറ്റത്തിന് വിധിക്കാൻ കഴിയില്ല.
കുട്ടിക്ക് 21 വയസ് പൂർത്തിയാകുന്നതുവരെ സുരക്ഷാ കേന്ദ്രത്തിൽ പാർപ്പിക്കേണ്ടതാണ്. 21 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് ജയിലിലേക്ക് മാറ്റാം. ഈ കാലയളവിൽ കുട്ടിയുടെ നവീകരണത്തിനായി വിദ്യാഭ്യാസം, സാങ്കേതികപരിജ്ഞാനം നേടുന്നതിന് സഹായം, സ്വഭാവ മാറ്റത്തിന് തെറാപ്പി, മാനസിക പിന്തുണ എന്നിവ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. 21 വയസിനുശേഷം നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി നവീകരണപരമായി മാറ്റങ്ങൾ വന്നു എന്ന് ബോധ്യപ്പെട്ടാൽ മേൽനോട്ടത്തിന്റെ അടിസ്ഥാനത്തിൽ വിടുതൽ നൽകാം. അല്ലെങ്കിൽ ശിഷ്ടകാലം ജയിലിൽ തുടരണം.
നമ്മുടെ കുട്ടികൾ തെറ്റായ വഴിയിലൂടെ പോകാനും അപകടകരമായ സാഹചര്യത്തിൽ ചെന്നുചേരാനും സാധ്യത വളരെ കൂടുതലാണ്. അവരെ ഇത്തരം പ്രവണതകളിൽനിന്ന് അകറ്റി നിർത്തണം. ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും ദുർബലമായതും അതേസമയം വളർച്ചയ്ക്ക് നിർണായകവുമായ ഘട്ടമാണിത്.
കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് സർക്കാരും രക്ഷിതാക്കളും അധ്യാപകരും പോലീസും എക്സൈസും സാമൂഹ്യപ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും കൂട്ടായി യത്നിക്കണം.